പതിനെട്ടാം ദിവസം - പുറപ്പാട് 9 - 12


അദ്ധ്യായം 9

മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു

1: കര്‍ത്താവു മോശയോടു വീണ്ടുമരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക, ഹെബ്രായരുടെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എൻ്റെ ജനത്തെ വിട്ടയയ്ക്കുക.
2: നീയിനിയും അവരെ വിട്ടയയ്ക്കാന്‍ വിസമ്മതിച്ചു തടഞ്ഞുനിറുത്തിയാല്‍
3: കര്‍ത്താവിൻ്റെ കരം, വയലിലുള്ള നിൻ്റെ മൃഗങ്ങളുടെമേല്‍ - കുതിര, കഴുത, ഒട്ടകം, കാള, ആട് എന്നിവയുടെമേല്‍ - നിപതിക്കും; അവയെ മഹാമാരി ബാധിക്കും.
4: ഇസ്രായേൽക്കാരുടെയും ഈജിപ്തുകാരുടെയും മൃഗങ്ങള്‍ക്കുതമ്മില്‍ കര്‍ത്താവു ഭേദംകല്പിക്കും. ഇസ്രായേൽക്കാരുടേതില്‍ ഒന്നുപോലും നശിക്കയില്ല.
5: കര്‍ത്താവു നാളെ ഈ രാജ്യത്തിതുചെയ്യുമെന്നു പറഞ്ഞുകൊണ്ടു സമയവും നിശ്ചയിച്ചിരിക്കുന്നു.
6: അടുത്ത ദിവസംതന്നെ കര്‍ത്താവ് അപ്രകാരം പ്രവര്‍ത്തിച്ചു. ഈജിപ്തുകാരുടെ മൃഗങ്ങളെല്ലാം ചത്തൊടുങ്ങി. എന്നാല്‍, ഇസ്രായേൽക്കാരുടെ മൃഗങ്ങളില്‍ ഒന്നുപോലും ചത്തില്ല.
7: ഫറവോ ആളയച്ചന്വേഷിച്ചപ്പോള്‍ ഇസ്രായേൽക്കാരുടെ കന്നുകാലികളില്‍ ഒന്നുപോലും ചത്തില്ല എന്നറിഞ്ഞു. അതിനാല്‍ അവൻ്റെ ഹൃദയം കഠിനമായി; അവന്‍ ജനത്തെ വിട്ടയച്ചില്ല.

വ്രണങ്ങള്‍ ബാധിക്കുന്നു

8: കര്‍ത്താവു മോശയോടും അഹറോനോടുമരുളിച്ചെയ്തു: ചൂളയില്‍നിന്നു കൈനിറയെ ചാരം വാരുക. ഫറവോ കാണ്‍കെ, മോശയത് ആകാശത്തിലേക്കു വിതറട്ടെ.
9: അത്, ഈജിപ്തുരാജ്യംമുഴുവന്‍ ധൂളിയായി വ്യാപിക്കും. അതു രാജ്യമാസകലമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും ദേഹത്തു പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കും.
10: അതനുസരിച്ച്, അവര്‍ ചൂളയില്‍നിന്നു ചാരമെടുത്തുകൊണ്ട്, ഫറവോയുടെ മുമ്പിലെത്തി; മോശ ചാരം അന്തരീക്ഷത്തിലേക്കെറിഞ്ഞപ്പോള്‍, അതു മനുഷ്യരിലും മൃഗങ്ങളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി.
11: എല്ലാ ഈജിപ്തുകാരോടുമൊപ്പം മന്ത്രവാദികളെയും വ്രണങ്ങള്‍ ബാധിച്ചതിനാല്‍ മന്ത്രവാദികള്‍ക്കു മോശയുടെമുമ്പില്‍ നില്ക്കാൻ കഴിഞ്ഞില്ല.
12: കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ അവിടുന്നു ഫറവോയുടെ ഹൃദയം കഠിനമാക്കി; അവന്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.

