മുപ്പത്തിയഞ്ചാം ദിവസം - ലേവ്യര്‍ 23 - 25


അദ്ധ്യായം 23


തിരുനാളുകള്‍
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, വിശുദ്ധസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടേണ്ട കര്‍ത്താവിൻ്റെ തിരുനാളുകളിവയാണ്.
  
സാബത്ത്
3: ആറുദിവസം നിങ്ങള്‍ ജോലിചെയ്യണം; ഏഴാംദിവസം സമ്പൂര്‍ണ്ണവിശ്രമത്തിനും വിശുദ്ധസമ്മേളനത്തിനുമുള്ള സാബത്താണ്. അന്നു നിങ്ങള്‍ ഒരുജോലിയും ചെയ്യരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും കര്‍ത്താവിൻ്റെ സാബത്താണ്.
4: നിശ്ചിതകാലത്തു നിങ്ങള്‍ പ്രഖ്യാപിക്കേണ്ട കര്‍ത്താവിൻ്റെ തിരുനാളുകള്‍, വിശുദ്ധസമ്മേളനങ്ങളിവയാണ്.     

പെസഹാ, പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാള്‍
5: ഒന്നാംമാസം പതിന്നാലാംദിവസം വൈകുന്നേരം കര്‍ത്താവിൻ്റെ പെസഹായാണ്.
6: ആ മാസം പതിനഞ്ചാംദിവസം കര്‍ത്താവിനുള്ള പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാള്‍. ഏഴുദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
7: ഒന്നാംദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനത്തിനുള്ളതായിരിക്കണം. അന്നു നിങ്ങള്‍ കഠിനാദ്ധ്വാനംചെയ്യരുത്.
8: ഏഴുദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കണം. ഏഴാംദിവസം വിശുദ്ധസമ്മേളനമുണ്ടായിരിക്കണം. നിങ്ങള്‍ കഠിനാദ്ധ്വാനംചെയ്യരുത്.

ആദ്യഫലങ്ങളുടെ തിരുനാള്‍
9: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
10: ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍പോകുന്ന ദേശത്തെത്തിച്ചേരുകയും അവിടെ നിങ്ങള്‍ വിളവെടുക്കുകയുംചെയ്യുമ്പോള്‍ കൊയ്ത്തിലെ ആദ്യഫലമായ കറ്റ, പുരോഹിതൻ്റെയടുക്കല്‍ കൊണ്ടുവരണം.
11: നിങ്ങള്‍ കര്‍ത്താവിനു സ്വീകാര്യരാകാന്‍വേണ്ടി, ആ കറ്റ, പുരോഹിതന്‍ അവിടുത്തെമുമ്പില്‍ നീരാജനംചെയ്യണം; സാബത്തിൻ്റെ പിറ്റേദിവസം അവനതു ചെയ്യട്ടെ.
12: കറ്റ, കര്‍ത്താവിനു നീരാജനമായര്‍പ്പിക്കുന്ന ദിവസംതന്നെ, ഒരു വയസ്സുള്ള ഊനമറ്റൊരു മുട്ടാടിനെ നിങ്ങള്‍ അവിടുത്തേയ്ക്കു ദഹനബലിയായി സമര്‍പ്പിക്കണം.
13: അതോടൊപ്പമുള്ള ധാന്യബലി, എണ്ണചേര്‍ത്ത പത്തില്‍രണ്ട് ഏഫാ നേരിയമാവായിരിക്കണം. അതു സൗരഭ്യമുള്ള ദഹനബലിയായി കര്‍ത്താവിനര്‍പ്പിക്കണം. പാനീയബലിയായി നാലിലൊന്നു ഹിന്‍ വീഞ്ഞുമര്‍പ്പിക്കണം.
14: നിങ്ങള്‍ ദൈവത്തിന് ഈ കാഴ്ച സമര്‍പ്പിക്കുന്ന ദിവസംവരെ, അപ്പമോ മലരോ കതിരോ ഭക്ഷിക്കരുത്. നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേയ്ക്കും തലമുറതോറുമുള്ള ഒരു നിയമമാണിത്.
    
