നാല്പത്തിരണ്ടാം ദിവസം: സംഖ്യ 18 - 20


അദ്ധ്യായം 18

പുരോഹിതരും ലേവ്യരും

1: കര്‍ത്താവ് അഹറോനോടരുളിച്ചെയ്തു: നീയും പുത്രന്മാരും നിൻ്റെ പിതൃഭവനം മുഴുവനും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കും. നിങ്ങളുടെ പൗരോഹിത്യശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന തെറ്റുകള്‍ നീയും പുത്രന്മാരുമേറ്റെടുക്കണം.
2: നീയും പുത്രന്മാരും സാക്ഷ്യകൂടാരത്തിനുമുമ്പില്‍വരുമ്പോള്‍ നിങ്ങളെ സഹായിക്കുന്നതിന്, നിൻ്റെ പിതൃഗോത്രജരായ ലേവ്യസഹോദരന്മാരെയും കൊണ്ടുവരുക.
3: അവര്‍ നിങ്ങളെ പരിചരിക്കുകയും കൂടാരത്തിലെ പരിചാരകവൃത്തികളനുഷ്ഠിക്കുകയുംചെയ്യട്ടെ. എന്നാല്‍, വിശുദ്ധമന്ദിരത്തിലെ പാത്രങ്ങളെയോ ബലിപീഠത്തെയോ അവര്‍ സമീപിക്കരുത്; സമീപിച്ചാല്‍ അവരും നിങ്ങളും മരിക്കും.
4: അവര്‍ നിങ്ങളുടെകൂടെനിന്നു സമാഗമകൂടാരത്തിലെ സകലജോലികളും ചെയ്യണം. മറ്റാരും നിങ്ങളെ സമീപിക്കരുത്.
5: ഇസ്രായേല്‍ജനത്തിൻ്റെമേല്‍ ഇനിയൊരിക്കലും ക്രോധംപതിക്കാതിരിക്കാന്‍, വിശുദ്ധമന്ദിരത്തിൻ്റെയും ബലിപീഠത്തിൻ്റെയും ചുമതലകള്‍ നിങ്ങള്‍തന്നെ വഹിക്കണം.
6: നിൻ്റെ സഹോദരന്മാരായ ലേവ്യരെ ഇസ്രായേലില്‍നിന്നു ഞാന്‍ വേര്‍തിരിച്ചെടുത്തിരിക്കുന്നു. സമാഗമകൂടാരത്തില്‍ ശുശ്രൂഷചെയ്യുന്നതിനു കര്‍ത്താവിനുള്ള ദാനമായി അവരെ ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു.
7: ബലിപീഠവും തിരശ്ശീലയ്ക്കു പിന്നിലുള്ളവയും സംബന്ധിച്ചുള്ള പൗരോഹിത്യശുശ്രൂഷകളെല്ലാം നീയും പുത്രന്മാരും അനുഷ്ഠിക്കണം; നിങ്ങള്‍തന്നെ അതുചെയ്യണം. പൗരോഹിത്യശുശ്രൂഷ നിങ്ങള്‍ക്കുള്ള ദാനമാണ്. മറ്റാരെങ്കിലും അതിനു തുനിഞ്ഞാല്‍, അവന്‍ മരണശിക്ഷ അനുഭവിക്കണം.

