ഇരു‍പത്തൊന്നാം ദിവസം - പുറപ്പാട് 19 - 21


അദ്ധ്യായം 19

സീനായ് ഉടമ്പടി

1: ഈജിപ്തില്‍നിന്നു പുറപ്പെട്ടതിൻ്റെ മൂന്നാംമാസം ഒന്നാംദിവസം ഇസ്രായേൽക്കാര്‍ സീനായ്‌മരുഭൂമിയിലെത്തി.
2: അവര്‍ റഫിദീമില്‍നിന്നു പുറപ്പെട്ട്, സീനായ്‌മരുഭൂമിയില്‍ പ്രവേശിച്ച് മലയുടെ മുന്‍വശത്തു പാളയമടിച്ചു.
3: മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. കര്‍ത്താവ്, മലയില്‍നിന്ന് അവനെവിളിച്ചിങ്ങനെ പറഞ്ഞു: യാക്കോബിൻ്റെ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെയറിയിക്കുക.
4: ഈജിപ്തുകാരോടു ഞാന്‍ ചെയ്തതെന്തെന്നും കഴുകന്മാരുടെ ചിറകുകളില്‍ സംവഹിച്ച്, ഞാന്‍ നിങ്ങളെയെങ്ങനെ എൻ്റെയടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടുകഴിഞ്ഞു.
5: അതുകൊണ്ട്, നിങ്ങളെൻ്റെ വാക്കുകേള്‍ക്കുകയും എൻ്റെ ഉടമ്പടി പാലിക്കുകയുംചെയ്താല്‍, നിങ്ങള്‍ എല്ലാ ജനങ്ങളിലുംവച്ച് എനിക്കേറ്റവും പ്രിയപ്പെട്ട എൻ്റെ സ്വന്തംജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്റേതാണ്.
6: നിങ്ങള്‍ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കും. ഇവയാണ്, ഇസ്രായേൽക്കാരോടു നീ പറയേണ്ട വാക്കുകള്‍.
7: മോശ ചെന്നു ജനത്തിലെ ശ്രേഷ്ഠന്മാരെ വിളിച്ചു കര്‍ത്താവു കല്പിച്ച കാര്യങ്ങളെല്ലാം അവരെയറിയിച്ചു.
8: ജനം ഏകസ്വരത്തില്‍ പറഞ്ഞു: കര്‍ത്താവു കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം. ജനത്തിൻ്റെ മറുപടി, മോശ കര്‍ത്താവിനെയറിയിച്ചു.
9: കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കുന്നതിനും അവര്‍ നിന്നെ എപ്പോഴും വിശ്വസിക്കുന്നതിനുംവേണ്ടി, ഇതാ, ഞാനൊരു കനത്ത മേഘത്തില്‍ നിൻ്റെയടുക്കലേക്കു വരുന്നു. മോശ ജനത്തിൻ്റെ വാക്കുകള്‍ കര്‍ത്താവിനെയറിയിച്ചു.
10: അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: നീ ജനത്തിൻ്റെയടുത്തേക്കുപോയി, ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക. അവര്‍ തങ്ങളുടെ വസ്ത്രങ്ങളലക്കട്ടെ.
11: മൂന്നാംദിവസം അവര്‍ തയ്യാറായിരിക്കണം, എന്തെന്നാല്‍, മൂന്നാംദിവസം ജനംമുഴുവൻ കാൺകേ, കര്‍ത്താവു സീനായ്‌മലയില്‍ ഇറങ്ങിവരും.
12: മലയ്ക്കുചുറ്റും ജനങ്ങള്‍ക്ക് അതിര്‍ത്തി കല്പിച്ചുകൊണ്ടു പറയണം: മലയില്‍ കയറുകയോ അതിൻ്റെ അതിരില്‍ തൊടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. മലയില്‍ത്തൊടുന്നവന്‍ വധിക്കപ്പെടും. അവനെ ആരും സ്പര്‍ശിക്കരുത്.
13: കല്ലെറിഞ്ഞോ അമ്പെയ്‌തോ കൊല്ലണം. മൃഗമായാലും മനുഷ്യനായാലും ജീവനോടെയിരിക്കരുത്. കാഹളം ദീര്‍ഘമായി മുഴങ്ങുമ്പോള്‍ അവര്‍ മലയെ സമീപിക്കട്ടെ.
14: മോശ മലയില്‍നിന്നിറങ്ങി ജനത്തിൻ്റെ അടുക്കല്‍ച്ചെന്ന് അവരെ ശുദ്ധീകരിച്ചു. അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി.
15: അവന്‍ ജനത്തോടു പറഞ്ഞു: മൂന്നാം ദിവസത്തേക്കു നിങ്ങള്‍ ഒരുങ്ങിയിരിക്കുവിന്‍, ആരും സ്ത്രീയെ സമീപിക്കരുത്.

