ഇരുപത്തിയഞ്ചാം ദിവസം: പുറപ്പാട് 31 - 33



അദ്ധ്യായം 31

ശില്പികള്‍
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: യൂദാഗോത്രത്തില്‍പ്പെട്ട ഹൂറിൻ്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.
2, 3: ഞാനവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു.
4: കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക.
5: പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുംവേണ്ടിയാണിത്. 
6: അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിൻ്റെ പുത്രന്‍ ഓഹോലിയാബിനെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതെല്ലാം നിര്‍മ്മിക്കുന്നതിന് എല്ലാ ശില്പവിദഗ്ദ്ധന്മാര്‍ക്കും പ്രത്യേകസാമര്‍ത്ഥ്യം കൊടുത്തിട്ടുണ്ട്.
7: സമാഗമകൂടാരം, സാക്ഷ്യപേടകം, അതിന്മേലുള്ള കൃപാസനം, കൂടാരത്തിലെ ഉപകരണങ്ങള്‍
8: മേശയും അതിൻ്റെ ഉപകരണങ്ങളും, വിളക്കുകാലും അതിൻ്റെ ഉപകരണങ്ങളും, ധൂപപീഠം,
9: ദഹനബലിപീഠവും അതിൻ്റെ എല്ലാ ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിൻ്റെ പീഠവും,
10: ചിത്രത്തുന്നലാല്‍ അലംകൃതമായ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോൻ്റെ വിശുദ്ധവസ്ത്രങ്ങള്‍, അവൻ്റെ പുത്രന്മാര്‍ പുരോഹിതശുശ്രൂഷചെയ്യുമ്പോള്‍ അണിയേണ്ട വസ്ത്രങ്ങള്‍,
11: അഭിഷേകതൈലം, വിശുദ്ധസ്ഥലത്തു ധൂപാര്‍പ്പണത്തിനുപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ഇവയെല്ലാം ഞാന്‍ നിന്നോടു കല്പിച്ചപ്രകാരം അവര്‍ നിര്‍മ്മിക്കണം.

സാബത്താചരണം

12: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
13: ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ എൻ്റെ സാബത്തു സൂക്ഷ്മമായി ആചരിക്കണം. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണു നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്നു നിങ്ങളറിയാന്‍വേണ്ടി, ഇതെനിക്കും നിങ്ങള്‍ക്കുംമദ്ധ്യേ, തലമുറതോറും അടയാളമായിരിക്കും.
14: നിങ്ങള്‍ സാബത്താചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്ധമായ ഒരു ദിവസമാണ്. അതിനെ അശുദ്ധമാക്കുന്നവന്‍ വധിക്കപ്പെടണം. അന്നു ജോലിചെയ്യുന്നവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം. ആറുദിവസം ജോലിചെയ്യണം.
15: എന്നാല്‍ ഏഴാംദിവസം സാബത്താണ്; കര്‍ത്താവിനു വിശുദ്ധമായ വിശ്രമദിനം. സാബത്തുദിവസം ജോലിചെയ്യുന്നവന്‍ വധിക്കപ്പെടണം.
16: ഇസ്രായേല്‍ജനം ശാശ്വതമായൊരുടമ്പടിയായി തലമുറതോറും സാബത്താചരിക്കണം.
17: ഇതെനിക്കും ഇസ്രായേല്‍ജനത്തിനുംമദ്ധ്യേ ശാശ്വതമായൊരടയാളമാണ്; കര്‍ത്താവ് ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും ഏഴാംദിവസം ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയും ചെയ്തതിൻ്റെ അടയാളം.

ഉടമ്പടിപ്പത്രിക നല്കുന്നു
18: സീനായ്‌മലയില്‍വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തൻ്റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്പലകകള്‍ - ദൈവമവനു നല്കി.


