ഇരുപത്തിയാറാം ദിവസം: പുറപ്പാട് 34 - 36


അദ്ധ്യായം 34

വീണ്ടും ഉടമ്പടിപ്പത്രിക
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്പലകള്‍ ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍തന്നെ, ഞാനതിലെഴുതാം.
2: പ്രഭാതത്തില്‍ത്തന്നെ തയ്യാറായി, സീനായ്‌മലമുകളില്‍ എൻ്റെമുമ്പില്‍ നീ സന്നിഹിതനാകണം.
3: ആരും നിന്നോടൊന്നിച്ചു കയറിവരരുത്. മലയിലെങ്ങും ആരുമുണ്ടായിരിക്കുകയുമരുത്. മലയുടെയടുത്തെങ്ങും ആടുകളോ മാടുകളോ മേയരുത്.
4: ആദ്യത്തേതുപോലുളള രണ്ടു കല്പലക മോശ ചെത്തിയെടുത്തു. കര്‍ത്താവു കല്പിച്ചതനുസരിച്ച്, അവന്‍ അതിരാവിലെയെഴുന്നേറ്റ്, കല്പലകകള്‍ കൈയ്യിലെടുത്തു സീനായ്‌മലയിലേക്കു കയറിപ്പോയി.
5: കര്‍ത്താവു മേഘത്തിലിറങ്ങിവന്ന്, അവൻ്റെയടുക്കല്‍ നില്ക്കുകയും 'കര്‍ത്താവ്' എന്ന തൻ്റെ നാമം പ്രഖ്യാപിക്കുകയും ചെയ്തു.
6: അവിടുന്ന്, ഇപ്രകാരം ഉദ്‌ഘോഷിച്ചുകൊണ്ട് അവൻ്റെ മുമ്പിലൂടെ കടന്നുപോയി: കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍;
7: തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട്, ആയിരങ്ങളോടു കരുണകാണിക്കുന്നവന്‍; എന്നാല്‍, കുറ്റവാളിയുടെനേരേ കണ്ണടയ്ക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍.
8: മോശ ഉടനെ നിലംപറ്റെ കുമ്പിട്ടാരാധിച്ചു.
9: അവന്‍ പറഞ്ഞു: അങ്ങെന്നിൽ സംപ്രീതനെങ്കില്‍, കര്‍ത്താവേ, അങ്ങയോടു ഞാനപേക്ഷിക്കുന്നു: ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ! ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ!
10: അവിടുന്നരുളിച്ചെയ്തു: ഇതാ, ഞാന്‍ ഒരുടമ്പടിചെയ്യുന്നു. ലോകത്തിലൊരിടത്തും ഒരു ജനതയുടെയിടയിലും നടന്നിട്ടില്ലാത്തതരം അദ്ഭുതങ്ങള്‍ നിൻ്റെ ജനത്തിൻ്റെമുമ്പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; നിൻ്റെ ചുറ്റുമുള്ള ജനതകള്‍ കര്‍ത്താവിൻ്റെ പ്രവൃത്തി കാണും. നിനക്കുവേണ്ടി ഞാന്‍ ചെയ്യാന്‍പോകുന്നതു ഭയാനകമായൊരു കാര്യമാണ്.
11: ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു നീയനുസരിക്കണം. നിൻ്റെമുമ്പില്‍നിന്ന് അമോര്യരെയും കാനാന്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാനോടിക്കും.
12: നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്കൊരു കെണിയായിത്തീരും.
13: നിങ്ങള്‍ അവരുടെ ബലിപീഠങ്ങളും വിശുദ്ധസ്തംഭങ്ങളും തകര്‍ക്കുകയും അഷേരാദേവതയുടെ പ്രതിഷ്ഠകള്‍ നശിപ്പിക്കുകയും ചെയ്യണം.
14: മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നുപേരുള്ള കര്‍ത്താവ് അസഹിഷ്ണുവായ ദൈവംതന്നെ.
15: ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍, ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയുംചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയുംചെയ്‌തേക്കാം.