പുരോഹിതരുടെ വിഹിതം

8: കര്‍ത്താവ് അഹറോനോടരുളിച്ചെയ്തു: ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന കാഴ്ചകള്‍ നിങ്ങളെ ഞാനേല്പിച്ചിരിക്കുന്നു. അവ നിനക്കും നിൻ്റെ പുത്രന്മാര്‍ക്കും എന്നേയ്ക്കുമുള്ള ഓഹരിയായിരിക്കും.
9: ബലിപീഠത്തിലെ അഗ്നിയില്‍ ദഹിപ്പിക്കാതെ മാറ്റിവയ്ക്കുന്ന അതിവിശുദ്ധവസ്തുക്കളില്‍, അവരെനിക്കര്‍പ്പിക്കുന്ന വഴിപാടുകള്‍, ധാന്യബലികള്‍, പാപപരിഹാരബലികള്‍, പ്രായശ്ചിത്തബലികള്‍ എന്നിവ നിൻ്റെ ഓഹരിയായിരിക്കും. ഇവ നീയും പുത്രന്മാരും അതിവിശുദ്ധമായിക്കരുതണം.
10: വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് അതു ഭക്ഷിക്കണം. പുരുഷന്മാര്‍ക്കെല്ലാം അതില്‍നിന്നു ഭക്ഷിക്കാം; അതു വിശുദ്ധമാണ്.
11: ഇസ്രായേല്‍ജനംനല്കുന്ന സകലനേര്‍ച്ചകാഴ്ച്ചകളും അവരുടെ നീരാജനങ്ങളും നിന്റേതായിരിക്കും; ഇവ നിനക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ തന്നിരിക്കുന്നു. നിൻ്റെ കുടുംബത്തില്‍ ശുദ്ധിയുള്ളവര്‍ക്കെല്ലാം അതില്‍നിന്നു ഭക്ഷിക്കാം.
12: ഇസ്രായേല്യര്‍ ആദ്യഫലമായി കര്‍ത്താവിനു സമര്‍പ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ എണ്ണയും വീഞ്ഞും ധാന്യവും ഞാന്‍ നിനക്കു നല്കുന്നു.
13: അവര്‍ കര്‍ത്താവിനു കൊണ്ടുവരുന്ന, തങ്ങളുടെ ദേശത്തെ ആദ്യം പാകമാകുന്ന ഫലങ്ങള്‍ നിനക്കുള്ളതായിരിക്കും; നിൻ്റെ കുടുംബത്തില്‍ ശുദ്ധിയുള്ളവര്‍ക്കെല്ലാം അതില്‍നിന്നു ഭക്ഷിക്കാം.
14: ഇസ്രായേലില്‍ ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടതൊക്കെയും നിനക്കുള്ളതായിരിക്കും.
15: അവര്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്ന കടിഞ്ഞൂലുകള്‍ - മനുഷ്യൻ്റെയോ മൃഗത്തിൻ്റെയോ ആകട്ടെ - നിനക്കവകാശപ്പെട്ടതായിരിക്കും. എന്നാല്‍, മനുഷ്യരുടെയും അശുദ്ധമൃഗങ്ങളുടെയും കടിഞ്ഞൂലുകളെ വീണ്ടെടുക്കാനനുവദിക്കണം.
16: ഒരു മാസം പ്രായമാകുമ്പോഴാണ് അവയെ വീണ്ടെടുക്കേണ്ടത്. അതിനുള്ള തുക, ഒരു ഷെക്കലിന് ഇരുപതുഗേരാ എന്നു വിശുദ്ധസ്ഥലത്തു നിലവിലുള്ള നിരക്കനുസരിച്ച്, അഞ്ചു ഷെക്കല്‍ വെള്ളിയായിരിക്കണം.
17: എന്നാല്‍, പശു, ചെമ്മരിയാട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകളെ വീണ്ടെടുക്കേണ്ടതില്ല. അവ വിശുദ്ധമാണ്. അവയുടെ രക്തം ബലിപീഠത്തിന്മേല്‍ തളിക്കുകയും, കൊഴുപ്പു കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലിയായര്‍പ്പിക്കുകയും വേണം.
18: നീരാജനംചെയ്ത നെഞ്ചും വലത്തെ കാല്‍ക്കുറകുംപോലെ അവയുടെ മാംസം നിനക്കവകാശപ്പെട്ടതാണ്.
19: ഇസ്രായേല്‍ജനം കര്‍ത്താവിനു നീരാജനമായി സമര്‍പ്പിക്കുന്ന വിശുദ്ധകാഴ്ചകളെല്ലാം നിനക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ നല്കുന്നു; കര്‍ത്താവിൻ്റെ സന്നിധിയില്‍ നിനക്കും സന്തതികള്‍ക്കും ഇത് എന്നേയ്ക്കും നിലനില്‍ക്കുന്ന അലംഘനീയമായ ഉടമ്പടിയായിരിക്കും.
20: കര്‍ത്താവ് അഹറോനോടരുളിച്ചെയ്തു: ഇസ്രായേലില്‍ നിനക്കു ഭൂമി അവകാശമായി ലഭിക്കുകയില്ല; അവരെപ്പോലെ നിനക്ക്, ഓഹരിയുമുണ്ടായിരിക്കുകയില്ല. ഞാനാണു നിൻ്റെ അവകാശവും ഓഹരിയും.

