ഇരുപത്തിയേഴാംദിവസം: പുറപ്പാട് 37 - 40


അദ്ധ്യായം 37

സാക്ഷ്യപേടകം

1: ബസാലേല്‍ കരുവേലത്തടികൊണ്ടു പേടകമുണ്ടാക്കി. അതിൻ്റെ നീളം രണ്ടരമുഴമായിരുന്നു; വീതിയും ഉയരവും ഒന്നരമുഴംവീതവും.
2: തനിസ്വര്‍ണ്ണംകൊണ്ട്, അതിൻ്റെ അകവും പുറവും പൊതിഞ്ഞു. അതിനുചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള ഒരരികുപാളി പിടിപ്പിച്ചു.
3: നാലു സ്വര്‍ണ്ണവളയങ്ങളുണ്ടാക്കി, നാലുമൂലകളില്‍ ഘടിപ്പിച്ചു; ഒരുവശത്തു രണ്ടും മറുവശത്തു രണ്ടും.
4: അവന്‍ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
5: പേടകം വഹിക്കുന്നതിന്, അതിൻ്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി.
6: തനിസ്വര്‍ണ്ണംകൊണ്ടു കൃപാസനം നിര്‍മ്മിച്ചു. അതിൻ്റെ നീളം രണ്ടരമുഴവും വീതി ഒന്നരമുഴവുമായിരുന്നു.
7: കൃപാസനത്തിൻ്റെ രണ്ടഗ്രങ്ങളില്‍ സ്ഥാപിക്കാന്‍ സ്വര്‍ണ്ണത്തകിടുകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മ്മിച്ചു.
8: രണ്ടഗ്രങ്ങളിലും ഒന്നുവീതം കൃപാസനത്തോട് ഒന്നായിച്ചേര്‍ത്താണ് അവയെ നിര്‍മ്മിച്ചത്.
9: കെരൂബുകള്‍ മുകളിലേക്കു ചിറകുകള്‍വിരിച്ച്, കൃപാസനത്തെ മൂടിയിരുന്നു. കൃപാസനത്തിലേക്കു തിരിഞ്ഞ് അവ മുഖാഭിമുഖം നിലകൊണ്ടു.

തിരുസാന്നിദ്ധ്യ അപ്പത്തിൻ്റെ മേശ

10: കരുവേലത്തടികൊണ്ട് അവന്‍ മേശയുണ്ടാക്കി. അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം ഉയരവുമുണ്ടായിരുന്നു.
11: തനിസ്വര്‍ണ്ണംകൊണ്ട്, അതു പൊതിയുകയും മുകള്‍ഭാഗത്തു ചുറ്റിലും സ്വര്‍ണ്ണംകൊണ്ട് അരികുപാളി പിടിപ്പിക്കുകയും ചെയ്തു.
12: അതിനുചുറ്റും കൈപ്പത്തിയുടെ വീതിയില്‍ ഒരു ചട്ടവും ചട്ടത്തിനുചുറ്റും സ്വര്‍ണ്ണംകൊണ്ട് അരികുപാളിയും പിടിപ്പിച്ചു.
13: അവന്‍ നാലുസ്വര്‍ണ്ണവളയങ്ങള്‍ നിര്‍മ്മിച്ച്, അവ മേശയുടെ നാലുകാലുകളില്‍ ഘടിപ്പിച്ചു.
14: മേശ വഹിക്കാനുള്ള തണ്ടുകള്‍ കടത്തിയിരുന്ന വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നതായിരുന്നു.
15: ഈ തണ്ടുകള്‍ അവന്‍ കരുവേലത്തടികൊണ്ടുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
16: മേശപ്പുറത്തേക്കുള്ള ഉപകരണങ്ങള്‍ - താലങ്ങള്‍, തട്ടങ്ങള്‍, കലശങ്ങള്‍, പാനീയബലിക്കുള്ള ചഷകങ്ങള്‍ എന്നിവ - തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചു.