ആഴ്ചകളുടെ തിരുനാള്‍
15: സാബത്തിൻ്റെ പിറ്റേദിവസംമുതല്‍, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസംമുതല്‍ ഏഴു പൂര്‍ണ്ണമായ ആഴ്ചകള്‍ നിങ്ങള്‍ കണക്കാക്കണം.
16: ഏഴാമത്തെ സാബത്തിൻ്റെ പിറ്റേദിവസം, അതായത് അമ്പതാംദിവസം, കര്‍ത്താവിനു പുതിയ ധാന്യങ്ങള്‍കൊണ്ടു നിങ്ങള്‍ ധാന്യബലിയര്‍പ്പിക്കണം.
17: നീരാജനത്തിനായി നിങ്ങളുടെ വസതികളില്‍നിന്നു പത്തില്‍രണ്ട് ഏഫാ മാവുകൊണ്ടുണ്ടാക്കിയ രണ്ടപ്പം കൊണ്ടുവരണം. കര്‍ത്താവിന്, ആദ്യഫലമായി സമര്‍പ്പിക്കുന്ന അതു നേരിയമാവുകൊണ്ടുണ്ടാക്കിയതും പുളിപ്പിച്ചതുമായിരിക്കണം.
18: അപ്പത്തോടുകൂടെ ഒരു വയസ്സുള്ള ഊനമറ്റ ഏഴു ചെമ്മരിയാട്ടിന്‍കുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടുകളെയും കര്‍ത്താവിനു ദഹനബലിയായര്‍പ്പിക്കണം. ധാന്യബലിയോടും പാനീയബലിയോടുംകൂടിയ അതു കര്‍ത്താവിനു സൗരഭ്യദായകമായ ദഹനബലിയായിരിക്കും.
19: തുടര്‍ന്ന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിക്കായും ഒരു വയസ്സുള്ള രണ്ടാട്ടിന്‍കുട്ടികളെ സമാധാനബലിക്കായും കാഴ്ചവയ്ക്കണം.
20: പുരോഹിതന്‍ അത്, ആദ്യഫലങ്ങളുടെ അപ്പത്തോടും രണ്ട് ആട്ടിന്‍കുട്ടികളോടുംകൂടെ നീരാജനമായി കര്‍ത്താവിന്റെ സന്നിധിയില്‍ കാഴ്ചവയ്ക്കണം. അവ കര്‍ത്താവിനു വിശുദ്ധമായിരിക്കും; അവ പുരോഹിതനുള്ളതുമാണ്.
21: അന്നുതന്നെ നിങ്ങള്‍ ഒരു വിശുദ്ധസമ്മേളനം പ്രഖ്യാപിക്കണം. അന്നു കഠിനാദ്ധ്വാനംചെയ്യരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും തലമുറതോറും എന്നേക്കുമുള്ളൊരു നിയമമാണിത്.
22: നിങ്ങള്‍ വയലില്‍ കൊയ്യുമ്പോള്‍ അരികുതീര്‍ത്തു കൊയ്യരുത്. വിളവെടുപ്പിനുശേഷം കാലാപെറുക്കരുത്. അതു പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി വിട്ടുകൊടുക്കണം. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.     

പുതുവത്സരദിനം
23: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
24: ഇസ്രായേല്‍ജനത്തോടു പറയുക, ഏഴാംമാസം ആദ്യദിവസം നിങ്ങള്‍ക്കു സാബത്തായിരിക്കണം; കാഹളംമുഴക്കി പ്രഖ്യാപിക്കേണ്ട അനുസ്മരണദിനവും വിശുദ്ധസമ്മേളനദിനവും.
25: അന്നു നിങ്ങള്‍ കഠിനമായ ജോലിയൊന്നും ചെയ്യരുത്; കര്‍ത്താവിനൊരു ദഹനബലിയര്‍പ്പിക്കുകയും വേണം.
   
പാപപരിഹാരദിനം
26: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
27: ഏഴാംമാസം പത്താംദിവസം പാപപരിഹാരദിനമായിരിക്കണം. അതു വിശുദ്ധസമ്മേളനത്തിനുള്ള ദിവസവുമാണ്. അന്നുപവസിക്കുകയും കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കുകയും വേണം.
28: ആ ദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ മുമ്പില്‍ പാപത്തിനു പരിഹാരംചെയ്യുന്ന ദിനമാണത്.
29: അന്നുപവസിക്കാത്തവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
30: അന്ന്, എന്തെങ്കിലും ജോലിചെയ്യുന്നവനെ ഞാന്‍ ജനത്തില്‍നിന്ന് ഉന്മൂലനംചെയ്യും.
31: നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ വാസസ്ഥലങ്ങളില്‍ തലമുറതോറും എന്നേയ്ക്കുമുള്ള നിയമമാണിത്.
32: ആദിവസം നിങ്ങള്‍ക്കു പൂര്‍ണ്ണവിശ്രമത്തിൻ്റെ സാബത്തായിരിക്കണം. അന്നു നിങ്ങളുപവസിക്കണം. മാസത്തിൻ്റെ ഒമ്പതാംദിവസം വൈകുന്നേരംമുതല്‍ പിറ്റേന്നു വൈകുന്നേരംവരെ സാബത്താചരിക്കണം.
   