ലേവ്യരുടെ വിഹിതം

21: സമാഗമകൂടാരത്തില്‍ ലേവ്യര്‍ചെയ്യുന്ന ശുശ്രൂഷയ്ക്ക്, ഇസ്രായേലില്‍നിന്നു ലഭിക്കുന്ന ദശാംശമായിരിക്കും പ്രതിഫലം.
22: പാപംചെയ്തു മരിക്കാതിരിക്കാന്‍ ഇസ്രായേല്‍ജനം മേലില്‍ സമാഗമകൂടാരത്തെ സമീപിക്കരുത്.
23: ലേവ്യര്‍ സമാഗമകൂടാരത്തിലെ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കണം. തങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്വവും അവര്‍ വഹിക്കണം. ഇത് എല്ലാ തലമുറകള്‍ക്കുമുള്ള വ്യവസ്ഥയാണ്. ഇസ്രായേലില്‍, അവര്‍ക്ക് അവകാശമുണ്ടായിരിക്കുകയില്ല.
24: എന്നാല്‍, ഇസ്രായേല്‍ജനം കര്‍ത്താവിനു നീരാജനമായി സമര്‍പ്പിക്കുന്ന ദശാംശം ലേവ്യര്‍ക്ക് അവകാശമായി ഞാന്‍ നല്കിയിരിക്കുന്നു. അതുകൊണ്ടാണ്, ഇസ്രായേല്യരുടെയിടയില്‍ അവര്‍ക്ക് അവകാശമുണ്ടായിരിക്കുകയില്ലെന്നു ഞാന്‍ വ്യവസ്ഥചെയ്തിരിക്കുന്നത്.
25: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
26: ലേവ്യരെയറിയിക്കുക, ഇസ്രായേലില്‍നിന്നു ഞാന്‍ അവകാശമായി തന്നിരിക്കുന്ന ദശാംശം നിങ്ങള്‍ വാങ്ങുമ്പോള്‍ അതിൻ്റെ ദശാംശം കര്‍ത്താവിനു നീരാജനമായി സമര്‍പ്പിക്കണം.
27: നിങ്ങളുടെ ഈ കാഴ്ച മെതിക്കളത്തില്‍നിന്നുള്ള ധാന്യംപോലെയും നിറഞ്ഞ ചക്കില്‍നിന്നുള്ള വീഞ്ഞുപോലെയും പരിഗണിക്കപ്പെടും.
28: ഇസ്രായേലില്‍നിന്നു സ്വീകരിക്കുന്ന ദശാംശങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ കര്‍ത്താവിനു നീരാജനമര്‍പ്പിക്കണം. കര്‍ത്താവിനുള്ള ഈ കാഴ്ച പുരോഹിതനായ അഹറോനു കൊടുക്കണം.
29: നിങ്ങള്‍ക്കു ലഭിക്കുന്ന കാഴ്ചകളില്‍ ഏറ്റവും ശ്രേഷ്ഠവും വിശുദ്ധവുമായതില്‍നിന്നു കര്‍ത്താവിൻ്റെ നീരാജനം അവിടുത്തേക്കു സമര്‍പ്പിക്കണം.
30: ആകയാല്‍ നീയവരോടു പറയുക: ഉത്തമഭാഗമര്‍പ്പിച്ചുകഴിഞ്ഞ്, ബാക്കിയുള്ളതു ധാന്യവും മുന്തിരിയുംപോലെ, ലേവ്യര്‍ക്കുള്ളതാണ്.
31: സമാഗമകൂടാരത്തില്‍ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലമാകയാല്‍ നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അത് എവിടെവച്ചു വേണമെങ്കിലും ഭക്ഷിക്കാം.
32: ഏറ്റവും നല്ലഭാഗം നീരാജനംചെയ്തുകഴിഞ്ഞാല്‍, പിന്നെ അതുനിമിത്തം നിങ്ങള്‍ക്കു കുറ്റമുണ്ടാകയില്ല. ഇസ്രായേലര്‍പ്പിച്ച വിശുദ്ധവസ്തുക്കളെ നിങ്ങളശുദ്ധമാക്കുന്നില്ല; അതുകൊണ്ടു നിങ്ങള്‍ മരിക്കുകയില്ല.