വിളക്കുകാല്‍

17: തനിസ്വര്‍ണ്ണംകൊണ്ടു വിളക്കുകാലുണ്ടാക്കി. അതിൻ്റെ അടിത്തട്ട്, തണ്ട്, ചഷകങ്ങള്‍, മുകുളങ്ങള്‍, പുഷ്പങ്ങള്‍ എന്നിവ ഒരേ സ്വര്‍ണ്ണത്തകിടിലാണു പണിതത്.
18: വിളക്കുകാലിന്, ഓരോ വശത്തും മൂന്നുവീതം, രണ്ടുവശങ്ങളിലായി ആറുശാഖകളുണ്ടായിരുന്നു.
19: വിളക്കുകാലിൻ്റെ ആറുശാഖകളിലോരോന്നിലും ബദാംപൂവിൻ്റെ ആകൃതിയിലുളളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടുംകൂടിയതുമായ മൂന്നു ചഷകങ്ങള്‍വീതമുണ്ടായിരുന്നു.
20: വിളക്കുകാലിൻ്റെ തണ്ടിന്മേല്‍ ബദാംപൂവിൻ്റെ ആകൃതിയിലുള്ളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ നാലുചഷകങ്ങളുണ്ടായിരുന്നു.
21: വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ഓരോജോടി ശാഖകളുടെയും ചുവട്ടില്‍ വിളക്കുകാലിൻ്റെ തണ്ടിനോടൊന്നായിച്ചേര്‍ന്ന്, ഒരു മുകുളംവീതമുണ്ടായിരുന്നു.
22: മുകുളങ്ങളും ശാഖകളും വിളക്കുകാലിനോടൊന്നായിച്ചേര്‍ന്നിരുന്നു. എല്ലാം തനിസ്വര്‍ണ്ണത്തകിടുകൊണ്ടു പണിതതായിരുന്നു.
23: അവന്‍ അതിൻ്റെ ഏഴു വിളക്കുകളും തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചു.
24: വിളക്കുകാലും അതിൻ്റെ എല്ലാ ഉപകരണങ്ങളും ഒരു താലന്ത് തനിസ്വര്‍ണ്ണംകൊണ്ടാണു നിര്‍മ്മിച്ചത്.

ധൂപപീഠം

25: കരുവേലത്തടികൊണ്ട് അവനൊരു ധൂപപീഠം പണിതു. അത്, ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ള സമചതുരമായിരുന്നു; ഉയരം രണ്ടുമുഴം. അതിൻ്റെ കൊമ്പുകള്‍, അതിനോടൊന്നായിച്ചേര്‍ന്നിരുന്നു.
26: തനിസ്വര്‍ണ്ണംകൊണ്ട്, അവനതിൻ്റെ മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും പൊതിഞ്ഞു. അതിനു മുകള്‍വശത്തായി ചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളി പിടിപ്പിച്ചു.
27: അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ കടത്തുന്നതിന്, അരികുപാളിയുടെ താഴെ, മൂലകളിലായി ഒരുവശത്തു രണ്ടും മറുവശത്തു രണ്ടും സ്വര്‍ണ്ണവളയങ്ങള്‍ ഘടിപ്പിച്ചു.
28: കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
29: സുഗന്ധതൈലങ്ങള്‍ നിര്‍മ്മിക്കുന്ന വിദഗ്ദ്ധനെപ്പോലെ അവന്‍ വിശുദ്ധമായ അഭിഷേകതൈലവും ധൂപത്തിനുള്ള പരിമളവസ്തുക്കളും സജ്ജീകരിച്ചു.

അദ്ധ്യായം 38

ദഹനബലിപീഠം

1: ബസാലേല്‍ കരുവേലത്തടികൊണ്ടു ദഹനബലിപീഠം നിര്‍മ്മിച്ചു. അത് അഞ്ചുമുഴം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; അതിൻ്റെ ഉയരം മൂന്നു മുഴവും.
2: അതിൻ്റെ നാലുമൂലകളിലും അതിനോടൊന്നായിച്ചേര്‍ത്തു നാലുകൊമ്പുകള്‍ നിര്‍മ്മിച്ച്, ഓടുകൊണ്ടു പൊതിഞ്ഞു.
3: ബലിപീഠത്തിൻ്റെ ഉപകരണങ്ങളെല്ലാം - പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്നികലശങ്ങള്‍ എന്നിവ - ഓടുകൊണ്ടു നിര്‍മ്മിച്ചു.
4: അവന്‍ ബലിപീഠത്തിൻ്റെ മുകളിലെ അരികുപാളിക്കുകീഴില്‍ ബലിപീഠത്തിന്റെ മദ്ധ്യഭാഗംവരെ ഇറങ്ങിനില്ക്കുന്ന ഒരു ചട്ടക്കൂട് ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച്, വലയുടെ രൂപത്തില്‍ നിര്‍മ്മിച്ചു.
5: തണ്ടുകള്‍ കടത്തുന്നതിന്, ഓടുകൊണ്ടുള്ള ചട്ടക്കൂടിൻ്റെ നാലുമൂലകളില്‍ നാലുവളയങ്ങള്‍ ഘടിപ്പിച്ചു.
6: അവന്‍ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി ഓടുകൊണ്ടു പൊതിഞ്ഞു.
7: ബലിപീഠം വഹിച്ചുകൊണ്ടുപോകുന്നതിന്, അതിൻ്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. ബലിപീഠം പലകകള്‍കൊണ്ടാണു നിര്‍മ്മിച്ചത്; അതിൻ്റെ അകം പൊള്ളയായിരുന്നു.
8: സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ ശുശ്രൂഷചെയ്തിരുന്ന സ്ത്രീകളുടെ ഓട്ടുകണ്ണാടിയുപയോഗിച്ച്, ക്ഷാളനപാത്രവും അതിൻ്റെ പീഠവും നിര്‍മ്മിച്ചു.