കൂടാരത്തിരുനാള്‍
33: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
34: ഇസ്രായേല്‍ജനത്തോടു പറയുക, ഏഴാംമാസം പതിനഞ്ചാംദിവസം മുതല്‍ ഏഴുദിവസത്തേക്കു കര്‍ത്താവിൻ്റെ കൂടാരത്തിരുനാളാണ്.
35: ആദ്യദിവസം ഒരു വിശുദ്ധസമ്മേളനം കൂടണം. അന്നു നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യരുത്.
36: ഏഴുദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കണം. എട്ടാംദിവസം വിശുദ്ധസമ്മേളനമുണ്ടായിരിക്കണം; കര്‍ത്താവിനു ദഹനബലിയുമര്‍പ്പിക്കണം. ഇത്, ആഘോഷത്തോടുകൂടിയ സമ്മേളനമാണ്. അന്നു നിങ്ങള്‍ കഠിനാദ്ധ്വാനംചെയ്യരുത്.
37: കര്‍ത്താവിനു ദഹനബലിയും ധാന്യബലിയും പാനീയബലിയും മറ്റു ബലികളുമര്‍പ്പിക്കേണ്ടതും വിശുദ്ധസമ്മേളനമായി നിങ്ങള്‍ പ്രഖ്യാപിക്കേണ്ടതുമായ കര്‍ത്താവിൻ്റെ  നിര്‍ദ്ദിഷ്ടതിരുനാളുകളാണിവ.
38: കര്‍ത്താവിൻ്റെ  സാബത്തിനും കര്‍ത്താവിനുനല്കുന്ന വഴിപാടുകള്‍ക്കും കാഴ്ചകള്‍ക്കും സ്വാഭീഷ്ടബലികള്‍ക്കും പുറമേയാണിവ.
39: ഏഴാംമാസം പതിനഞ്ചാംദിവസം വയലിലെ വിളവുശേഖരിച്ചതിനുശേഷം ഏഴുദിവസം നിങ്ങള്‍ കര്‍ത്താവിനൊരു തിരുനാളാചരിക്കണം. ആദ്യദിവസവും എട്ടാംദിവസവും സാബത്തായിരിക്കണം.
40: ഒന്നാംദിവസം ഭംഗിയുള്ള പഴങ്ങളും ഈന്തപ്പനയോലയും ഇലതൂര്‍ന്ന ചില്ലകളും ആറ്റരളിക്കൊമ്പുകളുമെടുക്കണം. നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ സന്നിധിയില്‍ ഏഴുദിവസം സന്തോഷിച്ചാഹ്ലാദിക്കണം.
41: വര്‍ഷംതോറും ഏഴുദിവസം കര്‍ത്താവിൻ്റെ തിരുനാളായി ആഘോഷിക്കണം. നിങ്ങളുടെ സന്തതികള്‍ക്കുള്ള ശാശ്വതനിയമമാണിത്. ഏഴാംമാസത്തില്‍, ഈ തിരുനാള്‍ നിങ്ങളാഘോഷിക്കണം.
42: ഏഴുദിവസത്തേക്ക്, നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം.
43: ഈജിപ്തുദേശത്തുനിന്നു ഞാന്‍ ഇസ്രായേല്‍ജനത്തെ കൊണ്ടുവന്നപ്പോള്‍ അവര്‍ കൂടാരങ്ങളിലാണു വസിച്ചതെന്നു നിങ്ങളുടെ സന്തതിപരമ്പരയറിയാന്‍ ഇസ്രായേല്‍ക്കാരെല്ലാവരും കൂടാരങ്ങളില്‍ വസിക്കണം. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
44: ഇപ്രകാരം മോശ ഇസ്രായേല്‍ ജനത്തോട്ടു കര്‍ത്താവിൻ്റെ നിര്‍ദ്ദിഷ്ടതിരുനാളുകള്‍ പ്രഖ്യാപിച്ചു.

അദ്ധ്യായം 24


ദേവാലയദീപം
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: വിളക്കുകള്‍ നിരന്തരം കത്തിക്കൊണ്ടിരിക്കുന്നതിന് ഒലിവില്‍നിന്നെടുത്ത ശുദ്ധമായ എണ്ണ, നിൻ്റെയടുക്കല്‍ക്കൊണ്ടുവരാന്‍ ഇസ്രായേല്‍ജനത്തോടു പറയുക.
3: സമാഗമകൂടാരത്തില്‍ സാക്ഷ്യത്തിൻ്റെ തിരശ്ശീലയ്ക്കു പുറത്തു പ്രദോഷംമുതല്‍ പ്രഭാതംവരെ നിരന്തരം കര്‍ത്താവിൻ്റെ സന്നിധിയില്‍ അഹറോന്‍ അതു സജ്ജമാക്കി വയ്ക്കണം. നിങ്ങളുടെ തലമുറകള്‍ക്ക് എന്നേയ്ക്കുമുള്ള നിയമമാണിത്.
4: കര്‍ത്താവിൻ്റെ സന്നിധിയില്‍, ദീപപീഠത്തിന്മേല്‍, അവന്‍ ദീപങ്ങള്‍ നിരന്തരമൊരുക്കിവയ്ക്കണം.     
  
