പതിനേഴാംദിവസം: പുറപ്പാട് 5 - 8


അദ്ധ്യായം 5

ഫറവോയുടെ പ്രതികരണം

1: മോശയും അഹറോനും ഫറവോയുടെ മുമ്പില്‍ച്ചെന്നു പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു: മരുഭൂമിയില്‍വന്ന്, എൻ്റെ ബഹുമാനാര്‍ത്ഥം പൂജാമഹോത്സവം ആഘോഷിക്കാന്‍ എൻ്റെ ജനത്തെ വിട്ടയയ്ക്കുക.
2: അപ്പോള്‍, ഫറവോ ചോദിച്ചു: ആരാണീ കര്‍ത്താവ്? അവൻ്റെ വാക്കുകേട്ടു ഞാനെന്തിന് ഇസ്രായേൽക്കാരെ വിട്ടയയ്ക്കണം? ഞാൻ കര്‍ത്താവിനെയറിയുന്നില്ല, ഇസ്രായേൽക്കാരെ വിട്ടയയ്ക്കുകയുമില്ല.
3: അപ്പോള്‍, അവര്‍ പറഞ്ഞു: ഹെബ്രായരുടെ ദൈവം ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. ആകയാല്‍, മൂന്നുദിവസത്തെ യാത്രചെയ്ത്, മരുഭൂമിയില്‍ച്ചെന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളെയനുവദിക്കുക. അല്ലാത്തപക്ഷം, അവിടുന്നു മഹാമാരികൊണ്ടോ വാള്‍കൊണ്ടോ ഞങ്ങളെ ശിക്ഷിക്കും.
4: അപ്പോള്‍ ഈജിപ്തുരാജാവ് അവരോടു പറഞ്ഞു: മോശേ, അഹറോനേ, നിങ്ങള്‍ ജനത്തിൻ്റെ ജോലിക്കു മുടക്കംവരുത്തുന്നതെന്തിന്? പോയി നിങ്ങളുടെ കാര്യംനോക്കുവിന്‍.
5: അവന്‍ തുടര്‍ന്നു: നാട്ടില്‍ നിങ്ങളുടെ ജനം ഏറെയുണ്ട്. അവരുടെ ജോലിക്കു നിങ്ങള്‍ മുടക്കംവരുത്തുകയോ?
6: ഫറവോ അന്നുതന്നെ ജനത്തിൻ്റെ മേല്‍നോട്ടക്കാരോടും അവരുടെ മേലധികാരികളോടും കല്പിച്ചു:
7: ഇഷ്ടികയുണ്ടാക്കാന്‍വേണ്ട വയ്‌ക്കോല്‍ മുമ്പെന്നപോലെ ഇനി ജനത്തിനെത്തിച്ചുകൊടുക്കേണ്ടാ; അവര്‍തന്നെ പോയി ആവശ്യമുള്ള വയ്‌ക്കോല്‍ ശേഖരിക്കട്ടെ.
8: എന്നാല്‍ ഇതുവരെ ഉണ്ടാക്കിയിരുന്നത്ര ഇഷ്ടികയുണ്ടാക്കാന്‍ അവരെ നിര്‍ബ്ബന്ധിക്കുകയും വേണം. അതില്‍ കുറവുവരരുത്. അവര്‍ അലസരാണ്. അതുകൊണ്ടാണ്, ഞങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ പോകട്ടെയെന്ന് അവര്‍ മുറവിളി കൂട്ടുന്നത്.
9: അവരെക്കൊണ്ടു കൂടുതല്‍ ജോലി ചെയ്യിക്കുക. അങ്ങനെ അവര്‍ അദ്ധ്വാനിക്കുകയും വ്യാജവാക്കുകളില്‍ ശ്രദ്ധിക്കാതിരിക്കുകയുംചെയ്യട്ടെ.
10: മേല്‍നോട്ടക്കാരും മേസ്തിരികളുംചെന്നു ജനത്തോടു പറഞ്ഞു: ഇനി നിങ്ങള്‍ക്കു വയ്‌ക്കോല്‍ തരുകയില്ലെന്നു ഫറവോ പറയുന്നു.
11: നിങ്ങള്‍തന്നെ പോയി കിട്ടാവുന്നിടത്തുനിന്നെല്ലാം വയ്‌ക്കോല്‍ ശേഖരിക്കുവിന്‍. എന്നാല്‍, പണിയില്‍ യാതൊരു കുറവും വരരുത്.
12: ജനം വയ്‌ക്കോല്‍ശേഖരിക്കുന്നതിന് ഈജിപ്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി.