കൂടാരാങ്കണം

9: അവന്‍ അങ്കണവും നിര്‍മ്മിച്ചു. അതിൻ്റെ തെക്കുവശത്തെ മറ, നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണികൊണ്ടുള്ളതും നൂറുമുഴം നീളമുള്ളതുമായിരുന്നു.
10: അതിന് ഇരുപതുതൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടു നിര്‍മ്മിച്ചവയായിരുന്നു.
11: വടക്കുവശത്തെ മറ, നൂറുമുഴം നീളമുള്ളതായിരുന്നു. അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുള്ളവയായിരുന്നു.
12: പടിഞ്ഞാറുവശത്തെ മറയ്ക്ക് അമ്പതുമുഴം നീളമുണ്ടായിരുന്നു. അതിനു പത്തുതൂണുകളും അവയ്ക്ക് പത്ത് പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെളളികൊണ്ടുള്ളവയായിരുന്നു.
13: കിഴക്കുവശത്ത് അമ്പതു മുഴം.
14: അങ്കണകവാടത്തിൻ്റെ ഒരുവശത്തെ മറകള്‍ക്കു പതിനഞ്ചുമുഴം നീളമുണ്ടായിരുന്നു. അവയ്ക്ക് മൂന്നു തൂണുകളും തൂണുകള്‍ക്കു മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.
15: അങ്കണകവാടത്തിൻ്റെ മറുവശത്തും അപ്രകാരംതന്നെ പതിനഞ്ചുമുഴം നീളത്തില്‍ മറയും അവയ്ക്കു മൂന്നുതൂണുകളും തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.
16: അങ്കണത്തെച്ചുറ്റിയുള്ള മറകളെല്ലാം നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണികൊണ്ടുള്ളതായിരുന്നു.
17: തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടും അവയുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുമുള്ളതായിരുന്നു. അവയുടെ ശീര്‍ഷങ്ങള്‍ വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു. അങ്കണത്തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളുണ്ടായിരുന്നു.
18: അങ്കണവാതിലിൻ്റെ യവനിക, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീവര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയുപയോഗിച്ചുള്ള ചിത്രത്തുന്നല്‍കൊണ്ട് അലംകൃതമായിരുന്നു. അത് അങ്കണത്തിൻ്റെ മറകള്‍ക്കനുസൃതമായി ഇരുപതുമുഴം നീളവും അഞ്ചുമുഴം വീതിയുമുള്ളതായിരുന്നു.
19: അതിനു നാലുതൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള നാലുപാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകള്‍ക്കു വെള്ളികൊണ്ടുള്ള കൊളുത്തുകളും വെള്ളിപൊതിഞ്ഞ ശീര്‍ഷങ്ങളും വെള്ളിപ്പട്ടകളുമുണ്ടായിരുന്നു.
20: കൂടാരത്തിൻ്റെയും ചുറ്റുമുള്ള അങ്കണത്തിൻ്റെയും കുറ്റികളെല്ലാം ഓടുകൊണ്ടുള്ളവയായിരുന്നു.