കന്മഴ വര്‍ഷിക്കുന്നു

13: അനന്തരം, കര്‍ത്താവു മോശയോടു കല്പിച്ചു: അതിരാവിലെ എഴുന്നേറ്റ്, ഫറവോയുടെ മുമ്പില്‍ച്ചെന്നു പറയുക, ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് ഇപ്രകാരം പറയുന്നു, എന്നെ ആരാധിക്കുന്നതിനുവേണ്ടി എൻ്റെ ജനത്തെ വിട്ടയയ്ക്കുക.
14: ലോകം മുഴുവനിലും എനിക്കു തുല്യനായി മറ്റൊരാളില്ലെന്നു നീ മനസ്സിലാക്കാന്‍വേണ്ടി, ഈ പ്രാവശ്യം എൻ്റെ മഹാമാരികളെല്ലാം നിൻ്റെയും സേവകരുടെയും ജനത്തിൻ്റെയുംമേല്‍ ഞാനയയ്ക്കും.
15: ഞാൻ കരംനീട്ടി നിന്നെയും ജനത്തെയും മഹാമാരിയാല്‍ പ്രഹരിച്ചിരുന്നെങ്കില്‍ നീ ഇതിനകം ഭൂമിയില്‍നിന്നു തുടച്ചുനീക്കപ്പെടുമായിരുന്നു.
16: എൻ്റെ ശക്തി നിനക്കു കാണിച്ചുതരാനും അങ്ങനെ എൻ്റെ നാമം ലോകംമുഴുവന്‍ പ്രഘോഷിക്കപ്പെടാനുംവേണ്ടിയാണു ഞാന്‍ നിന്നെ ജീവിക്കാനനുവദിച്ചത്.
17: എൻ്റെ ജനത്തെ വിട്ടയയ്ക്കാതിരിക്കത്തക്കവിധം നീ ഇനിയും അവരുടെനേരേ അഹങ്കാരം പ്രകടിപ്പിക്കുമോ?
18: ഈജിപ്തിൻ്റെ ആരംഭംമുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം കഠിനമായ കന്മഴ നാളെ ഈ സമയത്തു ഞാന്‍ വര്‍ഷിക്കും.
19: ആകയാല്‍, ഉടനെ ആളയച്ചു കന്നുകാലികളടക്കം വയലിലുള്ളവയെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കുക. എന്തെന്നാല്‍, വീട്ടിലെത്തിക്കാതെ വയലില്‍ നില്ക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ കന്മഴപെയ്യുകയും അവയെല്ലാം ചത്തുപോവുകയും ചെയ്യും.
20: ഫറവോയുടെ സേവകരില്‍ കര്‍ത്താവിൻ്റെ വാക്കിനെ ഭയപ്പെട്ടവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വേഗം വീടുകളിലെത്തിച്ചു.
21: എന്നാല്‍ കര്‍ത്താവിൻ്റെ വാക്കിനെ ഗൗനിക്കാതിരുന്നവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വയലില്‍ത്തന്നെ നിറുത്തി.
22: കര്‍ത്താവു മോശയോടരുളിച്ചെയ്തു: നിൻ്റെ കൈ ആകാശത്തിലേക്കു നീട്ടുക. ഈജിപ്തുരാജ്യത്തെങ്ങുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും വയലിലെ ചെടികളുടെയുംമേല്‍ കന്മഴ പെയ്യട്ടെ.
23: മോശ തൻ്റെ വടി ആകാശത്തേക്കു നീട്ടി. കര്‍ത്താവ് ഇടിയും കന്മഴയുമയച്ചു. മിന്നല്‍പ്പിണരുകള്‍ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. കര്‍ത്താവ് ഈജിപ്തില്‍ കന്മഴ പെയ്യിച്ചു.
24: ഈജിപ്തുകാര്‍ ഒരു ജനമായി രൂപംകൊണ്ടശേഷം ഒരിക്കലുമുണ്ടായിട്ടില്ലാത്തവിധം മിന്നല്‍പ്പിണരുകള്‍ ഇടകലര്‍ന്ന ശക്തമായ കന്മഴ വര്‍ഷിച്ചു.
25: അത്, ഈജിപ്തിലെ വയലുകളിലുണ്ടായിരുന്ന മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം നശിപ്പിച്ചു. അവിടെയുണ്ടായിരുന്ന ചെടികളെയും വന്മരങ്ങളെയും നിശ്ശേഷം തകര്‍ത്തുകളഞ്ഞു.
26: ഇസ്രായേൽക്കാര്‍ വസിച്ചിരുന്ന ഗോഷെനില്‍മാത്രം കന്മഴ പെയ്തില്ല.
27: ഫറവോ മോശയെയും അഹറോനെയും ആളയച്ചു വരുത്തിപ്പറഞ്ഞു: ഇപ്രാവശ്യം ഞാന്‍ തെറ്റുചെയ്തിരിക്കുന്നു. കര്‍ത്താവു നീതിമാനാണ്. ഞാനും എൻ്റെ ജനവും തെറ്റുകാരാണ്.
28: ഇടിമുഴക്കത്തിനും കന്മഴയ്ക്കും അറുതിവരാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍. ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. ഇനി നിങ്ങള്‍ അല്പംപോലും വൈകേണ്ടാ.
29: മോശ അവനോടു പറഞ്ഞു: ഞാന്‍ പട്ടണത്തില്‍നിന്നു പുറത്തുകടന്നാലുടനെ കര്‍ത്താവിൻ്റെനേര്‍ക്കു കൈകള്‍വിരിച്ചു പ്രാര്‍ത്ഥിക്കാം. അപ്പോള്‍ ഇടിമുഴക്കം അവസാനിക്കുകയും കന്മഴ നിലയ്ക്കുകയും ചെയ്യും. അങ്ങനെ, ഭൂമിമുഴുവൻ കര്‍ത്താവിൻ്റെതാണെന്നു നീ ഗ്രഹിക്കും.
30: എന്നാല്‍, നീയും സേവകരും ദൈവമായ കര്‍ത്താവിനെ ഇപ്പോഴും ഭയപ്പെടുന്നില്ലെന്ന് എനിക്കറിയാം.
31: കതിരിട്ട ബാര്‍ലിയും പുഷ്പിച്ച ചണവും നശിപ്പിക്കപ്പെട്ടു.
32: എന്നാല്‍, ഗോതമ്പിനങ്ങളിലൊന്നും നശിപ്പിച്ചില്ല; കാരണം, അവ വളര്‍ച്ച പ്രാപിച്ചിരുന്നില്ല.
33: മോശ ഫറവോയുടെ അടുക്കല്‍നിന്നു പുറപ്പെട്ടു പട്ടണത്തിനു വെളിയിലേക്കുപോയി, കര്‍ത്താവിൻ്റെനേര്‍ക്കു കൈകള്‍വിരിച്ചു പ്രാര്‍ത്ഥിച്ചു.
34: ഉടനെ ഇടിമുഴക്കവും കന്മഴയും നിലച്ചു. അതിനുശേഷം മഴ പെയ്തില്ല. മഴയും കന്മഴയും ഇടിമുഴക്കവും പൂര്‍ണ്ണമായി നിലച്ചെന്നു ഫറവോ കണ്ടപ്പോള്‍, അവനും സേവകരും വീണ്ടും പാപംചെയ്യുകയും കഠിനഹൃദയരാവുകയും ചെയ്തു.
35: കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അവന്‍ ഇസ്രായേൽക്കാരെ വിട്ടയച്ചില്ല.