16: അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടു വിവാഹംകഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്നുവരാം.
 17: നിങ്ങള്‍ക്കായി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്.
18: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാള്‍ നിങ്ങളാചരിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ അബീബുമാസത്തില്‍ ഏഴു നിശ്ചിതദിവസങ്ങളില്‍ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. കാരണം, അബീബു മാസത്തിലാണു നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്.
19: ആദ്യജാതരെല്ലാം എനിക്കുള്ളതാണ്; ആടുമാടുകളുടെ കടിഞ്ഞൂലുകളും എന്റേതാണ്.
20: കഴുതയുടെ കടിഞ്ഞൂലിനെ ഒരാട്ടിന്‍കുട്ടിയെ നല്കി വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിനെ കഴുത്തുഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രന്മാരില്‍, എല്ലാ ആദ്യജാതരെയും വീണ്ടടുക്കണം. വെറുംകൈയോടെ ആരും എൻ്റെമുമ്പില്‍ വന്നുകൂടാ. ആറുദിവസം നിങ്ങള്‍ ജോലി ചെയ്യുക.
21: ഏഴാംദിവസം വിശ്രമിക്കണം; ഉഴവുകാലത്തോ, കൊയ്ത്തുകാലത്തോ ആയാലും വിശ്രമിക്കണം.
22: ഗോതമ്പുവിളയുടെ ആദ്യഫലങ്ങള്‍കൊണ്ടു നിങ്ങള്‍ വാരോത്സവമാഘോഷിക്കണം; വര്‍ഷാവസാനം സംഭരണത്തിരുന്നാളും.
23: വര്‍ഷത്തില്‍ മൂന്നുതവണ നിങ്ങളുടെ പുരുഷന്മാരെല്ലാവരും ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ ഹാജരാകണം.
24: ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്നു ജനതകളെ നിഷ്‌കാസനം ചെയ്യും. നിങ്ങളുടെ അതിര്‍ത്തികള്‍ ഞാന്‍ വിപുലമാക്കും. വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ ഹാജരാകാന്‍വേണ്ടി നിങ്ങള്‍ പോകുമ്പോള്‍ ആരും നിങ്ങളുടെ ഭൂമി കൈയടക്കാന്‍ ശ്രമിക്കുകയില്ല.
25: പുളിപ്പുള്ള അപ്പത്തോടൊപ്പം എനിക്കു രക്തബലിയര്‍പ്പിക്കരുത്. പെസഹാത്തിരുനാളിലെ ബലിവസ്തു, പ്രഭാതംവരെ അവശേഷിക്കുകയുമരുത്.
26: ഭൂമിയുടെ ആദ്യഫലങ്ങളില്‍ ഏറ്റവും മികച്ചതു നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ ആലയത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിൻ്റെ തള്ളയുടെ പാലില്‍ വേവിക്കരുത്.
27: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഈ വചനങ്ങള്‍ രേഖപ്പെടുത്തുക. നിന്നോടും ഇസ്രായേല്‍ജനത്തോടും ഞാന്‍ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ.
28: മോശ നാല്പതുപകലും നാല്പതുരാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തുപ്രമാണങ്ങള്‍ അവന്‍ പലകകളിലെഴുതി.
29: രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ടു മോശ സീനായ്‌മലയില്‍നിന്നു താഴേക്കുവന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തൻ്റെ മുഖം തേജോമയമായി എന്നകാര്യം അവനറിഞ്ഞില്ല.
30: അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു.
31: മോശ അവരെ വിളിച്ചു. അഹറോനും സമൂഹനേതാക്കന്മാരും അടുത്തുചെന്നു.
32: മോശ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. സീനായ്‌മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്പനയായി നല്കി.
33: സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടംകൊണ്ടു മുഖംമറച്ചു.
34: അവന്‍ കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുമ്പില്‍ ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തുവന്ന്, അവിടുന്ന് തന്നോടു കല്പിച്ചവയെല്ലാം ഇസ്രായേല്‍ജനത്തോടു പറഞ്ഞിരുന്നു.
