മുപ്പത്തിയൊമ്പതാംദിവസം: സംഖ്യ 8 - 10


അദ്ധ്യായം 8

ദീപസജ്ജീകരണം

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ദീപം കൊളുത്തുമ്പോള്‍ വിളക്കുകാലിനുമുമ്പില്‍ പ്രകാശം പരക്കത്തക്കവിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തണമെന്ന് അഹറോനോടു പറയുക. അഹറോന്‍ അങ്ങനെ ചെയ്തു.
3: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ വിളക്കുകാലിൻ്റെ മുമ്പില്‍ പ്രകാശം പരക്കുമാറ്, വിളക്കുകള്‍ ക്രമപ്പെടുത്തി.
4: ചുവടുമുതല്‍ ശിഖരങ്ങള്‍വരെ സ്വര്‍ണ്ണമടിച്ചുപരത്തി നിര്‍മ്മിച്ചതായിരുന്നു വിളക്കുകാല്‍. കര്‍ത്താവു മോശയ്ക്കു കാണിച്ചുകൊടുത്ത മാതൃകയില്‍ത്തന്നെയാണ് അതുണ്ടാക്കിയത്.

ലേവ്യരുടെ സമര്‍പ്പണം

5: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
6: ലേവ്യരെ ജനങ്ങളുടെയിടയില്‍നിന്നു വേര്‍തിരിച്ചു ശുദ്ധീകരിക്കുക.
7: അവരെ ശുദ്ധീകരിക്കേണ്ടതിങ്ങനെയാണ്: പാപപരിഹാരജലം അവരുടെമേല്‍ത്തളിക്കുക; ശരീരംമുഴുവന്‍ ക്ഷൗരംചെയ്ത്, വസ്ത്രങ്ങളലക്കി, അവര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും വേണം.
8: അനന്തരം, ഒരു കാളക്കുട്ടിയെയും ധാന്യബലിക്കായി എണ്ണചേര്‍ത്ത നേരിയമാവും അവരെടുക്കട്ടെ. പാപപരിഹാരബലിക്കു മറ്റൊരു കാളക്കുട്ടിയെയുമെടുക്കണം.
9: ലേവ്യരെ സമാഗമകൂടാരത്തിൻ്റെ മുമ്പില്‍ കൊണ്ടുവരുകയും ഇസ്രായേല്‍സമൂഹത്തെ മുഴുവന്‍ അവിടെ വിളിച്ചുകൂട്ടുകയുംവേണം.
10: ലേവ്യരെ കര്‍ത്താവിൻ്റെമുമ്പില്‍ കൊണ്ടുവരുമ്പോള്‍, ഇസ്രായേല്‍ജനം അവരുടെ തലയില്‍ കൈവയ്ക്കണം.
11: ഇസ്രായേല്‍ജനത്തിൻ്റെ നീരാജനമായി, കര്‍ത്താവിനു ശുശ്രൂഷചെയ്യാന്‍ അഹറോന്‍ ലേവ്യരെ അവിടുത്തേയ്ക്കു സമര്‍പ്പിക്കണം.
12: ലേവ്യര്‍ കാളക്കുട്ടികളുടെ തലയില്‍ കൈവയ്ക്കണം. അവരുടെ പാപപരിഹാരത്തിനായി കാളക്കുട്ടികളിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും നീ കര്‍ത്താവിനര്‍പ്പിക്കണം.
13: അഹറോൻ്റെയും പുത്രന്മാരുടെയും ശുശ്രൂഷയില്‍, അവരെ സഹായിക്കാന്‍, ലേവ്യരെ കര്‍ത്താവിനു നീരാജനമായര്‍പ്പിക്കുക.
14: ഇപ്രകാരം ഇസ്രായേല്‍ജനത്തിൻ്റെ ഇടയില്‍നിന്നു ലേവ്യരെ നീ വേര്‍തിരിക്കണം, അവര്‍ എന്റേതായിരിക്കും.
15: ശുദ്ധീകരിക്കുകയും നീരാജനമായി സമര്‍പ്പിക്കുകയും ചെയ്തുകഴിയുമ്പോള്‍ സമാഗമകൂടാരത്തില്‍ ശുശ്രൂഷചെയ്യാന്‍ ലേവ്യര്‍ അകത്തു പ്രവേശിക്കട്ടെ.