ഉപയോഗിച്ച ലോഹം

21: സാക്ഷ്യകൂടാരം നിര്‍മ്മിക്കാനുപയോഗിച്ച വസ്തുക്കളുടെ കണക്കുകാണിക്കുന്ന പട്ടികയാണിത്. മോശയുടെ കല്പനയനുസരിച്ചു പുരോഹിതനായ അഹറോൻ്റെ പുത്രന്‍ ഇത്താമറിൻ്റെ നേതൃത്വത്തില്‍ ലേവ്യരാണ്, ഇതു തയ്യാറാക്കിയത്.
22: യൂദാഗോത്രത്തില്‍പ്പട്ട ഹൂറിൻ്റെ പുത്രന്‍ ഊറിയുടെ മകനായ ബസാലേല്‍, കര്‍ത്താവു മോശയോടു കല്പിച്ചവയെല്ലാം നിര്‍മ്മിച്ചു.
23: ദാന്‍ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിൻ്റെ പുത്രന്‍ ഒഹോലിയാബ് അവനു സഹായത്തിനുണ്ടായിരുന്നു. ഒഹോലിയാബ് കൊത്തുപണിക്കാരനും ശില്പവിദഗ്ദ്ധനും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണിയുമുപയോഗിച്ചു ചിത്രത്തുന്നല്‍നടത്തുന്നവനുമായിരുന്നു.
24: വിശുദ്ധകൂടാരത്തിൻ്റെ എല്ലാ പണികള്‍ക്കുമായി ചെലവാക്കിയ കാണിക്കസ്വര്‍ണ്ണം, വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് ആകെ ഇരുപത്തൊമ്പതു താലന്തും എഴുന്നൂറ്റിമുപ്പതു ഷെക്കലുമാകുന്നു.
25: ജനസംഖ്യാക്കണക്കിലുള്‍പ്പെട്ടവരില്‍നിന്നു ലഭിച്ച വെള്ളി, വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ചു നൂറുതാലന്തും ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ചു ഷെക്കലുമാകുന്നു.
26: ജനസംഖ്യക്കണക്കിലുള്‍പ്പെട്ടവരില്‍ ഇരുപതുവയസ്സും അതിനുമേലും പ്രായമുള്ളവര്‍, ആളൊന്നിന് ഒരു ബക്കാ - വിശുദ്ധ മന്ദിരത്തിലെ തോതനുസരിച്ച് അര ഷെക്കല്‍ - കൊടുക്കേണ്ടിയിരുന്നു. അവരുടെ സംഖ്യ ആറുലക്ഷത്തിമൂവായിരത്തി അഞ്ഞൂറ്റിയമ്പതായിരുന്നു.
27: വിശുദ്ധകൂടാരത്തിനും തിരശ്ശീലയ്ക്കുംവേണ്ടി പാദകുടങ്ങള്‍ വാര്‍ക്കുന്നതിനു പാദകുടമൊന്നിന് ഒരു താലന്തുവീതം നൂറുതാലന്തു വെള്ളിയുപയോഗിച്ചു.
28: ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ചു ഷെക്കല്‍ വെള്ളികൊണ്ടു തൂണുകളുടെ കൊളുത്തുകളും പട്ടകളുമുണ്ടാക്കുകയും ശീര്‍ഷങ്ങള്‍ പൊതിയുകയുംചെയ്തു.
29: കാണിക്കയായി ലഭിച്ച ഓട്, എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ഷെക്കലുമാണ്.
30: അവന്‍ അതുപയോഗിച്ചു സമാഗമകൂടാരത്തിൻ്റെ വാതിലിനു പാദകുടങ്ങളും ഓടുകൊണ്ടുള്ള ബലിപീഠവും അതിൻ്റെ അഴിക്കൂടും ബലിപീഠത്തിലെ ഉപകരണങ്ങളും
31: കൂടാരാങ്കണത്തിനു ചുറ്റുമുള്ള പാദകുടങ്ങളും അങ്കണകവാടത്തിൻ്റെ പാദകുടങ്ങളും കൂടാരത്തിൻ്റെയും ചുറ്റുമുള്ള അങ്കണത്തിൻ്റെയും കുറ്റികളും നിര്‍മ്മിച്ചു.



