മുപ്പത്തിയേഴാം ദിവസം: സംഖ്യ 1 - 3


അദ്ധ്യായം 1

ജനസംഖ്യ
1: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിൻ്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാംദിവസം സീനായ്‌മരുഭൂമിയില്‍ സമാഗമകൂടാരത്തില്‍വച്ചു കര്‍ത്താവു മോശയോടു കല്പിച്ചു:
2: ഗോത്രവും കുടുംബവും തിരിച്ച്, ഇസ്രായേല്‍സമൂഹത്തിലെ സകലപുരുഷന്മാരുടെയും കണക്കെടുക്കുക.
3: ഇരുപതും അതിനുമേലും വയസ്സും യുദ്ധംചെയ്യാന്‍കഴിവുമുള്ള ഇസ്രായേലിലെ സകലരെയും ഗണംതിരിച്ചെണ്ണുക. നീയും അഹറോനുംകൂടെയാണു കണക്കെടുക്കേണ്ടത്.
4: ഓരോ ഗോത്രത്തിലുംനിന്ന് ഒരു തലവനെക്കൂടെ കൊണ്ടുപോകണം.
5: നിങ്ങളെ സഹായിക്കാന്‍ വരേണ്ടവര്‍ ഇവരാണ്: റൂബനില്‍നിന്നു ഷെദെയൂറിൻ്റെ പുത്രന്‍ എലിസൂര്‍.
6: ശിമയോനില്‍നിന്നു സുരിഷദായിയുടെ പുത്രന്‍ ഷെലൂമിയേല്‍.
7: യൂദായില്‍നിന്ന് അമീനാദാബിൻ്റെ പുത്രന്‍ നഹ്‌ഷോന്‍.
8: ഇസാക്കറില്‍നിന്നു സൂവാറിൻ്റെ പുത്രന്‍ നെത്താനേല്‍.
9: സെബുലൂണില്‍നിന്നു ഹേലോനിൻ്റെ പുത്രന്‍ എലിയാബ്.
10: ജോസഫിൻ്റെ പുത്രന്മാരായ എഫ്രായിം, മനാസ്സെ എന്നിവരില്‍നിന്ന്‌, യഥാക്രമം അമ്മിഹൂദിൻ്റെ പുത്രന്‍ എലിഷാമാ, പെദഹ്‌സൂറിൻ്റെ പുത്രന്‍ ഗമാലിയേല്‍;
11: ബഞ്ചമിനില്‍നിന്നു ഗിദയോനിൻ്റെ പുത്രന്‍ അബിദാന്‍;
12: ദാനില്‍നിന്ന് അമ്മിഷദ്ദായിയുടെ പുത്രന്‍ അഹിയേസെര്‍;
13: ആഷേറില്‍നിന്ന് ഒക്രാൻ്റെ പുത്രന്‍ പഗിയേല്‍;
14: ഗാദില്‍നിന്നു റവുവേലിൻ്റെ പുത്രന്‍ എലിയാസാഫ്;
15: നഫ്താലിയില്‍നിന്ന് ഏതാനിൻ്റെ പുത്രന്‍ അഹിറാ.
16: ഇവരാണ് ഇസ്രായേല്‍വംശത്തിൻ്റെ നേതാക്കന്മാരായി തിരഞ്ഞെടുക്കപ്പെട്ട ഗോത്രത്തലവന്മാര്‍.
17: മോശയും അഹറോനും ഇവരെ സ്വീകരിച്ചു.
18: രണ്ടാംമാസം ഒന്നാംദിവസം അവര്‍ ജനത്തെമുഴുവന്‍ ഒരുമിച്ചുകൂട്ടി. ഓരോരുത്തരുടെയും കുടുംബം, ഗോത്രം ഇവയനുസരിച്ച് ഇരുപതും അതില്‍ക്കൂടുതലും വയസ്സുള്ളവരെ ആളാംപ്രതി പട്ടികയില്‍ ചേര്‍ത്തു.
