നാല്പത്തിയാറാം ദിവസം: സംഖ്യ 30 - 32


അദ്ധ്യായം 30

സ്ത്രീകളുടെ നേര്‍ച്ചകള്‍

1: മോശ ഇസ്രായേല്‍ജനത്തിൻ്റെ ഗോത്രത്തലവന്മാരോടു പറഞ്ഞു: കര്‍ത്താവ് ഇങ്ങനെ കല്പിച്ചിരിക്കുന്നു.
2: ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ചനേരുകയോ ശപഥംചെയ്തു തന്നെത്തന്നെ കടപ്പെടുത്തുകയോചെയ്താല്‍ തൻ്റെ വാക്കുലംഘിക്കാതെ വാഗ്ദാനം നിറവേറ്റണം.
3: ഏതെങ്കിലും യുവതി, പിതൃഗൃഹത്തില്‍വച്ചു കര്‍ത്താവിനു നേര്‍ച്ചനേരുകയും ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയുംചെയ്തിട്ട്,
4: അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയുംകുറിച്ചുകേള്‍ക്കുമ്പോള്‍ പിതാവ്, അവളോട് ഒന്നുംപറയുന്നില്ലെങ്കില്‍ അവളുടെ എല്ലാനേര്‍ച്ചകളും ശപഥത്തിൻ്റെ കടപ്പാടും സാധുവായിരിക്കും.
5: എന്നാല്‍, പിതാവ്, അതിനെക്കുറിച്ചു കേള്‍ക്കുന്നദിവസംതന്നെ വിസമ്മതംപ്രകടിപ്പിച്ചാല്‍ അവളുടെ എല്ലാനേര്‍ച്ചകളും ശപഥത്തിൻ്റെ കടപ്പാടും അസാധുവാകും; പിതാവു വിലക്കിയതുകൊണ്ടു കര്‍ത്താവ് അവളോടു ക്ഷമിക്കും.
6: നേര്‍ച്ചയോ ചിന്തിക്കാതെചെയ്ത തന്നെത്തന്നെ കടപ്പെടുത്തുന്ന ശപഥമോ ഉള്ള സ്ത്രീ വിവാഹിതയാവുകയും
7: അവളുടെ ഭര്‍ത്താവ്, അതുകേട്ടദിവസം ഒന്നുംപറയാതിരിക്കുകയുംചെയ്താല്‍, അവളുടെ നേര്‍ച്ചകളും ശപഥത്തിൻ്റെ കടപ്പാടും സാധുവായിരിക്കും.
8: എന്നാല്‍, അവളുടെ ഭര്‍ത്താവ് അതുകേട്ടദിവസം വിസമ്മതംപ്രകടിപ്പിച്ചാല്‍ അവളുടെ നേര്‍ച്ചയും വിചാരശൂന്യമായ ശപഥത്തിൻ്റെകടപ്പാടും അവന്‍ അസാധുവാക്കുന്നു; കര്‍ത്താവ് അവളോടു ക്ഷമിക്കും.
9: എന്നാല്‍, വിധവയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ നേരുന്ന ഏതൊരു നേര്‍ച്ചയും ശപഥത്തിൻ്റെ കടപ്പാടും അവള്‍ക്കു ബാധകമായിരിക്കും.
10: ഏതെങ്കിലും സ്ത്രീ, ഭര്‍ത്തൃഗൃഹത്തില്‍വച്ചു നേര്‍ച്ചനേരുകയോ ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയോചെയ്യുകയും
11: അവളുടെ ഭര്‍ത്താവ് അതുകേള്‍ക്കുമ്പോള്‍ വിലക്കാതിരിക്കുകയുംചെയ്താല്‍ അവളുടെ നേര്‍ച്ചകളും ശപഥത്തിൻ്റെ കടപ്പാടും സാധുവായിരിക്കും.