16: ഇസ്രായേലില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട അവര്‍, പൂര്‍ണ്ണമായും എനിക്കുള്ളവരാണ്. ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരം ഞാനവരെ എനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു.
17: ഇസ്രായേലില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെല്ലാം എനിക്കുള്ളതാണ്. ഈജിപ്തിലെ കടിഞ്ഞൂലുകളെയെല്ലാം സംഹരിച്ചപ്പോള്‍ ഞാനവരെ എനിക്കായി മാറ്റിവച്ചു.
18: ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരം ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
19: സമാഗമകൂടാരത്തില്‍, ഇസ്രായേല്‍ജനത്തിനുവേണ്ടി സേവനംചെയ്യാനും, അവര്‍ക്കുവേണ്ടി പരിഹാരകര്‍മ്മങ്ങളനുഷ്ഠിക്കാനും, ജനം വിശുദ്ധസ്ഥലത്തെ സമീപിച്ചാല്‍ അവരുടെയിടയില്‍ മഹാമാരിയുണ്ടാകാതിരിക്കാനുമായി അവരില്‍നിന്നു ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്ത്, അഹറോനും പുത്രന്മാര്‍ക്കും ഇഷ്ടദാനമായിക്കൊടുത്തിരിക്കുന്നു.
20: മോശയോടു കര്‍ത്താവു കല്പിച്ചതനുസരിച്ച്, മോശയുമഹറോനും ഇസ്രായേല്‍സമൂഹവുംചേര്‍ന്ന്, ലേവ്യരെ കര്‍ത്താവിനു പ്രതിഷ്ഠിച്ചു.
21: ലേവ്യര്‍ തങ്ങളെത്തന്നെ പാപത്തില്‍നിന്നു ശുദ്ധീകരിച്ചു; വസ്ത്രമലക്കി. അഹറോന്‍, അവരെ നീരാജനമായി കര്‍ത്താവിനു സമര്‍പ്പിച്ചു. അവരുടെ ശുദ്ധീകരണത്തിനായി അഹറോന്‍ പാപപരിഹാരബലിയര്‍പ്പിക്കുകയും ചെയ്തു. 
22: അനന്തരം സമാഗമകൂടാരത്തിലെ ശുശ്രൂഷയില്‍ അഹറോനെയും പുത്രന്മാരെയും സഹായിക്കാന്‍, ലേവ്യര്‍ അകത്തു പ്രവേശിച്ചു. കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച്, അവര്‍ ലേവ്യരോടു പ്രവര്‍ത്തിച്ചു.
23: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ലേവ്യരെ സംബന്ധിക്കുന്ന നിയമമിതാണ്:
24: ഇരുപത്തഞ്ചും അതിനുമേലും വയസ്സുള്ള ലേവ്യരെല്ലാം സമാഗമകൂടാരത്തില്‍ ശുശ്രൂഷചെയ്യണം.
25: അമ്പതു വയസ്സാകുമ്പോള്‍ ശുശ്രൂഷയില്‍നിന്നു വിരമിക്കണം; പിന്നെ ശുശ്രൂഷ ചെയ്യേണ്ടതില്ല.
26: എന്നാല്‍, സമാഗമകൂടാരത്തില്‍ ജോലിചെയ്യുന്ന സഹോദരന്മാരെ അവര്‍ക്കു സഹായിക്കാം. അവര്‍ നേരിട്ടു ചുമതല വഹിക്കേണ്ടതില്ല. ലേവ്യരെ ചുമതലയേല്പിക്കുമ്പോള്‍ നീയിങ്ങനെ ചെയ്യണം.


