മുപ്പത്തിയെട്ടാം ദിവസം: സംഖ്യ 4 - 7


അദ്ധ്യായം 4

കൊഹാത്യരുടെ കടമകള്‍

1: കര്‍ത്താവു മോശയോടും അഹറോനോടുമരുളിച്ചെയ്തു:
2: കുലവും കുടുംബവുമനുസരിച്ച്, ലേവിഗോത്രത്തിലെ കൊഹാത്യരുടെ കണക്കെടുക്കുക.
3: മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ളവരുടെ കണക്കാണെടുക്കേണ്ടത്.
4: സമാഗമകൂടാരത്തില്‍, അതിവിശുദ്ധവസ്തുക്കള്‍സംബന്ധിച്ചു കൊഹാത്യരനുഷ്ഠിക്കേണ്ട ശുശ്രൂഷയിതാണ്:
5: സമൂഹം പുറപ്പെടാനുള്ള സമയമാകുമ്പോള്‍ അഹറോനും പുത്രന്മാരും അകത്തുപ്രവേശിച്ച്, തിരശ്ശീലയഴിച്ച്, അതുകൊണ്ടു സാക്ഷ്യപേടകം മൂടണം.
6: അതിനുമീതേ ആട്ടിന്‍തോലുകൊണ്ടുള്ള ആവരണവും നീലനിറത്തിലുള്ള മറ്റൊരാവരണവുമിടണം. പേടകംവഹിക്കാനുള്ള തണ്ടുകളുറപ്പിക്കണം.
7: തിരുസന്നിധാനമേശയില്‍ നീലത്തുണി വിരിച്ച്, താലങ്ങളും തട്ടങ്ങളും കലശങ്ങളും പാനീയബലിക്കുള്ള ചഷകങ്ങളും അതിന്മേല്‍ വയ്ക്കണം. ദിനംതോറും സമര്‍പ്പിക്കുന്ന അപ്പവും അതിന്മേലുണ്ടായിരിക്കണം.
8: അവയുടെമേല്‍ ചെമന്നതുണി വിരിച്ച്, ആട്ടിന്‍തോലു പൊതിയണം. മേശവഹിക്കാനുള്ള തണ്ടുകളുറപ്പിക്കണം.
9: നീലത്തുണികൊണ്ട്, വിളക്കുകാല്‍, വിളക്കുകള്‍, തിരി മുറിക്കാനുള്ള കത്രികകള്‍, തട്ടങ്ങള്‍, എണ്ണപ്പാത്രങ്ങള്‍ ഇവ മൂടണം.
10: അതിൻ്റെ സകല ഉപകരണങ്ങളും ആട്ടിന്‍തോല്‍പൊതിഞ്ഞ്, ചുമക്കാനുള്ള തണ്ടില്‍ സ്ഥാപിക്കണം.
11: സുവര്‍ണബലിപീഠത്തിന്മേല്‍ നീലത്തുണി വിരിച്ച്, ആട്ടിന്‍തോല്‍പൊതിഞ്ഞ്, അതു വഹിക്കാനുള്ള തണ്ടുകളുറപ്പിക്കണം.
12: വിശുദ്ധസ്ഥലത്തു ശുശ്രൂഷയ്ക്കുപയോഗിക്കുന്ന പാത്രങ്ങളെല്ലാം നീലത്തുണിയിലാക്കി, ആട്ടിന്‍തോല്‍പൊതിഞ്ഞ്, അതു വഹിക്കാനുള്ള ചട്ടക്കൂടില്‍ സ്ഥാപിക്കണം.
13: ബലിപീഠത്തില്‍നിന്നു ചാരം നീക്കിയതിനുശേഷം അതിന്മേല്‍ ചെമന്നതുണി വിരിക്കണം.
14: ബലിപീഠത്തിലെ ശുശ്രൂഷയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം - അഗ്നികലശങ്ങള്‍, മുള്‍ക്കരണ്ടികള്‍, കോരികകള്‍, തട്ടങ്ങള്‍ എന്നിവ - അതിന്മേല്‍ വയ്ക്കണം. അതിനുമുകളില്‍ ആട്ടിന്‍തോല്‍ വിരിച്ച്, അതു വഹിക്കാനുള്ള തണ്ടുകളുറപ്പിക്കണം.
15: അഹറോനും പുത്രന്മാരുംകൂടെ, വിശുദ്ധസ്ഥലവും അതിലെ ഉപകരണങ്ങളും പൊതിഞ്ഞുകഴിഞ്ഞ്, സമൂഹം പുറപ്പെടുമ്പോള്‍ വാഹകരായി കൊഹാത്യര്‍ വരണം. എന്നാല്‍, അവര്‍ വിശുദ്ധവസ്തുക്കളെ സ്പര്‍ശിക്കരുത്; സ്പര്‍ശിച്ചാല്‍ മരിക്കും. ഇവയെല്ലാമാണ് കൊഹാത്യര്‍ വഹിക്കേണ്ട സമാഗമകൂടാരത്തിലെ സാധനങ്ങള്‍.
16: പുരോഹിതനായ അഹറോൻ്റെ മകന്‍ എലെയാസര്‍, ദീപത്തിനുവേണ്ടി എണ്ണ, സുഗന്ധധൂപം, അനുദിനധാന്യബലിക്കുള്ള സാധനങ്ങള്‍, അഭിഷേകതൈലം എന്നിവയുടെ മേല്‍നോട്ടം വഹിക്കണം. കൂടാരത്തിൻ്റെയും അതിലുള്ള സകലസാധനങ്ങളുടെയും വിശുദ്ധസ്ഥലത്തിൻ്റെയും അതിലെ ഉപകരണങ്ങളുടെയും ചുമതലയും അവന്‍തന്നെ വഹിക്കണം.
17: കര്‍ത്താവു മോശയോടും അഹറോനോടുമരുളിച്ചെയ്തു:
18: കൊഹാത്യകുടുംബങ്ങളെ ലേവിഗോത്രത്തില്‍നിന്നു നശിച്ചുപോകാന്‍ ഇടയാക്കരുത്.
19: അതിവിശുദ്ധവസ്തുക്കളെ സമീപിക്കുമ്പോള്‍, അവര്‍ മരിക്കാതിരിക്കേണ്ടതിന്, അഹറോനും പുത്രന്മാരുമകത്തുകടന്ന്, അവരിലോരോരുത്തരെയും അവരവരുടെ ജോലിക്കു നിയോഗിക്കണം.
20: എന്നാല്‍, അവര്‍ അകത്തുകടന്നു ക്ഷണനേരത്തേക്കുപോലും വിശുദ്ധവസ്തുക്കളെ നോക്കരുത്; നോക്കിയാല്‍ അവര്‍ മരിക്കും.