12: എന്നാല്‍, അവളുടെ ഭര്‍ത്താവ് അതുകേള്‍ക്കുന്നദിവസം അവയെ അസാധുവാക്കിയാല്‍ അവളുടെ നേര്‍ച്ചയും ശപഥത്തിൻ്റെ കടപ്പാടും പ്രാബല്യമില്ലാത്തതാകും; അവളുടെ ഭര്‍ത്താവ് അവയെ അസാധുവാക്കിയിരിക്കുന്നു; കര്‍ത്താവ് അവളോടും ക്ഷമിക്കും.
13: ഏതുനേര്‍ച്ചയും ശപഥത്തിൻ്റെ കടപ്പാടും ഒരുവളുടെ ഭര്‍ത്താവിനു സാധുവോ അസാധുവോ ആക്കാം.
14: എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ടിട്ട് ഒന്നുംപറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥങ്ങളും അവന്‍ സ്ഥിരപ്പെടുത്തുന്നു. അവന്‍ വിലക്കാത്തതുകൊണ്ട് അവ സ്ഥിരപ്പെട്ടിരിക്കുന്നു.
15: എന്നാല്‍, അതു കേട്ടിട്ടു കുറേനാള്‍കഴിഞ്ഞശേഷം നിരോധിച്ചാല്‍ അവന്‍, അവളുടെ കുറ്റമേറ്റെടുക്കണം.
16: ഭര്‍ത്താവും ഭാര്യയും പിതാവും പിതൃഗൃഹത്തില്‍ വസിക്കുന്ന കന്യകയും പാലിക്കണമെന്നു മോശവഴി കര്‍ത്താവുകല്പിച്ച നിയമങ്ങളിവയാണ്.

അദ്ധ്യായം 31

മിദിയാനെ നശിപ്പിക്കുന്നു

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തിനുവേണ്ടി മിദിയാന്‍കാരോടു പ്രതികാരംചെയ്യുക;
2: അതിനുശേഷം, നീ നിൻ്റെ പിതാക്കന്മാരോടുചേരും.
3: മോശ ജനത്തോടു പറഞ്ഞു: മിദിയാന്‍കാരുടെമേല്‍ കര്‍ത്താവിൻ്റെ പ്രതികാരംനടത്താന്‍ അവര്‍ക്കെതിരേ പുറപ്പെടുന്നതിനു നിങ്ങളുടെ യോദ്ധാക്കളെയൊരുക്കുവിന്‍.
4: ഇസ്രായേലിലെ ഓരോ ഗോത്രത്തിലുംനിന്ന് ആയിരംപേരെവീതം യുദ്ധത്തിനയയ്ക്കണം.
5: അങ്ങനെ ഇസ്രായേല്യസഹസ്രങ്ങളില്‍നിന്ന്, ഓരോ ഗോത്രത്തിലുംനിന്ന് ആയിരംപേര്‍വീതം, പന്തീരായിരംപേരെ യുദ്ധത്തിനു വേര്‍തിരിച്ചു.
6: മോശ ഓരോ ഗോത്രത്തിലുംനിന്ന് ആയിരംപേര്‍വീതമുള്ള അവരെ, പുരോഹിതനായ എലെയാസറിൻ്റെ മകന്‍ ഫിനെഹാസിനോടൊപ്പം യുദ്ധത്തിനയച്ചു. ഫിനെഹാസ് വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും സൂചനാകാഹളങ്ങളും വഹിച്ചിരുന്നു.
7: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ അവര്‍ മിദിയാന്‍കാരോടു യുദ്ധംചെയ്ത്, പുരുഷന്മാരെയെല്ലാം കൊന്നൊടുക്കി.
8: അവര്‍ യുദ്ധത്തില്‍ വധിച്ചവരുടെ കൂട്ടത്തില്‍ ഏവി, രേഖൈം, സൂര്‍, ഹൂര്‍, റേബ എന്നീ അഞ്ചു മിദിയാന്‍രാജാക്കന്മാരുമുണ്ടായിരുന്നു. ബയോറിൻ്റെ മകനായ ബാലാമിനെയും അവര്‍ വാളിനിരയാക്കി.