അദ്ധ്യായം 19

ശുദ്ധീകരണജലം

1: കര്‍ത്താവു മോശയോടും അഹറോനോടുമരുളിച്ചെയ്തു:
2: ഞാന്‍ കല്പിക്കുന്ന അനുഷ്ഠാനവിധിയിതാണ്. ഊനമില്ലാത്തതും നുകംവയ്ക്കാത്തതുമായ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെയടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്യരോടു പറയുക.
3: അതിനെ പുരോഹിതനായ എലെയാസറിനെ ഏല്പിക്കണം. പാളയത്തിനുവെളിയില്‍ക്കൊണ്ടുപോയി അവൻ്റെ മുമ്പില്‍വച്ച്, അതിനെക്കൊല്ലണം.
4: പുരോഹിതനായ എലെയാസര്‍ അതിൻ്റെ രക്തത്തില്‍ വിരല്‍മുക്കി സമാഗമകൂടാരത്തിൻ്റെ മുന്‍ഭാഗത്ത് ഏഴുപ്രാവശ്യം തളിക്കണം.
5: പശുക്കുട്ടിയെ അവൻ്റെ മുമ്പില്‍വച്ചു ദഹിപ്പിക്കണം: തുകലും മാംസവും രക്തവും ചാണകവും എല്ലാം ദഹിപ്പിക്കണം.
6: ദേവദാരു, ഹിസ്സോപ്പ്, ചെമന്നനൂല്‍ ഇവയെടുത്തു പശുക്കിടാവിനെ ദഹിപ്പിക്കുന്ന അഗ്നിയിലിടണം.
7: പിന്നീട്, അവന്‍ വസ്ത്രങ്ങളലക്കി, കുളിച്ച്, പാളയത്തിലേക്കു വരണം: സന്ധ്യവരെ അവനശുദ്ധനായിരിക്കും.
8: പശുക്കിടാവിനെ ദഹിപ്പിച്ചവനും വസ്ത്രങ്ങളലക്കി കുളിക്കണം; സന്ധ്യവരെ അവനശുദ്ധനായിരിക്കും.
9: ശുദ്ധിയുള്ള ഒരാള്‍ പശുക്കിടാവിൻ്റെ ചാരംശേഖരിച്ച്, പാളയത്തിനുപുറത്തു വൃത്തിയുള്ള ഒരു സ്ഥലത്തു നിക്ഷേപിക്കണം; അത് ഇസ്രായേല്‍ക്കാര്‍ക്കു പാപമോചനത്തിനുള്ള ശുദ്ധീകരണജലം തയ്യാറാക്കുന്നതിനായി സൂക്ഷിക്കണം.
10: പശുക്കിടാവിൻ്റെ ചാരം ശേഖരിച്ചവന്‍ വസ്ത്രമലക്കണം; സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും. ഇസ്രായേല്യര്‍ക്കും അവരുടെയിടയില്‍ പാര്‍ക്കുന്ന പരദേശികള്‍ക്കും ശാശ്വതനിയമമാണിത്.
11: മൃതശരീരത്തെ സ്പര്‍ശിക്കുന്നവന്‍ ഏഴുദിവസത്തേക്ക് അശുദ്ധനായിരിക്കും.
12: മൂന്നാംദിവസവും ഏഴാംദിവസവും ശുദ്ധീകരണജലംകൊണ്ട് അവന്‍ തന്നെത്തന്നെ ശുദ്ധനാക്കണം; അപ്പോള്‍ അവന്‍ ശുദ്ധനാകും. മൂന്നാംദിവസവും ഏഴാംദിവസവും ശുദ്ധികര്‍മ്മംനടത്തിയില്ലെങ്കില്‍ അവന്‍ ശുദ്ധിയുള്ളവനാകയില്ല.