19: അങ്ങനെ കര്‍ത്താവു കല്പിച്ചതുപോലെ സീനായ്‌മരുഭൂമിയില്‍വച്ചു മോശ ഇസ്രായേല്‍ജനത്തിൻ്റെ കണക്കെടുത്തു.
20: ഇസ്രായേലിൻ്റെ ആദ്യജാതനായ റൂബൻ്റെ
21: ഗോത്രത്തില്‍പ്പെട്ടവര്‍ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ നാല്പത്താറായിരത്തിയഞ്ഞൂറ്.
22: ശിമയോൻ്റെ ഗോത്രത്തില്‍പെട്ടവര്‍
23: തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തൊമ്പതിനായിരത്തിമുന്നൂറ്.
24: ഗാദിൻ്റെ ഗോത്രത്തില്‍പെട്ടവര്‍
25: തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ നാല്പത്തയ്യായിരത്തിയറുനൂറ്റമ്പത്.
26: യൂദായുടെ ഗോത്രത്തില്‍പെട്ടവര്‍
27: തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍
28: ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ എഴുപത്തിനാലായിരത്തിയറുന്നൂറ്.
29: ഇസാക്കറിൻ്റെ ഗോത്രത്തില്‍പ്പെട്ടവര്‍ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിനാലായിരത്തിനാനൂറ്.
30: സെബുലൂണ്‍ ഗോത്രത്തില്‍പെട്ടവര്‍
31: തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തേഴായിരത്തിനാനൂറ്.
32: ജോസഫിൻ്റെ മക്കളായ എഫ്രായിമിൻ്റെയും
33: മനാസ്സെയുടെയും ഗോത്രത്തില്‍പെട്ടവര്‍
34: തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍
35: ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ യഥാക്രമം നാല്പതിനായിരത്തിയഞ്ഞൂറും മുപ്പത്തീരായിരത്തിയിരുനൂറും.
36: ബഞ്ചമിൻ്റെ ഗോത്രത്തില്‍പെട്ടവര്‍
37: തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ മുപ്പത്തയ്യായിരത്തിനാനൂറ്.
38: ദാനിൻ്റെ ഗോത്രത്തില്‍പെട്ടവര്‍
39: തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അറുപത്തീരായിരത്തിഎഴുനൂറ്.
40: ആഷേറിൻ്റെ ഗോത്രത്തില്‍പെട്ടവര്‍
41: തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ നാല്പത്തോരായിരത്തിയഞ്ഞൂറ്.
42: നഫ്താലിഗോത്രത്തില്‍പെട്ടവര്‍
43: തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിമൂവായിരത്തിനാനൂറ്.
44: ഇസ്രായേലിലെ ഗോത്രപ്രതിനിധികളായ പന്ത്രണ്ടുനേതാക്കളും മോശയും അഹറോനും ചേര്‍ന്നെടുത്ത കണക്കില്‍പെട്ടവരാണിവര്‍.
45: ഗോത്രംഗോത്രമായി ഇരുപതും അതിനുമേലുംവയസ്സുപ്രായത്തില്‍ ഇസ്രായേലിലെ യുദ്ധശേഷിയുള്ള പുരുഷന്മാര്‍
46: ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പത് ആയിരുന്നു.
47: ലേവിഗോത്രത്തെ ജനസംഖ്യയില്‍പ്പെടുത്തിയില്ല.
48: കാരണം, കര്‍ത്താവു മോശയോടരുളിച്ചെയ്തിരുന്നു:
49: ലേവ്യരെ നീ എണ്ണരുത്; ഇസ്രായേല്യരുടെ ജനസംഖ്യയില്‍ അവരുടെ എണ്ണം ചേര്‍ക്കുകയുമരുത്.
50: എന്നാല്‍, സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ മേല്‍നോട്ടത്തിലായിരിക്കണം; അവര്‍ കൂടാരവും അതിലെ ഉപകരണങ്ങളും വഹിക്കുകയും അതില്‍ ശുശ്രൂഷചെയ്യുകയുംവേണം. കൂടാരത്തിനുചുറ്റും അവര്‍ താവളമടിക്കട്ടെ.