തിരുസാന്നിദ്ധ്യ അപ്പം
5: നീ നേരിയമാവുകൊണ്ടു പന്ത്രണ്ടപ്പമുണ്ടാക്കണം. ഓരോ അപ്പത്തിനും പത്തില്‍രണ്ട് ഏഫാ മാവുപയോഗിക്കണം.
6: അവ ആറുവീതം, രണ്ടു നിരകളായി പൊന്മേശയില്‍ വയ്ക്കണം.
7: ശുദ്ധമായ കുന്തുരുക്കം ഓരോ നിലയിലും വയ്ക്കണം. കര്‍ത്താവിന് അപ്പത്തോടൊപ്പം സ്മരണാംശമായി അഗ്നിയിലര്‍പ്പിക്കാന്‍വേണ്ടിയാണിത്.
8: ഇസ്രായേല്‍ജനത്തിനുവേണ്ടി നിത്യമായ ഒരുടമ്പടിയായി സാബത്തുതോറും മുടക്കംകൂടാതെ, അഹറോനതു കര്‍ത്താവിൻ്റെമുമ്പില്‍ ക്രമപ്പെടുത്തിവയ്ക്കണം.
9: അത്, അഹറോനും അവൻ്റെ പുത്രന്മാര്‍ക്കുമുള്ളതായിരിക്കും. അവരതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിനര്‍പ്പിതമായ ദഹനബലിയുടെ അതിവിശുദ്ധമായ അംശവും അവൻ്റെ ശാശ്വതാവകാശവുമാണ്.

ദൈവദൂഷണത്തിനു ശിക്ഷ
10: ഇസ്രായേല്‍ക്കാരിയില്‍ ഈജിപ്തുകാരനു ജനിച്ച ഒരുവന്‍, ഇസ്രായേല്‍ജനത്തിനിടയില്‍വന്ന്, പാളയത്തില്‍വച്ച് ഒരിസ്രായേല്‍ക്കാരനുമായി വഴക്കിട്ടു.
11: ഇസ്രായേല്‍സ്ത്രീയുടെ മകന്‍ തിരുനാമത്തെ ദുഷിക്കുകയും ശപിക്കുകയുംചെയ്തു. അവരവനെ മോശയുടെയടുക്കല്‍ക്കൊണ്ടുവന്നു. അവൻ്റെ അമ്മയുടെ പേര്‍ ഷെലോമിത്ത് എന്നായിരുന്നു. അവള്‍ ദാന്‍ഗോത്രത്തിലെ ദിബ്രിയുടെ മകളായിരുന്നു.
12: അവരവനെ, കര്‍ത്താവിൻ്റെ ഹിതമറിയുന്നതുവരെ തടവില്‍വച്ചു.
13: കര്‍ത്താവു മോശയോടു കല്പിച്ചു:
14: ശാപവാക്കു പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോകുക. അവന്‍ പറഞ്ഞതു കേട്ടവരെല്ലാം, അവൻ്റെ തലയില്‍ കൈവച്ചതിനുശേഷം, ജനമവനെക്കല്ലെറിയട്ടെ.
15: എന്നിട്ട്, ഇസ്രായേല്‍ജനത്തോടു പറയുക, ദൈവത്തെ ശപിക്കുന്നവന്‍ തൻ്റെ പാപം വഹിക്കണം.
16: കര്‍ത്താവിൻ്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹംമുഴുവനും അവനെക്കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ, കര്‍ത്താവിൻ്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം.
  
പ്രതികാരത്തിൻ്റെ നിയമം
17: മനുഷ്യനെക്കൊല്ലുന്നവന്‍ മരണശിക്ഷയനുഭവിക്കണം.
18: മൃഗത്തെക്കൊല്ലുന്നവന്‍ പകരം മൃഗത്തെക്കൊടുക്കണം - ജീവനു പകരം ജീവന്‍.
19: അയല്‍ക്കാരനെ അംഗഭംഗപ്പെടുത്തുന്നവനോട് അതുതന്നെ ചെയ്യണം.
20: ഒടിവിന് ഒടിവും കണ്ണിനു കണ്ണും പല്ലിനു പല്ലും പകരം കൊടുക്കണം. മറ്റൊരുവനെ അംഗഭംഗപ്പെടുത്തിയതുപോലെ അവനെയും അംഗഭംഗപ്പെടുത്തണം.
21: മൃഗത്തെക്കൊല്ലുന്നവന്‍ പകരം മൃഗത്തെ കൊടുക്കണം. എന്നാല്‍ മനുഷ്യനെക്കൊല്ലുന്നവനെ കൊന്നുകളയണം.
22: സ്വദേശിക്കും വിദേശിക്കും ഒരേ നിയമംതന്നെ. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
23: ദൈവദൂഷണം പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്ന് മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു. മോശയോടു കര്‍ത്താവു കല്പിച്ചതുപോലെ ഇസ്രായേല്‍ജനം പ്രവര്‍ത്തിച്ചു.