ഗര്‍ഷോന്യരുടെ കടമകള്‍

21: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
22: കുലവും കുടുംബവുമനുസരിച്ച് ഗര്‍ഷോന്യരുടെ കണക്കെടുക്കണം.
23: മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ളവരുടെ എണ്ണമെടുക്കുക.
24: ഗര്‍ഷോന്യകുടുംബങ്ങള്‍ക്കു ശുശ്രൂഷചെയ്യുന്നതിലും ഭാരംവഹിക്കുന്നതിലുമുള്ള പങ്കിതാണ്:
25: കൂടാരവിരികള്‍, സമാഗമകൂടാരം, അതിൻ്റെയാവരണം, കൂടാരവാതിലിൻ്റെ തിരശ്ശീല,
26: കൂടാരത്തിനും ബലിപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിൻ്റെ വിരികള്‍, അങ്കണകവാടത്തിലെ യവനിക, അവയുടെ ചരടുകള്‍, അവിടെ ശുശ്രൂഷചെയ്യാനുള്ള ഉപകരണങ്ങളെന്നിവ അവര്‍ വഹിക്കണം. ഇതു സംബന്ധിച്ചുള്ള എല്ലാക്കാര്യങ്ങളും അവര്‍ ചെയ്യണം.
27: ഭാരം വഹിക്കലും ഇതരസേവനങ്ങളുമടക്കം തങ്ങള്‍ചെയ്യേണ്ട എല്ലാ ജോലികളിലും ഗര്‍ഷോന്യര്‍ അഹറോൻ്റെയും പുത്രന്മാരുടെയും നിര്‍ദ്ദേശങ്ങളനുസരിക്കണം. അവരുടെ കര്‍ത്തവ്യങ്ങള്‍ നീ ഏല്പിച്ചുകൊടുക്കണം.
28: ഇതാണു സമാഗമകൂടാരത്തില്‍ ഗര്‍ഷോന്യര്‍ ചെയ്യേണ്ട ജോലികള്‍. പുരോഹിതനായ അഹറോൻ്റെ പുത്രന്‍, ഇത്താമറിൻ്റെ മേല്‍നോട്ടത്തിലായിരിക്കണം അവരുടെ ജോലി.

മെറാര്യരുടെ കടമകള്‍

29: കുലവും കുടുംബവുമനുസരിച്ച്, മെറാര്യരുടെ എണ്ണമെടുക്കണം.
30: മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ളവരുടെ എണ്ണമെടുക്കുക.
31: സമാഗമകൂടാരത്തിലെ ശുശ്രൂഷയില്‍ അവര്‍ ചുമക്കേണ്ട സാധനങ്ങള്‍ ഇവയാണ്: കൂടാരത്തിൻ്റെ ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍,
32: ചുറ്റുമുള്ള അങ്കണത്തിലെത്തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, കൊളുത്തുകള്‍, ചരടുകള്‍, ഇവയോടനുബന്ധിച്ചുള്ള മറ്റുസാമഗ്രികള്‍. അവര്‍ വഹിക്കേണ്ട സാധനങ്ങള്‍, ഇനംതിരിച്ച് അവരെയേല്പിക്കണം.
33: ഇവയെല്ലാമാണു മെറാര്യര്‍, പുരോഹിതനായ അഹറോൻ്റെ മകന്‍ ഇത്താമറിൻ്റെ മേല്‍നോട്ടത്തില്‍, സമാഗമകൂടാരത്തില്‍ ചെയ്യേണ്ട ജോലികള്‍.

ലേവ്യരുടെ എണ്ണം

34: സമാഗമകൂടാരത്തില്‍ ജോലിചെയ്യാന്‍
35: മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും സേവനശേഷിയുമുള്ള കൊഹാത്യരെ, കുലവും കുടുംബവുമനുസരിച്ചു മോശയും അഹറോനും സമൂഹനേതാക്കളുംകൂടെ എണ്ണിത്തിട്ടപ്പെടുത്തി.
36: കുടുംബമനുസരിച്ച് അവരുടെയെണ്ണം, രണ്ടായിരത്തിയെഴുനൂറ്റമ്പതായിരുന്നു.
37: മോശയോടു കര്‍ത്താവു കല്പിച്ചതനുസരിച്ചു മോശയും അഹറോനുംകൂടെ കൊഹാത്യ കുടുംബങ്ങളില്‍നിന്നു സമാഗമകൂടാരത്തില്‍ സേവനംചെയ്യാനുള്ളവരുടെ കണക്കെടുത്തപ്പോള്‍ ലഭിച്ച സംഖ്യയാണിത്.
38, 39: മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ള
40: ഗര്‍ഷോന്യരുടെ എണ്ണം അവരുടെ കുലവും കുടുംബവുമനുസരിച്ച് രണ്ടായിരത്തിയറുനൂറ്റിമുപ്പതായിരുന്നു.
41: കര്‍ത്താവിൻ്റെ കല്പനയനുസരിച്ചു മോശയും അഹറോനുംകൂടെ ഗര്‍ഷോന്‍കുടുംബങ്ങളില്‍നിന്നു സമാഗമകൂടാരത്തില്‍ സേവനംചെയ്യാനുള്ളവരുടെ കണക്കെടുത്തപ്പോള്‍ ലഭിച്ച സംഖ്യയാണിത്.
42: മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും
43: സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ള മെറാര്യരുടെ എണ്ണം
44: അവരുടെ കുടുംബമനുസരിച്ചു മൂവായിരത്തിയിരുനൂറായിരുന്നു.
45: മോശയോടു കര്‍ത്താവു കല്പിച്ചതനുസരിച്ചു മോശയും അഹറോനുംകൂടെ എണ്ണിത്തിട്ടപ്പെടുത്തിയതാണിത്.
46: മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും സമാഗമകൂടാരത്തില്‍
47, 48: ഭാരംവഹിക്കാനും ശുശ്രൂഷചെയ്യാനും ശേഷിയുമുള്ള ലേവ്യരെ മോശയും അഹറോനും സമൂഹനേതാക്കളുംകൂടെ എണ്ണിയപ്പോള്‍ അവര്‍ എണ്ണായിരത്തിയഞ്ഞൂറ്റിയെണ്‍പതുപേരുണ്ടായിരുന്നു.
49: കര്‍ത്താവിൻ്റെ കല്പനപ്രകാരം, മോശ ഓരോരുത്തര്‍ക്കും അവരവരുടെ ജോലികള്‍ ഏല്പിച്ചുകൊടുത്തു. അങ്ങനെ അവിടുന്നു കല്പിച്ചതനുസരിച്ചു മോശ അവരുടെ കണക്കെടുത്തു.

