മുപ്പത്തിനാലാംദിവസം: ലേവ്യര്‍ 20 - 22


അദ്ധ്യായം 20 

വിവിധ ശിക്ഷകള്‍

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, ഇസ്രായേല്‍ജനത്തിലോ ഇസ്രായേലില്‍വന്നു വസിക്കുന്ന വിദേശികളിലോനിന്ന്, ആരെങ്കിലും തങ്ങളുടെ മക്കളിലാരെയെങ്കിലും മോളെക്കിനു ബലിയര്‍പ്പിക്കുന്നെങ്കില്‍ അവനെക്കൊല്ലണം. ദേശത്തിലെ ജനങ്ങള്‍ അവനെക്കല്ലെറിയണം.
3: അവനെതിരേ, ഞാനെൻ്റെ മുഖംതിരിക്കുകയും ജനത്തില്‍നിന്നവനെ വിച്ഛേദിച്ചുകളയുകയുംചെയ്യും. എന്തെന്നാല്‍, അവന്‍ തൻ്റെ മക്കളിലൊരാളെ മോളെക്കിനു ബലിയര്‍പ്പിച്ചു. അങ്ങനെ, എൻ്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എൻ്റെ പരിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
4: അവന്‍ തൻ്റെ മക്കളിലൊരാളെ മോളെക്കിനു ബലികൊടുക്കുമ്പോള്‍ ദേശവാസികള്‍ അതിനുനേരേ കണ്ണടച്ചുകളയുകയും അവനെക്കൊല്ലാതിരിക്കുകയുംചെയ്താല്‍, 
5: ഞാന്‍, അവനുമവൻ്റെ കുടുംബത്തിനുമെതിരായി എൻ്റെ മുഖംതിരിക്കുകയും അവനെയും മോളെക്കിനെ ആരാധിക്കുന്നതിന് അവൻ്റെ പിന്നാലെപോയവരെയും സ്വജനത്തില്‍നിന്നു വിച്ഛേദിച്ചുകളയുകയും ചെയ്യും. 
6: ആരെങ്കിലും മന്ത്രവാദികളുടെയും കൂടോത്രക്കാരുടെയും പുറകേപോയി അന്യദേവന്മാരെയാരാധിച്ചാല്‍, അവനെതിരേ ഞാന്‍ മുഖംതിരിക്കുകയും അവനെ സ്വജനത്തില്‍നിന്നു വിച്ഛേദിച്ചുകളയുകയും ചെയ്യും.
7: അതിനാല്‍, നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരാകുവിന്‍. എന്തെന്നാല്‍, ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
8: എൻ്റെ പ്രമാണങ്ങള്‍ പാലിക്കുകയും അവയനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, ഞാനാണു നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ്.
9: പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവനെ വധിക്കണം. പിതാവിനെയോ മാതാവിനെയോ ശപിച്ചതിനാല്‍ അവൻ്റെ രക്തം അവൻ്റെമേല്‍ത്തന്നെ പതിക്കട്ടെ.
10: ഒരുവന്‍, അയല്‍ക്കാരൻ്റെ ഭാര്യയുമായി വ്യഭിചാരംചെയ്താല്‍ അവനുമവളും മരണശിക്ഷയനുഭവിക്കണം. 
11: പിതാവിൻ്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ പിതാവിൻ്റെതന്നെ നഗ്നത അനാവൃതമാക്കിയിരിക്കുന്നു. രണ്ടുപേര്‍ക്കും വധശിക്ഷ നല്കണം. അവരുടെ രക്തം, അവരുടെമേലായിരിക്കട്ടെ.
12: ഒരാള്‍ തൻ്റെ മരുമകളുമൊന്നിച്ചു ശയിച്ചാല്‍ ഇരുവരെയും വധിക്കണം. അവര്‍ ഹീനകൃത്യംചെയ്തിരിക്കുന്നു. അവരുടെരക്തം അവരുടെമേലായിരിക്കട്ടെ.
13: ഒരുവന്‍ സ്ത്രീയോടുകൂടെയെന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേലായിരിക്കട്ടെ. 
14: ഒരാള്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ഹീനകൃത്യമാകുന്നു. നിങ്ങളുടെയിടയില്‍ ഇതുപോലുള്ള ഹീനകൃത്യമുണ്ടാകാതിരിക്കാനായി, മൂന്നുപേരെയും തീയില്‍ ദഹിപ്പിക്കണം.