51: കൂടാരവുമായി പുറപ്പെടേണ്ടിവരുമ്പോള്‍ ലേവ്യര്‍, അതഴിച്ചിറക്കുകയും കൂടാരമടിക്കേണ്ടിവരുമ്പോള്‍ അവര്‍തന്നെ അതു സ്ഥാപിക്കുകയും വേണം. മറ്റാരെങ്കിലും അതിനെ സമീപിച്ചാല്‍ അവനെ വധിക്കണം.
52: ഇസ്രായേല്‍ജനം ഗണങ്ങളായിത്തിരിഞ്ഞ് ഓരോരുത്തരും താന്താങ്ങളുടെ പാളയത്തിലും സ്വന്തം കൊടിക്കീഴിലും താവളമടിക്കണം.
53: ഇസ്രായേല്‍സമൂഹത്തിൻ്റെനേരേ ദൈവകോപമുണ്ടാകാതിരിക്കേണ്ടതിന്, ലേവ്യര്‍ സാക്ഷ്യകൂടാരത്തിനുചുറ്റും പാളയമടിക്കണം. സാക്ഷ്യകൂടാരത്തിൻ്റെ ചുമതല അവര്‍ വഹിക്കുകയും വേണം.
54: ഇസ്രായേല്‍ജനം അപ്രകാരം ചെയ്തു. കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു.

അദ്ധ്യായം 2

പാളയമടിക്കേണ്ട ക്രമം

1: കര്‍ത്താവു മോശയോടുമഹറോനോടുമരുളിച്ചെയ്തു: 
2: ഇസ്രായേല്‍ജനം, അവരവരുടെ ഗോത്രമുദ്രയോടുകൂടിയ പതാകകള്‍ക്കുകീഴില്‍ പാളയമടിക്കണം. സമാഗമകൂടാരത്തിനഭിമുഖമായി, ചുറ്റും താവളമുറപ്പിക്കുകയും വേണം.
3: അമ്മിനാദാബിൻ്റെ മകന്‍ നഹ്‌ഷോൻ്റെ നേതൃത്വത്തിലുള്ള യൂദാഗോത്രം സൂര്യനുദിക്കുന്ന കിഴക്കുദിക്കില്‍, സ്വന്തം പതാകയ്ക്കുകീഴില്‍ പാളയമടിക്കണം.
4: അവൻ്റെ സൈന്യത്തില്‍ എഴുപത്തിനാലായിരത്തിയറുനൂറുപേര്‍.
5: അതിനടുത്തു സുവാറിൻ്റെ മകന്‍ നെത്താനേലിൻ്റെ നേതൃത്വത്തിലുള്ള ഇസാക്കര്‍ഗോത്രം.
6: അവൻ്റെ സൈന്യത്തില്‍ അമ്പത്തിനാലായിരത്തിനാനൂറുപേര്‍.
7: അതിനപ്പുറം ഹേലോൻ്റെ പുത്രന്‍ എലിയാബിൻ്റെ നേതൃത്വത്തിലുള്ള സെബുലൂണ്‍ഗോത്രം.
8: അവൻ്റെ സൈന്യത്തില്‍ അമ്പത്തേഴായിരത്തിനാനൂറുപേര്‍.
9: യൂദായുടെ പാളയത്തിലെ സൈന്യത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്താറായിരത്തി നാനൂറുപേര്‍. അവരാണ്, ആദ്യം പുറപ്പെടേണ്ടത്.
10: ഷെദയൂറിൻ്റെ മകന്‍ എലിസൂറിൻ്റെ നേതൃത്വത്തിലുള്ള റൂബന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കുകീഴില്‍ തെക്കുഭാഗത്തു പാളയമടിക്കണം.
11: അവൻ്റെ സൈന്യത്തില്‍ നാല്പത്താറായിരത്തിയഞ്ഞൂറുപേര്‍.