13: മേല്‍നോട്ടക്കാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചു: ദിവസംതോറുമുള്ള വേല, വയ്‌ക്കോല്‍ തന്നിരുന്നപ്പോള്‍ എന്നപോലെ ചെയ്തുതീര്‍ക്കുവിന്‍.
14: ഫറവോയുടെ ഉദ്യോഗസ്ഥന്മാര്‍ ജോലിയുടെ മേല്‍നോട്ടത്തിനു നിയമിച്ചിരുന്ന ഇസ്രായേൽക്കാരെ പ്രഹരിച്ചുകൊണ്ടു ചോദിച്ചു: നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിക്കൊണ്ടിരുന്നത്ര ഇഷ്ടികകള്‍ ഇന്നലെയുമിന്നും ഉണ്ടാക്കാഞ്ഞതെന്ത്?
15: ഇസ്രായേൽക്കാരായ മേല്‍നോട്ടക്കാര്‍ ഫറവോയെ സമീപിച്ച് ഇങ്ങനെ പരാതിപ്പെട്ടു: അങ്ങയുടെ ദാസന്മാരോട് എന്താണിപ്രകാരം പെരുമാറുന്നത്?
16: അങ്ങയുടെ ദാസന്മാര്‍ക്ക് അവര്‍ വയ്‌ക്കോല്‍ തരുന്നില്ല; എങ്കിലും ഇഷ്ടികയുണ്ടാക്കുവിനെന്ന് അവര്‍ കല്പിക്കുന്നു; അങ്ങയുടെ ദാസന്മാരെ പ്രഹരിക്കുന്നു. എന്നാല്‍, കുറ്റം അങ്ങയുടെ ജനത്തിന്റേതാണ്.
17: ഫറവോ മറുപടി പറഞ്ഞു: നിങ്ങള്‍ അലസരാണ്. അതുകൊണ്ടാണു കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ പോകട്ടെയെന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
18: പോയി ജോലി ചെയ്യുവിന്‍, നിങ്ങള്‍ക്കു വയ്‌ക്കോല്‍ തരുകയില്ല. എന്നാല്‍, ഇഷ്ടികയുടെ എണ്ണം കുറയുകയുമരുത്.
19: അനുദിനമുണ്ടാക്കുന്ന ഇഷ്ടികയുടെ എണ്ണത്തില്‍ കുറവുവരാന്‍പാടില്ലെന്നു കേട്ടപ്പോള്‍ ഇസ്രായേൽക്കാരായ മേലാളന്മാര്‍ ധര്‍മ്മസങ്കടത്തിലായി.
20: ഫറവോയുടെ അടുക്കല്‍നിന്നു മടങ്ങിയെത്തുമ്പോള്‍ മോശയും അഹറോനും തങ്ങളെ കാത്തുനില്ക്കുന്നത് അവര്‍ കണ്ടു.
21: അവര്‍ മോശയോടും അഹറോനോടും പറഞ്ഞു: കര്‍ത്താവു നിങ്ങളുടെ പ്രവൃത്തികണ്ടു നിങ്ങളെ വിധിക്കട്ടെ. ഫറവോയുടെയും അവൻ്റെ സേവകരുടെയും മുമ്പില്‍ നിങ്ങള്‍ ഞങ്ങളെ അവജ്ഞാപാത്രങ്ങളാക്കി. ഞങ്ങളെ വധിക്കാന്‍ നിങ്ങള്‍ അവരുടെ കൈയ്യില്‍ വാള്‍ കൊടുത്തിരിക്കുന്നു.
22: അപ്പോള്‍ മോശ കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങെന്തിനാണ് ഈ ജനത്തോടിത്ര ക്രൂരമായി പെരുമാറുന്നത്? എന്തിനാണങ്ങ് എന്നെയിങ്ങോട്ടയച്ചത്?
23: ഞാന്‍ അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ വന്നതുമുതല്‍ അവന്‍ ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്; അങ്ങ്, അങ്ങയുടെ ജനത്തെ മോചിപ്പിക്കുന്നുമില്ല.