അദ്ധ്യായം 39

പുരോഹിതവസ്ത്രങ്ങള്‍

1: മോശയ്ക്കു കര്‍ത്താവുനല്കിയ കല്പനയനുസരിച്ച്, അവര്‍ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലൂകളുപയോഗിച്ച്, നേര്‍മ്മയുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു; അഹറോനുവേണ്ടിയുള്ള വിശുദ്ധ വസ്ത്രങ്ങളുമുണ്ടാക്കി.
2: സ്വര്‍ണ്ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണിയുമുപയോഗിച്ച്, അവര്‍ എഫോദുണ്ടാക്കി.
3: അവര്‍ സ്വര്‍ണ്ണംതല്ലിപ്പരത്തി നേരിയ നൂലുകളായി വെട്ടിയെടുത്ത്, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളിലും നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണികളിലും വിദഗ്ദ്ധമായി ഇണക്കിച്ചേര്‍ത്തു.
4: എഫോദിനു തോള്‍വാറുകളുണ്ടാക്കി, അതിൻ്റെ  രണ്ടറ്റങ്ങളിലും യോജിപ്പിച്ചു.
5: എഫോദിനെ ചുറ്റിയിരുന്ന പട്ട എഫോദുപോലെതന്നെ, സ്വര്‍ണ്ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണിയും ചേര്‍ത്ത്, കര്‍ത്താവു മോശയോടു കല്പിച്ചപ്രകാരമാണുണ്ടാക്കിയത്.
6: ചെത്തിയൊരുക്കിയ വൈഡൂര്യക്കല്ലുകളില്‍ മുദ്രപോലെ ഇസ്രായേലിൻ്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തി; കല്ലുകള്‍ സ്വര്‍ണ്ണത്തകിടുകളില്‍ പതിച്ചു.
7: കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച്, ഇസ്രായേല്‍പുത്രന്മാരുടെ സ്മാരകശിലകളായി അവ എഫോദിൻ്റെ തോള്‍വാറുകളിലുറപ്പിച്ചു.
8: അവര്‍ എഫോദിന്റേതുപോലെയുള്ള ചിത്രപ്പണികളോടുകൂടിയ ഉരസ്ത്രാണവും നിര്‍മ്മിച്ചു. സ്വര്‍ണ്ണനൂലുകള്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണി എന്നിവയുപയോഗിച്ചാണ് അതു നിര്‍മ്മിച്ചത്.
9: ഉരസ്ത്രാണം സമചതുരത്തില്‍ രണ്ടുമടക്കുള്ളതായിരുന്നു. അതിന് ഒരുചാണ്‍ നീളവും ഒരുചാണ്‍ വീതിയുമുണ്ടായിരുന്നു. അതിന്മേല്‍ അവര്‍ നാലുനിര രത്നങ്ങള്‍ പതിച്ചു.
10: ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
11: രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;
12: മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
13: നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. അലങ്കാരപ്പണിചെയ്ത സ്വര്‍ണ്ണത്തകിടിലാണ് ഈ രത്നങ്ങള്‍ പതിച്ചത്.
14: ഇസ്രായേലിൻ്റെ പന്ത്രണ്ടു പുത്രന്മാരുടെ പേരുകളനുസരിച്ച്, പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിൻ്റെയും പേര്, ഓരോ രത്നത്തിന്മേല്‍, മുദ്രപോലെ ആലേഖനംചെയ്തു.
15: അവര്‍ ഉരസ്ത്രാണത്തിനുവേണ്ടി തനിസ്വര്‍ണ്ണംകൊണ്ടു കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിതു;
16: രണ്ടു സ്വര്‍ണ്ണത്തകിടുകളും രണ്ടു സ്വര്‍ണ്ണവളയങ്ങളും ഉണ്ടാക്കി. വളയങ്ങള്‍ ഉരസ്ത്രാണത്തിൻ്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിച്ചു.
17: രണ്ടു സ്വര്‍ണ്ണത്തുടലുകള്‍ ഉരസ്ത്രാണത്തിൻ്റെ മൂലകളിലുള്ള വളയങ്ങളില്‍ കൊളുത്തി.
18: സ്വര്‍ണ്ണത്തുടലുകളുടെ മറ്റേയറ്റങ്ങള്‍ സ്വര്‍ണ്ണത്തകിടുകളില്‍ ഘടിപ്പിച്ച്, എഫോദിൻ്റെ മുന്‍ഭാഗത്ത്, അതിൻ്റെ തോള്‍വാറുകളില്‍ ബന്ധിച്ചു.
19: രണ്ടു സ്വര്‍ണ്ണവളയങ്ങളുണ്ടാക്കി അവ ഉരസ്ത്രാണത്തിൻ്റെ താഴത്തെകോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത് എഫോദിനോടു ചേര്‍ത്തു ബന്ധിച്ചു.
20: രണ്ടു സ്വര്‍ണ്ണവളയങ്ങള്‍കൂടെ നിര്‍മ്മിച്ച്, അവ എഫോദിൻ്റെ തോള്‍വാറുകളുടെ താഴത്തെയറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത്, അവയുടെ തുന്നലിനോടടുത്ത്, എഫോദിൻ്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിച്ചു. 