9: ഇസ്രായേല്യര്‍ മിദിയാന്‍സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; കന്നുകാലികളെയും ആട്ടിന്‍പറ്റങ്ങളെയും സമ്പത്തൊക്കെയും കൊള്ളവസ്തുവായെടുത്തു.
10: അവര്‍ വസിച്ചിരുന്ന എല്ലാപ്പട്ടണങ്ങളും താവളങ്ങളും അഗ്നിക്കിരയാക്കി.
11: കൊള്ളവസ്തുക്കളും മനുഷ്യരും മൃഗങ്ങളുമടങ്ങിയ എല്ലാ കവര്‍ച്ചമുതലും അവരെടുത്തു.
12: പിന്നീട്, തടവുകാരെ കൊള്ളവസ്തുക്കളോടൊപ്പം ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദ്ദാനരികെയുള്ള മൊവാബ്‌സമതലത്തിലെ പാളയത്തിലേക്ക്, മോശയുടെയും പുരോഹിതനായ എലെയാസറിൻ്റെയും ഇസ്രായേല്‍സമൂഹത്തിൻ്റെയുമടുക്കലേക്കു കൊണ്ടുവന്നു.
13: മോശയും പുരോഹിതന്‍ എലെയാസറും സമൂഹനേതാക്കളും അവരെയെതിരേല്‍ക്കാന്‍ പാളയത്തിനു പുറത്തേക്കു ചെന്നു.
14: മോശ, യുദ്ധംകഴിഞ്ഞുവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ പടത്തലവന്മാരോടു കോപിച്ചു.
15: അവന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെവച്ചിരിക്കുന്നുവോ?
16: ഇവരാണു ബാലാമിൻ്റെ ഉപദേശപ്രകാരം പെയോറിലെ സംഭവത്തില്‍ ഇസ്രായേല്യരെ കര്‍ത്താവിനെതിരേ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചത്. അന്നു കര്‍ത്താവിൻ്റെ സമൂഹത്തില്‍ മഹാമാരിയുണ്ടായി.
17: അതിനാല്‍ സകലആണ്‍കുഞ്ഞുങ്ങളെയും പുരുഷനെയറിഞ്ഞ സ്ത്രീകളെയും വധിക്കുക.
18: എന്നാല്‍, പുരുഷനെയറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിച്ചുകൊള്ളുക.
19: നിങ്ങള്‍ ഏഴുദിവസം പാളയത്തിനു പുറത്തു താമസിക്കണം. ആരെയെങ്കിലും കൊന്നവനും, കൊല്ലപ്പെട്ട ആരെയെങ്കിലും തൊട്ടവനുമായി നിങ്ങളിലുള്ളവരെല്ലാം മൂന്നാംദിവസവും ഏഴാംദിവസവും തങ്ങളെത്തന്നെയും തങ്ങളുടെ തടവുകാരെയും ശുദ്ധീകരിക്കണം.
20: വസ്ത്രങ്ങളും, തോല്‍, കോലാട്ടിന്‍രോമം, തടി ഇവകൊണ്ടു നിര്‍മ്മിച്ച സകലവസ്തുക്കളും ശുദ്ധീകരിക്കണം.
21: പുരോഹിതനായ എലെയാസര്‍, യുദ്ധത്തിനുപോയിരുന്ന യോദ്ധാക്കളോടു പറഞ്ഞു: കര്‍ത്താവു മോശയോടു കല്പിച്ച നിയമമിതാണ്.
22: സ്വര്‍ണ്ണം, വെള്ളി, ഓട്, ഇരുമ്പ്, തകരം, ഈയം മുതലായ, തീയില്‍ നശിച്ചുപോകാത്ത സാധനമൊക്കെയും അഗ്നിശുദ്ധിവരുത്തണം.
23: പിന്നീടു ശുദ്ധീകരണജലംകൊണ്ടു ശുദ്ധീകരിക്കണം; തീയില്‍ നശിക്കുന്നവ വെള്ളത്തില്‍ മുക്കി ശുദ്ധീകരിക്കണം.