അദ്ധ്യായം 6
മോശയെ ധൈര്യപ്പെടുത്തുന്നു

1: കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ ഫറവോയോട് എന്തുചെയ്യുമെന്നു നീ ഉടനെ കാണും. ശക്തമായ കരത്താല്‍ നിര്‍ബ്ബന്ധിതനായി അവനവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍വയ്യാത്തനില അവനു വന്നുകൂടും.
2: അവിടുന്നു തുടര്‍ന്നു: ഞാൻ കര്‍ത്താവാണ്.
3: അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും സര്‍വ്വശക്തനായ ദൈവമായി ഞാന്‍ പ്രത്യക്ഷപ്പെട്ടു; എന്നാല്‍ കര്‍ത്താവെന്ന നാമത്താല്‍ ഞാനെന്നെ അവര്‍ക്കു വെളിപ്പെടുത്തിയില്ല.
4: എങ്കിലും അവര്‍ പരദേശികളായിപ്പാര്‍ത്തിരുന്ന കാനാന്‍ദേശം അവര്‍ക്കു നല്കുമെന്ന് അവരുമായി ഞാന്‍ ഉടമ്പടിചെയ്തിരുന്നു.
5: ഈജിപ്തുകാര്‍ അടിമകളാക്കിയിരിക്കുന്ന ഇസ്രായേല്‍മക്കളുടെ ദീനരോദനം ഞാന്‍ കേട്ടു. എൻ്റെയുടമ്പടി ഞാന്‍ ഓര്‍മ്മിക്കുകയുംചെയ്തു.
6: ആകയാല്‍, ഇസ്രായേല്‍മക്കളോടു പറയുക: ഞാൻ കര്‍ത്താവാണ്. ഈജിപ്തുകാര്‍ ചുമത്തിയ ഭാരംനീക്കി, നിങ്ങളെ ഞാന്‍ മോചിപ്പിക്കും. നിങ്ങളുടെ അടിമത്തത്തില്‍നിന്നു നിങ്ങളെ സ്വതന്ത്രരാക്കും. കൈയുയര്‍ത്തി അവരെ കഠിനമായി ശിക്ഷിച്ച്, നിങ്ങളെ വീണ്ടെടുക്കും.
7: ഞാന്‍ നിങ്ങളെ എൻ്റെ ജനമായി സ്വീകരിക്കും; നിങ്ങളുടെ ദൈവമായിരിക്കുകയുംചെയ്യും. ഈജിപ്തുകാരുടെ ദാസ്യത്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ച ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവെന്നു നിങ്ങളറിയും.
8: അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനംചെയ്ത ദേശത്തേക്കു നിങ്ങളെ ഞാന്‍ നയിക്കും; അതു നിങ്ങള്‍ക്ക് അവകാശമായിത്തരുകയും ചെയ്യും.
9: ഞാൻ കര്‍ത്താവാണ്. ഇസ്രായേല്‍മക്കളോടു മോശ ഇപ്രകാരം പറഞ്ഞെങ്കിലും അവരുടെ മനോവ്യഥയും ക്രൂരമായ അടിമത്തവുംനിമിത്തം അവരവന്റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല.
10: കര്‍ത്താവു മോശയോടു കല്പിച്ചു:
11: നീ പോയി ഈജിപ്തിലെ രാജാവായ ഫറവോയോട് ഇസ്രായേല്‍മക്കളെ വിട്ടയയ്ക്കാന്‍ പറയുക.
12: മോശ കര്‍ത്താവിനോടു പറഞ്ഞു: ഇസ്രായേല്‍മക്കള്‍പോലും ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. പിന്നെ ഫറവോ കേള്‍ക്കുമോ? പോരെങ്കില്‍ ഞാന്‍ സംസാരിക്കാൻ കഴിവില്ലാത്തവനുമാണ്.
13: കര്‍ത്താവു മോശയോടും അഹറോനോടും കല്പിച്ചു: ഇസ്രായേൽക്കാരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നുവെന്ന് ഇസ്രായേല്‍മക്കളോടും ഈജിപ്തുരാജാവായ ഫറവോയോടും പറയുക.