12: അതിനടുത്തു സുരിഷദായിയുടെ പുത്രന്‍ ഷെലൂമിയേലിൻ്റെ നേതൃത്വത്തിലുള്ള ശിമയോന്‍ഗോത്രം.
13: അവൻ്റെ സൈന്യത്തില്‍ അമ്പത്തൊമ്പതിനായിരിത്തി മുന്നൂറുപേര്‍.
14: അതിനപ്പുറം റവുവേലിൻ്റെ പുത്രന്‍ എലിയാസാഫിൻ്റെ നേതൃത്വത്തിലുള്ള ഗാദ്‌ഗോത്രം.
15: അവൻ്റെ സൈന്യത്തില്‍ നാല്പത്തയ്യായിരത്തിയറുനൂറ്റമ്പതുപേര്‍.
16: റൂബന്‍പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്തോരായിരത്തി നാനൂറ്റിയമ്പതുപേര്‍. അവരാണു രണ്ടാമതു പുറപ്പെടേണ്ടത്.
17: അനന്തരം, പാളയങ്ങളുടെ മദ്ധ്യത്തിലായി ലേവ്യരുടെ പാളയത്തോടൊപ്പം സമാഗമകൂടാരം കൊണ്ടുപോകണം. കൂടാരമടിക്കുമ്പോഴെന്നപോലെതന്നെ പതാകയോടൊത്തു ക്രമമനുസരിച്ച് ഓരോരുത്തരും പുറപ്പെടണം.
18: അമ്മിഹൂദിൻ്റെ മകന്‍ എലിഷാമായുടെ നേതൃത്വത്തിലുള്ള എഫ്രായിംഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കുകീഴില്‍ പടിഞ്ഞാറുഭാഗത്തു താവളമടിക്കണം.
19: അവൻ്റെ സൈന്യത്തില്‍ നാല്പതിനായിരത്തിയഞ്ഞൂറുപേര്‍.
20: അതിനടുത്തു പെദഹ്‌സൂറിൻ്റെ പുത്രന്‍ ഗമാലിയേലിൻ്റെ നേതൃത്വത്തിലുള്ള മനാസ്സെഗോത്രം.
21: അവൻ്റെ സൈന്യത്തില്‍ മുപ്പത്തീരായിരത്തിയിരുനൂറുപേര്‍.
22: അതിനപ്പുറം ഗിദയോനിയുടെ പുത്രന്‍ അബിദാൻ്റെ നേതൃത്വത്തിലുള്ള ബഞ്ചമിന്‍ ഗോത്രം.
23: അവൻ്റെ സൈന്യത്തില്‍ മുപ്പത്തയ്യായിരത്തിനാനൂറുപേര്‍.
24: എഫ്രായിം പാളയത്തില്‍ ആകെ ഒരുലക്ഷത്തിയെണ്ണായിരത്തിയൊരുനൂറുപേര്‍. അവരാണു മൂന്നാമതു പുറപ്പെടേണ്ടത്.
25: അമ്മിഷദ്ദായിയുടെ മകന്‍ അഹിയേസറിൻ്റെ നേതൃത്വത്തിലുള്ള ദാന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കുകീഴില്‍ വടക്കുഭാഗത്തു പാളയമടിക്കണം.
26: അവൻ്റെ സൈന്യത്തില്‍ അറുപത്തീരായിരത്തിയെഴുനൂറുപേര്‍.
27: അതിനടുത്ത് ഒക്രാൻ്റെ മകന്‍ പഗിയേലിൻ്റെ നേതൃത്വത്തിലുള്ള ആഷേര്‍ഗോത്രം.
28: അവൻ്റെ സൈന്യത്തില്‍ നാല്പത്തോരായിരത്തിയഞ്ഞൂറുപേര്‍.
29: അതിനപ്പുറം ഏനാൻ്റെ മകന്‍ അഹീറയുടെ നേതൃത്വത്തിലുള്ള നഫ്താലിഗോത്രം.