15: മൃഗത്തോടുകൂടെ ശയിക്കുന്നവനെ വധിക്കണം. മൃഗത്തെയും കൊല്ലണം.
16: ഒരു സ്ത്രീ ഏതെങ്കിലും മൃഗത്തെ സമീപിച്ച്, അതിൻ്റെകൂടെ ശയിച്ചാല്‍ അവളെയും മൃഗത്തെയും നിങ്ങള്‍ വധിക്കണം. അവര്‍ മരണശിക്ഷയനുഭവിക്കണം. അവരുടെ രക്തം, അവരുടെമേലായിരിക്കട്ടെ. 
17: തൻ്റെ പിതാവില്‍നിന്നോ മാതാവില്‍നിന്നോ ജനിച്ച സഹോദരിയെ ഒരുവന്‍ പരിഗ്രഹിക്കുകയും അവര്‍ പരസ്പരം തങ്ങളുടെ നഗ്നത കാണുകയുംചെയ്യുന്നതു നികൃഷ്ടമാണ്. സ്വജനത്തിൻ്റെ മുമ്പില്‍വച്ച് അവരെ വധിക്കണം. അവന്‍ തൻ്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കിയിരിക്കുന്നു. അവന്‍, അതിൻ്റെ കുറ്റംവഹിക്കണം.
18: ഒരുവന്‍ ആര്‍ത്തവകാലത്തു സ്ത്രീയോടുകൂടെ ശയിക്കുകയും അവളുടെ നഗ്നത അനാവൃതമാക്കുകയുംചെയ്താല്‍, അവനവളുടെ സ്രാവം അനാവൃതമാക്കുന്നു; അവള്‍ തൻ്റെതന്നെ രക്തസ്രാവവും. രണ്ടുപേരെയും സ്വജനത്തില്‍നിന്നു വിച്ഛേദിക്കണം.
19: മാതൃസഹോദരിയുടെയോ പിതൃസഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്. എന്തെന്നാല്‍, അതു സ്വന്തം ചാര്‍ച്ചക്കാരുടെതന്നെ നഗ്നത അനാവൃതമാക്കലാണ്. അവര്‍ തങ്ങളുടെ കുറ്റംവഹിക്കണം.
20: പിതൃവ്യൻ്റെ ഭാര്യയുമായി ശയിക്കുന്നവന്‍, പിതാവിൻ്റെ നഗ്നത അനാവൃതമാക്കുന്നു. അവരുടെ പാപം അവര്‍ വഹിക്കണം. അവര്‍ മക്കളില്ലാതെ മരിക്കണം.
21: സഹോദരഭാര്യയെ പരിഗ്രഹിക്കുന്നത് അവിശുദ്ധമാണ്. അവന്‍ തൻ്റെ സഹോദരൻ്റെതന്നെ നഗ്നതയാണ് അനാവൃതമാക്കുന്നത്. അവര്‍ക്കു സന്താനങ്ങളുണ്ടാകരുത്.
22: നിങ്ങള്‍ക്കു വസിക്കുവാനായി ഞാന്‍ നിങ്ങളെ എങ്ങോട്ടു നയിക്കുന്നോ ആ ദേശം നിങ്ങളെ തിരസ്‌കരിക്കാതിരിക്കാന്‍, നിങ്ങള്‍ എൻ്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയുമനുഷ്ഠിക്കുകയും ചെയ്യുവിന്‍. 
23: നിങ്ങളുടെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളയുന്ന ജനതയുടെ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പിന്തുടരരുത്. എന്തെന്നാല്‍, ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാനവരെ വെറുക്കുന്നു.
24: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങള്‍ക്ക് അവകാശമായിത്തരാന്‍പോകുന്ന, തേനും പാലുമൊഴുകുന്ന, അവരുടെ ദേശം നിങ്ങള്‍ സ്വന്തമാക്കും. നിങ്ങളെ മറ്റു ജനതകളില്‍നിന്നു വേര്‍തിരിച്ച നിങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണ്.