അദ്ധ്യായം 25


സാബത്തുവര്‍ഷം
1: കര്‍ത്താവ്, സീനായ്‌മലയില്‍വച്ചു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍പോകുന്ന ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍, ആ ദേശം കര്‍ത്താവിനൊരു സാബത്താചരിക്കണം.
3: ആറുവര്‍ഷം, നീ നിൻ്റെ നിലം വിതയ്ക്കുകയും മുന്തിരിവള്ളി വെട്ടിയൊരുക്കി ഫലമെടുക്കുകയുംചെയ്യുക.
4: എന്നാല്‍, ഏഴാംവര്‍ഷം ദേശത്തിനു വിശ്രമത്തിനുള്ള കര്‍ത്താവിൻ്റെ സാബത്തായിരിക്കും. ആ വര്‍ഷം നിലംവിതയ്ക്കുകയോ മുന്തിരിവള്ളി മുറിക്കുകയോ ചെയ്യരുത്.
5: താനേ മുളച്ചുവിളയുന്നവ നിങ്ങള്‍ കൊയ്യരുത്. വള്ളികള്‍ മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കുകയുമരുത്. കാരണം, അതു ദേശത്തിൻ്റെ വിശ്രമവര്‍ഷമാണ്.
6: ദേശത്തിൻ്റെ സാബത്തു നിങ്ങള്‍ക്കു ഭക്ഷണം പ്രദാനംചെയ്യും - നിനക്കും നിൻ്റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ വസിക്കുന്ന പരദേശിക്കും.
7: നിൻ്റെ കന്നുകാലികള്‍ക്കും നിൻ്റെ ദേശത്തെ മൃഗങ്ങള്‍ക്കും അതിൻ്റെ ഫലങ്ങള്‍ ആഹാരമായിരിക്കും.
      