അദ്ധ്യായം 10

വെട്ടുക്കിളികള്‍ നിറയുന്നു

1: കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഫറവോയുടെ അടുക്കലേക്കു പോവുക. ഞാന്‍ ഫറവോയുടെയും സേവകരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു.
2: അവരുടെയിടയില്‍ എൻ്റെ ഈ അടയാളങ്ങള്‍ കാണിക്കാനും ഈജിപ്തുകാരെ, ഞാനെങ്ങനെ വിഡ്ഢികളാക്കിയെന്നും അവരുടെയിടയില്‍ ഞാനെന്തെല്ലാം അടയാളങ്ങള്‍ കാണിച്ചെന്നും നീ നിൻ്റെ പുത്രന്മാരെയും പൗത്രന്മാരെയും വര്‍ണ്ണിച്ചുകേള്‍പ്പിക്കാനും ഞാനാണു കര്‍ത്താവെന്നു നിങ്ങള്‍ ഗ്രഹിക്കാനുംവേണ്ടിയാണത്.
3: മോശയും അഹറോനും ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് ഇങ്ങനെ പറയുന്നു, എത്രനാള്‍ നീ എനിക്കു കീഴ്‌വഴങ്ങാതെ നില്ക്കും? എന്നെ ആരാധിക്കാനായി എൻ്റെ ജനത്തെ വിട്ടയയ്ക്കുക.
4: അവരെ വിട്ടയ്ക്കാന്‍ വിസമ്മതിച്ചാല്‍ ഞാന്‍ നാളെ നിൻ്റെ രാജ്യത്തേക്കു വെട്ടുക്കിളികളെ അയയ്ക്കും,
5: അവ ദേശത്തെ കാഴ്ചയില്‍നിന്നു മറച്ചുകളയും; കന്മഴയില്‍നിന്നു രക്ഷപ്പെട്ടവയെയെല്ലാം തിന്നുകളയും. അവ നിങ്ങളുടെ വയലില്‍വളരുന്ന എല്ലാമരങ്ങളും തിന്നുനശിപ്പിക്കും.
6: നിൻ്റെയും നിൻ്റെ സേവകരുടെയും ഈജിപ്തുകാരെല്ലാവരുടെയും വീടുകളില്‍ അവ വന്നു നിറയും. നിൻ്റെ പിതാക്കന്മാരോ അവരുടെ പിതാക്കന്മാരോ ഈ നാട്ടില്‍ താമസമാക്കിയനാള്‍മുതല്‍ ഇന്നോളം ഇങ്ങനെയൊന്നും കണ്ടിട്ടുണ്ടാവുകയില്ല. അതിനുശേഷം, അവന്‍ ഫറവോയുടെ അടുത്തുനിന്നു മടങ്ങിപ്പോയി.
7: അപ്പോള്‍ ഫറവോയുടെ സേവകര്‍ അവനോടു പറഞ്ഞു: ഇനി എത്രനാള്‍കൂടെ നമ്മളീ മനുഷ്യൻ്റെ ഉപദ്രവം സഹിക്കണം? തങ്ങളുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കാന്‍ ഈ ജനത്തെ വിട്ടയച്ചാലും. ഈജിപ്തു നശിച്ചുകൊണ്ടിരിക്കയാണെന്ന് ഇത്രയുമായിട്ടും അങ്ങറിയുന്നില്ലേ?
8: ആകയാല്‍, അവര്‍ മോശയെയും അഹറോനെയും ഫറവോയുടെ അടുക്കലേക്കു തിരികേക്കൊണ്ടുവന്നു. അവനവരോടു പറഞ്ഞു: നിങ്ങള്‍പോയി നിങ്ങളുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കുവിന്‍. എന്നാല്‍, ആരെല്ലാമാണ് പോകുന്നത്?
9: മോശ പറഞ്ഞു: ഞങ്ങളുടെ യുവജനങ്ങളും വൃദ്ധരും പുത്രീപുത്രന്മാരും ഒരുമിച്ചാണു പോകേണ്ടത്. ഞങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകണം. കാരണം, ഞങ്ങള്‍ പോകുന്നതു കര്‍ത്താവിൻ്റെ പൂജാമഹോത്സവം ആഘോഷിക്കാനാണ്.