25: അതുകൊണ്ടു നിങ്ങള്‍ ശുദ്ധവുമശുദ്ധവുമായ മൃഗങ്ങളെയും ശുദ്ധവുമശുദ്ധവുമായ പക്ഷികളെയും വേര്‍തിരിക്കണം. അശുദ്ധമെന്നു ഞാന്‍ നിര്‍ണ്ണയിച്ചിരിക്കുന്ന പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എന്നിവകൊണ്ടു നിങ്ങള്‍ അശുദ്ധരാകരുത്. 
26: എൻ്റെ മുമ്പില്‍ നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്. നിങ്ങളെനിക്കു സ്വന്തമാകേണ്ടതിനു ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍നിന്നു വേര്‍തിരിച്ചിരിക്കുന്നു.
27: മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷന്മാര്‍ മരണശിക്ഷയനുഭവിക്കണം. അവരെ, കല്ലെറിഞ്ഞു കൊല്ലണം. അവരുടെരക്തം അവരുടെമേല്‍ പതിക്കട്ടെ. 


അദ്ധ്യായം 21 

പൗരോഹിത്യവിശുദ്ധി

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: അഹറോൻ്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക, പുരോഹിതന്മാരിലാരും തങ്ങളുടെ ജനങ്ങളില്‍ മൃതരായവര്‍ക്കുവേണ്ടി സ്വയം അശുദ്ധരാകരുത്.
2: എന്നാല്‍, തൻ്റെ അടുത്ത ചാര്‍ച്ചക്കാരെപ്രതി -പിതാവ്, മാതാവ്, മകന്‍ , മകള്‍, സഹോദരന്‍ എന്നിവരെപ്രതി- അവന്‍ സ്വയംമാലിന്യമേറ്റുകൊള്ളട്ടെ.
3: അതുപോലെ, കന്യകയായ സഹോദരിയെപ്രതിയും. അവിവാഹിതയായ അവള്‍, അവനു ബന്ധപ്പെട്ടവളാണ്.
4: അവന്‍, തൻ്റെ ജനങ്ങളില്‍ പ്രമുഖനായിരിക്കുകയാല്‍, തന്നെത്തന്നെ മലിനനാക്കുകയോ അശുദ്ധനാക്കുകയോ അരുത്.
5: ദുഃഖസൂചകമായി പുരോഹിതന്മാര്‍ തല മുണ്ഡനംചെയ്യുകയോ താടിവടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ അരുത്.
6: ദൈവത്തിൻ്റെ മുമ്പില്‍ അവര്‍ വിശുദ്ധരായിരിക്കണം. ദൈവത്തിൻ്റെ നാമം അശുദ്ധമാക്കരുത്. അവരാണു ദൈവമായ കര്‍ത്താവിനു ദഹനബലികളും ഭോജനബലികളുമര്‍പ്പിക്കുന്നത്. അതുകൊണ്ട്, അവര്‍ വിശുദ്ധരായിരിക്കണം.
7: അവര്‍ വേശ്യയെയോ അശുദ്ധയാക്കപ്പെട്ടവളെയോ ഭര്‍ത്താവുപേക്ഷിച്ചവളെയോ വിവാഹംചെയ്യരുത്. എന്തെന്നാല്‍, പുരോഹിതന്‍ ദൈവസന്നിധിയില്‍ വിശുദ്ധനായിരിക്കണം.
8: നിൻ്റെ ദൈവത്തിനു കാഴ്ചയപ്പം സമര്‍പ്പിക്കുന്നതിനാല്‍ നീയവനെ വിശുദ്ധീകരിക്കണം. അവന്‍ നിനക്കു വിശുദ്ധനായിരിക്കണം. കാരണം, നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്.
9: പുരോഹിതൻ്റെ മകള്‍ പരസംഗംചെയ്ത്, തന്നെത്തന്നെ മലിനയാക്കിയാല്‍ അവള്‍ തൻ്റെ പിതാവിനെയശുദ്ധനാക്കുന്നു. അവളെയഗ്നിയില്‍ ദഹിപ്പിക്കണം.
10: അഭിഷേകതൈലം തലയിലൊഴിക്കപ്പെട്ടവനും വിശുദ്ധവസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനും സഹോദരന്മാരില്‍ പ്രധാനപുരോഹിതനുമായവന്‍, തൻ്റെ തല നഗ്നമാക്കുകയോ വസ്ത്രം കീറുകയോ അരുത്.