ജൂബിലിവര്‍ഷം
8: വര്‍ഷങ്ങളുടെ ഏഴുസാബത്തുകളെണ്ണുക, ഏഴുപ്രാവശ്യം ഏഴുവര്‍ഷങ്ങള്‍. വര്‍ഷങ്ങളുടെ ഏഴുസാബത്തുകളുടെ ദൈര്‍ഘ്യം നാല്പത്തിയൊമ്പതു വര്‍ഷങ്ങള്‍.
9: ഏഴാംമാസം പത്താംദിവസം, നിങ്ങള്‍ എല്ലായിടത്തും കാഹളംമുഴക്കണം. പാപപരിഹാരദിനമായ അന്ന്, ദേശംമുഴുവന്‍ കാഹളംമുഴക്കണം.
10: അമ്പതാംവര്‍ഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യംപ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലിവര്‍ഷമായിരിക്കും. ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വത്തു തിരികെ ലഭിക്കണം. ഓരോരുത്തരും തങ്ങളുടെ കുടുംബത്തിലേക്കു മടങ്ങിപ്പോകട്ടെ.
11: അമ്പതാംവര്‍ഷം നിങ്ങള്‍ക്കു ജൂബിലിവര്‍ഷമായിരിക്കണം. ആ വര്‍ഷം വിതയ്ക്കുകയോ, ഭൂമിയില്‍ താനേ വളരുന്നവ കൊയ്യുകയോ മുറിക്കാത്ത മുന്തിരിവള്ളികളിലെ ഫലങ്ങള്‍ ശേഖരിക്കുകയോ അരുത്.
12: എന്തെന്നാല്‍, അതു ജൂബിലിവര്‍ഷമാണ്. അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കണം. വയലില്‍നിന്നു കിട്ടുന്നവമാത്രം നിങ്ങള്‍ക്കു ഭക്ഷിക്കാം.
13: ജൂബിലിയുടെ ഈ വര്‍ഷത്തില്‍ ഓരോരുത്തരും തങ്ങളുടെ അവകാശസ്ഥലത്തേക്കു തിരികെപ്പോകണം.
14: നിൻ്റെ അയല്‍ക്കാരന് എന്തെങ്കിലും വില്‍ക്കുകയോ അവനില്‍നിന്ന് എന്തെങ്കിലും വാങ്ങുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പരസ്പരം ഞെരുക്കരുത്.
15: അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങളുടെ കണക്കനുസരിച്ച് അയല്‍ക്കാരനില്‍നിന്നു നീ വാങ്ങണം. വിളവിൻ്റെ വര്‍ഷങ്ങളുടെ കണക്കനുസരിച്ച് അവന്‍ നിനക്കു വില്‍ക്കട്ടെ.
16: വര്‍ഷങ്ങള്‍ കൂടിയിരുന്നാല്‍ വില വര്‍ദ്ധിപ്പിക്കണം. കുറഞ്ഞിരുന്നാല്‍ വില കുറയ്ക്കണം. എന്തെന്നാല്‍, വിളവിൻ്റെ വര്‍ഷങ്ങളുടെ എണ്ണമനുസരിച്ചാണ് അവന്‍ നിനക്കു വില്‍ക്കുന്നത്.
17: നിങ്ങള്‍ പരസ്പരം ഞെരുക്കരുത്; ദൈവത്തെ ഭയപ്പെടണം. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
18: നിങ്ങള്‍, എൻ്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ഠിക്കുകയുംചെയ്യുക. എങ്കില്‍ ദേശത്തു നിങ്ങള്‍ സുരക്ഷിതരായിരിക്കും.
19: ഭൂമി അതിൻ്റെ ഫലം നല്‍കും; നിങ്ങള്‍ തൃപ്തിയാവോളം ഭക്ഷിച്ചു സുരക്ഷിതരായി വസിക്കും.
20: ഞങ്ങള്‍ ഏഴാംവര്‍ഷം വിതയ്ക്കുകയും വിളവെടുക്കുകയുംചെയ്യുന്നില്ലെങ്കില്‍ എന്തു ഭക്ഷിക്കുമെന്നു നിങ്ങള്‍ ചോദിച്ചേക്കാം.
21: ആറാംവര്‍ഷം എൻ്റെയനുഗ്രഹം ഞാന്‍ നിങ്ങളുടെമേല്‍ ചൊരിയും. മൂന്നുവര്‍ഷത്തേക്കുള്ള വിളവ്, അതു നിങ്ങള്‍ക്കു പ്രദാനംചെയ്യും.
22: എട്ടാംവര്‍ഷം നിങ്ങള്‍ വിതയ്ക്കുകയും ഒമ്പതാംവര്‍ഷംവരെ പഴയ ഫലങ്ങളില്‍നിന്നു ഭക്ഷിക്കുകയും ചെയ്യുക. അതിൻ്റെ ഫലംലഭിക്കുന്നതുവരെ പഴയതില്‍നിന്നു ഭക്ഷിക്കുക. 
 