10: അപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളോടൊപ്പം നിങ്ങളുടെ കുഞ്ഞുങ്ങളെയും വിട്ടയയ്ക്കുകയോ? കര്‍ത്താവു നിങ്ങളെ കാക്കട്ടെ! നിങ്ങളുടെയുള്ളില്‍ എന്തോ ദുരുദ്ദേശ്യമുണ്ട്.
11: നിങ്ങളില്‍ പുരുഷന്മാര്‍മാത്രം പോയി കര്‍ത്താവിനെ ആരാധിച്ചാല്‍മതി. അതാണല്ലോ നിങ്ങളാവശ്യപ്പെട്ടിരുന്നത്. ഉടന്‍തന്നെ അവര്‍ ഫറവോയുടെ സന്നിധിയില്‍നിന്നു ബഹിഷ്‌കൃതരായി.
12: പിന്നീട്, കര്‍ത്താവു മോശയോടരുളിച്ചെയ്തു: നീ ഈജിപ്തിൻ്റെമേല്‍ കൈനീട്ടുക. കന്മഴയെ അതിജീവിച്ച എല്ലാച്ചെടികളും തിന്നുനശിപ്പിക്കുന്നതിനു വെട്ടുക്കിളികള്‍ വരട്ടെ.
13: മോശ തൻ്റെ വടി ഈജിപ്തിൻ്റെമേല്‍ നീട്ടി. അന്നു പകലും രാത്രിയുംമുഴുവന്‍ ആ നാടിൻ്റെമേല്‍ കര്‍ത്താവു കിഴക്കൻകാറ്റു വീശിച്ചു. പ്രഭാതമായപ്പോള്‍ കിഴക്കന്‍കാറ്റു വെട്ടുക്കിളികളെ കൊണ്ടുവന്നു.
14: വെട്ടുക്കിളികള്‍ ഈജിപ്തിനെയാകെ ആക്രമിച്ചു. അവ രാജ്യംമുഴുവന്‍ വ്യാപിച്ചു. ഇത്ര വിപുലമായ വെട്ടുക്കിളിക്കൂട്ടങ്ങള്‍ ഇതിനുമുമ്പുണ്ടായിട്ടില്ല; ഇനിയുണ്ടാവുകയുമില്ല.
15: അവ ദേശമാകെ മൂടിക്കളഞ്ഞതിനാല്‍ നിലം ഇരുണ്ടുപോയി. നാട്ടില്‍ കന്മഴയെ അതിജീവിച്ച ചെടികളും മരങ്ങളില്‍ ബാക്കിനിന്ന പഴങ്ങളും അവ തിന്നുതീര്‍ത്തു. ഈജിപ്തില്‍ മരങ്ങളിലും വയലിലെ ചെടികളിലും പച്ചയായി ഒന്നുംതന്നെ അവശേഷിച്ചില്ല.
16: ഫറവോ തിടുക്കത്തില്‍ മോശയെയും അഹറോനെയും വിളിപ്പിച്ചു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിനും നിങ്ങള്‍ക്കുമെതിരായി ഞാന്‍ തെറ്റുചെയ്തുപോയി.
17: ആകയാല്‍, ഇപ്രാവശ്യംകൂടെ എന്നോടു ക്ഷമിക്കണം. മാരകമായ ഈ ബാധ എന്നില്‍നിന്നകറ്റുന്നതിന്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍.
18: മോശ ഫറവോയുടെ അടുക്കല്‍നിന്നു പോയി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
19: കര്‍ത്താവു വളരെ ശക്തമായ പടിഞ്ഞാറൻ കാറ്റു വീശിച്ചു. അതു വെട്ടുക്കിളികളെ തൂത്തുവാരി ചെങ്കടലിലെറിഞ്ഞു. അവയിലൊന്നുപോലും ഈജിപ്തിൻ്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ അവശേഷിച്ചില്ല.
20: എങ്കിലും കര്‍ത്താവു ഫറവോയെ കഠിനചിത്തനാക്കുകമൂലം അവന്‍ ഇസ്രായേൽക്കാരെ വിട്ടയച്ചില്ല.