അദ്ധ്യായം 5

അശുദ്ധരെയകറ്റുക

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: കുഷ്ഠരോഗികളെയും സ്രാവമുള്ളവരെയും മൃതശരീരംതൊട്ട് അശുദ്ധരായവരെയും പാളയത്തില്‍നിന്നു പുറത്താക്കാന്‍ ഇസ്രായേല്‍ജനത്തോടു കല്പിക്കുക.
3: ഞാന്‍ വസിക്കുന്ന പാളയം അശുദ്ധമാകാതിരിക്കാന്‍ നീയവരെ, സ്ത്രീയായാലും പുരുഷനായാലും, പുറത്താക്കണം. 
4: ഇസ്രായേല്‍ജനം അങ്ങനെ ചെയ്തു. കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ അവരെ തങ്ങളുടെ പാളയത്തില്‍നിന്നു പുറത്താക്കി.

നഷ്ടപരിഹാരം

5: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
6: ഒരു പുരുഷനോ സ്ത്രീയോ മനുഷ്യസഹജമായ ഏതെങ്കിലും തെറ്റുചെയ്തു കര്‍ത്താവിനോടുള്ള വിശ്വസ്തത ലംഘിച്ചാല്‍, തൻ്റെ തെറ്റ്, ഏറ്റുപറയണം.
7: മുഴുവന്‍ മുതലും അതിൻ്റെ അഞ്ചിലൊന്നുംകൂടെ താന്‍ ദ്രോഹിച്ച വ്യക്തിക്കു തിരിച്ചുകൊടുത്ത് അവന്‍ പൂര്‍ണ്ണനഷ്ടപരിഹാരംചെയ്യണം.
8: നഷ്ടപരിഹാരം സ്വീകരിക്കാന്‍ ബന്ധുക്കളാരുമില്ലെങ്കില്‍ അതു കര്‍ത്താവിനു സമര്‍പ്പിക്കണം; അതു പുരോഹിതനുള്ളതായിരിക്കും. അവനുവേണ്ടി പാപപരിഹാരബലിയര്‍പ്പിക്കാനുള്ള മുട്ടാടിനുപുറമേയാണിത്. 
9: ഇസ്രായേല്‍ജനം പുരോഹിതൻ്റെമുമ്പില്‍ കൊണ്ടുവരുന്ന സമര്‍പ്പിതവസ്തുക്കളെല്ലാം അവനുള്ളതായിരിക്കും.
10: ജനം കൊണ്ടുവരുന്ന വിശുദ്ധവസ്തുക്കള്‍ അവനുള്ളതായിരിക്കും. പുരോഹിതനെ ഏല്പിക്കുന്നതെന്തും അവനുള്ളതാണ്.