അദ്ധ്യായം 9

രണ്ടാമത്തെ പെസഹാ

1: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിൻ്റെ രണ്ടാംവര്‍ഷം ഒന്നാംമാസം സീനായ്‌മരുഭൂമിയില്‍വച്ചു കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനം, നിശ്ചിത സമയത്തുതന്നെ പെസഹാ ആഘോഷിക്കണം.
3: ഈ മാസം പതിനാലാംദിവസം വൈകുന്നേരം, എല്ലാ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചു നിങ്ങള്‍ പെസഹാ ആചരിക്കണം.
4: പെസഹാ ആചരിക്കണമെന്ന്, ഇസ്രായേല്‍ജനത്തെ മോശയറിയിച്ചു. 
5: അങ്ങനെ, അവര്‍ ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം, സീനായ്‌മരുഭൂമിയില്‍വച്ചു പെസഹാ ആചരിച്ചു. കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച്, ഇസ്രായേല്‍ പ്രവര്‍ത്തിച്ചു.
6: ശവശരീരം സ്പര്‍ശിച്ച് അശുദ്ധരായതുകൊണ്ട്, ആ ദിവസം പെസഹാ ആചരിക്കാന്‍കഴിയാത്ത ചിലരുണ്ടായിരുന്നു.
7: അവര്‍ മോശയുടെയും അഹറോൻ്റെയു‌മടുത്തുചെന്നു പറഞ്ഞു: ഞങ്ങള്‍ മൃതശരീരം സ്പര്‍ശിച്ച് അശുദ്ധരായി, എന്നാല്‍, നിശ്ചിതസമയത്ത് ഇസ്രായേലിലെ മറ്റ് ആളുകളോടുചേര്‍ന്നു കര്‍ത്താവിനു കാഴ്ചസമര്‍പ്പിക്കുന്നതില്‍നിന്നു ഞങ്ങളെ തടയേണ്ടതുണ്ടോ? മോശ പറഞ്ഞു: 
8: കര്‍ത്താവു തൻ്റെ ഹിതം എന്നെയറിയിക്കുന്നതുവരെ കാത്തിരിക്കുക. 
9: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക,
10: നിങ്ങളോ നിങ്ങളുടെ മക്കളിലാരെങ്കിലുമോ ശവശരീരം സ്പര്‍ശിച്ച് അശുദ്ധരാവുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താലും അവര്‍ കര്‍ത്താവിനു പെസഹാ ആചരിക്കണം.
11: രണ്ടാംമാസം പതിനാലാം ദിവസം വൈകുന്നേരം, അവരതാചരിക്കണം. പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലയുംകൂട്ടി പെസഹാ ഭക്ഷിക്കണം.
12: പ്രഭാതത്തിലേക്ക് ഒന്നുമവശേഷിക്കരുത്. മൃഗത്തിൻ്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്. നിയമങ്ങളനുസരിച്ച്, അവര്‍ പെസഹാ ആ ചരിക്കണം.
13: എന്നാല്‍, ഒരുവന്‍ അശുദ്ധനല്ല, യാത്രയിലുമല്ല, എങ്കിലും പെസഹാ ആചരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നെങ്കില്‍ അവന്‍ നിശ്ചിതസമയത്തു കര്‍ത്താവിനു കാഴ്ച നല്കാത്തതുകൊണ്ടു സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം. അവന്‍ തൻ്റെ പാപത്തിൻ്റെ ഫലം വഹിക്കണം.
14: നിങ്ങളുടെയിടയില്‍ വന്നുപാര്‍ക്കുന്ന പരദേശി, കര്‍ത്താവിനു പെസഹാ ആചരിക്കുന്നെങ്കില്‍ നിയമങ്ങളും വിധികളുമനുസരിച്ച് അവനതു നിര്‍വ്വഹിക്കണം. പരദേശിക്കും സ്വദേശിക്കും ഒരേ നിയമംതന്നെ.