11: അവന്‍ ശവശരീരങ്ങള്‍, സ്വന്തം മാതാവിൻ്റെയോ പിതാവിൻ്റെയോതന്നെയായാലും, സ്പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്.
12: അവന്‍ വിശുദ്ധസ്ഥലംവിട്ടു പുറത്തുപോകുകയോ ദൈവത്തിൻ്റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയോ അരുത്. എന്തെന്നാല്‍, ദൈവത്തിൻ്റെ അഭിഷേകതൈലത്തിൻ്റെ കിരീടം അവൻ്റെമേലുണ്ട്.
13: ഞാനാണു കര്‍ത്താവ്. കന്യകയെയായിരിക്കണം, അവന്‍ ഭാര്യയായി സ്വീകരിക്കുന്നത്.
14: വിധവ, ഉപേക്ഷിക്കപ്പെട്ടവള്‍, മലിനയാക്കപ്പെട്ടവള്‍, വേശ്യ എന്നിവരെ അവന്‍ വിവാഹം ചെയ്യരുത്; സ്വജനത്തില്‍നിന്ന് ഒരു കന്യകയെവേണം, അവന്‍ ഭാര്യയായി സ്വീകരിക്കാന്‍.
15: അങ്ങനെ, അവന്‍ തൻ്റെ മക്കളെ സ്വജനങ്ങളുടെയിടയില്‍ അശുദ്ധരാക്കാതിരിക്കട്ടെ. ഞാനാണവനെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ്.
16: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
17: അഹറോനോടു പറയുക, നിൻ്റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ ദൈവത്തിനു കാഴ്ചയപ്പമര്‍പ്പിക്കാന്‍ അടുത്തുവരരുത്.
18: കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍,
19: ഒടിഞ്ഞകൈയോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍,
20: ഉടഞ്ഞ വൃഷണങ്ങളുള്ളവന്‍ എന്നിവര്‍ അടുത്തുവരരുത്.
21: പുരോഹിതനായ അഹറോൻ്റെ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ അടുത്തുവരരുത്.
22: എന്നാല്‍, ദൈവത്തിൻ്റെ വിശുദ്ധവും അതിവിശുദ്ധവുമായ അപ്പം അവനു ഭക്ഷിക്കാം.
23: അവന്‍ ബലിപീഠത്തെയോ തിരശ്ശീലയെയോ സമീപിക്കരുത്. എൻ്റെ വിശുദ്ധപേടകം അശുദ്ധമാകാതിരിക്കേണ്ടതിന്, വികലാംഗന്‍ അവിടെ വരരുത്. കാരണം, കര്‍ത്താവായ ഞാനാണ്, അവയെ വിശുദ്ധീകരിക്കുന്നത്.
24: അഹറോനോടും പുത്രന്മാരോടും ഇസ്രായേല്‍ജനത്തോടും മോശ ഇക്കാര്യം പറഞ്ഞു.


അദ്ധ്യായം 22

ബലിവസ്തുഭോജനം

1: കര്‍ത്താവു മോശയോടു കല്പിച്ചു:
2: ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളെ ആദരപൂര്‍വ്വം സമീപിക്കുകയും അങ്ങനെ എൻ്റെ പരിശുദ്ധനാമത്തെ അശുദ്ധമാക്കാതിരിക്കുകയുംചെയ്യുവിനെന്ന്, അഹറോനോടും സന്തതികളോടും പറയുക. ഞാനാണു കര്‍ത്താവ്.
3: നിങ്ങളുടെ സന്തതിപരമ്പരകളില്‍ ആരെങ്കിലും അശുദ്ധനായിരിക്കെ, ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനു സമര്‍പ്പിച്ച വിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവന്‍ എൻ്റെ സന്നിധിയില്‍നിന്നു വിച്ഛേദിക്കപ്പെടും.
4: ഞാനാണു കര്‍ത്താവ്. അഹറോൻ്റെ വംശത്തില്‍പ്പെട്ട ആരെങ്കിലും കുഷ്ഠരോഗിയോ ബീജസ്രാവക്കാരനോ ആണെങ്കില്‍ അവന്‍ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്.
5: ബീജസ്രാവമുള്ളവനും മരിച്ചവനെയോ ഇഴജന്തുവിനെയോ മനുഷ്യനിലുള്ള ഏതെങ്കിലും മാലിന്യത്തെയോ സ്പര്‍ശിച്ച് അശുദ്ധനായവനും വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
6: സ്നാനംചെയ്തല്ലാതെ അവന്‍ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്.