30: അവൻ്റെ സൈന്യത്തില്‍ അമ്പത്തിമൂവായിരത്തി നാനൂറുപേര്‍.
31: ദാനിൻ്റെ പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയമ്പത്തിയേഴായിരത്തിയറുനൂറുപേര്‍. സ്വന്തം പതാകകളോടുകൂടെ അവരാണ് ഏറ്റവുമവസാനം പുറപ്പെടേണ്ടത്.
32: ഗോത്രക്രമമനുസരിച്ചു ജനസംഖ്യയില്‍പ്പെട്ട ഇസ്രായേല്‍ജനം ഇവരാണ്. പാളയത്തിലുണ്ടായിരുന്നവരും ഗണമനുസരിച്ചു കണക്കെടുക്കപ്പെട്ടവരുമായ ആളുകള്‍ ആകെ ആറുലക്ഷത്തി മൂവായിരത്തിയഞ്ഞൂറ്റമ്പത്.
33: കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച്, ഇസ്രായേല്‍ജനത്തിൻ്റെകൂടെ ലേവ്യരെ എണ്ണിയില്ല.
34: കര്‍ത്താവു മോശയോടു കല്പിച്ചപ്രകാരം ഇസ്രായേല്‍ പ്രവര്‍ത്തിച്ചു. അവര്‍ സ്വന്തം പതാകകള്‍ക്കുകീഴേ പാളയമടിക്കുകയും ഗോത്രവും കുടുംബവുമനുസരിച്ചു യാത്രപുറപ്പെടുകയും ചെയ്തു.

അദ്ധ്യായം 3

അഹറോൻ്റെ പുത്രന്മാര്‍

1: സീനായ്‌മലമുകളില്‍വച്ചു ദൈവം മോശയോടു സംസാരിക്കുമ്പോള്‍ അഹറോൻ്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു.
2: അഹറോൻ്റെ പുത്രന്മാരുടെ പേരുകള്‍: ആദ്യജാതനായ നാദാബും അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരും.
3: ഇവര്‍ പൗരോഹിത്യശുശ്രൂഷചെയ്യാനഭിഷിക്തരായ അഹറോൻ്റെ പുത്രന്മാരാണ്.
4: ഇവരില്‍ നാദാബും അബിഹുവും സീനായ്‌മരുഭൂമിയില്‍, കര്‍ത്താവിൻ്റെമുമ്പില്‍ അവിശുദ്ധമായ അഗ്നിയര്‍പ്പിച്ചപ്പോള്‍, അവിടെവച്ചു മരിച്ചു. അവര്‍ക്കു സന്താനങ്ങളില്ലായിരുന്നു. അതിനാല്‍, എലെയാസറും ഇത്താമറും തങ്ങളുടെ പിതാവായ അഹറോൻ്റെ ജീവിതകാലത്തുതന്നെ പുരോഹിതന്മാരായി സേവനമനുഷ്ഠിച്ചു.

ലേവ്യരുടെ കടമകള്‍

5: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
6: ലേവിഗ്രോത്രത്തെ കൊണ്ടുവന്ന് അഹറോൻ്റെ ശുശ്രൂഷയ്ക്കു നിയോഗിക്കുക.
7: അവര്‍ കൂടാരത്തില്‍ ശുശ്രൂഷചെയ്യുന്നതോടൊപ്പം സമാഗമകൂടാരത്തിനുമുമ്പില്‍ അഹറോനും സമൂഹത്തിനുംവേണ്ടി സേവനമനുഷ്ഠിക്കട്ടെ.
8: സമാഗമകൂടാരത്തിലെ വസ്തുക്കളുടെ മേല്‍നോട്ടവും അവര്‍ക്കായിരിക്കും. കൂടാരത്തില്‍ ശുശ്രൂഷചെയ്യുന്നതോടൊപ്പം ഇസ്രായേല്‍ജനത്തിനും അവര്‍ സേവനംചെയ്യണം.