കൂടാരമുകളില്‍ മേഘം

15: സാക്ഷ്യകൂടാരം സ്ഥാപിച്ചദിവസം മേഘമതിനെയാവരണം ചെയ്തു; അഗ്നിപോലെ പ്രകാശിച്ചുകൊണ്ടു സന്ധ്യമുതല്‍ പ്രഭാതംവരെ അതു കൂടാരത്തിനു മുകളില്‍ നിന്നു.
16: നിരന്തരമായി, അതങ്ങനെ നിന്നു. പകല്‍ മേഘവും രാത്രി അഗ്നിരൂപവും കൂടാരത്തെയാവരണം ചെയ്തിരുന്നു. 
17: മേഘം കൂടാരത്തില്‍നിന്നുയരുമ്പോള്‍ ഇസ്രായേല്‍ജനം യാത്രതിരിക്കും; മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയമടിക്കും.
18: കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, ഇസ്രായേല്‍ജനം യാത്ര പുറപ്പെട്ടു; അവിടുത്തെ കല്പനപോലെ അവര്‍ പാളയമടിച്ചു. മേഘം കൂടാരത്തിനുമുകളില്‍ നിശ്ചലമായിനില്ക്കുന്നിടത്തോളം സമയം അവര്‍ പാളയത്തില്‍ത്തന്നെ കഴിച്ചുകൂട്ടി.
19: മേഘം ദീര്‍ഘനാള്‍ കൂടാരത്തിനുമുകളില്‍ നിന്നപ്പോഴും ഇസ്രായേല്‍ കര്‍ത്താവിൻ്റെ കല്പനയനുസരിക്കുകയും യാത്ര പുറപ്പെടാതിരിക്കുകയും ചെയ്തു.
20: ചിലപ്പോള്‍ ഏതാനും ദിവസംമാത്രം മേഘം കൂടാരത്തിനുമുകളില്‍ നിന്നു. അപ്പോഴും കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, അവര്‍ പാളയത്തില്‍ത്തന്നെ വസിച്ചു. അവിടുത്തെ കല്പനയനുസരിച്ചുമാത്രമേ അവര്‍ യാത്രപുറപ്പെട്ടുള്ളു.
21: ചിലപ്പോള്‍ മേഘം സന്ധ്യമുതല്‍ പുലര്‍ച്ചവരെമാത്രം നില്ക്കും. പ്രഭാതത്തില്‍ മേഘമുയരുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും. പകലോ രാത്രിയോ ആയാലും മേഘമുയരുമ്പോള്‍ അവര്‍ പുറപ്പെടും.
22: മേഘം രണ്ടു ദിവസമോ ഒരു മാസമോ അതില്‍ കൂടുതലോ കൂടാരത്തിനുമുകളില്‍ നിന്നാലും അവര്‍ യാത്ര തുടരാതെ പാളയത്തില്‍ത്തന്നെ വസിക്കും. മേഘമുയരുമ്പോള്‍ അവര്‍ യാത്ര തുടരും.
23: കര്‍ത്താവിൻ്റെ കല്പനയനുസരിച്ചാണ് അവര്‍ പാളയമടിക്കുകയും യാത്ര പുറപ്പെടുകയും ചെയ്തിരുന്നത്. അവിടുന്നു മോശവഴി നല്കിയ കല്പനയനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചു.


അദ്ധ്യായം 10

കാഹളം

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: അടിച്ചുപരത്തിയ വെള്ളികൊണ്ടു രണ്ടു കാഹളം നിര്‍മ്മിക്കുക. സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍നിന്നു പുറപ്പെടാനും അവ മുഴക്കണം.
3: അവ രണ്ടും ഒന്നിച്ചുമുഴക്കുമ്പോള്‍ സമൂഹം മുഴുവനും സമാഗമകൂടാരവാതില്‍ക്കല്‍, നിൻ്റെ മുമ്പില്‍ സമ്മേളിക്കണം.
4: ഒരു കാഹളം മാത്രമൂതിയാല്‍ ഇസ്രായേലിലെ ഗോത്രത്തലവന്മാരായ നായകന്മാര്‍മാത്രം നിൻ്റെ മുമ്പിലൊന്നിച്ചുകൂടണം.
5: സന്നാഹത്തിനുള്ള ആദ്യകാഹളം മുഴങ്ങുമ്പോള്‍ കിഴക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം.
6: അതു രണ്ടാംപ്രാവശ്യം മുഴങ്ങുമ്പോള്‍ തെക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം. യാത്ര പുറപ്പെടേണ്ടപ്പോഴൊക്കെ സന്നാഹധ്വനി ഉയര്‍ത്തണം.
7: സമൂഹമൊന്നിച്ചുകൂടാന്‍ കാഹളമൂതുമ്പോള്‍, സന്നാഹധ്വനി മുഴക്കരുത്.
8: അഹറോൻ്റെ പുത്രന്മാരാണു കാഹളം മുഴക്കേണ്ടത്. ഇതു നിങ്ങള്‍ക്കു തലമുറതോറും എന്നേയ്ക്കുമുള്ള നിയമമായിരിക്കും.
9: നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിനെതിരേ യുദ്ധത്തിനുപോകുമ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെയോര്‍ക്കുന്നതിനും ശത്രുവില്‍നിന്നു നിങ്ങള്‍ രക്ഷിക്കപ്പെടുന്നതിനും കാഹളങ്ങള്‍ സന്നാഹധ്വനി മുഴക്കണം.
10: നിങ്ങളുടെ സന്തോഷത്തിൻ്റെ ദിനങ്ങളിലും നിര്‍ദിഷ്ടമായ ഉത്സവങ്ങളിലും മാസാരംഭങ്ങളിലും ദഹനബലികളും സമാധാനബലികളുമര്‍പ്പിക്കുമ്പോഴും കാഹളമൂതണം. അപ്പോള്‍ നിങ്ങളുടെ ദൈവം നിങ്ങളെയോര്‍മ്മിക്കും. ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്. 