വംശാവലി

14: മോശയുടെയും അഹറോൻ്റെയും പിതൃഗോത്രങ്ങളുടെ തലവന്മാര്‍ ഇവരാകുന്നു: ഇസ്രായേലിൻ്റെ ആദ്യജാതനായ റൂബൻ്റെ പുത്രന്മാര്‍: ഹനോക്ക്, പല്ലു, ഹെസ്രോന്‍, കര്‍മ്മി ഇവരാകുന്നു റൂബന്‍ഗോത്രത്തിലെ തലവന്മാര്‍.
15: ശിമയോൻ്റെ പുത്രന്മാര്‍: യെമുവേല്‍, യാമീന്‍, ഓഹദ്, യാക്കീന്‍, സോഹാര്‍, കാനാന്‍കാരിയില്‍നിന്നുള്ള ഷാവൂല്‍. ഇവരാകുന്നു ശിമയോൻ്റെ ഗോത്രത്തിലെ കുലത്തലവന്മാര്‍.
16: കുലങ്ങളനുസരിച്ചു ലേവിയുടെ പുത്രന്മാരുടെ പേരുകള്‍: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി. ലേവിയുടെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു.
17: ഗര്‍ഷോൻ്റെ പുത്രന്മാര്‍: ലിബ്‌നി, ഷിമെയി എന്നിവരും അവരുടെ കുടുംബങ്ങളും. കൊഹാത്തിൻ്റെ പുത്രന്മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസ്സിയേല്‍.
18: കൊഹാത്തിൻ്റെ ജീവിതകാലം നൂറ്റിമുപ്പത്തിമൂന്നു വര്‍ഷമായിരുന്നു.
19: മെറാറിയുടെ പുത്രന്മാര്‍: മഹ്‌ലി, മൂഷി. തലമുറയനുസരിച്ചു ലേവിയുടെ കുടുംബങ്ങള്‍ ഇവയാണ്.
20: അമ്രാം തൻ്റെ പിതൃസഹോദരിയായ യോക്കെബെദിനെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവനു അഹറോന്‍, മോശ എന്നിവര്‍ ജനിക്കുകയും ചെയ്തു. അമ്രാമിന്റെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. ഇസ്ഹാറിന്റെ പുത്രന്മാര്‍: കോറഹ്, നെഫെഗ്, സിക്രി.
21: ഉസ്സിയേലിൻ്റെ പുത്രന്മാര്‍:
22: മിഷായേല്‍, എല്‍സാഫാന്‍, സിത്രി.
23: അഹറോന്‍, അമ്മീനാദാബിൻ്റെ മകളും നഹ്‌ഷോൻ്റെ സഹോദരിയുമായ എലിഷേബായെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവന് നാദാബ്, അബീഹു, എലെയാസര്‍, ഇത്താമാര്‍ എന്നീ പുത്രന്മാര്‍ ജനിക്കുകയുംചെയ്തു.
24: കോറഹിൻ്റെ പുത്രന്മാര്‍: അസ്സീര്‍, എല്ക്കാനാ, അബിയാസാഫ്. ഇവരാണു കോറഹ് വംശജര്‍.
25: അഹറോൻ്റെ പുത്രനായ എലെയാസര്‍ പുത്തിയേലിൻ്റെ പുത്രിയെ ഭാര്യയായി സ്വീകരിക്കുകയും അവളിലവനു ഫിനെഹാസ് എന്ന പുത്രന്‍ ജനിക്കുകയും ചെയ്തു. ഇവരാണ് ലേവിഗോത്രത്തിലെ കുലത്തലവന്മാര്‍.
26: ഈജിപ്തു രാജ്യത്തുനിന്ന് ഇസ്രായേൽക്കാരെ സംഘംസംഘമായി പുറത്തുകൊണ്ടുവരുകയെന്നു കര്‍ത്താവു കല്പിച്ചത് ഈ അഹറോനോടും മോശയോടുമാണ്.
27: ഇസ്രായേൽക്കാരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍വേണ്ടി ഈജിപ്തിലെ രാജാവായ ഫറവോയോടു സംസാരിച്ചതിവരാണ്.
28: ഈജിപ്തില്‍വച്ചു കര്‍ത്താവു മോശയോടു സംസാരിച്ച ദിവസം
29: അവിടുന്ന്, ഇപ്രകാരമരുളിച്ചെയ്തു: ഞാൻ കര്‍ത്താവാണ്. ഞാന്‍ നിന്നോടു കല്പിക്കുന്നതെല്ലാം ഈജിപ്തിലെ രാജാവായ ഫറവോയോടു നീ പറയുക.
30: മോശ കര്‍ത്താവിനോടു പറഞ്ഞു: സംസാരിക്കാൻ കഴിവില്ലാത്തവനാണു ഞാന്‍. ഫറവോ എൻ്റെ വാക്കുകള്‍ ശ്രദ്ധിക്കുമോ?