വീണ്ടെടുപ്പുനിയമം
23: നിങ്ങള്‍ ഭൂമി എന്നേക്കുമായി വില്‍ക്കരുത്. എന്തെന്നാല്‍, ഭൂമി എന്റേതാണ്. നിങ്ങള്‍ പരദേശികളും കുടികിടപ്പുകാരുമാണ്.
24: നീ സ്വന്തമാക്കുന്ന ദേശത്തു ഭൂമി വീണ്ടെടുക്കുവാനുള്ള അവകാശമുണ്ടായിരിക്കണം.
25: നിൻ്റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു തൻ്റെ അവകാശത്തില്‍ ഒരുഭാഗം വിറ്റാല്‍, അടുത്ത ചാര്‍ച്ചക്കാരന്‍ അതു വീണ്ടെടുക്കണം.
26: എന്നാല്‍, വീണ്ടെടുക്കാന്‍ അവന് ആരുമില്ലാതിരിക്കുകയും പിന്നീടു സമ്പന്നനായി വീണ്ടെടുക്കാന്‍ അവനു കഴിവുണ്ടാവുകയുംചെയ്താല്‍,
27: അതു വിറ്റതിനുശേഷമുള്ള വര്‍ഷങ്ങള്‍ കണക്കാക്കി, വാങ്ങിയവന് അധികതുക തിരികെക്കൊടുത്ത്, അവനു തൻ്റെ അവകാശവസ്തു വീണ്ടെടുക്കാം.
28: എന്നാല്‍, അതു വീണ്ടെടുക്കാന്‍ അവനു കഴിവില്ലെങ്കില്‍, വിറ്റുപോയ വസ്തു വാങ്ങിയവൻ്റെ കൈവശം ജൂബിലിവര്‍ഷംവരെ ഇരിക്കട്ടെ; ജൂബിലിവര്‍ഷം അവന്‍ അതില്‍നിന്ന് ഒഴിഞ്ഞുകൊടുക്കുകയും ഉടമസ്ഥന്‍ തൻ്റെ അവകാശത്തിലേക്കു മടങ്ങിവരുകയുംചെയ്യട്ടെ.
29: മതിലുകളാല്‍ ചുറ്റപ്പെട്ട പട്ടണത്തിലുള്ള തൻ്റെ വീട്, ഒരാള്‍ വിറ്റാല്‍ ഒരു വര്‍ഷത്തിനകം തിരിച്ചെടുക്കാം. വീണ്ടെടുക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമുണ്ട്.
30: ഒരു വര്‍ഷത്തിനകം വീണ്ടെടുക്കുന്നില്ലെങ്കില്‍, മതിലുകളാല്‍ ചുറ്റപ്പെട്ട പട്ടണത്തിലുള്ള വീട്, വാങ്ങിയവനും അവൻ്റെ സന്തതികള്‍ക്കും എന്നേയ്ക്കുമുള്ള അവകാശമായിരിക്കും. ജൂബിലിവര്‍ഷത്തില്‍ അത് ഒഴിഞ്ഞുകൊടുക്കേണ്ടതില്ല.
31: എന്നാല്‍, ചുറ്റും മതിലുകളില്ലാത്ത ഗ്രാമങ്ങളിലെ വീടുകള്‍ നിലങ്ങള്‍പോലെ കണക്കാക്കപ്പെടും. ജൂബിലിവര്‍ഷത്തില്‍ അവ വീണ്ടുകൊള്ളുകയോ, മോചിപ്പിച്ചെടുക്കുകയോ ആവാം.
32: എന്നാല്‍, ലേവ്യര്‍ക്കു തങ്ങളുടെ പട്ടണങ്ങളും അവിടെ തങ്ങള്‍ക്കവകാശമായ വീടുകളും എപ്പോള്‍വേണമെങ്കിലും വീണ്ടെടുക്കാം.
33: ലേവ്യരിലാരെങ്കിലും അതു വീണ്ടെടുക്കുന്നില്ലെങ്കില്‍ വാങ്ങിയവന്‍ ജൂബിലിവത്സരത്തില്‍ വീടൊഴിഞ്ഞുകൊടുക്കണം. ലേവ്യരുടെ പട്ടണത്തിലുള്ള ഭവനങ്ങള്‍, ഇസ്രായേല്‍ജനത്തിനിടയില്‍ അവര്‍ക്കുള്ള അവകാശമാണ്.
34: അവരുടെ പട്ടണത്തിനുചുറ്റുമുള്ള വയലുകള്‍ വില്‍ക്കരുത്. അതവരുടെ ശാശ്വതാവകാശമാണ്.
35: നിൻ്റെ സഹോദരന്‍ ദരിദ്രനാവുകയും തന്നെത്തന്നെ സംരക്ഷിക്കാന്‍ അവനു വകയില്ലാതാവുകയുംചെയ്യുന്നെങ്കില്‍, നീ അവനെ സംരക്ഷിക്കണം. അവന്‍ അന്യനെപ്പോലെയോ പരദേശിയെപ്പോലെയോ നിന്നോടുകൂടെ വസിക്കട്ടെ.
36: അവനില്‍നിന്നു പലിശയോ ആദായമോ വാങ്ങരുത്. ദൈവത്തെ ഭയപ്പെടുക. നിൻ്റെ സഹോദരന്‍ നിൻ്റെകൂടെ വസിക്കട്ടെ.
37: നീ അവനു പണം പലിശയ്ക്കു കൊടുക്കരുത്. നിൻ്റെ ആഹാരം, അവനു ലാഭത്തിനു വില്‍ക്കുകയുമരുത്.
38: നിങ്ങളുടെ ദൈവമായിരിക്കാനും കാനാന്‍ദേശം നിങ്ങള്‍ക്കു നല്കാനും ഈജിപ്തില്‍നിന്നു നിങ്ങളെകൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍.