സീനായില്‍നിന്നു പുറപ്പെടുന്നു.
11: രണ്ടാംവര്‍ഷം രണ്ടാംമാസം ഇരുപതാംദിവസം സാക്ഷ്യകൂടാരത്തിനു മുകളില്‍നിന്നു മേഘമുയര്‍ന്നു.
12: അപ്പോള്‍ ഇസ്രായേല്‍ജനം ഗണങ്ങളായി സീനായ്‌മരുഭൂമിയില്‍നിന്നു പുറപ്പെട്ടു. മേഘം പാരാന്‍മരുഭൂമിയില്‍ ചെന്നുനിന്നു.
13: മോശവഴി കര്‍ത്താവു നല്കിയ കല്പനയനുസരിച്ച്, അവരാദ്യമായി യാത്രപുറപ്പെട്ടു.
14: യൂദാഗോത്രം ഗണങ്ങളായി പതാകയുമേന്തി ആദ്യം പുറപ്പെട്ടു. അമ്മിനാദാബിൻ്റെ മകന്‍ നഹ്‌ഷോനായിരുന്നു അവരുടെ നായകന്‍.
15: ഇസാക്കര്‍ ഗോത്രത്തിൻ്റെ മുമ്പില്‍ നടന്നതു സുവാറിൻ്റെ മകന്‍ നെത്തനേല്‍ ആണ്.
16: സെബുലൂണ്‍ ഗോത്രത്തെ നയിച്ചതു ഹേലോനിൻ്റെ പുത്രന്‍ എലിയാബ് ആകുന്നു.
17: കൂടാരമഴിച്ചിറക്കിയപ്പോള്‍, ഗര്‍ഷോൻ്റെയും മെറാറിയുടെയും പുത്രന്മാര്‍ അതു വഹിച്ചുകൊണ്ടു പുറപ്പെട്ടു.
18: അനന്തരം, റൂബന്‍ഗോത്രം ഗണങ്ങളായി പതാകയേന്തി പുറപ്പെട്ടു. ഷെദെയൂറിൻ്റെ മകന്‍ എലിസൂര്‍ അവരുടെ മുമ്പില്‍ നടന്നു.
19: ശിമയോന്‍ഗോത്രത്തിൻ്റെ മുമ്പില്‍ നടന്നതു സുരിഷദ്ദായിയുടെ മകന്‍ ഷെലൂമിയേല്‍ ആണ്.
20: ഗാദ്ഗോത്രത്തെ നയിച്ചത് റവുവേലിൻ്റെ മകന്‍ എലിയാസാഫത്രേ. 
21: അതിനുശേഷം, വിശുദ്ധവസ്തുക്കള്‍ വഹിച്ചുകൊണ്ടു കൊഹാത്തിൻ്റെ പുത്രന്മാര്‍ പുറപ്പെട്ടു. അവരെത്തുന്നതിനുമുമ്പു സാക്ഷ്യകൂടാരം സ്ഥാപിക്കപ്പെട്ടു.
22: തുടര്‍ന്ന്, എഫ്രായിംഗോത്രം ഗണങ്ങളായി പതാകയേന്തി പുറപ്പെട്ടു. അവരുടെ നായകന്‍ അമ്മിഹൂദിൻ്റെ മകന്‍ എലിഷാമ ആയിരുന്നു.
23: മനാസ്സെഗോത്രത്തിൻ്റെ മുമ്പില്‍ നടന്നതു പെദാഹ്‌സൂറിൻ്റെ മകന്‍ ഗമാലിയേലാണ്.
24: ബഞ്ചമിന്‍ഗോത്രത്തെ നയിച്ചതു ഗിദെയോനിയുടെ മകന്‍ അബിദാന്‍.
25: ദാന്‍ഗോത്രം അണികളായി പതാകയേന്തി എല്ലാ സംഘങ്ങളുടെയും പിന്‍നിരയായി പുറപ്പെട്ടു. അമ്മിഷദ്ദായിയുടെ മകന്‍ അഹിയേസര്‍ അവരുടെ മുമ്പില്‍ നടന്നു.
26: ആഷേര്‍ ഗോത്രത്തിൻ്റെ മുമ്പില്‍ നടന്നത്, ഒക്രാൻ്റെ മകന്‍ പഗിയേല്‍ ആണ്.