13: ശവശരീരം സ്പര്‍ശിച്ചിട്ടു തന്നെത്തന്നെ ശുദ്ധീകരിക്കാത്തവന്‍ കര്‍ത്താവിൻ്റെ കൂടാരത്തെ അശുദ്ധമാക്കുന്നു; അവനെ ഇസ്രായേലില്‍നിന്നു വിച്ഛേദിക്കണം. ശുദ്ധീകരണജലം തൻ്റെമേല്‍ തളിക്കാത്തതുകൊണ്ട് അവനശുദ്ധനാണ്. അവനില്‍ അശുദ്ധി നിലനില്‍ക്കുന്നു.
14: കൂടാരത്തിനുള്ളില്‍വച്ച് ആരെങ്കിലും മരിച്ചാല്‍ അതേക്കുറിച്ചുള്ള നിയമമിതാണ്: കൂടാരത്തില്‍ പ്രവേശിക്കുന്നവനും കൂടാരത്തിലുള്ളവനും ഏഴുദിവസത്തേക്ക് അശുദ്ധരായിരിക്കും.
15: തുറന്നുവച്ചിരിക്കുന്ന പാത്രങ്ങളെല്ലാമശുദ്ധമാകും.
16: വാളിനിരയായവനെയോ ശവശരീരത്തെയോ മനുഷ്യാസ്ഥിയെയോ ശവക്കുഴിയെയോ വെളിയില്‍വച്ചു സ്പര്‍ശിക്കുന്നവന്‍ ഏഴുദിവസത്തേക്ക് അശുദ്ധനായിരിക്കും.
17: അശുദ്ധനായവനുവേണ്ടി പാപപരിഹാരബലിയില്‍നിന്നു ചാരമെടുത്ത്, ഒരു പാത്രത്തിലിട്ട്, അതില്‍ ഒഴുക്കുനീര്‍ കലര്‍ത്തണം.
18: പിന്നീടു ശുദ്ധിയുള്ള ഒരാള്‍ ഹിസ്സോപ്പെടുത്ത് ആ വെള്ളത്തില്‍മുക്കി കൂടാരം, ഉപകരണങ്ങള്‍ എന്നിവയുടെമേലും, അവിടെയുള്ള ആളുകള്‍, അസ്ഥിയെയോ കൊല്ലപ്പെട്ടവനെയോ ശവശരീരത്തെയോ ശവക്കുഴിയെയോ സ്പര്‍ശിച്ചവര്‍ തുടങ്ങി, എല്ലാവരുടെയുംമേലും തളിക്കണം.       
19: ശുദ്ധിയുള്ളവന്‍, അശുദ്ധനായവൻ്റെമേല്‍ ഇപ്രകാരം മൂന്നാംദിവസവും ഏഴാംദിവസവും തളിക്കണം. ഏഴാംദിവസം അവന്‍ വസ്ത്രമലക്കി, കുളിച്ച്, തന്നെത്തന്നെ ശുദ്ധീകരിക്കണം. അന്നു സായാഹ്നംമുതല്‍ അവന്‍ ശുദ്ധനായിരിക്കും.
20: അശുദ്ധനായിക്കഴിഞ്ഞിട്ട്, ശുദ്ധിനേടാത്ത വ്യക്തിയെ, കര്‍ത്താവിൻ്റെ വിശുദ്ധസ്ഥലമശുദ്ധമാക്കിയതിനാല്‍, സമൂഹത്തില്‍നിന്നു പുറംതള്ളണം. ശുദ്ധീകരണജലം തളിക്കപ്പെടാത്തതുകൊണ്ട് അവനശുദ്ധനാണ്.
21: ഇത് ശാശ്വതനിയമമാണ്. ശുദ്ധീകരണജലം തളിക്കുന്നവന്‍ തൻ്റെ വസ്ത്രം കഴുകണം. ആ ജലം തൊടുന്നവന്‍ സായാഹ്നംവരെ അശുദ്ധനായിരിക്കും.
22: അശുദ്ധന്‍ സ്പര്‍ശിക്കുന്നതെന്തും അശുദ്ധമായിത്തീരും; അശുദ്ധമായിത്തീര്‍ന്നതിനെ സ്പര്‍ശിക്കുന്നവനും സായാഹ്നംവരെ അശുദ്ധനായിരിക്കും.