ഭാര്യയെ സംശയിച്ചാല്‍

11: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
12: ഇസ്രായേല്‍ജനത്തോടു പറയുക; ഒരാളുടെ ഭാര്യ വഴിപിഴച്ച്, അവിശ്വസ്തയായി പ്രവര്‍ത്തിക്കുകയും
13: അന്യപുരുഷന്‍ അവളോടൊത്തു ശയിക്കുകയും അതു ഭര്‍ത്താവിൻ്റെ ദൃഷ്ടിയില്‍പെടാതിരിക്കുകയും അവള്‍ അശുദ്ധയെങ്കിലും പ്രവൃത്തിമദ്ധ്യേ പിടിക്കപ്പെടാത്തതിനാല്‍ എതിര്‍സാക്ഷി ഇല്ലാതിരിക്കുകയുംചെയ്‌തെന്നുവരാം.
14: ഭര്‍ത്താവിന് അസൂയജനിച്ച്, അശുദ്ധയായ ഭാര്യയെ സംശയിക്കുകയോ അശുദ്ധയല്ലെങ്കിലും അസൂയപൂണ്ടു സംശയിക്കുകയോ ചെയ്‌തെന്നു വരാം.
15: അപ്പോള്‍ ഭര്‍ത്താവു ഭാര്യയെ പുരോഹിതൻ്റെ മുമ്പില്‍ ഹാജരാക്കണം. അവള്‍ക്കുവേണ്ടി, കാഴ്ചയായി പത്തിലൊന്ന് ഏഫാ ബാര്‍ലിമാവും കൊണ്ടുവരണം. അതിന്മേല്‍ എണ്ണയൊഴിക്കുകയോ കുന്തുരുക്കമിടുകയോ അരുത്. കാരണം, അതു സംശയനിവാരണത്തിനുള്ള ധാന്യബലിയാണ്; സത്യം വെളിപ്പെടുത്തുന്നതിനുള്ള ധാന്യബലി.
16: പുരോഹിതന്‍ അവളെ കര്‍ത്താവിൻ്റെ സന്നിധിയില്‍ നിറുത്തണം.
17: ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലമെടുത്തു കൂടാരത്തിൻ്റെ തറയില്‍നിന്നു കുറച്ചു പൊടി അതിലിടണം.
18: പുരോഹിതന്‍ ആ സ്ത്രീയെ കര്‍ത്താവിൻ്റെ സന്നിധിയില്‍ നിറുത്തി, അവളുടെ ശിരോവസ്ത്രം മാറ്റിയതിനുശേഷം, പാപത്തെയോര്‍മ്മിപ്പിക്കുന്ന, വ്യഭിചാരശങ്കയുടെ ധാന്യബലിക്കുള്ള വസ്തുക്കള്‍, അവളുടെ കൈയില്‍വയ്ക്കണം. ശാപംവരുത്തുന്ന കയ്പുനീര് പുരോഹിതന്‍ കൈയില്‍വഹിക്കണം.
19: അനന്തരം, അവളെക്കൊണ്ടു സത്യംചെയ്യിക്കാന്‍ ഇങ്ങനെ പറയണം: ഭര്‍ത്താവിനധീനയായിരിക്കേ, അന്യപുരുഷന്‍ നിന്നോടൊത്തുശയിച്ച്, നീ അശുദ്ധയായിട്ടില്ലെങ്കില്‍, ശാപംവരുത്തുന്ന ഈ കയ്പുനീരു നിനക്കു ദോഷംചെയ്യാതിരിക്കട്ടെ.
20: എന്നാല്‍, നീ ഭര്‍ത്താവിൻ്റെ കീഴിലായിരിക്കേ, ദുശ്ചരിതയായി നിന്നെത്തന്നെ അശുദ്ധയാക്കുകയും അന്യപുരുഷന്‍ നിന്നോടൊത്തു ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍,
21: കര്‍ത്താവ്, നിൻ്റെ അര ശോഷിപ്പിച്ച്, മഹോദരംവരുത്തി, നിന്നെ ജനങ്ങളുടെയിടയില്‍ മലിനവസ്തുവും ശാപജ്ഞാപകവും ആക്കിത്തീര്‍ക്കട്ടെ, എന്നുപറഞ്ഞ് അവളെക്കൊണ്ടു ശാപസത്യംചെയ്യിക്കണം.
22: ശാപംവരുത്തുന്ന ഈ ജലം, നിൻ്റെ കുടലുകളില്‍ക്കടന്നു മഹോദരംവരുത്തുകയും അര ശോഷിപ്പിക്കുകയും ചെയ്യട്ടെ. അപ്പോള്‍ സ്ത്രീ, 'ആമേന്‍ ആമേന്‍' എന്നു പറയണം.
23: പുരോഹിതന്‍ ഈ ശാപം ഒരു പുസ്തകത്തിലെഴുതി, അതു കയ്പുവെള്ളത്തിലേക്കു കഴുകിക്കളയണം.
24: ശാപംവമിക്കുന്ന ആ കയ്പുനീർ അവളെക്കുടിപ്പിക്കണം. അതുള്ളില്‍ക്കടന്ന്, അവള്‍ക്കു കടുത്തവേദനയുളവാക്കും.
25: പുരോഹിതന്‍, സ്ത്രീയുടെ കൈയില്‍നിന്നു വ്യഭിചാരശങ്കയുടെ നൈവേദ്യം വാങ്ങി, കര്‍ത്താവിനു നീരാജനമായി ബലിപീഠത്തില്‍ സമര്‍പ്പിക്കണം.
26: അതിനുശേഷം, പുരോഹിതന്‍ ധാന്യബലിയില്‍നിന്നു സ്മരണാംശമായി ഒരുപിടിയെടുത്ത്, ബലിപീഠത്തിന്മേല്‍വച്ചു ദഹിപ്പിക്കുകയും സ്ത്രീയെക്കൊണ്ടു കയ്പുനീര്‍ കുടിപ്പിക്കുകയുംവേണം.
27: അവള്‍ അശുദ്ധയായി ഭര്‍ത്താവിനോട് അവിശ്വസ്തതകാണിച്ചിട്ടുണ്ടെങ്കില്‍, വെള്ളം കുടിച്ചുകഴിയുമ്പോള്‍ ആ ശാപജലം അവളില്‍ക്കടന്ന്, കടുത്ത വേദനയുളവാക്കുകയും മഹോദരംവന്ന്, അരശോഷിച്ച്, ജനങ്ങളുടെയിടയില്‍ മലിനവസ്തുവായിത്തീരുകയും ചെയ്യും.
28: എന്നാല്‍, അശുദ്ധയാകാതെ നിര്‍മ്മലയാണെങ്കില്‍, അവള്‍ക്കു ശാപമേല്‍ക്കുകയില്ല; വന്ധ്യത്വമുണ്ടാവുകയുമില്ല.
29: പാതിവ്രത്യശങ്കയുണ്ടാകുമ്പോളനുഷ്ഠിക്കേണ്ട വിധിയാണിത്.
30: ഭര്‍ത്താവിനധീനയായിരിക്കേ, ഭാര്യ വഴിപിഴച്ചു സ്വയം അശുദ്ധയാകുകയോ ഭര്‍ത്താവ് ശങ്കാധീനനായി ഭാര്യയുടെ വിശ്വസ്തതയില്‍ സംശയിക്കുകയോചെയ്താല്‍, അവന്‍ ഭാര്യയെ കര്‍ത്താവിൻ്റെ മുമ്പില്‍ ഹാജരാക്കുകയും, പുരോഹിതന്‍ ഈ വിധികളനുഷ്ഠിക്കുകയുംവേണം.
31: പുരുഷന്‍ അകൃത്യത്തില്‍നിന്നു വിമുക്തനായിരിക്കും; സ്ത്രീ തൻ്റെ അകൃത്യത്തിൻ്റെ ഫലമനുഭവിക്കുകയുംചെയ്യും.