27: നഫ്താലിഗോത്രത്തെ നയിച്ചത് ഏനാൻ്റെ മകന്‍ അഹീറ.
28: അണികളായി യാത്രപുറപ്പെട്ടപ്പോള്‍ ഇസ്രായേല്‍ ഈ ക്രമത്തിലാണു നീങ്ങിയിരുന്നത്.
29: തൻ്റെ അമ്മായിയപ്പനായ മിദിയാന്‍കാരന്‍ റവുവേലിൻ്റെ മകന്‍ ഹോബാബിനോടു മോശ പറഞ്ഞു: കര്‍ത്താവു ഞങ്ങള്‍ക്കു നല്കുമെന്നരുളിച്ചെയ്ത സ്ഥലത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. ഞങ്ങളുടെ കൂടെവരുക. നിനക്കു നന്മയുണ്ടാകും.
30: കാരണം, കര്‍ത്താവ് ഇസ്രായേലിനു നന്മ വാഗ്ദാനംചെയ്തിട്ടുണ്ട്. അവന്‍ പറഞ്ഞു: ഞാന്‍ വരുന്നില്ല; എൻ്റെ ദേശത്തേക്കും ബന്ധുക്കളുടെയടുത്തേക്കും ഞാന്‍ മടങ്ങിപ്പോകുന്നു.
31: അപ്പോള്‍ മോശ പറഞ്ഞു: ഞങ്ങളെ വിട്ടുപോകരുതെന്നു ഞാനപേക്ഷിക്കുന്നു. കാരണം, മരുഭൂമിയില്‍ പാളയമടിക്കേണ്ടതെങ്ങനെയെന്നു നിനക്കറിയാം. നീ ഞങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശിയായിരിക്കും.
32: നീ ഞങ്ങളോടുകൂടെ വരുകയാണെങ്കില്‍ കര്‍ത്താവു ഞങ്ങള്‍ക്കുനല്കുന്ന സമൃദ്ധിയില്‍ നിനക്കു പങ്കുലഭിക്കും.
33: അവര്‍ കര്‍ത്താവിൻ്റെ പര്‍വ്വതത്തില്‍നിന്നു പുറപ്പെട്ടു മൂന്നുദിവസം യാത്രചെയ്തു. അവര്‍ക്ക് ഒരു വിശ്രമസ്ഥലം ആരാഞ്ഞുകൊണ്ടു കര്‍ത്താവിൻ്റെ വാഗ്ദാനപേടകം അവരുടെ മുമ്പില്‍ പോയിരുന്നു.
34: അവര്‍ പാളയത്തില്‍നിന്നു പുറപ്പെട്ടു യാത്രചെയ്തപ്പോഴെല്ലാം കര്‍ത്താവിൻ്റെ മേഘം പകല്‍സമയം അവര്‍ക്കു മീതേയുണ്ടായിരുന്നു.
35: പേടകം പുറപ്പെട്ടപ്പോഴെല്ലാം മോശ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, ഉണരുക; അങ്ങയുടെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ ദ്വേഷിക്കുന്നവര്‍ പലായനം ചെയ്യട്ടെ!
36: പേടകം നിശ്ചലമായപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, അവിടുന്ന്, ഇസ്രായേലിൻ്റെ പതിനായിരങ്ങളിലേക്കു തിരിച്ചുവന്നാലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