അദ്ധ്യായം 20

പാറയില്‍നിന്നു ജലം

1: ഇസ്രായേല്‍ജനം ഒന്നാംമാസത്തില്‍ സീന്‍മരുഭൂമിയിലെത്തി; അവര്‍ കാദെഷില്‍ താമസിച്ചു. അവിടെവച്ചു മിരിയാം മരിച്ചു. അവളെ അവിടെ സംസ്‌കരിച്ചു.
2: അവിടെ ജനത്തിനു വെള്ളം ലഭിച്ചില്ല; അവര്‍ മോശയ്ക്കുമഹറോനുമെതിരേ ഒരുമിച്ചുകൂടി.
3: ജനം, മോശയോടെതിര്‍ത്തുപറഞ്ഞു: ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിൻ്റെമുമ്പില്‍ മരിച്ചുവീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍!
4: ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെക്കിടന്നു ചാകാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിൻ്റെ സമൂഹത്തെ ഈ മരുഭൂമിയിലേക്ക് എന്തിനുകൊണ്ടുവന്നു?
5: ഈ ദുഷിച്ച സ്ഥലത്തേക്കു നയിക്കാന്‍ ഈജിപ്തില്‍നിന്നു ഞങ്ങളെ കൊണ്ടുവന്നതെന്തിന്? ഇതു ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ കിട്ടുന്ന സ്ഥലമല്ല; കുടിക്കാന്‍ വെള്ളംപോലുമില്ല.
6: അപ്പോള്‍ മോശയും അഹറോനും സമൂഹത്തില്‍നിന്നു സമാഗമകൂടാരവാതില്‍ക്കല്‍ച്ചെന്നു സാഷ്ടാംഗം വീണു. കര്‍ത്താവിൻ്റെ മഹത്വം അവര്‍ക്കു വെളിപ്പെട്ടു.
7: കര്‍ത്താവു മോശയോടരുളിച്ചെയ്തു: നിൻ്റെ വടി കൈയിലെടുക്കുക; നീയും നിൻ്റെ സഹോദരന്‍ അഹറോനുംകൂടെ സമൂഹത്തെ വിളിച്ചുകൂട്ടി വെള്ളം പുറപ്പെടുവിക്കാന്‍ അവരുടെ മുമ്പില്‍വച്ചു പാറയോടാജ്ഞാപിക്കുക; പാറയില്‍നിന്നു വെള്ളം പുറപ്പെടുവിച്ചു ജനത്തിനും മൃഗങ്ങള്‍ക്കും കുടിക്കാന്‍ കൊടുക്കുക.
8: 9: കല്പനയനുസരിച്ചു മോശ കര്‍ത്താവിൻ്റെ മുമ്പില്‍നിന്നു വടിയെടുത്തു.
10: മോശയും അഹറോനുംകൂടെ പാറയ്ക്കു മുമ്പില്‍ ജനങ്ങളെ ഒന്നിച്ചുകൂട്ടി. മോശ പറഞ്ഞു: ധിക്കാരികളേ, കേള്‍ക്കുവിന്‍; നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍നിന്നു ഞങ്ങള്‍ വെള്ളം പുറപ്പെടുവിക്കണമോ?
11: മോശ കൈയ്യുയര്‍ത്തി പാറയില്‍ രണ്ടുപ്രാവശ്യം വടികൊണ്ടടിച്ചു. ധാരാളം ജലം പ്രവഹിച്ചു; മനുഷ്യരും മൃഗങ്ങളും അതില്‍നിന്നു കുടിച്ചു.
12: കര്‍ത്താവു മോശയോടും അഹറോനോടുമരുളിച്ചെയ്തു: ഇസ്രായേലില്‍ എൻ്റെ വിശുദ്ധി വെളിപ്പെടുത്തത്തക്കവിധം ദൃഢമായി, നിങ്ങളെന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ടു ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത് ഇവരെ എത്തിക്കുന്നതു നിങ്ങളായിരിക്കുകയില്ല. ഇതാണ് മെരീബായിലെ ജലം.
13: ഇവിടെവച്ചാണ് ഇസ്രായേല്യര്‍ കര്‍ത്താവിനോടു മത്സരിക്കുകയും അവിടുന്നു തൻ്റെ പരിശുദ്ധിയെ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്തത്. 