35: ഇസ്രായേല്‍ജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. കര്‍ത്താവിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെ മോശ മുഖംമറച്ചിരുന്നു.

അദ്ധ്യായം 35

സാബത്തു വിശ്രമം
1: മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടിപ്പറഞ്ഞു: നിങ്ങളനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്പിച്ചിട്ടുള്ളത് ഇവയാണ്:
2: ആറുദിവസം ജോലിചെയ്യുക. ഏഴാംദിവസം നിങ്ങള്‍ക്കു വിശുദ്ധദിനമായിരിക്കണം - കര്‍ത്താവിനു സമര്‍പ്പിതവും വിശ്രമത്തിനുള്ളതുമായ സാബത്തുദിനം. അന്നു ജോലിചെയ്യുന്ന ഏവനും വധിക്കപ്പെടണം.
3: നിങ്ങളുടെ വസതികളില്‍ അന്നു തീ കത്തിക്കരുത്.

കൂടാരനിര്‍മ്മാണത്തിനു കാഴ്ചകള്‍
4: ഇസ്രായേല്‍സമൂഹത്തോടു മോശ പറഞ്ഞു: ഇതാണു കര്‍ത്താവു കല്പിച്ചിരിക്കുന്നത്.
5: നിങ്ങള്‍ കര്‍ത്താവിനു കാണിക്കകൊണ്ടുവരുവിന്‍. ഉദാരമനസ്‌കര്‍ കര്‍ത്താവിനു കാഴ്ചകൊണ്ടുവരട്ടെ: സ്വര്‍ണ്ണം, വെള്ളി, ഓട്,
6: നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകള്‍, നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണവസ്ത്രം, കോലാട്ടിന്‍രോമം;
7: ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,
8: വിളക്കിനുള്ള എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനുമുള്ള സുഗന്ധവസ്തുക്കള്‍;
9: ഗോമേദകരത്നങ്ങള്‍, എഫോദിനും ഉരസ്ത്രാണത്തിനുമുള്ള രത്നങ്ങള്‍.
10: നിങ്ങളില്‍ ശില്പവൈദഗ്ദ്ധ്യമുള്ളവര്‍ മുമ്പോട്ടുവന്ന്, കര്‍ത്താവാജ്ഞാപിച്ചിരിക്കുന്നവയെല്ലാം നിര്‍മ്മിക്കട്ടെ:
11: വിശുദ്ധ കൂടാരം, അതിൻ്റെ വിരികള്‍, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍;
12: പേടകം, അതിൻ്റെ തണ്ടുകള്‍, കൃപാസനം, തിരശ്ശീല;
13: മേശ, അതിൻ്റെ തണ്ടുകള്‍, ഉപകരണങ്ങള്‍, തിരുസാന്നിദ്ധ്യത്തിൻ്റെ അപ്പം;
14: വിളക്കുകാല്, അതിൻ്റെ ഉപകരണങ്ങള്‍, വിളക്കുകള്‍, എണ്ണ,
15: ധൂപപീഠം, അതിൻ്റെ തണ്ടുകള്‍, അഭിഷേകതൈലം, ധൂപത്തിനുള്ള സുഗന്ധദ്രവ്യം, കൂടാരവാതിലിനുവേണ്ട യവനിക;
16: ദഹനബലിപീഠം, ഓടുകൊണ്ടുള്ള അതിൻ്റെ ചട്ടക്കൂട്, തണ്ടുകള്‍, മറ്റുപകരണങ്ങള്‍, ക്ഷാളനപാത്രം, അതിൻ്റെ പീഠം;
17: അങ്കണത്തെ മറയ്ക്കുന്ന വിരികള്‍, അവയ്ക്കുള്ള തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, അങ്കണ കവാടത്തിൻ്റെ യവനിക;
18: കൂടാരത്തിനും അങ്കണത്തിനുംവേണ്ട കുറ്റികള്‍, കയറുകള്‍;
19: വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട തിരുവസ്ത്രങ്ങള്‍, പുരോഹിതനായ അഹറോനും പുരോഹിതശുശ്രൂഷചെയ്യുന്ന അവൻ്റെ പുത്രന്മാര്‍ക്കുമണിയാനുള്ള വിശുദ്ധവസ്ത്രങ്ങള്‍.