ദൈവം പ്രത്യക്ഷപ്പെടുന്നു

16: മൂന്നാംദിവസം പ്രഭാതത്തില്‍ ഇടിമുഴക്കവും മിന്നല്പിണരുകളുമുണ്ടായി. മലമുകളില്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു. കാഹളദ്ധ്വനി അത്യുച്ചത്തില്‍ മുഴങ്ങി. പാളയത്തിലുണ്ടായിരുന്ന ജനമെല്ലാം ഭയന്നുവിറച്ചു.
17: ദൈവത്തെക്കാണുന്നതിനുവേണ്ടി, മോശ, ജനത്തെ പാളയത്തിനു പുറത്തുകൊണ്ടുവന്നു; അവര്‍ മലയുടെ അടിവാരത്തില്‍ നിലയുറപ്പിച്ചു. കര്‍ത്താവ് അഗ്നിയില്‍ ഇറങ്ങിവന്നതിനാല്‍ സീനായ്‌മലമുഴുവന്‍ ധൂമാവൃതമായി.
18: ചൂളയില്‍നിന്നെന്നപോലെ അവിടെനിന്നു പുകയുയര്‍ന്നുകൊണ്ടിരുന്നു. മല, ശക്തമായിളകിവിറച്ചു.
19: കാഹളശബ്ദം ശക്തിപ്പെട്ടുകൊണ്ടേയിരുന്നു. മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്താല്‍ ഉത്തരം നല്കുകയും ചെയ്തു.
20: കര്‍ത്താവു സീനായ്‌മലമുകളില്‍ ഇറങ്ങിവന്ന്, മോശയെ മലമുകളിലേക്കു വിളിച്ചു. അവൻ കയറിച്ചെന്നു.
21: അപ്പോള്‍ അവിടുന്നരുളിച്ചെയ്തു: നീ ഇറങ്ങിച്ചെന്ന്, ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്കുക. അല്ലെങ്കില്‍ അവരിലനേകംപേര്‍ കര്‍ത്താവിനെക്കാണുന്നതിന് അതിര്‍ത്തിലംഘിച്ച് അടുത്തുവരുകയും തത്ഫലമായി മരിക്കുകയുംചെയ്യും.
22: കര്‍ത്താവിനെ സമീപിക്കുന്ന പുരോഹിതന്മാരും തങ്ങളെത്തന്നെ ശുദ്ധീകരിക്കട്ടെ. അല്ലെങ്കില്‍, കര്‍ത്താവിൻ്റെ കോപം അവരുടെമേല്‍ പതിക്കും.
23: മോശ കര്‍ത്താവിനോടു പറഞ്ഞു: സീനായ്‌മലയിലേക്കു കയറാന്‍ ജനങ്ങള്‍ക്കു കഴിയുകയില്ല. കാരണം, ചുറ്റും അതിര്‍ത്തി നിര്‍ണ്ണയിച്ച്, മലയെ വിശുദ്ധസ്ഥലമായി പരിഗണിക്കാന്‍ അങ്ങുതന്നെ ഞങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.
24: അപ്പോള്‍, കര്‍ത്താവു മോശയോടു കല്പിച്ചു: നീ ഇറങ്ങിച്ചെന്ന് അഹറോനെയുംകൂട്ടി കയറിവരുക. എന്നാല്‍, പുരോഹിതന്മാരും ജനങ്ങളും അതിര്‍ത്തിലംഘിച്ചു കര്‍ത്താവിനെ സമീപിക്കാതിരിക്കട്ടെ. സമീപിച്ചാല്‍ കര്‍ത്താവിൻ്റെ കോപം അവരുടെമേല്‍ പതിക്കും.
25: മോശ ഇറങ്ങിച്ചെന്ന് ജനത്തോടു സംസാരിച്ചു.

അദ്ധ്യായം 20

പത്തു പ്രമാണങ്ങള്‍

1: ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ:
2: അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണു നിൻ്റെ ദൈവമായ കര്‍ത്താവ്.
3: ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്.
4: മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്;
5: അവയ്ക്കുമുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിൻ്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക്, അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.
6: എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എൻ്റെ കല്പനകള്‍ പാലിക്കുകയുംചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍വരെ ഞാൻ കരുണകാണിക്കും.
7: നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത്. തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെവിടുകയില്ല.
8: സാബത്തു വിശുദ്ധദിനമായാചരിക്കണമെന്ന് ഓര്‍മ്മിക്കുക.
9: ആറുദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക.
10: എന്നാല്‍ ഏഴാംദിവസം നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സാബത്താണ്. അന്നു നീയോ നിൻ്റെ മകനോ മകളോ ദാസനോ ദാസിയോ നിൻ്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്.
11: എന്തെന്നാല്‍, കര്‍ത്താവ് ആറുദിവസംകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്നു സാബത്തുദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയുംചെയ്തു.
12: നിൻ്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
13: കൊല്ലരുത്.
14: വ്യഭിചാരം ചെയ്യരുത്.
15: മോഷ്ടിക്കരുത്.
16: അയൽക്കാരനെതിരായി വ്യാജസാക്ഷ്യം നല്കരുത്.
17: അയൽക്കാരൻ്റെ ഭവനം മോഹിക്കരുത്; അയൽക്കാരൻ്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.