24: ഏഴാംദിവസം നിങ്ങള്‍ വസ്ത്രമലക്കണം. അപ്പോള്‍ നിങ്ങള്‍ ശുദ്ധരാകും. അതിനുശേഷം നിങ്ങള്‍ക്കു പാളയത്തിലേക്കു വരാം.

കൊള്ളമുതല്‍ പങ്കിടുന്നു

25: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
26: നീയും പുരോഹിതനായ എലെയാസറും സമൂഹത്തിലെ ഗോത്രനേതാക്കളുംകൂടെ കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും കണക്കെടുത്ത്,
27: അവയെ യുദ്ധത്തിനുപോയ യോദ്ധാക്കള്‍ക്കും സമൂഹത്തിനുമായി രണ്ടായി ഭാഗിക്കുക.
28: തടവുകാരിലും, കാള, കഴുത, ആട് ഇവയിലും അഞ്ഞൂറിന് ഒന്നുവീതം കര്‍ത്താവിന് ഓഹരിയായി യുദ്ധത്തിനു പോയവരില്‍നിന്നു വാങ്ങണം.
29: അവരുടെ ഓഹരിയില്‍നിന്ന് അതെടുത്തു കര്‍ത്താവിനു കാണിക്കയായി പുരോഹിതനായ എലെയാസറിനു കൊടുക്കണം.
30: ഇസ്രായേല്‍ജനത്തിന് ഓഹരിയായി ലഭിച്ച തടവുകാര്‍, കാള, കഴുത, ആട് എന്നിവയില്‍നിന്ന് അമ്പതിന് ഒന്നുവീതമെടുത്തു കര്‍ത്താവിൻ്റെ കൂടാരത്തില്‍ സേവനമനുഷ്ഠിക്കുന്ന ലേവ്യര്‍ക്കു കൊടുക്കണം.
31: മോശയും പുരോഹിതന്‍ എലെയാസറും കര്‍ത്താവു കല്പിച്ചതുപോലെ ചെയ്തു.
32: യോദ്ധാക്കള്‍ കൈവശപ്പെടുത്തിയ കൊള്ളമുതലില്‍ അവശേഷിക്കുന്നവ ഇവയാണ്:
33, 34: ആറുലക്ഷത്തിയെഴുപത്തയ്യായിരം ആടുകള്‍, എഴുപത്തീരായിരം കാളകള്‍,
35: അറുപത്തോരായിരം കഴുതകള്‍, പുരുഷനെയറിയാത്ത മുപ്പത്തീരായിരം സ്ത്രീകള്‍.
36: യുദ്ധത്തിനു പോയവരുടെ ഓഹരിയായ പകുതിയില്‍ മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറ് ആടുകളുണ്ടായിരുന്നു.
37: അതില്‍ കര്‍ത്താവിൻ്റെയോഹരി അറുനൂറ്റെഴുപത്തഞ്ച്. കാളകള്‍ മുപ്പത്താറായിരം;
38: അതില്‍ കര്‍ത്താവിൻ്റെയോഹരി എഴുപത്തിരണ്ട്.
39: കഴുതകള്‍ മുപ്പതിനായിരത്തിയഞ്ഞൂറ്; അതില്‍ കര്‍ത്താവിൻ്റെയോഹരി അറുപത്തൊന്ന്.
40: തടവുകാര്‍ പതിനാറായിരം; അതില്‍ കര്‍ത്താവിൻ്റെയോഹരി മുപ്പത്തിരണ്ട്.
41: കര്‍ത്താവു കല്പിച്ചതുപോലെ അവിടുത്തേക്കു കാഴ്ചസമര്‍പ്പിക്കുവാനുള്ള ഓഹരി, മോശ പുരോഹിതനായ എലെയാസറിനു കൊടുത്തു.
42: യുദ്ധത്തിനുപോയവരുടെ ഓഹരിയില്‍പ്പെടാതെ ഇസ്രായേല്‍ജനത്തിനുള്ള ഓഹരിയായി മോശ മാറ്റിവച്ച പകുതിയില്‍,
43: മൂന്നുലക്ഷത്തിമുപ്പത്തേഴായിരത്തഞ്ഞൂറ് ആടുകളും,
44, 45, 46: മുപ്പത്താറായിരം കാളകളും, മുപ്പതിനായിരത്തിയഞ്ഞൂറു കഴുതകളും, പതിനാറായിരം തടവുകാരുമുണ്ടായിരുന്നു.