അദ്ധ്യായം 7

ഫറവോയുടെ മുമ്പില്‍

1: കര്‍ത്താവു മോശയോടു പറഞ്ഞു: ഇതാ ഞാന്‍ ഫറവോയ്ക്കു നിന്നെ ദൈവത്തെപ്പോലെയാക്കിയിരിക്കുന്നു. നിൻ്റെ സഹോദരനായ അഹറോന്‍, നിൻ്റെ പ്രവാചകനായിരിക്കും.
2: ഞാന്‍ നിന്നോടു കല്പിക്കുന്നതെല്ലാം നീ അഹറോനോടു പറയണം. ഫറവോ തൻ്റെ രാജ്യത്തുനിന്ന് ഇസ്രായേൽക്കാരെ വിട്ടയയ്ക്കാന്‍വേണ്ടി നിൻ്റെ സഹോദരന്‍ അഹറോന്‍ അവനോടു സംസാരിക്കട്ടെ.
3: ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും; ഈജിപ്തുരാജ്യത്തു വളരെയേറെ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കും.
4: എങ്കിലും ഫറവോ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. എന്നാല്‍, ഞാന്‍ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച്, എൻ്റെ സൈന്യവും ജനവുമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരും.
5: ഞാന്‍ ഈജിപ്തിനെതിരേ കൈനീട്ടി ഇസ്രായേല്‍മക്കളെ അവരുടെയിടയില്‍നിന്നു മോചിപ്പിച്ചുകഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും.
6: മോശയും അഹറോനും കര്‍ത്താവു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു.
7: അവര്‍ ഫറവോയോടു സംസാരിക്കുമ്പോള്‍ മോശയ്ക്ക് എണ്‍പതും അഹറോന് എണ്‍പത്തിമൂന്നും വയസ്സായിരുന്നു.

വടി സര്‍പ്പമായി മാറുന്നു

8: കര്‍ത്താവു മോശയോടും അഹറോനോടും പറഞ്ഞു:
9: ഫറവോ നിങ്ങളോട് ഒരടയാളമാവശ്യപ്പെടുന്നപക്ഷം നീ അഹറോനോടു നിൻ്റെ വടിയെടുത്തു ഫറവോയുടെ മുമ്പിലിടുകയെന്നു പറയണം.
10: അതു സര്‍പ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്നു കര്‍ത്താവു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അഹറോന്‍ വടി ഫറവോയുടെയും സേവകരുടെയും മുമ്പിലിട്ടു.
11: അതു സര്‍പ്പമായി, അപ്പോള്‍ ഫറവോ വിജ്ഞന്മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലെ മന്ത്രവാദികളും അപ്രകാരം ചെയ്തു.
12: അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, അഹറോൻ്റെ വടി, അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
13: കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി; അവനവരുടെ വാക്കുകേട്ടില്ല.