ഏദോം തടസ്സംനില്ക്കുന്നു


14: മോശ കാദെഷില്‍നിന്നു ദൂതന്മാരെയയച്ച്, ഏദോംരാജാവിനോടു പറഞ്ഞു: നിൻ്റെ സഹോദരനായ ഇസ്രായേല്‍ അറിയിക്കുന്നു; ഞങ്ങള്‍ക്കുണ്ടായ കഷ്ടതകളെല്ലാം നീയറിയുന്നുവല്ലോ.
15: ഞങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തിലേക്കുപോയതും ദീര്‍ഘകാലം അവിടെ ജീവിച്ചതും ഈജിപ്തുകാര്‍ ഞങ്ങളുടെ പിതാക്കന്മാരോടും ഞങ്ങളോടും ക്രൂരമായി പ്രവര്‍ത്തിച്ചതുമെല്ലാം നിനക്കറിയാം.
16: അപ്പോള്‍ ഞങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു; അവിടുന്നു ഞങ്ങളുടെ സ്വരം ശ്രവിച്ചു; തൻ്റെ ദൂതനെയയച്ച്, ഈജിപ്തില്‍നിന്നു ഞങ്ങളെ കൊണ്ടുപോന്നു. ഇപ്പോള്‍ ഞങ്ങളിവിടെ, നിങ്ങളുടെ അതിര്‍ത്തിയിലുള്ള കാദെഷ്‌നഗരത്തിലെത്തിയിരിക്കുന്നു.
17: നിങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളെ അനുവദിക്കണം. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ പ്രവേശിക്കുകയില്ല. നിങ്ങളുടെ കിണറ്റിലെ വെള്ളം കുടിക്കുകയില്ല; നിങ്ങളുടെ രാജ്യാതിര്‍ത്തി കടക്കുന്നതുവരെ ഇടംവലംതിരിയാതെ രാജപാതയിലൂടെതന്നെ ഞങ്ങള്‍ പൊയ്‌ക്കൊള്ളാം.
18: ഏദോം രാജാവ് എതിര്‍ത്തു പറഞ്ഞു: നിങ്ങള്‍ കടന്നുപോകരുത്; കടന്നാല്‍ വാളുമായി ഞാന്‍ നിങ്ങളെ നേരിടും.
19: ഇസ്രായേല്‍ക്കാര്‍ പറഞ്ഞു: ഞങ്ങള്‍ പെരുവഴിയിലൂടെ പൊയ്‌ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ മൃഗങ്ങളോ നിങ്ങളുടെ വെള്ളംകുടിച്ചാല്‍ അതിനു വില തന്നുകൊള്ളാം. കടന്നുപോകാനനുവദിക്കണമെന്നല്ലാതെ മറ്റൊന്നുമാവശ്യപ്പെടുന്നില്ല.
20: അവന്‍ പറഞ്ഞു: നീ കടന്നുപോകാന്‍പാടില്ല. ശക്തമായ സൈന്യവുമായി ഏദോം ഇസ്രായേലിനെതിരേ പുറപ്പെട്ടു.
21: തൻ്റെ അതിര്‍ത്തിയിലൂടെ ഇസ്രായേല്‍ കടന്നുപോകുന്നത് ഏദോം തടഞ്ഞു. അതിനാല്‍, ഇസ്രായേല്‍ അവിടെനിന്നു തിരിച്ചുപോയി.