20: ഇസ്രായേല്‍സമൂഹം മോശയുടെ മുമ്പില്‍നിന്നു പിരിഞ്ഞുപോയി.
21: ആന്തരികപ്രചോദനം ലഭിച്ച ഉദാരമനസ്കര്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ കാഴ്ചകള്‍ കൊണ്ടുവന്നു. അതു സമാഗമകൂടാരത്തിനും അതിലെ ശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കുംവേണ്ടിയുള്ളതായിരുന്നു.
22: ഉദാരമനസ്‌കരായ സ്ത്രീപുരുഷന്മാര്‍ കാഴ്ചകളുമായിവന്നു. അവര്‍ സൂചിപ്പതക്കങ്ങളും കര്‍ണ്ണവളയങ്ങളും അംഗുലീയങ്ങളും തോള്‍വളകളും എല്ലാത്തരം സ്വര്‍ണ്ണാഭരണങ്ങളും കൊണ്ടുവന്നു. അങ്ങനെ, ഓരോരുത്തരും കര്‍ത്താവിനു സ്വര്‍ണ്ണംകൊണ്ടുള്ള കാഴ്ചസമര്‍പ്പിച്ചു.
23: ഓരോരുത്തരും കൈവശമുണ്ടായിരുന്ന നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകളും നേര്‍മ്മയുള്ള ചണത്തുണിയും കോലാട്ടിന്‍രോമവും ഊറയ്ക്കിട്ട മുട്ടാടിന്‍തോലും നിലക്കരടിത്തോലും കൊണ്ടുവന്നു.
24: വെള്ളിയോ, ഓടോ അര്‍പ്പിക്കാൻ കഴിവുണ്ടായിരുന്നവര്‍ അതു കൊണ്ടുവന്നു കര്‍ത്താവിനു കാഴ്ചവെച്ചു. ഏതെങ്കിലും പണിക്കുതകുന്ന കരുവേലത്തടി കൈവശമുണ്ടായിരുന്നവര്‍ അതുകൊണ്ടുവന്നു.
25: കരവിരുതുള്ള സ്ത്രീകള്‍ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ സ്വന്തം കൈകൊണ്ടു പിരിച്ചെടുത്ത നൂലുകളും നേര്‍മ്മയില്‍നെയ്ത ചണത്തുണിയും കൊണ്ടുവന്നു.
26: നൈപുണ്യവും സന്നദ്ധതയുമുണ്ടായിരുന്ന സ്ത്രീകള്‍, കോലാട്ടിന്‍രോമംകൊണ്ടു നൂലുണ്ടാക്കി.
27: നേതാക്കന്മാര്‍ എഫോദിനും ഉരസ്ത്രാണത്തിനുംവേണ്ട ഗോമേദകങ്ങളും മറ്റു രത്നങ്ങളും,
28: വിളക്കിനും അഭിഷേകതൈലത്തിനും ധൂപത്തിനും ആവശ്യമായ സുഗന്ധദ്രവ്യങ്ങളും എണ്ണയും കൊണ്ടുവന്നു.
29: കര്‍ത്താവു മോശവഴി ആജ്ഞാപിച്ച ജോലികളുടെ നിര്‍വഹണത്തിന്, ഇസ്രായേലിലെ സ്ത്രീപുരുഷന്മാരോരുത്തരും തങ്ങളുടെ ഉള്‍പ്രേരണയനുസരിച്ച്, ഓരോ സാധനം കൊണ്ടുവന്ന്, സ്വമേധയാ കര്‍ത്താവിനു കാഴ്ചവച്ചു.
30: മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: യൂദാഗോത്രത്തിലെ ഹൂറിൻ്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ കര്‍ത്താവു പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.