അദ്ധ്യായം 32

സ്വര്‍ണ്ണംകൊണ്ടുള്ള കാളക്കുട്ടി

1: മോശ മലയില്‍നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നുകണ്ടപ്പോള്‍, ജനം അഹറോൻ്റെ ചുറ്റുംകൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍, വേഗം ദേവന്മാരെയുണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നുകൊണ്ടുവന്ന മോശയെന്ന മനുഷ്യന് എന്തുസംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.
2: അഹറോന്‍ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണ്ണവളയങ്ങളൂരിയെടുത്ത്, എൻ്റെയടുത്തു കൊണ്ടുവരുവിന്‍.
3: ജനം തങ്ങളുടെ കാതുകളില്‍നിന്നു സ്വര്‍ണ്ണവളയങ്ങളൂരി അഹറോൻ്റെമുമ്പില്‍ കൊണ്ടുചെന്നു.
4: അവന്‍, അവ വാങ്ങി, മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെക്കൊണ്ടുവന്ന ദേവന്മാര്‍.
5: അതുകണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിതിട്ട്, ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ, കര്‍ത്താവിൻ്റെ ഉത്സവദിനമായിരിക്കും.
6: അവര്‍ പിറ്റേന്ന്, അതിരാവിലെയുണര്‍ന്ന്, ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളുമര്‍പ്പിച്ചു; ജനം തീനും കുടിയുംകഴിഞ്ഞ്, വിനോദങ്ങളിലേര്‍പ്പെട്ടു. 
7: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിൻ്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു.
8: ഞാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തില്‍നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത്, അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ദേവന്മാരിതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു.
9: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്നു ഞാന്‍ കണ്ടുകഴിഞ്ഞു.
10: അതിനാല്‍, എന്നെത്തടയരുത്; എൻ്റെ ക്രോധമാളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍നിന്ന്, ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും. 
11: മോശ ദൈവമായ കര്‍ത്താവിനോടു കാരുണ്യംയാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്?
12: മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടെയാണ് അവനവരെ കൊണ്ടുപോയതെന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമേ!
13: അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ദ്ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടുമുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്കും, അവര്‍, അതെന്നേക്കും കൈവശമാക്കുകയുംചെയ്യുമെന്ന് അവിടുന്നുതന്നെ ശപഥംചെയ്തു പറഞ്ഞിട്ടുണ്ടല്ലോ. കര്‍ത്താവു ശാന്തനായി.
14: തൻ്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന് അവിടുന്നു പിന്മാറി.
15: മോശ കൈകളില്‍ രണ്ട് ഉടമ്പടിപ്പത്രികകളുമായി താഴേയ്ക്കിറങ്ങി. പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു.
16: പലകകള്‍ ദൈവത്തിൻ്റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു.
17: ജനങ്ങള്‍ അട്ടഹസിക്കുന്ന സ്വരംകേട്ടപ്പോള്‍ ജോഷ്വ മോശയോടു പറഞ്ഞു: പാളയത്തില്‍ യുദ്ധത്തിൻ്റെ ശബ്ദം മുഴങ്ങുന്നു.
18: എന്നാല്‍, മോശ പറഞ്ഞു: ഞാന്‍ കേള്‍ക്കുന്നതു വിജയത്തിൻ്റെ അട്ടഹാസമോ പരാജയത്തിൻ്റെ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്ദമാണ്.
19: മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെക്കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു; അവൻ്റെ കോപം ആളിക്കത്തി. അവൻ കല്പലകകള്‍ വലിച്ചെറിഞ്ഞ്, മലയുടെ അടിവാരത്തില്‍വച്ച് അവ തകര്‍ത്തുകളഞ്ഞു.
20: അവന്‍ കാളക്കുട്ടിയെയെടുത്തു തീയിലിട്ടുചുട്ടു; അത്, ഇടിച്ചുപൊടിച്ച്, പൊടി, വെള്ളത്തില്‍ക്കലക്കി, ഇസ്രായേല്‍ജനത്തെക്കൊണ്ടു കുടിപ്പിച്ചു: 
21: മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിൻ്റെമേല്‍ ഇത്രവലിയൊരു പാപം വരുത്തിവയ്ക്കാന്‍, അവര്‍ നിന്നോടെന്തുചെയ്തു?
22: അഹറോന്‍ പറഞ്ഞു: അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിനു തിന്മയിലേക്കുള്ള ചായ്‌വ് അങ്ങേയ്ക്കറിവുള്ളതാണല്ലോ.
23: അവര്‍ എന്നോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരുക. എന്തെന്നാല്‍, ഈജിപ്തില്‍നിന്നു ഞങ്ങളെക്കൊണ്ടുവന്ന മോശയെന്ന മനുഷ്യന് എന്തുസംഭവിച്ചെന്നു ഞങ്ങള്‍ക്കറിവില്ല.
24: ഞാന്‍ പറഞ്ഞു: സ്വര്‍ണ്ണംകൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെ. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.
25: ജനത്തിൻ്റെ അഴിഞ്ഞാട്ടം മോശ കണ്ടു. ശത്രുക്കളുടെയിടയില്‍ സ്വയംലജ്ജിതരാകത്തക്കവിധമഴിഞ്ഞാടുന്നതിന് അഹറോന്‍ അവരെയനുവദിച്ചിരുന്നു.
26: മോശ പാളയത്തിൻ്റെ വാതില്ക്കല്‍നിന്നുകൊണ്ടു പറഞ്ഞു: കര്‍ത്താവിൻ്റെ പക്ഷത്തുള്ളവര്‍ എൻ്റെയടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്മാരെല്ലാവരും അവൻ്റെയടുക്കല്‍ ഒന്നിച്ചുകൂടി.
27: അവനവരോടു പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യനും തൻ്റെ വാള്‍ പാര്‍ശ്വത്തില്‍ ധരിക്കട്ടെ. പാളയത്തിലുടനീളം കവാടംതോറുംചെന്ന് ഓരോരുത്തനും തൻ്റെ സഹോദരനെയും സ്‌നേഹിതനെയും അയല്ക്കാരനെയും നിഗ്രഹിക്കട്ടെ.
28: ലേവിയുടെ പുത്രന്മാര്‍ മോശയുടെ കല്പനയനുസരിച്ചു പ്രവര്‍ത്തിച്ചു. അന്നേദിവസം മൂവായിരത്തോളംപേര്‍ മരിച്ചുവീണു.
29: മോശ പറഞ്ഞു: കര്‍ത്താവിൻ്റെ ശുശ്രൂഷയ്ക്കായി ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. ഓരോരുത്തനും തൻ്റെ പുത്രനും സഹോദരനുമെതിരായിനിന്നതുകൊണ്ടു കര്‍ത്താവു നിങ്ങള്‍ക്ക് ഇന്നൊരനുഗ്രഹം തരും.
30: പിറേറദിവസം, മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാനിപ്പോള്‍ കര്‍ത്താവിൻ്റെയടുത്തേക്കു കയറിച്ചെല്ലാം; നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്കു കഴിഞ്ഞേക്കും.
31: മോശ കര്‍ത്താവിൻ്റെയടുക്കല്‍ തിരിച്ചുചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണ്ണംകൊണ്ടു ദേവന്മാരെ നിര്‍മ്മിച്ചു.
32: അവിടുന്നു കനിഞ്ഞ്, അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുന്നെഴുതിയിട്ടുള്ള പുസ്തകത്തില്‍നിന്ന് എൻ്റെ പേരു മായിച്ചുകളഞ്ഞാലും.
33: അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: എനിയ്‌ക്കെതിരായി പാപംചെയ്തവനെയാണ്, എൻ്റെ പുസ്തകത്തില്‍നിന്നു ഞാന്‍ തുടച്ചുനീക്കുക.
34: നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. എൻ്റെ ദൂതന്‍ നിൻ്റെ മുമ്പേ പോകും. എങ്കിലും ഞാനവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്ഷിക്കും.
35: കാളക്കുട്ടിയെ നിര്‍മ്മിക്കാന്‍ അവര്‍ അഹറോനെ നിര്‍ബ്ബന്ധിച്ചതിനാല്‍ കര്‍ത്താവ് അവരുടെമേല്‍ മഹാമാരിയയച്ചു.