21: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, ഉരസ്ത്രാണം എഫോദിൻ്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോകാതിരിക്കാന്‍ അവയുടെ വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിച്ചു.
22: എഫോദിൻ്റെ നിലയങ്കി നീലനിറത്തില്‍ നെയ്‌തെടുത്തു;
23: തല കടത്താന്‍ അതിൻ്റെ നടുവില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, ദ്വാരത്തിനുചുറ്റും ഒരു നാട തുന്നിച്ചേര്‍ത്തു.
24: നിലയങ്കിയുടെ വിളുമ്പിനുചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളുള്ള, പിരിച്ച ചണനൂലുകൊണ്ടു മാതളനാരങ്ങകള്‍ തുന്നിച്ചേര്‍ത്തു.
25: അവര്‍ തനിസ്വര്‍ണ്ണംകൊണ്ടു മണികളുണ്ടാക്കി, നിലയങ്കിയുടെ വിളുമ്പിനുചുറ്റും മാതളനാരങ്ങകളുടെയിടയില്‍ ബന്ധിച്ചു.
26: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള നിലയങ്കിയുടെ വിളുമ്പിനുചുറ്റും ഒന്നിടവിട്ടു മണികളും മാതളനാരങ്ങകളുമുണ്ടായിരുന്നു.
27: അവര്‍ അഹറോനും അവൻ്റെ പുത്രന്മാര്‍ക്കുംവേണ്ടി നേര്‍ത്ത ചണംകൊണ്ട്, അങ്കികള്‍ നെയ്തു. 
28: നേരിയ ചണംകൊണ്ടു തലപ്പാവും തൊപ്പികളും, നേരിയ ചണച്ചരടുകൊണ്ടു കാല്‍ച്ചട്ടയുമുണ്ടാക്കി.
29: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, അവര്‍ നേര്‍ത്തചണത്തുണിയും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളുള്ള നൂലുകളുമുപയോഗിച്ചു ചിത്രത്തയ്യലില്‍ അരപ്പട്ടയുണ്ടാക്കി.
30: വിശുദ്ധ കിരീടത്തിൻ്റെ തകിട്, അവര്‍ തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ച്, അതിന്മേല്‍ ഒരു മുദ്രയെന്നപോലെ, 'കര്‍ത്താവിനു സമര്‍പ്പിതന്‍' എന്നു കൊത്തിവച്ചു.
31: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, തലപ്പാവിൻ്റെ മുന്‍വശത്തു ബന്ധിക്കാന്‍ തകിടിന്മേല്‍ ഒരു നീലച്ചരടു പിടിപ്പിച്ചു.
32: ഇങ്ങനെ, സമാഗമകൂടാരത്തിൻ്റെ പണികളെല്ലാമവസാനിച്ചു. കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച്, ഇസ്രായേല്‍ജനം എല്ലാക്കാര്യങ്ങളും ചെയ്തു.
33: അവര്‍ കൂടാരം അതിൻ്റെ എല്ലാ ഉപകരണങ്ങളോടുംകൂടെ മോശയുടെയടുക്കല്‍കൊണ്ടുവന്നു: കൊളുത്തുകള്‍, പലകകള്‍, അഴികള്‍, തൂണുകള്‍, പാദകുടങ്ങള്‍; 
34: ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല;
35: സാക്ഷ്യപേടകം, അതിൻ്റെ തണ്ടുകള്‍, കൃപാസനം;
36: മേശ, അതിൻ്റെ ഉപകരണങ്ങള്‍, തിരുസാന്നിദ്ധ്യത്തിൻ്റെ അപ്പം;
37: തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ച വിളക്കുകാല്‍, അതിലെ ദീപനിര, അതിൻ്റെ ഉപകരണങ്ങള്‍, വിളക്കിനുള്ള എണ്ണ;
38: സ്വര്‍ണ്ണബലിപീഠം, അഭിഷേകതൈലം, പരിമളധൂപത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, കൂടാരവാതിലിൻ്റെ യവനിക;
39: ഓടുകൊണ്ടുള്ള ബലിപീഠം, ചട്ടക്കൂട്, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിൻ്റെ പീഠം;
40: അങ്കണത്തിൻ്റെ മറകള്‍, തൂണുകള്‍, പാദകുടങ്ങള്‍, അങ്കണകവാടത്തിൻ്റെ യവനിക, കയറുകള്‍, കുറ്റികള്‍, സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള പാത്രങ്ങള്‍;
41: വിശുദ്ധസ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട വിശുദ്ധവസ്ത്രങ്ങള്‍, പുരോഹിതനായ അഹറോൻ്റെ വിശുദ്ധവസ്ത്രങ്ങള്‍, അവൻ്റെ പുത്രന്മാര്‍ പുരോഹിതശുശ്രൂഷയ്ക്കണിയേണ്ട വസ്ത്രങ്ങള്‍.
42: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെതന്നെ, ഇസ്രായേല്‍ജനം ഇവയെല്ലാമുണ്ടാക്കി.
43: അവര്‍ചെയ്ത ജോലികളെല്ലാം മോശ പരിശോധിച്ചു. കര്‍ത്താവു കല്പിച്ചതുപോലെതന്നെ അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. മോശ അവരെയനുഗ്രഹിച്ചു.