7: സൂര്യനസ്തമിക്കുമ്പോള്‍ അവന്‍ ശുദ്ധിയുള്ളവനായിരിക്കും. അതിനുശേഷം, അവനു വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കാം. എന്തെന്നാല്‍ അതവൻ്റെ ഭക്ഷണമാണ്.
8: ചത്തതോ കാട്ടുമൃഗങ്ങള്‍ കൊന്നതോ ആയ ഒരു മൃഗത്തെയും ഭക്ഷിച്ച് അവര്‍ മാലിന്യമേല്‍ക്കരുത്. ഞാനാണു കര്‍ത്താവ്.
9: പാപം ചെയ്യാതിരിക്കുന്നതിനും, വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കി മരിക്കാതിരിക്കുന്നതിനുമായി അവര്‍ എൻ്റെ കല്പന അനുസരിക്കണം. കര്‍ത്താവായ ഞാനാണവരെ വിശുദ്ധീകരിക്കുന്നത്.
10: അന്യരാരും വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്. പുരോഹിതൻ്റെയടുക്കല്‍ വന്നുവസിക്കുന്നവനോ കൂലിവേലക്കാരനോ അതു ഭക്ഷിക്കരുത്.
11: എന്നാല്‍, പുരോഹിതന്‍ വിലയ്ക്കുവാങ്ങുകയോ അവൻ്റെ ഭവനത്തില്‍ ജനിക്കുകയോചെയ്ത അടിമകള്‍ക്ക്, അതു ഭക്ഷിക്കാം.
12: പുരോഹിതൻ്റെ മകള്‍ പുരോഹിതേതര കുടുംബത്തില്‍ വിവാഹിതയായാല്‍ അവള്‍ വിശുദ്ധവസ്തുക്കള്‍ ഭക്ഷിച്ചുകൂടാ.
13: എന്നാല്‍ പുരോഹിതൻ്റെ മകള്‍, വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതികളില്ലാതെ യൗവനത്തിലെന്നപോലെ പിതൃഭവനത്തിലേക്കു തിരിച്ചുവരുകയാണെങ്കില്‍ പിതാവിൻ്റെ ഓഹരി അവള്‍ക്കു ഭക്ഷിക്കാം.
14: അന്യരതു ഭക്ഷിച്ചുകൂടാ. ആരെങ്കിലും, അറിയാതെ വിശുദ്ധവസ്തു ഭക്ഷിച്ചുപോയാല്‍ അതിൻ്റെ വിലയുടെ അഞ്ചിലൊരു ഭാഗംകൂടെച്ചേര്‍ത്ത് പുരോഹിതനെയേല്പിക്കണം.
15: ഇസ്രായേല്‍ജനം തങ്ങളുടെ കര്‍ത്താവിനു സമര്‍പ്പിച്ച വിശുദ്ധവസ്തുക്കളൊന്നും പുരോഹിതനശുദ്ധമാക്കരുത്.
16: വിശുദ്ധവസ്തുക്കള്‍ ഭക്ഷിച്ചു തങ്ങളുടെമേല്‍ അകൃത്യത്തിൻ്റെ കുറ്റം വരുത്തിവയ്ക്കരുത്. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ്, അവയെ വിശുദ്ധീകരിക്കുന്നത്.
17: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
18: അഹറോനോടും പുത്രന്മാരോടും ഇസ്രായേല്‍ജനത്തോടും പറയുക, ഇസ്രായേല്‍ഭവനത്തിലോ ഇസ്രായേലിലെ പരദേശികളിലോ ഉള്ള ആരെങ്കിലും കര്‍ത്താവിനു ദഹനബലിയായി നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ സമര്‍പ്പിക്കുമ്പോള്‍
19: അതു സ്വീകാര്യമാകണമെങ്കില്‍ കാഴ്ചവയ്ക്കുന്നതു മാടുകളിലോ ചെമ്മരിയാടുകളിലോ കോലാടുകളിലോനിന്നെടുത്ത ഊനമറ്റ ഒരാണ്‍മൃഗമായിരിക്കണം.