അദ്ധ്യായം 6

നാസീര്‍വ്രതം
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയം സമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്ത്രീയായാലും പുരുഷനായാലും, ഇപ്രകാരം ചെയ്യണം:
3: വീഞ്ഞും ശക്തിയുള്ള ലഹരിപാനീയങ്ങളും വര്‍ജ്ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങതിന്നുകയോ അരുത്.
4: വ്രതകാലംമുഴുവന്‍ മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ - തിന്നരുത്.
5: ക്ഷൗരക്കത്തി വ്രതകാലത്ത്, അവൻ്റെ തലയില്‍ സ്പര്‍ശിക്കരുത്. കര്‍ത്താവിൻ്റെ മുമ്പില്‍ വ്രതമനുഷ്ഠിക്കുന്ന കാലമത്രയും വിശുദ്ധി പാലിക്കണം; മുടി വളര്‍ത്തണം.
6: വ്രതകാലം തീരുവോളം ശവശരീരത്തെ സമീപിക്കരുത്.
7: പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാല്‍പ്പോലും അവരെ സ്പര്‍ശിച്ച്, അവന്‍ സ്വയമശുദ്ധനാകരുത്. എന്തെന്നാല്‍, ദൈവത്തിൻ്റെമുമ്പിലെടുത്ത വ്രതത്തിൻ്റെ ചിഹ്നം അവൻ്റെ ശിരസ്സിലുണ്ട്.
8: വ്രതകാലം മുഴുവന്‍ അവന്‍ കര്‍ത്താവിനു വിശുദ്ധനാണ്.
9: ആരെങ്കിലും അവൻ്റെയടുത്തുവച്ച് പെട്ടെന്നു മരിച്ചതുകൊണ്ട്, അവൻ്റെ വ്രതശുദ്ധമായ ശിരസ്സ് അശുദ്ധമായാല്‍, ശുദ്ധീകരണദിനത്തില്‍ അവന്‍ മുണ്ഡനംചെയ്യണം. ഏഴാംദിവസമാണ് അങ്ങനെ ചെയ്യേണ്ടത്.
10: എട്ടാംദിവസം രണ്ടു ചെങ്ങാലികളെയോ പ്രാവിന്‍കുഞ്ഞുങ്ങളെയോ പുരോഹിതൻ്റെയടുത്ത് സമാഗമകൂടാരവാതില്‍ക്കല്‍ കൊണ്ടുവരണം.
11: പുരോഹിതന്‍ അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിച്ച്, മൃതശരീരംമൂലമുണ്ടായ അശുദ്ധിക്കു പരിഹാരം ചെയ്യണം. അന്നുതന്നെ, അവന്‍ തൻ്റെ ശിരസ്സ് വീണ്ടും പ്രതിഷ്ഠിക്കുകയും വേണം.
12: വ്രതകാലംമുഴുവന്‍ തന്നെത്തന്നെ കര്‍ത്താവിനു പ്രതിഷ്ഠിക്കണം. അതോടൊപ്പം ഒരുവയസ്സുള്ള ചെമ്മരിയാട്ടിന്‍ മുട്ടനെ പ്രായശ്ചിത്തബലിയായര്‍പ്പിക്കണം. അശുദ്ധമായിപ്പോയതുകൊണ്ടു മുന്‍ദിവസങ്ങളിലനുഷ്ഠിച്ച വ്രതം വ്യര്‍ത്ഥമായിരിക്കും.
13: നാസീര്‍വ്രതം മുഴുമിച്ചവരെ സംബന്ധിക്കുന്ന നിയമമിതാണ്: സമാഗമകൂടാരവാതില്‍ക്കല്‍ അവനെക്കൊണ്ടുവരണം.
14: അവന്‍ ഒരു വയസ്സുള്ള ഊനമറ്റ ചെമ്മരിയാട്ടിന്‍ മുട്ടനെ ദഹനബലിയായും ഒരുവയസ്സുള്ള ഊനമറ്റ പെണ്ണാടിനെ പാപപരിഹാരബലിയായും ഊനമറ്റൊരു മുട്ടാടിനെ സമാധാനബലിയായും കര്‍ത്താവിനു സമര്‍പ്പിക്കണം.
15: പുളിപ്പില്ലാത്ത ഒരുകുട്ട അപ്പം, നേര്‍ത്തമാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയ അടകള്‍, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം, അവയ്ക്കുചേര്‍ന്ന ധാന്യബലി, പാനീയബലി എന്നിവയും കര്‍ത്താവിനു കാഴ്ചവയ്ക്കണം.
16: പുരോഹിതനവയെ കര്‍ത്താവിൻ്റെ മുമ്പില്‍ക്കൊണ്ടുവന്നു വ്രതസ്ഥനുള്ള പാപപരിഹാരബലിയും ദഹനബലിയുമായി സമര്‍പ്പിക്കണം.
17: മുട്ടാടിനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടൊന്നിച്ചു സമാധാനബലിയായി കര്‍ത്താവിനു സമര്‍പ്പിക്കണം. ഭോജനബലിയും പാനീയബലിയും അര്‍പ്പിക്കണം.
18: നാസീര്‍വ്രതസ്ഥന്‍ വ്രതശുദ്ധമായ ശിരസ്സ് സമാഗമകൂടാരവാതില്‍ക്കല്‍വച്ചു മുണ്ഡനംചെയ്ത് അതില്‍നിന്നു മുടിയെടുത്തു സമാധാനബലിയുടെ തീയിലര്‍പ്പിക്കണം.
19: അതു കഴിയുമ്പോള്‍ പുരോഹിതന്‍ മുട്ടാടിൻ്റെ വേവിച്ച കൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരടയും നേര്‍ത്ത അപ്പവുമെടുത്ത് അവൻ്റെ കൈയില്‍ക്കൊടുക്കണം.
20: പുരോഹിതനവയെ കര്‍ത്താവിനു നീരാജനമായര്‍പ്പിക്കണം. അവയും നീരാജനംചെയ്ത നെഞ്ചും അര്‍പ്പിച്ച കാല്‍ക്കുറകും പുരോഹിതനുള്ള വിശുദ്ധമായ പങ്കാണ്. ഇവയ്ക്കുശേഷം നാസീര്‍വ്രതസ്ഥനു വീഞ്ഞു കുടിക്കാം.
21: ഇതാണ് നാസീര്‍വ്രതസ്ഥനനുഷ്ഠിക്കേണ്ട നിയമം. തൻ്റെ കഴിവനുസരിച്ചു നല്കുന്നതിനു പുറമേ, നാസീര്‍ വ്രതത്തിൻ്റെ നിയമപ്രകാരമുള്ള കാഴ്ചകളും അവന്‍ കര്‍ത്താവിനു സമര്‍പ്പിക്കണം. താനെടുത്തിരിക്കുന്ന നാസീര്‍വ്രതത്തിൻ്റെ നിയമങ്ങള്‍ അവന്‍ നിറവേറ്റണം.