അന്ധകാരം വ്യാപിക്കുന്നു

21: കര്‍ത്താവു മോശയോടു പറഞ്ഞു: നിൻ്റെ കൈ ആകാശത്തേക്കു നീട്ടുക. ഈജിപ്തില്‍ ഇരുട്ടുണ്ടാകട്ടെ; തൊട്ടറിയാവുന്ന ഇരുട്ട്.
22: മോശ ആകാശത്തിലേക്കു കൈ നീട്ടി. ഈജിപ്തു മുഴുവൻ, മൂന്നു ദിവസത്തേക്കു കൂരിരുട്ടു വ്യാപിച്ചു.
23: അവര്‍ക്കു പരസ്പരം കാണാനോ യഥേഷ്ടം നീങ്ങാനോ സാധിച്ചില്ല. എന്നാല്‍, ഇസ്രായേൽക്കാരുടെ വാസസ്ഥലങ്ങളില്‍ വെളിച്ചമുണ്ടായിരുന്നു.
24: അപ്പോള്‍ ഫറവോ മോശയെ വിളിച്ചു പറഞ്ഞു: പോയി, നിങ്ങളുടെ കര്‍ത്താവിനെ ആരാധിച്ചുകൊള്ളുവിന്‍. ആടുമാടുകള്‍മാത്രം ഇവിടെ നില്ക്കട്ടെ.
25: കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ. അപ്പോള്‍ മോശ പറഞ്ഞു: ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു സമര്‍പ്പിക്കാനുള്ള ബലിവസ്തുക്കളും ഹോമദ്രവ്യങ്ങളുംകൂടെ നീ ഞങ്ങള്‍ക്കു തരണം.
26: ഞങ്ങളുടെ കന്നുകാലികളും ഞങ്ങളോടുകൂടെ പോരണം. ഒന്നുപോലും ഇവിടെ ശേഷിക്കാന്‍പാടില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന് അവയില്‍നിന്നു ബലിയര്‍പ്പിക്കേണ്ടിവന്നേക്കാം. കര്‍ത്താവിനെന്താണു സമര്‍പ്പിക്കേണ്ടതെന്ന്, അവിടെ ചെന്നെത്തുംവരെ ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
27: കര്‍ത്താവു ഫറവോയെ കഠിനചിത്തനാക്കുകയാല്‍, അവന്‍ അവരെ വിട്ടയച്ചില്ല.
28: ഫറവോ മോശയോടു പറഞ്ഞു: എൻ്റെ കണ്മുമ്പില്‍നിന്നു പോവുക. ഇനി എന്നെക്കാണാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
29: എന്നെ കാണുന്ന ദിവസം നീ മരിക്കും. മോശ പറഞ്ഞു: നീ പറഞ്ഞതുപോലെയാകട്ടെ. ഞാനിനി നിന്നെക്കാണുകയില്ല.