47: ഇസ്രായേല്‍ജനത്തിനുള്ള ഓഹരിയില്‍നിന്നു തടവുകാരെയും മൃഗങ്ങളെയും അമ്പതിന് ഒന്നുവീതം, കര്‍ത്താവു കല്പിച്ചതുപോലെ മോശ അവിടുത്തെ കൂടാരത്തില്‍ സേവനമനുഷ്ഠിക്കുന്ന ലേവ്യര്‍ക്കു കൊടുത്തു.
48: പിന്നീടു സൈന്യസഹസ്രങ്ങളുടെ നായകന്മാരായിരുന്ന സഹസ്രാധിപന്മാരും ശതാധിപന്മാരും മോശയുടെയടുക്കല്‍ വന്നു.
49: അവരവനോടു പറഞ്ഞു: നിൻ്റെ ദാസരായ ഞങ്ങള്‍, ഞങ്ങളുടെ കീഴിലുള്ള യോദ്ധാക്കളെ എണ്ണിനോക്കി; ഒരാളും നഷ്ടപ്പെട്ടിട്ടില്ല.
50: ഓരോരുത്തര്‍ക്കുംകിട്ടിയ സ്വര്‍ണ്ണംകൊണ്ടുള്ള തോള്‍വള, കൈവള, മുദ്രമോതിരം, കര്‍ണ്ണാഭരണം, മാല എന്നിവ പാപപരിഹാരത്തിനു കര്‍ത്താവിനു കാഴ്ചയായി കൊണ്ടുവന്നിരിക്കുന്നു.
54: മോശയും പുരോഹിതനായ എലെയാസറുംകൂടെ സഹസ്രാധിപന്മാരില്‍നിന്നും ശതാധിപന്മാരില്‍നിന്നും വാങ്ങിയ സ്വര്‍ണ്ണം, കര്‍ത്താവിൻ്റെ മുമ്പില്‍ ഇസ്രായേല്‍ജനത്തിനൊരു സ്മാരകമായി സമാഗമകൂടാരത്തിലേക്കു കൊണ്ടുപോയി.

അദ്ധ്യായം 32

ജോര്‍ദ്ദാനു കിഴക്കുള്ള ഗോത്രങ്ങള്‍


1: റൂബൻ്റെയും ഗാദിൻ്റെയും സന്തതികള്‍ക്കു വളരെയേറെ ആടുമാടുകളുണ്ടായിരുന്നു. യാസേര്‍, ഗിലയാദ് എന്നീദേശങ്ങള്‍ നല്ല മേച്ചില്‍സ്ഥലമാണെന്ന് അവര്‍ കണ്ടു.
2: അതിനാല്‍ അവര്‍ മോശയോടും പുരോഹിതനായ എലെയാസറിനോടും സമൂഹത്തിലെ നേതാക്കളോടും പറഞ്ഞു:
3: അത്താരോത്ത്, ദീബോന്‍, യാസേര്‍, നിമ്രാ, ഹെഷ്‌ബോണ്‍, എലെയാലെ,
4: സെബാം, നെബോ, ബയോണ്‍ എന്നിങ്ങനെ കര്‍ത്താവ് ഇസ്രായേല്‍സമൂഹത്തിൻ്റെമുമ്പാകെ കീഴടക്കിയദേശം മേച്ചില്‍സ്ഥലമാണ്. ഈ ദാസര്‍ക്ക് ആടുമാടുകളുണ്ടുതാനും.
5: ഞങ്ങളില്‍ സംപ്രീതനെങ്കില്‍ ഈ പ്രദേശം ഞങ്ങള്‍ക്ക്, അവകാശമായി തന്നാലും: ഞങ്ങളെ ജോര്‍ദ്ദാൻ്റെ മറുകരയിലേക്കു കൊണ്ടുപോകരുതേ!