39: നിൻ്റെ സഹോദരന്‍ നിര്‍ദ്ധനനാവുകയും അവന്‍ തന്നെത്തന്നെ നിനക്കു വില്‍ക്കുകയുംചെയ്യുന്നെങ്കില്‍ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.
40: അവന്‍ നിനക്ക് ഒരു കൂലിക്കാരനും പരദേശിയുമായിരിക്കട്ടെ. അവന്‍ ജൂബിലിവര്‍ഷംവരെ നിനക്കുവേണ്ടി ജോലി ചെയ്യണം.
41: അതിനുശേഷം അവന്‍ മക്കളോടുകൂടെ തൻ്റെ കുടുംബത്തിലേക്കും പിതാക്കന്മാരുടെ അവകാശത്തിലേക്കും മടങ്ങിപ്പോകട്ടെ.
42: എന്തെന്നാല്‍, ഈജിപ്തുദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എൻ്റെ ദാസരാണവര്‍. അവരെ അടിമകളായി വില്‍ക്കരുത്.
43: നീ അവരുടെമേല്‍ ക്രൂരമായി ഭരണംനടത്തരുത്. നിൻ്റെ ദൈവത്തെ ഭയപ്പെടുക.
44: ചുറ്റുമുള്ള ജനങ്ങളില്‍നിന്നു നിങ്ങള്‍ ദാസന്മാരെയും ദാസികളെയും വാങ്ങിക്കൊള്ളുവിന്‍.
45: നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശികളില്‍നിന്നും, നിങ്ങളുടെ ദേശത്തുവച്ച് അവരുടെ കുടുംബങ്ങളില്‍ ജനിച്ചവരില്‍നിന്നും നിങ്ങള്‍ക്കു ദാസരെ വാങ്ങാം. അവര്‍ നിങ്ങളുടെ അവകാശമായിരിക്കും.
46: നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ക്കു നിത്യമായി അവകാശമാക്കാന്‍ അവരില്‍നിന്നു നിങ്ങള്‍ക്ക് അടിമകളെ സ്വീകരിക്കാം. എന്നാല്‍ ഇസ്രായേല്‍മക്കളായ നിങ്ങളുടെ സഹോദരരുടെമേല്‍, നിങ്ങള്‍ ക്രൂരമായ ഭരണംനടത്തരുത്.
47: നിങ്ങളുടെയിടയിലുള്ള പരദേശിയോ അന്യനോ സമ്പന്നനാവുകയും അവൻ്റെ സമീപമുള്ള സഹോദരന്‍ ദരിദ്രനാകയാല്‍ പരദേശിക്കോ അന്യനോ അല്ലെങ്കില്‍ അന്യൻ്റെ കുടുംബാംഗത്തിനോ തന്നെത്തന്നെ വില്‍ക്കുകയും ചെയ്താല്‍,
48: അവനെ വീണ്ടെടുക്കാവുന്നതാണ്. അവൻ്റെ സഹോദരന്മാരില്‍ ആര്‍ക്കുമവനെ വീണ്ടെടുക്കാം.
49: അവൻ്റെ പിതൃവ്യനോ പിതൃവ്യപുത്രനോ ഏതെങ്കിലും ചാര്‍ച്ചക്കാരനോ അവനെ വീണ്ടെടുക്കാം. അവന്‍ സമ്പന്നനാവുകയാണെങ്കില്‍ അവനു തന്നെത്തന്നെ വീണ്ടെടുക്കുകയും ചെയ്യാം.
50: അവന്‍ തന്നെത്തന്നെ വിറ്റതുമുതല്‍ ജൂബിലിവരെയുള്ള വത്സരങ്ങള്‍ വാങ്ങിയവനുമായി കണക്കാക്കണം. വര്‍ഷങ്ങള്‍ക്കനുസരിച്ചായിരിക്കും അവൻ്റെ മോചനത്തിൻ്റെ വില. ഉടമസ്ഥനോടുകൂടെ ജീവിച്ച വത്സരങ്ങള്‍ കൂലിക്കാരൻ്റെ നിലയില്‍ കണക്കാക്കണം.
51: വര്‍ഷങ്ങള്‍ ഏറെബാക്കിയുണ്ടെങ്കില്‍ അതിനുതക്കവിധം വീണ്ടെടുപ്പുവില, കിട്ടിയ പണത്തില്‍നിന്നു തിരികെക്കൊടുക്കണം.
52: ജൂബിലിവരെ വര്‍ഷങ്ങള്‍ കുറവാണെങ്കില്‍ തൻ്റെ വീണ്ടെടുപ്പിനായി ഉടമസ്ഥനുമായി ആലോചിച്ചു വര്‍ഷങ്ങളുടെ കണക്കനുസരിച്ചു പണം മടക്കിക്കൊടുക്കണം.
53: വര്‍ഷംതോറും കൂലിക്കെടുക്കപ്പെട്ടവനെപ്പോലെ അവന്‍ വാങ്ങുന്നവനോടുകൂടെ കഴിയണം. അവനോടു ക്രൂരതകാണിക്കാന്‍ ഇടവരരുത്.
54: അവന്‍ ഇങ്ങനെയൊന്നും വീണ്ടെടുക്കപ്പെടുന്നില്ലെങ്കില്‍ അവനും അവൻ്റെ മക്കളും ജൂബിലിവര്‍ഷത്തില്‍ സ്വതന്ത്രരാക്കപ്പെടണം.
55: ഇസ്രായേല്‍ജനം എൻ്റെ ദാസരാണ്, ഈജിപ്തില്‍നിന്നു ഞാന്‍കൊണ്ടുവന്ന എൻ്റെ ദാസര്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