അദ്ധ്യായം 11


അവസാനത്തെ മഹാമാരി

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഞാന്‍ ഫറവോയുടെയും ഈജിപ്തിൻ്റെയുംമേല്‍ ഒരു മഹാമാരികൂടെ അയയ്ക്കും. അപ്പോളവന്‍, നിങ്ങളെ പോകാനനുവദിക്കും; അല്ല, നിങ്ങളെ ബഹിഷ്‌കരിക്കുകതന്നെചെയ്യും.
2: ഓരോ പുരുഷനും തൻ്റെ അയൽക്കാരനോടും ഓരോ സ്ത്രീയും തൻ്റെ അയൽക്കാരിയോടും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങള്‍ ചോദിച്ചുവാങ്ങണമെന്നു നീ ജനത്തോടു പറയണം.
3: ഈജിപ്തുകാര്‍ ഇസ്രായേൽക്കാരെ ബഹുമാനിക്കാൻ കര്‍ത്താവിടയാക്കി. ഫറവോയുടെ സേവകരും ജനങ്ങളും മോശയെ ഈജിപ്തിലെ ഒരു മഹാപുരുഷനായി കരുതി.
4: മോശ പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു, ഞാന്‍ അര്‍ദ്ധരാത്രിയില്‍ ഈജിപ്തിലൂടെ കടന്നുപോകും.
5: സിംഹാസനത്തിലിരിക്കുന്ന ഫറവോമുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ദാസിവരെയുള്ള എല്ലാ ഈജിപ്തുകാരുടെയും ആദ്യജാതൻ മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചാകും.
6: ഇതുവരെ കേട്ടിട്ടില്ലാത്തതും ഇനി കേള്‍ക്കാനിടയില്ലാത്തതുമായ ഒരു വലിയ നിലവിളി ഈജിപ്തില്‍ നിന്നുയരും.
7: എന്നാല്‍, ഇസ്രായേൽക്കാര്‍ക്കോ അവരുടെ മൃഗങ്ങള്‍ക്കോ എതിരേ ഒരു പട്ടിപോലും ശബ്ദിക്കയില്ല. ഈജിപ്തുകാര്‍ക്കും ഇസ്രായേൽക്കാര്‍ക്കുംതമ്മില്‍ കര്‍ത്താവു ഭേദം കല്പിക്കുന്നുവെന്ന് അങ്ങനെ നിങ്ങള്‍ മനസ്സിലാക്കും.
8: അപ്പോള്‍ നിൻ്റെ ഈ സേവകരെല്ലാം എൻ്റെമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച്, നീയും കൂടെയുള്ള ജനങ്ങളും പൊയ്‌ക്കൊള്ളുക എന്നുപറയും. അപ്പോള്‍ ഞാന്‍ പുറപ്പെടും. മോശ ഉഗ്രകോപത്തോടെ ഫറവോയുടെ മുമ്പില്‍നിന്ന് ഇറങ്ങിപ്പോയി.
9: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഈജിപ്തില്‍ എൻ്റെ അദ്ഭുതങ്ങള്‍ വര്‍ദ്ധിക്കാനിടയാവുംവിധം ഫറവോ നിങ്ങളുടെ വാക്കവഗണിക്കും.
10: മോശയും അഹറോനും ഫറവോയുടെ സന്നിധിയില്‍ ഈ അദ്ഭുതങ്ങളെല്ലാം പ്രവര്‍ത്തിച്ചു. എന്നാല്‍, കര്‍ത്താവു ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ ഇസ്രായേൽക്കാരെ തൻ്റെ രാജ്യത്തുനിന്നു വിട്ടയച്ചില്ല.


അദ്ധ്യായം 12


പെസഹാ ആചരിക്കുക

1: കര്‍ത്താവ് ഈജിപ്തില്‍വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2: ഈമാസം നിങ്ങള്‍ക്കു വര്‍ഷത്തിൻ്റെ ആദ്യമാസമായിരിക്കണം.
3: ഇസ്രായേല്‍ സമൂഹത്തോടുമുഴുവന്‍ പറയുവിന്‍: ഈമാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടിവീതം.
4: ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാൻമാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണംനോക്കി അയല്ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനുവേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍.
5: കോലാടുകളില്‍നിന്നോ ചെമ്മരിയാടുകളില്‍നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത്, ഒരു വയസ്സുള്ളതും ഊനമറ്റതുമായ മുട്ടാടായിരിക്കണം.
6: ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍സമൂഹം മുഴുവന്‍, തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം.
7: അതിൻ്റെ രക്തത്തില്‍നിന്നു കുറച്ചെടുത്ത്, ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിൻ്റെ രണ്ടു കട്ടിളക്കാലുകളിലും മേല്പടിയിലും പുരട്ടണം.
8: അവര്‍ അതിൻ്റെ മാംസം തീയില്‍ ചുട്ട്, പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളുംകൂട്ടി അന്നു രാത്രി ഭക്ഷിക്കണം.
9: ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷിക്കരുത്. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ടു ഭക്ഷിക്കണം.
10: പ്രഭാതമാകുമ്പോള്‍ അതില്‍ യാതൊന്നുമവശേഷിക്കരുത്. എന്തെങ്കിലും മിച്ചംവന്നാല്‍ തീയില്‍ ദഹിപ്പിക്കണം.
11: ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി, ചെരുപ്പുകളണിഞ്ഞ്, വടി കൈയിലേന്തി തിടുക്കത്തില്‍ ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിൻ്റെ പെസഹായാണ്.
12: ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്മാര്‍ക്കെല്ലാമെതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണു കര്‍ത്താവ്.
13: കട്ടിളയിലുള്ള രക്തം, നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിൻ്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല.
14: ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിൻ്റെ തിരുനാളായി നിങ്ങളാചരിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേയ്ക്കുമൊരു കല്പനയായിരിക്കും.