അദ്ധ്യായം 40

കൂടാരപ്രതിഷ്ഠ

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഒന്നാംമാസത്തിൻ്റെ ഒന്നാംദിവസം, നീ സമാഗമകൂടാരം സ്ഥാപിക്കണം.
3: സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ചു തിരശ്ശീലകൊണ്ടു മറയ്ക്കണം.
4: മേശ കൊണ്ടുവന്ന്, അതിൻ്റെ ഉപകരണങ്ങളെല്ലാം അതിന്മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന്, അതിന്മേല്‍ വിളക്കുകളുറപ്പിക്കുക.
5: ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണ്ണപീഠം സാക്ഷ്യപേടകത്തിൻ്റെ മുമ്പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിനു യവനികയിടുകയും വേണം.
6: സമാഗമകൂടാരത്തിൻ്റെ വാതിലിനുമുമ്പില്‍ നീ ദഹനബലിപീഠം സ്ഥാപിക്കണം.
7: സമാഗമകൂടാരത്തിൻ്റെയും ബലിപീഠത്തിൻ്റെയുംമദ്ധ്യേ, ക്ഷാളനപാത്രംവച്ച്, അതില്‍ വെള്ളമൊഴിക്കുക.
8: ചുറ്റും അങ്കണമൊരുക്കി അങ്കണകവാടത്തില്‍ യവനിക തൂക്കിയിടണം.
9: അതിനുശേഷം, അഭിഷേകതൈലമെടുത്തു കൂടാരവും അതിലുള്ള സകലതും അഭിഷേചിക്കുക. അങ്ങനെ കൂടാരവും അതിലെ ഉപകരണങ്ങളും ശുദ്ധീകരിക്കുക. അവ വിശുദ്ധമാകും.
10: ദഹനബലിപീഠവും അതിലെ ഉപകരണങ്ങളും അഭിഷേചിച്ചു ശുദ്ധീകരിക്കുക.
11: ബലിപീഠം അതിവിശുദ്ധമാകും. ക്ഷാളനപാത്രവും അതിൻ്റെ പീഠവും അഭിഷേചിച്ചു ശുദ്ധീകരിക്കണം.
12: അനന്തരം, അഹറോനെയും അവൻ്റെ പുത്രന്മാരെയും സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍ കൊണ്ടുവന്നു വെള്ളംകൊണ്ടു കഴുകണം.
13: അഹറോനെ നീ വിശുദ്ധവസ്ത്രങ്ങളണിയിക്കുകയും അഭിഷേചിച്ചു ശുദ്ധീകരിക്കുകയുംവേണം. അങ്ങനെ, അവന്‍ പുരോഹിതപദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ.
14: അവൻ്റെ പുത്രന്മാരെക്കൊണ്ടുവന്ന് അങ്കികളണിയിക്കണം.
15: അവരുടെ പിതാവിനെ അഭിഷേചിച്ചതുപോലെ അവരെയും അഭിഷേകംചെയ്യണം. പുരോഹിതരെന്നനിലയില്‍ അവര്‍ എനിക്കു ശുശ്രൂഷചെയ്യട്ടെ. അവരുടെ ഈ അഭിഷേകം അവരെ തലമുറകളിലൂടെ നിലനില്ക്കുന്ന നിത്യപൗരോഹിത്യത്തില്‍ ഭാഗഭാക്കുകളാക്കും.
16: മോശ അപ്രകാരം പ്രവര്‍ത്തിച്ചു; കര്‍ത്താവു തന്നോടുകല്പിച്ചതെല്ലാം അവനനുഷ്ഠിച്ചു.
17: രണ്ടാംവര്‍ഷം, ഒന്നാംമാസം ,ഒന്നാംദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു.
18: മോശ കൂടാരമുയര്‍ത്തി; അതിൻ്റെ പാദകുടങ്ങളുറപ്പിച്ചു; പലകകള്‍ പിടിപ്പിച്ചു; അഴികള്‍ നിരത്തി, തൂണുകള്‍ നാട്ടി.
19: കര്‍ത്താവു കല്പിച്ചതുപോലെ, മോശ കൂടാരത്തിൻ്റെ വിതാനമൊരുക്കി, വിരികള്‍ നിരത്തി.
20: അവന്‍ ഉടമ്പടിപ്പത്രികയെടുത്തു പേടകത്തില്‍ വച്ചു. തണ്ടുകള്‍ പേടകത്തോടു ഘടിപ്പിച്ചു. പേടകത്തിനുമീതേ കൃപാസനം സ്ഥാപിക്കുകയും ചെയ്തു.