6: മോശ, ഗാദിൻ്റെയും റൂബൻ്റെയും സന്തതികളോടു പറഞ്ഞു: സഹോദരന്മാര്‍ യുദ്ധത്തിനുപോകുമ്പോള്‍ നിങ്ങളിവിടെയിരിക്കുകയോ?
7: കര്‍ത്താവ് ഇസ്രായേല്‍ജനത്തിനു നല്കിയിരിക്കുന്ന നാട്ടില്‍ കടക്കുന്നതില്‍, നിങ്ങളവരെ നിരുത്സാഹരാക്കുന്നതെന്തുകൊണ്ട്?
8: നാട് ഒറ്റുനോക്കാന്‍ കാദെഷ്ബര്‍ണ്ണയായില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാനയച്ചപ്പോള്‍ അവരും ഇപ്രകാരംതന്നെ ചെയ്തു.
9: അവര്‍ എഷ്‌ക്കോള്‍താഴ്‌വരയോളംചെന്നു നാടുകണ്ടതിനുശേഷം, കര്‍ത്താവ് ഇസ്രായേല്‍ജനത്തിനു നല്കിയിരുന്ന നാട്ടിലേക്കു പോകുന്നതില്‍ അവരെ നിരുത്സാഹരാക്കി.
10: അന്നു കര്‍ത്താവിൻ്റെ കോപം ജ്വലിച്ചു. അവിടുന്നു ശപഥപൂര്‍വ്വമരുളിച്ചെയ്തു :
11: ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരില്‍ ആരും, അബ്രാഹമിനും ഇസഹാക്കിനും യാക്കോബിനും ഞാന്‍ വാഗ്ദാനംചെയ്ത ഭൂമി കാണുകയില്ല.
12: എന്തുകൊണ്ടെന്നാല്‍ അവര്‍ എന്നെ പൂര്‍ണ്ണമായനുസരിച്ചില്ല. എന്നാല്‍, കെനീസിയക്കാരനായ യഫുന്നയുടെ മകന്‍ കാലെബും നൂനിൻ്റെ മകന്‍ ജോഷ്വയും അവിടെ പ്രവേശിക്കും. കാരണം, അവര്‍ കര്‍ത്താവിനെ പൂര്‍ണ്ണമായനുസരിച്ചു.
13: കര്‍ത്താവിൻ്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു; അവിടുത്തെമുമ്പില്‍ തിന്മപ്രവര്‍ത്തിച്ച തലമുറ നിശ്ശേഷംനശിക്കുന്നതുവരെ മരുഭൂമിയിലൂടെ നാല്പതുവര്‍ഷം അലഞ്ഞുതിരിയാന്‍ ഇടയാക്കുകയുംചെയ്തു.
14: ഇസ്രായേലിനെതിരേ കര്‍ത്താവിൻ്റെ കോപം ഇനിയുമുഗ്രമാകാന്‍തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാരുടെ സ്ഥാനത്തു പാപികളുടെ ഗണമായി നിങ്ങളുയര്‍ന്നിരിക്കുന്നു.
15: എന്തെന്നാല്‍, അവിടുത്തെയനുഗമിക്കുന്നതില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചാല്‍ അവിടുന്നു വീണ്ടുമവരെ മരുഭൂമിയിലുപേക്ഷിക്കും. അങ്ങനെ ജനത്തെമുഴുവന്‍ നിങ്ങള്‍ നശിപ്പിക്കും.
16: അപ്പോളവര്‍ മോശയോടു പറഞ്ഞു: ഞങ്ങളിവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കുവേണ്ടി ആലകളും കുട്ടികള്‍ക്കുവേണ്ടി പട്ടണങ്ങളും പണിയട്ടെ.