ജലം രക്തമായി മാറുന്നു

14: കര്‍ത്താവു മോശയോടു പറഞ്ഞു: ഫറവോ കഠിനഹൃദയനായിത്തീര്‍ന്നിരിക്കുന്നു. അവന്‍ ജനത്തെ വിട്ടയയ്ക്കാന്‍ വിസമ്മതിക്കുന്നു.
15: രാവിലെ നീ ഫറവോയുടെ അടുത്തേക്കുപോകുക. അവന്‍ നദിയിലേക്കിറങ്ങിവരുമ്പോള്‍ നീ നദീതീരത്ത് അവനെ കാത്തുനില്ക്കണം; സര്‍പ്പമായിമാറിയ വടിയും കൈയ്യിലെടുത്തുകൊള്ളുക.
16: നീയവനോടു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവ്, എന്നെ നിൻ്റെയടുത്തേക്കയച്ചത്, മരുഭൂമിയില്‍ എന്നെ ആരാധിക്കാന്‍ എൻ്റെ ജനത്തെ അയയ്ക്കുകയെന്ന് ആവശ്യപ്പെടാനാണ്. എന്നാല്‍, നീ ഇതുവരെ അതനുസരിച്ചില്ല.
17: കര്‍ത്താവു പറയുന്നു: ഞാനാണു കര്‍ത്താവെന്ന് ഇതിനാല്‍ നീ മനസ്സിലാക്കും. ഇതാ എന്റെ കൈയ്യിലുള്ള വടികൊണ്ടു ഞാന്‍ നൈലിലെ ജലത്തിന്മേലടിക്കും.
18: ജലം രക്തമയമായി മാറും. നദിയിലെ മത്സ്യങ്ങള്‍ ചത്തുപോകും; നദി ദുര്‍ഗ്ഗന്ധം വമിക്കും. നദിയില്‍നിന്നു വെള്ളംകുടിക്കാന്‍ ഈജിപ്തുകാര്‍ക്കു കഴിയാതെവരും.
19: കര്‍ത്താവു മോശയോടാജ്ഞാപിച്ചു: അഹറോനോടു പറയുക, നീ വടി കൈയ്യിലെടുത്ത്, നിൻ്റെ കൈ ഈജിപ്തിലെ ജലത്തിന്മേല്‍, അവിടത്തെ നദികളുടെയും അരുവികളുടെയും, കയങ്ങളുടെയും കുളങ്ങളുടെയും മേല്‍നീട്ടുക. ജലം രക്തമായി മാറും. ഈജിപ്തിലെങ്ങും, മരപ്പാത്രങ്ങളിലും, കല്‍പ്പാത്രങ്ങളില്‍പ്പോലും രക്തം കാണപ്പെടും.
20: കര്‍ത്താവു കല്പിച്ചതുപോലെ മോശയും അഹറോനും പ്രവര്‍ത്തിച്ചു. ഫറവോയുടെയും അവൻ്റെ സേവകരുടെയും മുമ്പില്‍വച്ച് അവന്‍ വടിയുയര്‍ത്തി, നദീജലത്തിന്മേല്‍ അടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്തമായി മാറി.
21: നദിയിലെ മത്സ്യമെല്ലാം ചത്തൊടുങ്ങി. നദി, ദുര്‍ഗ്ഗന്ധം വമിച്ചു; ഈജിപ്തുകാര്‍ക്കു നദിയില്‍നിന്നു വെള്ളം കുടിക്കാൻ കഴിഞ്ഞില്ല; ഈജിപ്തിലെങ്ങും രക്തം കാണപ്പെട്ടു.
22: ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരംചെയ്തു. കര്‍ത്താവു പറഞ്ഞതുപോലെ, ഫറവോ കൂടുതല്‍ കഠിനഹൃദയനായി; അവന്‍ അവരുടെ വാക്കു കേട്ടുമില്ല.
23: ഫറവോ തൻ്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ഇക്കാര്യം, അവന്‍ ഗൗനിച്ചില്ല.
24: നദീജലം കുടിക്കുക അസാദ്ധ്യമായിത്തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ കുടിക്കാന്‍ വെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി.
25: കര്‍ത്താവു നദിയെ പ്രഹരിച്ചിട്ട് ഏഴുദിവസം കഴിഞ്ഞു.