ജനം ഭയന്നുവിറയ്ക്കുന്നു

18: ഇടിമുഴക്കവും കാഹളദ്ധ്വനിയും കേള്‍ക്കുകയും മിന്നല്പിണരുകളും മലയില്‍നിന്നുയര്‍ന്ന പുകയും കാണുകയുംചെയ്തപ്പോള്‍ ജനമെല്ലാം ഭയന്നുവിറച്ച്, അകലെ മാറിനിന്നു.
19: അവര്‍ മോശയോടു പറഞ്ഞു: നീതന്നെ ഞങ്ങളോടു സംസാരിച്ചാല്‍ മതി; ഞങ്ങള്‍ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. അവിടുന്നു സംസാരിച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകും.
20: അപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങളെ പരീക്ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാന്‍വേണ്ടി നിങ്ങളില്‍ ദൈവഭയമുളവാക്കുന്നതിനുമായിട്ടാണു ദൈവം വന്നിരിക്കുന്നത്.
21: ജനം അകലെ മാറിനിന്നു. ദൈവം സന്നിഹിതനായിരുന്ന കനത്തമേഘത്തെ മോശ സമീപിച്ചു.
22: കര്‍ത്താവു മോശയോടു പറഞ്ഞു: ഇസ്രായേൽക്കാരോടു പറയുക, ഞാന്‍ ആകാശത്തുനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള്‍തന്നെ കണ്ടല്ലോ.
23: നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്മാരെ നിര്‍മ്മിക്കരുത്. സ്വര്‍ണ്ണംകൊണ്ടും ദേവന്മാരെ ഉണ്ടാക്കരുത്.
24: നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട് ഒരു ബലിപീഠമുണ്ടാക്കണം. അതിന്മേല്‍ ആടുകളെയും കാളകളെയും ദഹനബലികളും സമാധാനബലികളുമായി അര്‍പ്പിക്കണം. എൻ്റെ നാമം അനുസ്മരിക്കാന്‍, ഞാനിടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്നു നിങ്ങളെയനുഗ്രഹിക്കും.
25: കല്ലുകൊണ്ടുള്ള ബലിപീഠമാണ് എനിക്കായുണ്ടാക്കുന്നതെങ്കില്‍ കൊത്തിയ കല്ലുകൊണ്ട് അതു പണിയരുത്. കാരണം, പണിയായുധം സ്പര്‍ശിച്ചാല്‍ അതശുദ്ധമാകും.
26: എൻ്റെ ബലിപീഠത്തിന്മേല്‍ നിൻ്റെ നഗ്നത കാണപ്പെടാതിരിക്കാന്‍വേണ്ടി നീ അതിന്മേല്‍ ചവിട്ടുപടികളിലൂടെ കയറരുത്.