പുരോഹിതൻ്റെ ആശീര്‍വാദം

22: കര്‍ത്താവു മോശയോടരുളിച്ചെയ്തു: അഹറോനോടും പുത്രന്മാരോടും പറയുക,
23: നിങ്ങള്‍, ഇങ്ങനെ പറഞ്ഞ് ഇസ്രായേല്‍ജനത്തെയനുഗ്രഹിക്കണം:
24: കര്‍ത്താവു നിന്നെയനുഗ്രഹിക്കുകയും പരിപാലിക്കുകയുംചെയ്യട്ടെ.
25: അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണകാണിക്കുകയുംചെയ്യട്ടെ.
26: കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനംനല്കട്ടെ.
27: ഇപ്രകാരം അവര്‍ ഇസ്രായേല്‍മക്കളുടെമേല്‍ എൻ്റെ നാമമുറപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍, അവരെയനുഗ്രഹിക്കും.

അദ്ധ്യായം 7

കൂടാരപ്രതിഷ്ഠയ്ക്കു കാഴ്ചകള്‍

1: മോശ കൂടാരം സ്ഥാപിച്ചതിനുശേഷം അതും അതിൻ്റെ സാമഗ്രികളും ബലിപീഠവും, അതിൻ്റെ ഉപകരണങ്ങളും അഭിഷേകംചെയ്തുവിശുദ്ധീകരിച്ചു.
2: അന്ന് ഇസ്രായേലിലെ കുലത്തലവന്മാരും ഗോത്രപ്രധാനരും കണക്കെടുപ്പില്‍ മേല്‍നോട്ടംവഹിച്ചവരുമായ നേതാക്കന്മാര്‍, കാഴ്ചകള്‍ കൊണ്ടുവന്നു കര്‍ത്താവിൻ്റെമുമ്പില്‍ സമര്‍പ്പിച്ചു.
3: രണ്ടു നേതാക്കന്മാര്‍ക്ക്, ഒരുവണ്ടിയും ഒരാള്‍ക്ക്, ഒരുകാളയും എന്ന കണക്കിനു മൂടിയുള്ള ആറുവണ്ടികളും പന്ത്രണ്ടുകാളകളും അവര്‍ കൂടാരത്തിൻ്റെമുമ്പില്‍ സമര്‍പ്പിച്ചു.
4: അപ്പോള്‍ കര്‍ത്താവു മോശയോടരുളിച്ചെയ്തു:
5: സമാഗമകൂടാരത്തിലെ വേലയ്ക്കുപയോഗിക്കാന്‍, അവരില്‍നിന്ന് അവ സ്വീകരിച്ച്, ലേവ്യര്‍ക്ക് ഓരോരുത്തൻ്റെയും കര്‍ത്തവ്യമനുസരിച്ചു കൊടുക്കുക.
6: മോശ വണ്ടികളെയും കാളകളെയും സ്വീകരിച്ചു ലേവ്യര്‍ക്കു കൊടുത്തു.
7: ഗര്‍ഷോൻ്റെ പുത്രന്മാര്‍ക്ക് അവരുടെ ജോലിക്കനുസരിച്ചു രണ്ടു വണ്ടികളും നാലു കാളകളും കൊടുത്തു.
8: പുരോഹിതനായ അഹറോൻ്റെ മകന്‍ ഇത്താമറിൻ്റെ നേതൃത്വത്തിലുള്ള മെറാറിയുടെ പുത്രന്മാര്‍ക്ക് അവരുടെ ജോലിക്കനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു.
9: എന്നാല്‍, കൊഹാത്തിൻ്റെ പുത്രന്മാര്‍ക്ക് ഒന്നും നല്കിയില്ല; കാരണം, വിശുദ്ധവസ്തുക്കളുടെ കാര്യംനോക്കാനാണ് അവരെ ചുമതലപ്പെടുത്തിയിരുന്നത്; അവ ചുമലില്‍ വഹിക്കേണ്ടവയായിരുന്നു.
10: ബലിപീഠം അഭിഷേകംചെയ്ത ദിവസം പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകള്‍ നേതാക്കന്മാര്‍ അതിൻ്റെമുമ്പാകെ സമര്‍പ്പിച്ചു. കര്‍ത്താവു മോശയോടരുളിച്ചെയ്തു:
11: നേതാക്കന്മാര്‍ ഓരോരുത്തരായി ഓരോ ദിവസം ബലിപീഠത്തിൻ്റെ പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകള്‍ സമര്‍പ്പിക്കണം.
12: ഒന്നാം ദിവസം യൂദാഗോത്രത്തിലെ അമ്മിനാദാബിൻ്റെ മകന്‍ നഹ്‌ഷോന്‍ കാഴ്ച സമര്‍പ്പിച്ചു.
13: അവന്‍ കാഴ്ചവച്ചത്, വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരുവെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേര്‍ത്തമാവ്,
14: സുഗന്ധദ്രവ്യംനിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം,
15: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരുവയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
16: പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
17: സമാധാനബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍, ഇതാണ് അമ്മിനാദാബിൻ്റെ മകന്‍ നഹ്‌ഷോണ്‍ സമര്‍പ്പിച്ച കാഴ്ച.
18: രണ്ടാംദിവസം ഇസാക്കര്‍ഗോത്രത്തിൻ്റെ നേതാവും സുവാറിൻ്റെ മകനുമായ നെത്തനേല്‍ കാഴ്ച സമര്‍പ്പിച്ചു.
19: അവന്‍ കാഴ്ചവച്ചതു വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്,
20: സുഗന്ധദ്രവ്യംനിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം, ദഹനബലിക്കായി ഒരു കാളക്കുട്ടി,
21: ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
22: പാപപരിഹാരബലിക്ക് ഒരാണ്‍കോലാട്,
23: സമാധാനബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരുവയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാണ്. ഇതാണ്, സുവാറിൻ്റെ മകന്‍ നെത്തനേല്‍ സമര്‍പ്പിച്ച കാഴ്ച.
24: മൂന്നാംദിവസം സെബലൂണ്‍ഗോത്രത്തിൻ്റെ നേതാവും ബേലോൻ്റെ മകനുമായ എലിയാബ് കാഴ്ച സമര്‍പ്പിച്ചു.