9: ലേവ്യരെ, അഹറോനും പുത്രന്മാര്‍ക്കുംവേണ്ടി നിയോഗിക്കുക. ഇസ്രായേല്‍ജനത്തില്‍നിന്ന് അഹറോനു പൂര്‍ണ്ണമായും നല്കപ്പെട്ടവരാണിവര്‍.
10: നീ അഹറോനെയും പുത്രന്മാരെയും പൗരോഹിത്യശുശ്രൂഷയ്ക്കായി അധികാരപ്പെടുത്തുകയും അവര്‍ അതനുഷ്ഠിക്കുകയും ചെയ്യണം. മറ്റാരെങ്കിലും വിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവരെ വധിക്കണം.
11: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
12: ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കുപകരം ഞാന്‍ ലേവ്യരെ തിരഞ്ഞെടുത്തിരിക്കുന്നു. അവരെനിക്കുള്ളവരാണ്.
13: എന്തെന്നാല്‍, കടിഞ്ഞൂല്‍പ്പുത്രന്മാരെല്ലാം എന്റേതാണ്. ഈജിപ്തുകാരുടെ ആദ്യജാതന്മാരെ നിഗ്രഹിച്ചപ്പോള്‍, ഇസ്രായേലിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂല്‍സന്താനങ്ങളെ എനിക്കായി ഞാന്‍ മാറ്റിനിര്‍ത്തി; അവരെൻ്റെ സ്വന്തമാണ്; ഞാനാണു കര്‍ത്താവ്.

ലേവ്യരുടെ ജനസംഖ്യ

14: സീനായ്‌മരുഭൂമിയില്‍വച്ചു കര്‍ത്താവു മോശയോടരുളിച്ചെയ്തു:
15: ഒരുമാസവും അതിനുമേലും പ്രായമുള്ള ലേവിപുത്രന്മാരുടെ കണക്കു ഗോത്രവും കുടുംബവുമനുസരിച്ചെടുക്കുക.
16: കര്‍ത്താവു കല്പിച്ചതുപോലെ മോശയവരുടെ കണക്കെടുത്തു. 
17: ലേവിയുടെ പുത്രന്മാര്‍ ഇവരായിരുന്നു: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി.
18: കുടുംബമനുസരിച്ച് ഗര്‍ഷോൻ്റെ പുത്രന്മാരുടെ പേരുകള്‍: ലിബ്‌നി, ഷിമെയി.
19: കുടുംബമനുസരിച്ച് കൊഹാത്തിൻ്റെ പുത്രന്മാര്‍ ഇവരാണ്: അമ്രാം, യിസ്ഹാര്‍, ഹെബ്രോണ്‍, ഉസ്സിയേല്‍.
20: കുടുംബമനുസരിച്ച് മെറാറിയുടെ പുത്രന്മാര്‍: മഹ്‌ലി, മൂഷി. ഇവയാണ് പിതൃഗോത്രപ്രകാരം ലേവ്യരുടെ കുടുംബങ്ങള്‍.
21: ലിബ്‌നിയരുടെയും ഷിമെയിയരുടെയും കുടുംബങ്ങളുടെ ഉദ്ഭവം ഗര്‍ഷോനില്‍നിന്നാണ്. ഇവയാണ് ഗര്‍ഷോന്യകുടുംബങ്ങള്‍.
22: ഒരുമാസവും അതില്‍ക്കൂടുതലുംപ്രായമുള്ള പുരുഷന്മാര്‍ ഏഴായിരത്തിയഞ്ഞൂറ്.
23: ഗര്‍ഷോന്‍കുടുംബക്കാര്‍ കൂടാരത്തിൻ്റെ
24: പിറകില്‍ പടിഞ്ഞാറുവശത്തു ലായേലിൻ്റെ മകന്‍ എലിഫാസിൻ്റെ നേതൃത്വത്തില്‍ പാളയമടിക്കണം.