അഹറോൻ്റെ മരണം

22: ഇസ്രായേല്യര്‍ കാദെഷില്‍നിന്നു പുറപ്പെട്ടു ഹോര്‍മലയിലെത്തി.
23: ഏദോം രാജ്യാതിര്‍ത്തിയിലുള്ള ഹോര്‍മലയില്‍വച്ചു കര്‍ത്താവു മോശയോടും അഹറോനോടുമരുളിച്ചെയ്തു:
24: അഹറോന്‍ തൻ്റെ പിതാക്കന്മാരോടു ചേരും. മെരീബാ ജലാശയത്തിങ്കല്‍വച്ചു നിങ്ങള്‍ എൻ്റെ കല്പനയെ ധിക്കരിച്ചതുകൊണ്ട്, ഇസ്രായേല്‍ജനത്തിനു ഞാന്‍നല്കുന്ന ദേശത്ത്, അവന്‍ പ്രവേശിക്കുകയില്ല.
25: അഹറോനെയും പുത്രന്‍ എലെയാസറിനെയും ഹോര്‍മലയിലേക്കു കൂട്ടിക്കൊണ്ടുവരുക.
26: അഹറോൻ്റെ വസ്ത്രമൂരി മകനായ എലെയാസറിനെ ധരിപ്പിക്കുക; അഹറോന്‍ അവിടെവച്ചു തൻ്റെ പിതാക്കന്മാരോടു ചേരും.
27: കര്‍ത്താവു കല്പിച്ചതുപോലെ മോശ ചെയ്തു; സമൂഹം മുഴുവന്‍ നോക്കിനില്‍ക്കേ അവര്‍ ഹോര്‍മലയിലേക്കു കയറിപ്പോയി.
28: മോശ അഹറോൻ്റെ വസ്ത്രമൂരി അവൻ്റെ മകനായ എലെയാസറിനെ ധരിപ്പിച്ചു. മലമുകളില്‍വച്ച് അഹറോന്‍ മരിച്ചു. മോശയും എലെയാസറും മലയില്‍നിന്ന് ഇറങ്ങിപ്പോന്നു.
29: അഹറോന്‍ മരിച്ചുപോയി എന്നറിഞ്ഞ്, ഇസ്രായേല്‍സമൂഹംമുഴുവന്‍ അവനെയോര്‍ത്തു മുപ്പതുദിവസം ദുഃഖമാചരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