അദ്ധ്യായം 33

സീനായ് വിടാന്‍ കല്പന

1: കര്‍ത്താവു മോശയോടു കല്പിച്ചു: നീയും ഈജിപ്തില്‍നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്കുമെന്നു ഞാന്‍ ശപഥംചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക.
2: ഞാന്‍ നിങ്ങള്‍ക്കുമുമ്പേ ഒരു ദൂതനെയയയ്ക്കും. കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിച്ചുകളയും.
3: തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെ വരുന്നില്ല; വന്നാല്‍ നിങ്ങളുടെ ദുശ്ശാഠ്യംനിമിത്തം വഴിയില്‍വച്ചു നിങ്ങളെ നശിപ്പിച്ചുകളയും.
4: അശുഭമായ ഈ വാര്‍ത്തകേട്ട്, അവര്‍ വിലപിച്ചു. ആരും ആഭരങ്ങളണിഞ്ഞില്ല.
5: കര്‍ത്താവു മോശയോടരുളിച്ചെയ്തിരുന്നു: നീ ഇസ്രായേൽക്കാരോടു പറയുക; നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷത്തേക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍മതി, നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുവിന്‍. നിങ്ങളോടെന്തു ചെയ്യണമെന്നു ഞാന്‍ നിശ്ചയിക്കും.
6: ഹോറെബുമലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം ആഭരണങ്ങളഴിച്ചുമാറ്റി.