31: അവിടുന്ന്, അവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ധ്യവുംനല്കി അവനെ അനുഗ്രഹിച്ചിരിക്കുന്നു.
32: കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക,
33: പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുംവേണ്ടിയാണിത്.
34: അവിടുന്ന്, അവനും ദാന്‍ഗോത്രത്തിലെ അഹിസാമാക്കിൻ്റെ പുത്രന്‍ ഒഹോലിയാബിനും മറ്റുള്ളവരെ പഠിപ്പിക്കാന്‍തക്ക കഴിവു നല്കിയിരിക്കുന്നു.
35: കൊത്തുപണിക്കാരനോ രൂപസംവിധായകനോ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടോ നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയിലോ ചിത്രത്തുന്നല്‍ നടത്തുന്നവനോ നെയ്ത്തുകാരനോ മറ്റേതെങ്കിലും തൊഴില്‍ക്കാരനോ ശില്പകലാവിദഗ്ദ്ധനോ ചെയ്യുന്ന ഏതുതരം ജോലിയിലുമേര്‍പ്പെടുന്നതിനുംവേണ്ട തികഞ്ഞകഴിവ്, അവിടുന്ന് അവര്‍ക്കു നല്കി.

അദ്ധ്യായം 36

വിശുദ്ധ കൂടാരത്തിൻ്റെ നിര്‍മ്മാണം
1: വിശുദ്ധ സ്ഥലത്തിൻ്റെ നിര്‍മ്മാണത്തിനായി ഏതുജോലിയുംചെയ്യാന്‍പോന്ന അറിവും സാമര്‍ത്ഥ്യവുംനല്കി കര്‍ത്താവനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും കരവിരുതുള്ള മറ്റാളുകളും അവിടുന്നു കല്പിച്ചതനുസരിച്ചു ജോലിചെയ്യണം.
2: ബസാലേലിനെയും, ഒഹോലിയാബിനെയും കര്‍ത്താവ്, അറിവും സാമര്‍ത്ഥ്യവുംനല്കിയാനുഗ്രഹിച്ചവരും ജോലിചെയ്യാന്‍ ഉള്‍പ്രേരണ ലഭിച്ചവരുമായ എല്ലാവരെയും മോശ വിളിച്ചുകൂട്ടി.
3: വിശുദ്ധ കൂടാരത്തിൻ്റെ പണിക്കുവേണ്ടി ഇസ്രായേല്‍ജനം കൊണ്ടുവന്ന കാഴ്ചകളെല്ലാം മോശയുടെ അടുക്കല്‍നിന്ന് അവര്‍ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങള്‍ സ്വമേധയാ കാഴ്ചകള്‍ കൊണ്ടുവന്നിരുന്നു.
4: അതിനാല്‍, വിശുദ്ധകൂടാരത്തിൻ്റെ വിവിധതരം പണികളിലേര്‍പ്പെട്ടിരുന്ന വിദഗ്ദ്ധന്മാരെല്ലാവരും ജോലിനിറുത്തി മോശയുടെയടുത്തു വന്നു.
5: അവര്‍ മോശയോടു പറഞ്ഞു: കര്‍ത്താവു നമ്മോടു കല്പിച്ചിട്ടുള്ള ജോലിക്കാവശ്യമായതില്‍ക്കൂടുതല്‍ വസ്തുക്കള്‍ ജനങ്ങള്‍ കൊണ്ടുവരുന്നു.
6: ഉടനെ മോശ പാളയത്തിലെങ്ങും ഒരു കല്പന വിളംബരംചെയ്തു. വിശുദ്ധകൂടാരത്തിനുവേണ്ടി പുരുഷനോ, സ്ത്രീയോ ആരും ഇനി കാണിക്ക കൊണ്ടുവരേണ്ടതില്ല. അങ്ങനെ, ജനങ്ങള്‍ കാണിക്ക കൊണ്ടുവരുന്നത് അവന്‍ നിയന്ത്രിച്ചു.