പുളിപ്പില്ലാത്ത അപ്പം


15: നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളില്‍നിന്ന് പുളിമാവു നീക്കംചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍നിന്നു വിച്ഛേദിക്കപ്പെടണം.
16: ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധ സമ്മേളനം വിളിച്ചുകൂട്ടണം. ആ ദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം.
17: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണു ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേയ്ക്കുമുള്ള കല്പനയാണ്.
18: ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്ധ്യമുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
19: നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍, അവന്‍ വിദേശിയോ സ്വദേശിയോ ആകട്ടെ, ഇസ്രായേല്‍സമൂഹത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
20: പുളിപ്പിച്ച യാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പംമാത്രമേ ഭക്ഷിക്കാവൂ.

ആദ്യത്തെ പെസഹാ

21: മോശ ഇസ്രായേല്‍ ശ്രേഷ്ഠന്മാരെ വിളിച്ചുപറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച്, നിങ്ങള്‍ പെസഹാ ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍.
22: പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്സോപ്പുകമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്.
23: എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നുപോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്നനുവദിക്കുകയില്ല.
24: ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്പനയായി ആചരിക്കണം.
25: കര്‍ത്താവ്, തൻ്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കുതരുന്ന സ്ഥലത്തു ചെന്നുചേര്‍ന്നതിനുശേഷവും ഈ കര്‍മ്മം ആചരിക്കണം.
26: ഇതിൻ്റെ അര്‍ത്ഥമെന്താണെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം:
27: ഇതു കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേൽക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്തുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായേൽക്കാരെ രക്ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട്, ദൈവത്തെയാരാധിച്ചു.
28: അനന്തരം ഇസ്രായേൽക്കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവു മോശയോടും അഹറോനോടും കല്പിച്ചതുപോലെ ജനം പ്രവര്‍ത്തിച്ചു.

ആദ്യജാതര്‍ വധിക്കപ്പെടുന്നു

29: സിംഹാസനത്തിലിരുന്ന ഫറവോമുതല്‍ കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്ന തടവുകാരന്‍വരെ ഈജിപ്തിലുണ്ടായിരുന്ന എല്ലാവരുടെയും ആദ്യജാതരെ അര്‍ദ്ധരാത്രിയില്‍ കര്‍ത്താവു സംഹരിച്ചു. കന്നുകാലികളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു.
30: ഫറവോയും അവൻ്റെ സേവകരും ഈജിപ്തുകാര്‍മുഴുവനും രാത്രിയിലുണര്‍ന്നു; ഈജിപ്തില്‍നിന്നു വലിയ നിലവിളിയുയര്‍ന്നു. കാരണം, ഒരാളെങ്കിലും മരിക്കാത്തതായി ഒരു വീടും അവിടെയുണ്ടായിരുന്നില്ല.
31: ഫറവോ രാത്രിയില്‍തന്നെ മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍ എൻ്റെ ജനത്തിൻ്റെ ഇടയില്‍നിന്നു പോകുവിന്‍. നിങ്ങളും ഇസ്രായേൽക്കാര്‍ മുഴുവനും നിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍.
32: നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകുവിന്‍; എന്നെ അനുഗ്രഹിക്കുകയുംചെയ്യുവിന്‍.
33: കഴിവതും വേഗം രാജ്യത്തിനു പുറത്തു കടക്കാന്‍ ഈജിപ്തുകാര്‍ ജനത്തെ നിര്‍ബ്ബന്ധിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.
34: കുഴച്ചമാവു പുളിപ്പിക്കുന്നതിനു മുമ്പുതന്നെ പാത്രത്തോടെ എടുത്തു ജനം തങ്ങളുടെ തോള്‍മുണ്ടില്‍ പൊതിഞ്ഞു.
35: മോശ പറഞ്ഞതുപോലെ ഇസ്രായേൽക്കാര്‍ പ്രവര്‍ത്തിച്ചു. അവര്‍ ഈജിപ്തുകാരോടു പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.
36: കര്‍ത്താവ് ഈജിപ്തുകാര്‍ക്ക് ഇസ്രായേൽക്കാരോട് ആദരംതോന്നിച്ചതിനാല്‍ അവര്‍ ചോദിച്ചതൊക്കെ ഈജിപ്തുകാര്‍ കൊടുത്തു. അങ്ങനെ അവര്‍ ഈജിപ്തുകാരെ കൊള്ളയടിച്ചു.