25: അവന്‍ കാഴ്ചവച്ചതു വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിക്കിണ്ണം, അവ നിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്,
26: സുഗന്ധദ്രവ്യംനിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം,
27: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
28: പാപപരിഹാരബലിക്കായി ഒരാണ്‍കോലാട്,
29: സമാധാനബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ചുകോലാടുകള്‍, ഒരുവയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാണ്. ഇതാണു ഹേലോൻ്റെ പുത്രന്‍ എലിയാബ് സമര്‍പ്പിച്ച കാഴ്ച.
30: നാലാംദിവസം റൂബന്‍ഗോത്രത്തിൻ്റെ നേതാവും ഷെദേയൂറിൻ്റെ മകനുമായ എലിസൂര്‍ കാഴ്ചയര്‍പ്പിച്ചു.
31: അവന്‍ കാഴ്ചവച്ചതു വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്, 
32: സുഗന്ധദ്രവ്യംനിറച്ച പത്തുഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
33: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
34: പാപപരിഹാരബലിക്കായി ഒരാണ്‍കോലാട്,
35: സമാധാനബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ്, ഷെദേയൂറിൻ്റെ മകന്‍ എലിസൂര്‍ സമര്‍പ്പിച്ച കാഴ്ച.
36: അഞ്ചാം ദിവസം ശിമയോന്‍ഗോത്രത്തിൻ്റെ നേതാവും സുരിഷദ്ദായിയുടെ മകനുമായ ഷെലൂമിയേല്‍ കാഴ്ച സമര്‍പ്പിച്ചു.
37: അവന്‍ കാഴ്ചവച്ചതു വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്,
38: സുഗന്ധദ്രവ്യം നിറച്ച പത്തുഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം,
39: ദഹനബലിക്കായി ഒരുകാളക്കുട്ടി, ഒരുമുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
40: പാപപരിഹാരബലിക്കായി ഒരാണ്‍കോലാട്,
41: സമാധാനബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണു സുരിഷദ്ദായിയുടെ മകന്‍ ഷെലൂമിയേല്‍ സമര്‍പ്പിച്ച കാഴ്ച.
42: ആറാം ദിവസം ഗാദ്‌ഗോത്രത്തിലെ തലവനും റവുവേലിൻ്റെ മകനുമായ എലിയാസാഫ് കാഴ്ച സമര്‍പ്പിച്ചു.
43: അവന്‍ കാഴ്ചവച്ചതു വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്,
44: സുഗന്ധദ്രവ്യംനിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം,
45: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
46: പാപപരിഹാരബലിക്കായി ഒരാണ്‍കോലാട്,
47: സമാധാനബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് റവുവേലിൻ്റെ മകന്‍ എലിയാസാഫ് സമര്‍പ്പിച്ച കാഴ്ച.
48: ഏഴാം ദിവസം എഫ്രായിംഗോത്രത്തിൻ്റെ നേതാവും അമ്മിഹൂദിൻ്റെ മകനുമായ എലിഷാമ കാഴ്ചയര്‍പ്പിച്ചു.
49: അവന്‍ കാഴ്ചവച്ചതു വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതുഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്,
50: സുഗന്ധദ്രവ്യംനിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം,
51: ദഹനബലിക്കായി ഒരുകാളക്കുട്ടി, ഒരുമുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
52: പാപപരിഹാരബലിക്കായി ഒരാണ്‍കോലാട്,
53: സമാധാനബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് അമ്മിഹൂദിൻ്റെ പുത്രന്‍ എലിഷാമസമര്‍പ്പിച്ച കാഴ്ച.
54: എട്ടാം ദിവസം മനാസ്സെ ഗോത്രത്തിൻ്റെ നേതാവും പെദാഹ്‌സൂറിൻ്റെ മകനുമായ ഗമാലിയേല്‍ കാഴ്ചസമര്‍പ്പിച്ചു.
55: അവന്‍ കാഴ്ചവച്ചതു വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതുഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്,
56: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം,
57: ദഹനബലിക്കായി ഒരുകാളക്കുട്ടി, ഒരുമുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
58: പാപപരിഹാരബലിക്കായി ഒരു കോലാട്ടിന്‍കുട്ടി,
59: സമാധാനബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് പെദാഹ്‌സൂറിൻ്റെ മകന്‍ ഗമാലിയേല്‍ സമര്‍പ്പിച്ച കാഴ്ച.
60: ഒമ്പതാം ദിവസം ബെഞ്ചമിന്‍ഗോത്രത്തിൻ്റെ നേതാവും ഗിദെയോനിയുടെ മകനുമായ അബിദാന്‍ കാഴ്ചയര്‍പ്പിച്ചു.
61: അവന്‍ കാഴ്ചവച്ചതു വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്,