7: എല്ലാ പണികള്‍ക്കും ആവശ്യമായതില്‍ക്കവിഞ്ഞ വസ്തുക്കള്‍ അവര്‍ക്കു ലഭിച്ചിരുന്നു.
8: പണിയിലേര്‍പ്പെട്ടിരുന്നവരില്‍ വിദഗ്ദ്ധരായവര്‍ പത്തുവിരികള്‍കൊണ്ടു കൂടാരമുണ്ടാക്കി. അവ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണിയുംകൊണ്ടു നിര്‍മ്മിച്ചവയും കെരൂബുകളുടെ ചിത്രം തുന്നിയലങ്കരിച്ചവയുമായിരുന്നു.
9: ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടുമുഴവും വീതി നാലുമുഴവുമായിരുന്നു. എല്ലാ വിരികളും ഒരേയളവിലുള്ളതായിരുന്നു.
10: അവര്‍ അഞ്ചുവിരികള്‍ ഒന്നിനൊന്നു യോജിപ്പിച്ചു; അതുപോലെ മറ്റേ അഞ്ചുവിരികളും.
11: ആദ്യഗണം വിരികളില്‍ അവസാനത്തേതിൻ്റെവക്കില്‍ നീല നൂലുകൊണ്ട് അവര്‍ വളയങ്ങള്‍ നിര്‍മ്മിച്ചു; അപ്രകാരംതന്നെ രണ്ടാംഗണം വിരികളില്‍ അവസാനത്തേതിൻ്റെ വക്കിലും.
12: ഒന്നാമത്തേതിലും രണ്ടാമത്തേതിലും അമ്പതുവളയങ്ങള്‍ വീതമുണ്ടാക്കി. ഒന്നിനുനേരേ, ഒന്നു വരത്തക്കവിധത്തിലാണ് വളയങ്ങള്‍ നിര്‍മ്മിച്ചത്.
13: അമ്പതു സ്വര്‍ണ്ണക്കൊളുത്തുകളുണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിച്ചു. അങ്ങനെ, കൂടാരം ഒന്നായിത്തീര്‍ന്നു.
14: കൂടാരത്തിൻ്റെ മുകള്‍ഭാഗം മൂടുന്നതിനു കോലാട്ടിന്‍രോമംകൊണ്ട് അവര്‍ പതിനൊന്നു വിരികളുണ്ടാക്കി.
15: ഓരോവിരിയുടെയും നീളം, മുപ്പതു മുഴവും വീതി, നാലു മുഴവുമായിരുന്നു. പതിനൊന്നു വിരികള്‍ക്കും ഒരേയളവുതന്നെ.
16: അവര്‍ അഞ്ചുവിരികള്‍ ഒന്നോടൊന്നു തുന്നിച്ചേര്‍ത്തു; അതുപോലെ മറ്റേ ആറുവിരികളും.
17: ഇരുഗണത്തെയും തമ്മില്‍ യോജിപ്പിക്കുന്ന വിരികളുടെ വിളുമ്പുകളില്‍ അമ്പതുവളയങ്ങള്‍വീതം നിര്‍മ്മിച്ചു.
18: കൂടാരം കൂട്ടിയോജിപ്പിക്കാന്‍ ഓടുകൊണ്ട്, അമ്പതു കൊളുത്തുകളുമുണ്ടാക്കി.
19: കൂടാരത്തിന് ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ട് ഒരാവരണവും അതിനുമീതേ നിലക്കരടിത്തോലുകൊണ്ട് വേറൊരാവരണവും നിര്‍മ്മിച്ചു.
20: കൂടാരത്തിനു കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നുനില്ക്കുന്ന ചട്ടങ്ങളുമുണ്ടാക്കി.
21: ഓരോ പലകയുടെയും നീളം പത്തുമുഴമായിരുന്നു; വീതി ഒന്നരമുഴവും.