25, 26: ഗര്‍ഷോന്‍കുടുംബക്കാര്‍ സമാഗമകൂടാരത്തില്‍, പെട്ടകം, കൂടാരം, അതിൻ്റെ ആവരണം, വാതിലിൻ്റെ തിരശ്ശീല, കൂടാരത്തിനും ബലിപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിൻ്റെ വിരികള്‍, അങ്കണവാതിലിൻ്റെ യവനിക, അവയുടെ ചരടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സകലജോലികളും ചെയ്യണം.
27: അമ്രാമ്യര്‍, യിസ്ഹാര്യര്‍, ഹെബ്രോണ്യര്‍, ഉസ്സിയേല്യര്‍ എന്നിവര്‍ കൊഹാത്തില്‍നിന്നു ജനിച്ച കുടുംബങ്ങളാകുന്നു.
28: ഒരുമാസവും അതിനുമേലും പ്രായമുള്ള പുരുഷന്മാര്‍ എണ്ണായിരത്തിയറുനൂറ്. വിശുദ്ധസ്ഥലത്തു ശുശ്രൂഷചെയ്യാനുള്ള കടമ അവരുടേതാണ്.
29: കൊഹാത്തുകുടുംബങ്ങള്‍ കൂടാരത്തിൻ്റെ തെക്കുവശത്താണ് പാളയമടിക്കേണ്ടത്.
30: അവരുടെ നേതാവ് ഉസ്സിയേലിൻ്റെ മകന്‍ എലിസാഫാന്‍ ആണ്.
31: പേടകം, മേശ, വിളക്കുകാല്, ബലിപീഠങ്ങള്‍, വിശുദ്ധസ്ഥലത്തു പുരോഹിതന്‍ ശുശ്രൂഷയ്ക്കുപയോഗിക്കുന്ന പാത്രങ്ങള്‍, തിരശ്ശീല എന്നിവയും അവയെ സംബന്ധിക്കുന്ന ജോലികളും ഇവരുടെ ചുമതലയാണ്.
32: പുരോഹിതനായ അഹറോൻ്റെ പുത്രന്‍ എലെയാസറിന്, ലേവ്യരുടെ നേതാക്കളുടെ നേതൃത്വവും വിശുദ്ധസ്ഥലവിചാരിപ്പുകാരുടെ മേല്‍നോട്ടവുമുണ്ടായിരിക്കും.
33: മഹ്‌ലി, മൂഷി എന്നീ കുടുംബങ്ങള്‍ മെറാറിയില്‍നിന്നുണ്ടായി.
34: ഇവയാണു മറാറിക്കുടുംബങ്ങള്‍. അവയില്‍ ഒരുമാസവും അതിനുമേലും പ്രായമുള്ള പുരുഷന്മാര്‍ ആറായിരത്തിയിരുനൂറ്.
35: മെറാറിഗോത്രത്തിൻ്റെ തലവന്‍ അബിഹയിലിൻ്റെ മകന്‍ സൂരിയേല്‍ ആയിരുന്നു. കൂടാരത്തിനു വടക്കുഭാഗത്താണ് അവര്‍ പാളയമടിക്കേണ്ടത്.
36: മെറാറിയുടെ പുത്രന്മാര്‍ കൂടാരത്തിൻ്റെ ചട്ടക്കൂട്, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, മറ്റുപകരണങ്ങള്‍ ഇവയുമായി ബന്ധപ്പെടുന്ന എല്ലാ ജോലികളും ചെയ്യണം.
37: അങ്കണത്തിൻ്റെ തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, കുറ്റികള്‍, ചരടുകള്‍ ഇവയുടെ മേല്‍നോട്ടവും അവര്‍ വഹിക്കണം.
38: സമാഗമകൂടാരത്തിനു മുമ്പില്‍ കിഴക്കുവശത്തു പാളയമടിക്കേണ്ടതു മോശയും, അഹറോനും അവൻ്റെ പുത്രന്മാരുമാണ്. വിശുദ്ധസ്ഥലത്ത് ഇസ്രായേല്‍ജനത്തിനുവേണ്ടി നിര്‍വഹിക്കേണ്ട എല്ലാ ആരാധനയുടെയും ചുമതല അവര്‍ക്കാണ്. മറ്റാരെങ്കിലും അതിനുമുതിര്‍ന്നാല്‍ അവനെ വധിക്കണം.