അദ്ധ്യായം 8

തവളകള്‍ വ്യാപിക്കുന്നു

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക: കര്‍ത്താവു കല്പിക്കുന്നു: എന്നെ ആരാധിക്കാനായി എൻ്റെ ജനത്തെ വിട്ടയയ്ക്കുക.
2: അവരെ വിട്ടയയ്ക്കാന്‍ നീ വിസമ്മതിച്ചാല്‍ തവളകളെയയച്ച്, ഞാന്‍ നിൻ്റെ രാജ്യത്തെ പീഡിപ്പിക്കും.
3: നദിയില്‍ തവളകള്‍ പെരുകും. നിൻ്റെ മന്ദിരത്തിലും ശയനമുറിയിലും കിടക്കയിലും നിൻ്റെ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും അടുപ്പുകളിലും മാവുകുഴയ്ക്കുന്ന പാത്രങ്ങളിലും അവ കയറിപ്പറ്റും.
4: നിൻ്റെയും ജനത്തിൻ്റെയും സേവകരുടെയുംമേല്‍ അവ പറന്നുകയറും.
5: കര്‍ത്താവു മോശയോടു കല്പിച്ചു: അഹറോനോടു പറയുക, നിൻ്റെ വടി കൈയ്യിലെടുത്ത്, നദികളുടെയും തോടുകളുടെയും കുളങ്ങളുടെയുംമേല്‍ നീട്ടി, ഈജിപ്തു മുഴുവന്‍ തവളകളെക്കൊണ്ടു നിറയ്ക്കുക.
6: അഹറോന്‍ ഈജിപ്തിലെ ജലാശയങ്ങളുടെമേല്‍ കൈനീട്ടി; തവളകളെക്കൊണ്ട് ഈജിപ്തുദേശം മുഴുവന്‍ നിറഞ്ഞു.
7: മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലേക്കു തവളകളെ വരുത്തി.
8: അനന്തരം, ഫറവോ, മോശയെയും അഹറോനെയും വിളിച്ചുവരുത്തി പറഞ്ഞു: എന്നില്‍നിന്നും എൻ്റെ ജനത്തില്‍നിന്നും തവളകളെ അകറ്റിക്കളയുന്നതിനു കര്‍ത്താവിനോടു നിങ്ങളപേക്ഷിക്കുവിന്‍; കര്‍ത്താവിനു ബലിയര്‍പ്പിക്കാനായി ജനത്തെ ഞാന്‍ വിട്ടയയ്ക്കാം.
9: മോശ ഫറവോയോടു പറഞ്ഞു: തവളകളെ നിന്നില്‍നിന്നും നിങ്ങളുടെ ഭവനങ്ങളില്‍നിന്നും അകറ്റി, നദിയില്‍മാത്രം ഒതുക്കി നിറുത്തുന്നതിനായി നിനക്കും സേവകര്‍ക്കും ജനത്തിനുംവേണ്ടി ഞാനെപ്പോഴാണു പ്രാര്‍ത്ഥിക്കേണ്ടതെന്നറിയിക്കുക. 
 10: ഫറവോ പറഞ്ഞു: നാളെ. മോശ തുടര്‍ന്നു: അങ്ങനെയാകട്ടെ. ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും.
11: തവളകള്‍ നിന്നില്‍നിന്നും വീടുകളില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍നിന്നുമകന്നു നദിയില്‍മാത്രം ഒതുങ്ങിനില്ക്കും.
12: മോശയും അഹറോനും ഫറവോയുടെ അടുത്തുനിന്നു പോയി. തവളകളെക്കുറിച്ചു താന്‍ ഫറവോയോടു പറഞ്ഞതുപോലെ മോശ, കര്‍ത്താവിനോടപേക്ഷിച്ചു.
13: മോശ അപേക്ഷിച്ചതുപോലെ കര്‍ത്താവു പ്രവര്‍ത്തിച്ചു. വീടുകളിലും അങ്കണങ്ങളിലും വയലുകളിലുമുണ്ടായിരുന്ന തവളകള്‍ ചത്തൊടുങ്ങി.
14: അവരവയെ വലിയ കൂനകളായി കൂട്ടി. നാട്ടില്‍ ദുര്‍ഗ്ഗന്ധം വ്യാപിച്ചു.
15: സ്വൈരം ലഭിച്ചെന്നുകണ്ടപ്പോള്‍ കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അവനവരുടെ വാക്കു ശ്രദ്ധിച്ചില്ല.

പേന്‍ പെരുകുന്നു

16: കര്‍ത്താവു മോശയോടു പറഞ്ഞു: നീ അഹറോനോടു പറയുക: നിൻ്റെ വടികൊണ്ടു നിലത്തെ പൂഴിയില്‍ അടിക്കുക. അപ്പോള്‍ അതു പേനായിത്തീര്‍ന്ന് ഈജിപ്തു മുഴുവന്‍ വ്യാപിക്കും.
17: അവനപ്രകാരം ചെയ്തു; അഹറോന്‍ വടിയെടുത്ത്, കൈനീട്ടി നിലത്തെ പൂഴിയിലടിച്ചു. ഉടനെ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പേന്‍ നിറഞ്ഞു. ഈജിപ്തിലെ പൂഴിമുഴുവന്‍ പേനായിത്തീര്‍ന്നു.
18: മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ പേന്‍ പുറപ്പെടുവിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സാധിച്ചില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പേന്‍ നിറഞ്ഞുനിന്നു.
19: അപ്പോള്‍ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: ഇവിടെ ദൈവകരം പ്രവര്‍ത്തിക്കുന്നു. എങ്കിലും കര്‍ത്താവു മുന്‍കൂട്ടി അറിയിച്ചതുപോലെ ഫറവോ കഠിനഹൃദയനായി നിലകൊണ്ടു. അവനവരുടെ വാക്കു ശ്രദ്ധിച്ചില്ല.