സ്രായേൽക്കാര്‍ പുറപ്പെടുന്നു


37: ഇസ്രായേൽക്കാര്‍ റംസേസില്‍നിന്നു സുക്കോത്തിലേക്കു കാല്‍നടയായി യാത്രതിരിച്ചു. അവര്‍ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം ആറുലക്ഷം പുരുഷന്മാരുണ്ടായിരുന്നു.
38: ഇതരവിഭാഗത്തില്‍പ്പെട്ട വലിയൊരു ജനസമൂഹവും അവരോടൊപ്പം പുറപ്പെട്ടു. വളരെ ആടുകളും കന്നുകാലികളും അവരോടുകൂടെയുണ്ടായിരുന്നു.
39: ഈജിപ്തില്‍നിന്നു കൊണ്ടുപോന്ന മാവു പുളിപ്പിക്കാത്തതായിരുന്നതിനാല്‍ , അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു. തിടുക്കത്തില്‍ പുറത്താക്കപ്പെട്ടതിനാല്‍ യാത്രയ്ക്കായി ആഹാരമൊരുക്കാന്‍ അവര്‍ക്കു സമയം ലഭിച്ചില്ല.
40: ഇസ്രായേൽക്കാരുടെ ഈജിപ്തിലെ വാസകാലം നാനൂറ്റിമുപ്പതു വര്‍ഷമായിരുന്നു.
41: നാനൂറ്റിമുപ്പതു വത്സരം പൂര്‍ത്തിയായ അന്നുതന്നെ കര്‍ത്താവിൻ്റെ ജനസമൂഹം മുഴുവന്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടു.
42: അവരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍വേണ്ടി കര്‍ത്താവു ജാഗ്രത്തായി വര്‍ത്തിച്ച രാത്രിയാണത്. അക്കാരണത്താല്‍, തലമുറതോറും ഇസ്രായേൽക്കാര്‍ ഉറക്കമിളച്ചിരുന്ന്, ആ രാത്രി കര്‍ത്താവിൻ്റെ ബഹുമാനാര്‍ത്ഥം ആചരിക്കണം.

പെസഹാ ആചരിക്കേണ്ട വിധം

43: കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു: പെസഹാ ആചരിക്കേണ്ട ചട്ടം ഇതാണ്. പരദേശിയായ ഒരുവനും പെസഹാ ഭക്ഷിക്കരുത്.
44: എന്നാല്‍, വിലയ്ക്കു വാങ്ങപ്പെട്ട അടിമ പരിച്ഛേദിതനെങ്കില്‍ അവനു ഭക്ഷിക്കാം.
45: പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്.
46: പാകംചെയ്ത വീട്ടില്‍വച്ചുതന്നെ പെസഹാ ഭക്ഷിക്കണം. മാംസത്തില്‍നിന്ന് അല്പംപോലും പുറത്തുകൊണ്ടു പോകരുത്. ആടിൻ്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്.
47: ഇസ്രായേല്‍സമൂഹംമുഴുവന്‍ ഇതാചരിക്കണം.
48: നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശി, കര്‍ത്താവിൻ്റെ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവൻ്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന്‍ സ്വദേശിയെപ്പോലെയാണ്. അപരിച്ഛേദിതരാരും പെസഹാ ഭക്ഷിക്കരുത്.
49: സ്വദേശിക്കും നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു നിയമമേ ഉണ്ടാകാവൂ.
50: ഇസ്രായേൽക്കാരെല്ലാവരും അപ്രകാരം പ്രവര്‍ത്തിച്ചു. കര്‍ത്താവു മോശയോടും അഹറോനോടും പറഞ്ഞതുപോലെ അവര്‍ ചെയ്തു.
51: ആദിവസംതന്നെ കര്‍ത്താവ്, ഇസ്രായേല്‍ജനത്തെ നിരനിരയായി ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