20: ന്യൂനതയുള്ള ഒന്നിനെയും കാഴ്ചവയ്ക്കരുത്. അതു സ്വീകാര്യമാകുകയില്ല.
21: ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ചയും സ്വാഭീഷ്ടക്കാഴ്ചയും സമാധാനബലിയായര്‍പ്പിക്കുമ്പോള്‍ അതു സ്വീകാര്യമാകണമെങ്കില്‍ കാലിക്കൂട്ടത്തിലോ ആട്ടിന്‍കൂട്ടത്തിലോനിന്നെടുത്ത ഊനമറ്റ മൃഗത്തെ കാഴ്ചവയ്ക്കണം. അതിന് ഒരുന്യൂനതയുമുണ്ടായിരിക്കരുത്.
22: അന്ധതയുള്ളതോ അംഗഭംഗം സംഭവിച്ചതോ മുടന്തുള്ളതോ എന്തെങ്കിലും വ്രണമോ തടിപ്പോ പുഴുക്കടിയോ ഉള്ളതോ ആയ ഒന്നിനെയും കര്‍ത്താവിനു സമര്‍പ്പിക്കരുത്. ഇവയെ കര്‍ത്താവിൻ്റെ ബലിപീഠത്തില്‍ ദഹനബലിയായി അര്‍പ്പിക്കരുത്.
23: അവയവങ്ങളില്‍ എന്തെങ്കിലും കുറവോ കൂടുതലോ ഉള്ള കാളയെയോ ആടിനെയോ സ്വാഭീഷ്ടക്കാഴ്ചയായി അര്‍പ്പിക്കാം. എന്നാല്‍, നേര്‍ച്ചയായി അതു സ്വീകാര്യമല്ല.
24: വൃഷണങ്ങളുടച്ചതോ ചതച്ചതോ എടുത്തുകളഞ്ഞതോ മുറിച്ചതോ ആയ മൃഗത്തെ നിങ്ങളുടെ ദേശത്തുവച്ചു കര്‍ത്താവിനു കാഴ്ചവയ്ക്കരുത്.
25: വിദേശികളില്‍നിന്നു നിങ്ങള്‍ക്കു കിട്ടിയ ഇത്തരം ഒരു മൃഗത്തെയും നിങ്ങളുടെ ദൈവത്തിനു ഭോജനബലിയായി അര്‍പ്പിക്കരുത്. അവയ്ക്ക്‌ ന്യൂനതയുണ്ട്. അംഗഭംഗമുള്ളതാകയാല്‍ അവ സ്വീകാര്യമല്ല.
26: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
27: ഒരു കാളയോ ചെമ്മരിയാടോ കോലാടോ ജനിച്ചാല്‍ അതു തള്ളയോടുകൂടെ ഏഴുദിവസം നില്‍ക്കട്ടെ: എട്ടാംദിവസംമുതല്‍ കര്‍ത്താവിനു ദഹനബലിക്ക് അതു സ്വീകാര്യമായിരിക്കും.
28: പശുവോ പെണ്ണാടോ എന്തുതന്നെയായാലും തള്ളയെയും കുട്ടിയെയും ഒരേ ദിവസംതന്നെ കൊല്ലരുത്.
29: കൃതജ്ഞതാബലിയര്‍പ്പിക്കുമ്പോള്‍ കര്‍ത്താവിനു സ്വീകാര്യമാകുന്ന വിധത്തില്‍വേണം അതര്‍പ്പിക്കാന്‍.
30: അത്, അന്നുതന്നെ ഭക്ഷിക്കണം. അതില്‍ ഒട്ടും പിറ്റേദിവസം രാവിലെവരെ ശേഷിക്കരുത്. ഞാനാണു കര്‍ത്താവ്.
31: നിങ്ങള്‍ എൻ്റെ കല്പനയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. ഞാനാണു കര്‍ത്താവ്.
32: ഇസ്രായേല്‍ജനങ്ങളുടെയിടയില്‍ എൻ്റെ പരിശുദ്ധി പ്രഘോഷിക്കപ്പെടേണ്ടതാകയാല്‍ നിങ്ങള്‍ എൻ്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുത്. നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവു ഞാനാണ്.
33: നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു ഞാനാണ്, ഈജിപ്തുദേശത്തുനിന്നു നിങ്ങളെക്കൊണ്ടുവന്നത്. ഞാനാണു കര്‍ത്താവ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