39: കര്‍ത്താവു കല്പിച്ചതനുസരിച്ചു മോശയും അഹറോനുംകൂടെ ഒരുമാസവും അതിനുമേലുംപ്രായമുള്ള ലേവ്യരുടെ എണ്ണമെടുത്തപ്പോള്‍, സംഖ്യ ഇരുപത്തീരായിരമായിരുന്നു.

ലേവ്യര്‍ ആദ്യജാതര്‍ക്കു പകരം

40: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇസ്രായേല്‍ജനങ്ങളില്‍ ഒരുമാസവും അതിനുമേലും പ്രായമുള്ള എല്ലാ കടിഞ്ഞൂല്‍പ്പുത്രന്മാരെയും പേര്‍വിളിച്ചെണ്ണുക.
41: ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കുപകരം ലേവ്യരെ എനിക്കായി മാറ്റിനിര്‍ത്തുക. അതുപോലെ, ഇസ്രായേല്യരുടെ മൃഗങ്ങളുടെ കടിഞ്ഞൂലുകള്‍ക്കുപകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായി മാറ്റിനിര്‍ത്തുക. ഞാനാണു കര്‍ത്താവ്.
42: കര്‍ത്താവു കല്പിച്ചതുപോലെ മോശ ഇസ്രായേല്യരുടെ ആദ്യജാതന്മാരെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തി.
43: ഒരുമാസവും അതിനുമേലും പ്രായമുള്ള ആദ്യജാതരായ എല്ലാ പുരുഷസന്താനങ്ങളെയും വേര്‍തിരിച്ച്, എണ്ണിയപ്പോള്‍ ഇരുപത്തീരായിരത്തിയിരുനൂറ്റിയെഴുപത്തിമൂന്നുപേര്‍ ഉണ്ടായിരുന്നു.
44: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
45: ഇസ്രായേല്യരുടെ ആദ്യജാതന്മാര്‍ക്കുപകരം ലേവ്യരെയെടുക്കുക; അവരുടെ കന്നുകാലികള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെയും.
46: ലേവ്യര്‍ എനിക്കുള്ളവരാണ്.
47: ഞാനാണു കര്‍ത്താവ്.
48: ലേവ്യപുരുഷന്മാരുടെ എണ്ണത്തില്‍ക്കവിഞ്ഞുള്ള ഇരുനൂറ്റിയെഴുപത്തിമൂന്ന് ഇസ്രായേല്‍ആദ്യജാതന്മാരുടെ വീണ്ടെടുപ്പിന്, ആളൊന്നിന് അഞ്ചുഷെക്കല്‍വീതമെടുത്ത്, അധികം വരുന്നവരുടെ വീണ്ടെടുപ്പിനുവേണ്ടി, അഹറോനെയും മക്കളെയുമേല്പിക്കുക. വിശുദ്ധസ്ഥലത്തെനിരക്കനുസരിച്ച് ഇരുപതുഗേരായാണ് ഒരു ഷെക്കല്‍.
49: ലേവ്യരാല്‍ വീണ്ടെടുക്കപ്പെടാതെ അവശേഷിച്ചവരുടെ വീണ്ടെടുപ്പുവില മോശ ശേഖരിച്ചു.
50: ഇസ്രായേലിലെ ആദ്യജാതരില്‍നിന്ന് വിശുദ്ധസ്ഥലത്തെ ഷെക്കലിൻ്റെ കണക്കനുസരിച്ച് ആയിരത്തിമുന്നൂറ്ററുപത്തഞ്ചു ഷെക്കല്‍ മോശ പിരിച്ചെടുത്തു.
51: കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, മോശ വീണ്ടെടുപ്പുവില അഹറോനെയും മക്കളെയുമേല്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