21: കര്‍ത്താവു കല്പിച്ചതുപോലെ, മോശ സാക്ഷ്യപേടകം കൂടാരത്തിനുള്ളിലേക്കു കൊണ്ടുവന്നു. അതു തിരശ്ശീലകൊണ്ടു മറച്ചു.
22: അവന്‍ സമാഗമകൂടാരത്തില്‍ ശ്രീകോവിലിൻ്റെ വടക്കുവശത്തായി യവനികയ്ക്കു വെളിയില്‍ മേശ സ്ഥാപിച്ചു.
23: അതിന്മേല്‍ കര്‍ത്താവു കല്പിച്ചതുപോലെ അവിടുത്തെ മുമ്പില്‍, ക്രമപ്രകാരം അപ്പവും വച്ചു.
24: സമാഗമകൂടാരത്തില്‍ മേശയ്‌ക്കെതിരായി ശ്രീകോവിലിൻ്റെ തെക്കുവശത്തു വിളക്കുകാല്‍ സ്ഥാപിച്ചു.
25: കര്‍ത്താവു കല്പിച്ചതുപോലെ, മോശ കര്‍ത്താവിൻ്റെ മുമ്പില്‍ വിളക്കുകള്‍ വച്ചു.
26: സമാഗമകൂടാരത്തില്‍ തിരശ്ശീലയുടെമുമ്പില്‍ ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണ്ണപീഠം സ്ഥാപിച്ചു.
27: കര്‍ത്താവു കല്പിച്ചതുപോലെ, മോശ അതിന്മേല്‍ പരിമളദ്രവ്യങ്ങള്‍ പുകച്ചു.
28: കൂടാരത്തിൻ്റെ വാതില്‍ക്കല്‍ തിരശ്ശീല തൂക്കിയിട്ടു.
29: കര്‍ത്താവു കല്പിച്ചതുപോലെ സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍ ദഹനബലിപീഠം സ്ഥാപിക്കുകയും അതിന്മേല്‍ ദഹനബലിയും ധാന്യബലിയും അര്‍പ്പിക്കുകയും ചെയ്തു.
30: സമാഗമകൂടാരത്തിനും ബലിപീഠത്തിനുംമദ്ധ്യേ ക്ഷാളനപാത്രംവച്ച് അതില്‍ ക്ഷാളനത്തിനുള്ള വെള്ളമൊഴിച്ചു.
31: ഈ വെള്ളംകൊണ്ടു മോശയും അഹറോനും അഹറോൻ്റെ പുത്രന്മാരും കൈകാലുകള്‍ കഴുകി.
32: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും ബലിപീഠത്തെ സമീപിക്കുമ്പോഴും ക്ഷാളനകര്‍മ്മം അനുഷ്ഠിച്ചുപോന്നു.
33: അവന്‍ കൂടാരത്തിനും ബലിപീഠത്തിനും ചുറ്റും അങ്കണമുണ്ടാക്കി. അങ്കണകവാടത്തില്‍ യവനികയിട്ടു. അങ്ങനെ, മോശ ജോലിചെയ്തുതീര്‍ത്തു.

കര്‍ത്താവിൻ്റെ സാന്നിദ്ധ്യം

34: അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിൻ്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു.
35: മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാൻ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണംചെയ്തിരുന്നു. കര്‍ത്താവിൻ്റെ മഹത്വം, കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു.
36: മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോഴാണ് ഇസ്രായേല്‍ജനം യാത്രപുറപ്പെട്ടിരുന്നത്.
37: മേഘമുയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസംവരെ അവര്‍ പുറപ്പെട്ടിരുന്നില്ല.
38: കര്‍ത്താവിൻ്റെ മേഘം ,പകല്‍സമയത്തു കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു; രാത്രിസമയത്തു മേഘത്തില്‍ അഗ്നി ജ്വലിച്ചിരുന്നു. ഇസ്രായേല്‍ജനം യാത്രയുടെ ഓരോഘട്ടത്തിലും ഇതു ദര്‍ശിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