17: എന്നാല്‍, ഇസ്രായേല്‍ജനത്തെ ലക്ഷ്യത്തിലെത്തിക്കുന്നതുവരെ ഞങ്ങള്‍ ആയുധമേന്തി യുദ്ധത്തിനൊരുങ്ങി അവര്‍ക്കുമുമ്പേ പോകാം. തത്സമയം ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ദേശവാസികളുടെ ആക്രമണത്തെ ഭയപ്പെടാതെ കോട്ടയാല്‍സുരക്ഷിതമായ പട്ടണങ്ങളില്‍ വസിക്കുകയും ചെയ്യാം.
18: ഇസ്രായേല്യരെല്ലാം താന്താങ്ങളുടെയവകാശം കൈവശമാക്കുന്നതുവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങുകയില്ല.
19: ജോര്‍ദ്ദാൻ്റെ മറുകരയും അതിനപ്പുറവും അവരോടൊപ്പം ഞങ്ങള്‍ ഭൂമി അവകാശമാക്കുകയില്ല. കിഴക്കു ജോര്‍ദ്ദാനിക്കരെ ഞങ്ങള്‍ക്കവകാശംലഭിച്ചിട്ടുണ്ടല്ലോ.
20: മോശ പറഞ്ഞു: കര്‍ത്താവിൻ്റെ മുമ്പില്‍ യുദ്ധത്തിനുപോകാന്‍ ആയുധവുമണിഞ്ഞ്,
21: അവിടുന്നു ശത്രുക്കളെയെല്ലാമോടിച്ചു ദേശംകീഴടക്കുന്നതുവരെ, നിങ്ങളില്‍ യുദ്ധശേഷിയുള്ളവരെല്ലാം അവിടുത്തെ മുമ്പില്‍ ജോര്‍ദ്ദാൻ്റെ മറുകരയിലേക്കു പോകുമെങ്കില്‍,
22: ദേശം കര്‍ത്താവിൻ്റെ മുമ്പില്‍ കീഴടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു മടങ്ങിപ്പോകാം. അപ്പോള്‍ നിങ്ങള്‍ കര്‍ത്താവിൻ്റെയും ഇസ്രായേലിൻ്റെയുംമുമ്പില്‍ കുറ്റമില്ലാത്തവരായിരിക്കും; ഈ ദേശം കര്‍ത്താവിൻ്റെമുമ്പില്‍ നിങ്ങളുടെയവകാശമായിരിക്കുകയും ചെയ്യും.
23: അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, കര്‍ത്താവിനെതിരായി നിങ്ങള്‍ പാപംചെയ്യും. നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്നറിഞ്ഞുകൊള്ളുക.     
24: നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും ആടുകള്‍ക്ക് ആലകളും പണിയുവിന്‍; നിങ്ങള്‍ചെയ്ത വാഗ്ദാനം, നിറവേറ്റുകയുംവേണം.
25: ഗാദിൻ്റെയും റൂബൻ്റെയും ഗോത്രങ്ങള്‍ മോശയോടു പറഞ്ഞു: അങ്ങു കല്പിക്കുന്നതുപോലെ ഈ ദാസന്മാര്‍ ചെയ്തുകൊള്ളാം.
26: ഞങ്ങളുടെ കുട്ടികളും ഭാര്യമാരും ആടുമാടുകളും ഗിലയാദിലെ പട്ടണങ്ങളില്‍ത്തങ്ങട്ടെ.
27: ഈ ദാസന്മാര്‍ അങ്ങു കല്പിക്കുന്നതുപോലെ ആയുധമേന്തി യുദ്ധത്തിനായി കര്‍ത്താവിൻ്റെ മുമ്പില്‍ പോകാം.
28: മോശ അവരെക്കുറിച്ചു പുരോഹിതനായ എലെയാസറിനോടും നൂനിൻ്റെ പുത്രന്‍ ജോഷ്വയോടും ഇസ്രായേല്‍ഗോത്രങ്ങളുടെ ശ്രേഷ്ഠന്മാരോടും പറഞ്ഞു:
29: ഗാദിൻ്റെയും റൂബൻ്റെയും പുത്രന്മാര്‍, ആയുധധാരികളായി, യുദ്ധംചെയ്യാന്‍ നിങ്ങളോടൊപ്പം ജോര്‍ദ്ദാന്‍കടന്നു കര്‍ത്താവിൻ്റെമുമ്പില്‍ പോകുകയും നിങ്ങള്‍ക്കുവേണ്ടി ദേശംകീഴടക്കുകയുംചെയ്താല്‍, ഗിലയാദുദേശം, അവര്‍ക്കവകാശമായി കൊടുക്കണം.