22: പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിന് ഓരോ പലകയിലും ഈരണ്ടു കുടുമകള്‍ ഉണ്ടായിരുന്നു. എല്ലാ പലകകളും ഇങ്ങനെതന്നെയാണുണ്ടാക്കിയത്.
23: അവര്‍ കൂടാരത്തിനുള്ള ചട്ടപ്പലകകള്‍ ഇപ്രകാരമാണുണ്ടാക്കിയത്: തെക്കുവശത്ത് ഇരുപതുപലകകള്‍;
24: ഇരുപതു പലകകളുടെയടിയില്‍ വെള്ളികൊണ്ട് നാല്പതു പാദകുടങ്ങള്‍ - ഓരോ പലകയുടെയുമടിയില്‍ കുടുമയ്ക്ക് ഒന്നുവീതം രണ്ടു പാദകുടങ്ങള്‍.
25: കൂടാരത്തിൻ്റെ വടക്കുവശത്ത് അവര്‍ ഇരുപതു പലകകളുണ്ടാക്കി.
26: ഓരോ പലകയ്ക്കുമടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള നാല്പതു പാദകുടങ്ങളുമുണ്ടാക്കി.
27: കൂടാരത്തിൻ്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്ത്, ആറു പലകകളുണ്ടാക്കി;
28: കൂടാരത്തിൻ്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകളും.
29: അവയുടെ ചുവടുകള്‍ അകത്തിയും മുകള്‍ഭാഗം ഒരു വളയംകൊണ്ടു യോജിപ്പിച്ചും നിറുത്തി. ഇരുമൂലകളിലുമുള്ള രണ്ടു പലകകള്‍ക്കും ഇപ്രകാരം ചെയ്തു.
30: അങ്ങനെ, എട്ടുപലകകളും, ഒരു പലകയുടെ അടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരുന്നു.
31: കരുവേലത്തടികൊണ്ട് അവര്‍ അഴികള്‍ നിര്‍മ്മിച്ചു. കൂടാരത്തിൻ്റെ ഒരുവശത്തെ പലകകള്‍ക്ക്, അഞ്ചഴികള്‍.
32: മറുവശത്തുള്ള പലകകള്‍ക്കും അഞ്ചഴികള്‍. കൂടാരത്തിൻ്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തെ പലകകള്‍ക്കും അഞ്ചഴികള്‍.
33: നടുവിലുള്ള അഴി, പലകയുടെ പകുതി ഉയരത്തില്‍വച്ച് ഒരറ്റംമുതല്‍ മറ്റേയറ്റംവരെ കടത്തിവിട്ടു.
34: അവര്‍ പലകകളും അഴികളും സ്വര്‍ണ്ണംകൊണ്ടു പൊതിയുകയും അഴികള്‍ കടത്താനുള്ള വളയങ്ങള്‍ സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിക്കുകയും ചെയ്തു.
35: നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയുമുപയോഗിച്ചു തിരശ്ശീലയുണ്ടാക്കി. കെരൂബുകളുടെ ചിത്രം വിദഗ്ദ്ധമായി തുന്നിച്ചേര്‍ത്ത് അതലങ്കരിച്ചു.
36: അവര്‍ കരുവേലത്തടികൊണ്ടു നാലുതൂണുകളുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. അവയ്ക്കു സ്വര്‍ണ്ണംകൊണ്ടു കൊളുത്തുകളും വെള്ളികൊണ്ടു നാലുപാദകുടങ്ങളും പണിതു.
37: നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്ത് ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ചണത്തുണിയുമുപയോഗിച്ച് കൂടാരവാതിലിന് അവര്‍ യവനികയുണ്ടാക്കി.
38: അതിനായി അഞ്ചുതൂണുകളും അവയില്‍ കൊളുത്തുകളുമുണ്ടാക്കി. തൂണുകളുടെ ശീര്‍ഷങ്ങള്‍ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. പട്ടകള്‍ സ്വര്‍ണ്ണംകൊണ്ടും അവയുടെ അഞ്ചുപാദകുടങ്ങള്‍ ഓടുകൊണ്ടും നിര്‍മ്മിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