സമാഗമകൂടാരം
7: പാളയത്തിനു പുറത്ത്, അകലെയായി, മോശ ഒരു കൂടാരമടിക്കുക പതിവായിരുന്നു. അവന്‍ അതിനെ സമാഗമകൂടാരമെന്നു വിളിച്ചു. കര്‍ത്താവിൻ്റെ ഹിതമറിയാനാഗ്രഹിച്ചവരൊക്കെ പാളയത്തിനുവെളിയിലുള്ള ഈ കൂടാരത്തിലേക്കു പോയിരുന്നു.
8: മോശ ഈ കൂടാരത്തിലേക്കുപോകുന്ന അവസരങ്ങളിലൊക്കെ ജനമെഴുന്നേറ്റ്, ഓരോരുത്തനും സ്വന്തം കൂടാരത്തിൻ്റെ വാതില്ക്കല്‍ നിന്നുകൊണ്ട്, മോശ കൂടാരത്തിനുള്ളില്‍ക്കടക്കുന്നതുവരെ അവനെ വീക്ഷിച്ചിരുന്നു.
9: മോശ കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരവാതില്ക്കല്‍ നില്ക്കും. അപ്പോള്‍ കര്‍ത്താവു മോശയോടു സംസാരിക്കും.
10: മേഘസ്തംഭം കൂടാരവാതില്ക്കല്‍ നില്ക്കുന്നതു കാണുമ്പോള്‍ ജനമെഴുന്നേറ്റ്, ഓരോരുത്തനും സ്വന്തം കൂടാരത്തിൻ്റെ വാതില്ക്കല്‍ കുമ്പിട്ടാരാധിച്ചിരുന്നു.
11: സ്‌നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം, മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാല്‍ അവൻ്റെ സേവകനും നൂനിൻ്റെ പുത്രനുമായ ജോഷ്വ എന്ന യുവാവ്, കൂടാരത്തെ വിട്ടുപോയിരുന്നില്ല. 

കര്‍ത്താവു ജനത്തോടുകൂടെ
12: മോശ കര്‍ത്താവിനോടു പറഞ്ഞു: ഈ ജനത്തെ നയിക്കുകയെന്ന് അങ്ങെന്നോടാജ്ഞാപിക്കുന്നു. എന്നാല്‍, ആരെയാണ് എൻ്റെകൂടെ അയയ്ക്കുകയെന്നറിയിച്ചിട്ടില്ല. എന്നിട്ടും, എനിക്കു നിന്നെ നന്നായിട്ടറിയാം, നീ എൻ്റെ പ്രീതിനേടിയിരിക്കുന്നെന്ന് അവിടുന്നു പറയുന്നു.
13: അങ്ങ്, എന്നില്‍ സംപ്രീതനാണെങ്കില്‍ അങ്ങയുടെ വഴികളെനിക്കു കാണിച്ചുതരുക. അങ്ങനെ, ഞാനങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ. ഈ ജനത അങ്ങയുടെ സ്വന്തം ജനമാണെന്ന് ഓര്‍മ്മിച്ചാലും.
14: കര്‍ത്താവു പറഞ്ഞു: ഞാന്‍തന്നെ നിന്നോടുകൂടെ വരുകയും നിനക്കാശ്വാസംനല്കുകയും ചെയ്യും.
15: മോശ പറഞ്ഞു: അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കില്‍, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്ക്കരുത്.
16: അങ്ങു പോരുന്നില്ലെങ്കില്‍, അങ്ങ്, എന്നിലും അങ്ങയുടെ ജനത്തിലും സംപ്രീതനാണെന്ന് എങ്ങനെ വെളിപ്പെടും? അങ്ങു ഞങ്ങളോടൊത്തു യാത്രചെയ്യുമെങ്കില്‍, ഞാനും അങ്ങയുടെ ജനവും ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്നു വ്യത്യസ്തരായിരിക്കും.
17: കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എൻ്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായറിയാം.
18: മോശ പറഞ്ഞു: അങ്ങയുടെ മഹത്വം എനിക്കു കാണിച്ചുതരണമെന്നു ഞാനപേക്ഷിക്കുന്നു.
19: അവിടുന്നരുളിച്ചെയ്തു: എൻ്റെ മഹത്വം നിൻ്റെ മുമ്പിലൂടെ കടന്നുപോകും. കര്‍ത്താവ് എന്ന എൻ്റെ നാമം നിൻ്റെ മുമ്പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്കിഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്കിഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും.
20: അവിടുന്നു തുടര്‍ന്നു: നീ എൻ്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെക്കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല.
21: കര്‍ത്താവു പറഞ്ഞു: ഇതാ എൻ്റെയടുത്തുള്ള ഈ പാറമേല്‍ നീ നില്ക്കുക.
22: എൻ്റെ മഹത്വം കടന്നുപോകുമ്പോള്‍ നിന്നെ ഈ പാറയുടെ ഒരിടുക്കില്‍ ഞാന്‍ നിറുത്തും. ഞാന്‍ കടന്നുപോകുമ്പോള്‍ എൻ്റെ കൈകൊണ്ടു നിന്നെ മറയ്ക്കും.
23: അതിനുശേഷം ഞാന്‍, കൈ മാറ്റും. അപ്പോള്‍ നിനക്ക് എൻ്റെ പിന്‍ഭാഗം കാണാം. എന്നാല്‍ എൻ്റെ മുഖം നീ കാണുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