30: എന്നാല്‍, അവര്‍ നിങ്ങളോടൊപ്പം യുദ്ധസന്നദ്ധരായി വരുന്നില്ലെങ്കില്‍ കാനാന്‍ദേശത്തു നിങ്ങളുടെയിടയിലായിരിക്കട്ടെ അവര്‍ക്കവകാശം.
31: ഗാദിൻ്റെയും റൂബൻ്റെയും സന്തതികള്‍ പറഞ്ഞു: കര്‍ത്താവരുളിച്ചെയ്തതുപോലെ ഈ ദാസര്‍ പ്രവര്‍ത്തിച്ചുകൊള്ളാം.
32: ജോര്‍ദ്ദാനിക്കരെ ഞങ്ങള്‍ കൈവശമാക്കിയ പ്രദേശം ഞങ്ങളുടേതാകേണ്ടതിന്, ആയുധധാരികളായി ഞങ്ങള്‍ കര്‍ത്താവിൻ്റെമുമ്പില്‍ കാനാനിലേക്കു പോകാം.
33: അമോര്യരാജാവായ സീഹോൻ്റെയും ബാഷാന്‍രാജാവായ ഓഗിൻ്റെയും രാജ്യങ്ങളടങ്ങുന്ന പ്രദേശം മുഴുവനും അതിലുള്ള പട്ടണങ്ങളും ഗാദിൻ്റെയും റൂബൻ്റെയും ഗോത്രങ്ങള്‍ക്കും ജോസഫിൻ്റെ പുത്രനായ മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനുമായി മോശ നല്കി.
34, 35: ഗാദിൻ്റെ ഗോത്രക്കാര്‍ ദീബോന്‍, അത്താരോത്ത്, അരോവേര്‍, അത്രോത്ത്‌ഷോഫാന്‍,
36: യാസേര്‍, യോഗ്ബഹാ, ബേത്‌നിമ്രാ, ബേത്ഹാരന്‍ എന്നീ പട്ടണങ്ങളും ആടുകള്‍ക്കുള്ള ആലകളും പണിതു; പട്ടണങ്ങള്‍ മതിലുകെട്ടിയുറപ്പിച്ചു.
37: റൂബൻ്റെ ഗോത്രക്കാര്‍ ഹെഷ്‌ബോണ്‍, എലെയാലെ, കിര്യാത്തായിം,
38: പിന്നീടു പേരുമാറ്റിയ നെബോ, ബാല്‍മെയോണ്‍ എന്നീ പട്ടണങ്ങളും സിബ്മാ പട്ടണവും പണിതു. അവര്‍പണിത പട്ടണങ്ങള്‍ക്കു വേറെപേരുകള്‍ നല്കി.
39: മനാസ്സെയുടെ മകനായ മാഖീറിൻ്റെ പുത്രന്മാര്‍ ഗിലയാദ് കീഴടക്കി; അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
40: മനാസ്സെയുടെ മകനായ മാഖീറിനു മോശ ഗിലയാദ് കൊടുത്തു; അവനവിടെത്താമസിച്ചു.
41: മനാസ്സെയുടെ പുത്രന്‍ യായീര്‍ പിടിച്ചടക്കിയ ഗിലയാദ് ഗ്രാമങ്ങള്‍ക്കു ഹവ്വോത്ത്-യായീര്‍ എന്ന് അവന്‍ പേരിട്ടു.
42: കെനാത്തും അതിൻ്റെ ഗ്രാമങ്ങളും നോബഹ് പിടിച്ചടക്കി; അവന്‍ തൻ്റെ പേരനുസരിച്ച് അതിനെ നോബഹ് എന്നുവിളിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