62: സുഗന്ധദ്രവ്യംനിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം,
63: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
64: പാപപരിഹാരബലിക്കായി ഒരാണ്‍കോലാട്,
65: സമാധാനബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഗിദയോനിയുടെ പുത്രന്‍ അബിദാന്‍ സമര്‍പ്പിച്ച കാഴ്ച.
66: പത്താം ദിവസം ദാന്‍ഗോത്രത്തിൻ്റെ നേതാവും അമ്മിഷദ്ദായിയുടെ മകനുമായ അഹിയേസര്‍ കാഴ്ച സമര്‍പ്പിച്ചു.
67: അവന്‍ കാഴ്ചവച്ചതു വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്,
68: സുഗന്ധദ്രവ്യം നിറച്ച പത്തുഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം,
69: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
70: പാപപരിഹാരബലിക്കായി ഒരാണ്‍കോലാട്,
71: സമാധാന ബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് അമ്മിഷദ്ദായിയുടെ മകന്‍ അഹിയേസര്‍ സമര്‍പ്പിച്ച കാഴ്ച.
72: പതിനൊന്നാം ദിവസം ആഷേര്‍ഗോത്രത്തിൻ്റെ നേതാവും ഒക്രാൻ്റെ മകനുമായ പഗിയേല്‍ കാഴ്ചയര്‍പ്പിച്ചു.
73: അവന്‍ കാഴ്ചവച്ചതു വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്,
74: സുഗന്ധദ്രവ്യംനിറച്ച, പത്തു ഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം,
75: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
76: പാപപരിഹാരബലിക്ക് ഒരാണ്‍കോലാട്,
77: സമാധാനബലിക്കായി രണ്ടുകാളകള്‍, അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഒക്രാൻ്റെ മകന്‍ പഗിയേല്‍ സമര്‍പ്പിച്ച കാഴ്ച.
78: പന്ത്രണ്ടാം ദിവസം നഫ്താലി ഗോത്രത്തിൻ്റെ നേതാവും ഏനാൻ്റെ മകനുമായ അഹീറ കാഴ്ച സമര്‍പ്പിച്ചു.
79: അവന്‍ കാഴ്ചവച്ചത്, വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ളൊരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണചേര്‍ത്ത നേരിയമാവ്,
80: സുഗന്ധദ്രവ്യംനിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ളൊരു പൊന്‍കലശം,
81: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരാണ്‍ചെമ്മരിയാട്,
82: പാപപരിഹാരബലിക്കായി ഒരാണ്‍കോലാട്, സമാധാനബലിക്കായി രണ്ടുകാളകള്‍,
83: അഞ്ചുമുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഏനാൻ്റെ മകന്‍ അഹീറസമര്‍പ്പിച്ച കാഴ്ച.
84: ബലിപീഠം അഭിഷേകംചെയ്ത ദിവസം അതിൻ്റെ പ്രതിഷ്ഠയ്ക്കുവേണ്ടി ഇസ്രായേല്‍നേതാക്കന്മാര്‍ സമര്‍പ്പിച്ച കാഴ്ചകളിവയാണ് :
85: പന്ത്രണ്ടു വെള്ളിത്തളികകള്‍, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങള്‍, പന്ത്രണ്ടു പൊന്‍കലശങ്ങള്‍. ഓരോ വെള്ളിത്തളികയുടെയും തൂക്കം നൂറ്റിമുപ്പതു ഷെക്കല്‍, ഓരോ വെള്ളിക്കിണ്ണത്തിൻ്റെയും തൂക്കം എഴുപതു ഷെക്കല്‍. അങ്ങനെ വെള്ളിപ്പാത്രങ്ങളുടെ ആകെ തൂക്കം വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം രണ്ടായിരത്തിനാനൂറ് ഷെക്കല്‍.
86: സുഗന്ധദ്രവ്യംനിറച്ച പന്ത്രണ്ടുപൊന്‍കലശങ്ങള്‍, വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം ഓരോന്നിനും തൂക്കം പത്തു ഷെക്കല്‍; കലശങ്ങളുടെ ആകെ തൂക്കം നൂറ്റിയിരുപതു ഷെക്കല്‍.
87: ധാന്യബലിയോടുകൂടെ ദഹനബലിക്കുള്ള കന്നുകാലികളെല്ലാംകൂടെ പന്ത്രണ്ടു കാളകള്‍, പന്ത്രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള പന്ത്രണ്ട് ആണ്‍ചെമ്മരിയാടുകള്‍, പാപപരിഹാരബലിക്കു പന്ത്രണ്ട് ആണ്‍കോലാടുകള്‍.
88: സമാധാനബലിക്കുള്ള കന്നുകാലികളെല്ലാംകൂടെ ഇരുപത്തിനാലു കാളകള്‍, അറുപതു മുട്ടാടുകള്‍, അറുപത് ആണ്‍കോലാടുകള്‍, ഒരുവയസ്സുള്ള അറുപത് ആണ്‍ചെമ്മരിയാടുകള്‍. ബലിപീഠമഭിഷേകംചെയ്തതിനുശേഷം അതിൻ്റെ പ്രതിഷ്ഠയ്ക്കായി സമര്‍പ്പിച്ച കാഴ്ചകളിവയാകുന്നു.
89: കര്‍ത്താവുമായി സംസാരിക്കാന്‍ സമാഗമകൂടാരത്തില്‍ പ്രവേശിച്ചപ്പോള്‍, സാക്ഷ്യപേടകത്തിൻ്റെ മുകളില്‍ രണ്ടു കെരൂബുകളുടെ മദ്ധ്യത്തിലുള്ള കൃപാസനത്തില്‍നിന്ന് ഒരു സ്വരം, തന്നോടു സംസാരിക്കുന്നതു മോശ കേട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