ഈച്ചകള്‍ വര്‍ദ്ധിക്കുന്നു

20: കര്‍ത്താവു മോശയോടരുളിച്ചെയ്തു: നീ അതിരാവിലെയെഴുന്നേറ്റ്, ഫറവോ നദിയിലേക്കു വരുമ്പോള്‍ അവൻ്റെ വഴിയില്‍ കാത്തുനിന്ന് അവനോടു പറയണം: കര്‍ത്താവിപ്രകാരം പറയുന്നു: എന്നെ ആരാധിക്കാനായി എൻ്റെ ജനത്തെ വിട്ടയയ്ക്കുക.
21: എൻ്റെ ജനത്തെ വിട്ടയയ്ക്കാത്തപക്ഷം, നിൻ്റെയും സേവകരുടെയും ജനത്തിൻ്റെയുംമേല്‍ ഞാന്‍ ഈച്ചകളെ അയയ്ക്കും. അങ്ങനെ ഈജിപ്തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും. അവര്‍ നില്ക്കുന്ന സ്ഥലംപോലും ഈച്ചക്കൂട്ടങ്ങള്‍ പൊതിയും.
22: എന്നാല്‍, എൻ്റെ ജനം വസിക്കുന്ന ഗോഷെന്‍ പ്രദേശത്തെ ഞാന്‍ ഒഴിച്ചുനിറുത്തും; അവിടെ ഈച്ചകളുണ്ടായിരിക്കയില്ല. അങ്ങനെ ഭൂമിയില്‍ ഞാനാണു കര്‍ത്താവെന്നു നീ ഗ്രഹിക്കും.
23: എൻ്റെ ജനത്തെ, നിൻ്റെ ജനത്തില്‍നിന്നു ഞാന്‍ വേര്‍തിരിക്കും. ഈ അടയാളം നാളെത്തന്നെ കാണപ്പെടും.
24: കര്‍ത്താവ്, അപ്രകാരം പ്രവര്‍ത്തിച്ചു. ഫറവോയുടെയും സേവകരുടെയും ഭവനങ്ങള്‍മാത്രമല്ല ഈജിപ്തുരാജ്യം മുഴുവന്‍ ഈച്ചകളുടെ കൂട്ടംകൊണ്ടു നിറഞ്ഞു. ഈച്ചകള്‍മൂലം നാടു നശിച്ചുതുടങ്ങി.
25: അപ്പോള്‍ ഫറവോ മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍പോയി ഈ രാജ്യത്തിനുള്ളില്‍ എവിടെയെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിച്ചുകൊള്ളുവിന്‍.
26: മോശ പറഞ്ഞു: അങ്ങനെ ചെയ്യുന്നതു ശരിയല്ല. കാരണം, ഈജിപ്തുകാര്‍ക്ക് അരോചകമായ വസ്തുക്കളാണു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങള്‍ ബലിയര്‍പ്പിക്കുന്നത്. തങ്ങള്‍ക്കരോചകമായ വസ്തുക്കള്‍ അവര്‍ കാണ്‍കെ ബലിയര്‍പ്പിക്കുകയാണെങ്കില്‍ അവര്‍ ഞങ്ങളെ കല്ലെറിയുകയില്ലേ?
27: കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, ഞങ്ങള്‍ മൂന്നുദിവസത്തെ യാത്രചെയ്തു മരുഭൂമിയില്‍വച്ചു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കട്ടെ.
28: അപ്പോള്‍ ഫറവോ പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിനു മരുഭൂമിയില്‍ ബലിയര്‍പ്പിക്കാന്‍ ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. എന്നാല്‍, നിങ്ങള്‍ വളരെയകലെ പോകരുത്. എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും വേണം.
29: മോശ ഫറവോയോടു പറഞ്ഞു: ഞാന്‍ ഉടനെ നിന്നെവിട്ടു പോകയാണ്. ഫറവോയില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍നിന്നും ഈച്ചകള്‍ നാളെത്തന്നെ അകന്നുപോകണമെന്നു ഞാൻ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കും. കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍വേണ്ടി ജനങ്ങളെ വിട്ടയയ്ക്കാതെ വീണ്ടും വഞ്ചനാപരമായി പെരുമാറാതിരുന്നാല്‍ മതി.
30: മോശ ഫറവോയുടെ അടുക്കല്‍നിന്നു പോയി, കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
31: കര്‍ത്താവു മോശയുടെ അപേക്ഷയനുസരിച്ചു പ്രവര്‍ത്തിച്ചു. ഫറവോയില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍നിന്നും ഈച്ചകളെയകറ്റി; ഒന്നുപോലും അവശേഷിച്ചില്ല.
32: എന്നാല്‍, ഫറവോ ഇപ്രാവശ്യവും ഹൃദയം കഠിനമാക്കി; അവന്‍ ജനത്തെ വിട്ടയച്ചില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