അദ്ധ്യായം 21

അടിമകളെ സംബന്ധിച്ച നിയമങ്ങള്‍

1: നീ അവരെയറിയിക്കേണ്ട നിയമങ്ങളിവയാണ്:
2: ഹെബ്രായനായ ഒരടിമയെ വിലയ്ക്കുവാങ്ങിയാല്‍ അവന്‍ നിന്നെ ആറുവര്‍ഷം സേവിച്ചുകൊള്ളട്ടെ. ഏഴാംവര്‍ഷം നീയവനെ സൗജന്യമായി സ്വതന്ത്രനാക്കണം.
3: അവന്‍ തനിച്ചാണു വന്നതെങ്കില്‍ തനിച്ചു പൊയ്‌ക്കൊള്ളട്ടെ.
4: ഭാര്യയോടുകൂടെയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ അവനു ഭാര്യയെ നല്കുകയും അവനവളില്‍ പുത്രന്മാരോ പുത്രിമാരോ ജനിക്കുകയുംചെയ്താല്‍ അവളും കുട്ടികളും യജമാനൻ്റെ വകയായിരിക്കും. ആകയാല്‍, അവന്‍ തനിയെ പോകണം.
5: എന്നാല്‍ ഞാന്‍ എൻ്റെ യജമാനനെയും എൻ്റെ ഭാര്യയെയും കുട്ടികളെയും സ്‌നേഹിക്കുന്നു; ഞാന്‍ സ്വതന്ത്രനായി പോകുന്നില്ല എന്നു ദാസന്‍ തീര്‍ത്തുപറഞ്ഞാല്‍
6: യജമാനന്‍ അവനെ ദൈവസമക്ഷം കൊണ്ടുചെന്നു കതകിൻ്റെയോ കട്ടിളയുടെയോ അടുക്കല്‍ നിറുത്തി അവൻ്റെ കാത്, തോലുളികൊണ്ടു തുളയ്ക്കണം. അവന്‍ എന്നേക്കും അവൻ്റെ അടിമയായിരിക്കും.
7: ഒരുവന്‍ തൻ്റെ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള്‍ പോകാന്‍പാടില്ല.
8: എന്നാല്‍, യജമാനന്‍ അവള്‍ക്കു വിവാഹവാഗ്ദാനം നല്കിയശേഷം അവനവളില്‍ അതൃപ്തി തോന്നിയാല്‍ അവള്‍ വീണ്ടെടുക്കപ്പെടാന്‍ അനുവദിക്കണം. അവളെ വഞ്ചിച്ചതിനാല്‍ അന്യര്‍ക്ക് അവളെ വില്ക്കാന്‍ അവന് അവകാശമുണ്ടായിരിക്കുകയില്ല.
9: അവനവളെ തൻ്റെ പുത്രനു ഭാര്യയായി നിശ്ചയിച്ചാല്‍ പുത്രിമാരോടെന്നപോലെ അവളോടു പെരുമാറണം.
10: അവന്‍ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കില്‍ ഇവള്‍ക്കുള്ള ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവയില്‍ കുറവുവരുത്തരുത്.
11: ഇവ മൂന്നും അവനവള്‍ക്കു നല്കുന്നില്ലെങ്കില്‍ വിലയൊടുക്കാതെ അവള്‍ക്കു സ്വതന്ത്രയായിപ്പോകാം.

ദേഹോപദ്രവത്തിനു ശിക്ഷ

12: മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍ വധിക്കപ്പെടണം.
13: എന്നാല്‍, കരുതിക്കൂട്ടിയല്ലാതെ അവൻ്റെ കൈയാല്‍ അങ്ങനെ സംഭവിക്കാന്‍ ദൈവമിടവരുത്തിയാല്‍ അവനോടിയൊളിക്കാന്‍ ഞാനൊരു സ്ഥലം നിശ്ചയിക്കും.
14: ഒരുവന്‍ തൻ്റെ അയല്ക്കാരനെ ചതിയില്‍ കൊല്ലാന്‍ ധൈര്യപ്പെടുന്നുവെങ്കില്‍, അവനെ എൻ്റെ ബലിപീഠത്തിങ്കല്‍നിന്നുപോലും പിടിച്ചുകൊണ്ടുപോയി വധിക്കണം.
15: പിതാവിനെയോ മാതാവിനെയോ അടിക്കുന്നവന്‍ വധിക്കപ്പെടണം.
16: മനുഷ്യനെ മോഷ്ടിച്ചു വില്ക്കുകയോ തൻ്റെയടുക്കല്‍ സൂക്ഷിക്കുകയോ ചെയ്യുന്നവന്‍ വധിക്കപ്പെടണം.
17: പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന്‍ വധിക്കപ്പെടണം.
18: ആളുകള്‍തമ്മിലുള്ള കലഹത്തിനിടയില്‍, ഒരുവന്‍ മറ്റൊരുവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിക്കുകയും, ഇടികൊണ്ടവന്‍ മരിച്ചില്ലെങ്കിലും കിടപ്പിലാവുകയുംചെയ്‌തെന്നിരിക്കട്ടെ;
19: പിന്നീട് അവനെഴുന്നേറ്റ്, വടിയുടെ സഹായത്തോടെയെങ്കിലും നടക്കാന്‍ സാധിച്ചാല്‍ ഇടിച്ചവന്‍ ശിക്ഷാര്‍ഹനല്ല; എങ്കിലും അവനു സമയനഷ്ടത്തിനു പരിഹാരം നല്കുകയും പൂര്‍ണ്ണസുഖമാകുന്നതുവരെ അവൻ്റെ കാര്യം ശ്രദ്ധിക്കുകയും വേണം.
20: ഒരുവന്‍ തൻ്റെ ദാസനെയോ ദാസിയെയോ വടികൊണ്ടടിക്കുകയും അടികൊണ്ടയാള്‍ അവൻ്റെയടുക്കല്‍തന്നെ വീണുമരിക്കുകയുംചെയ്താല്‍ അവന്‍ ശിക്ഷിക്കപ്പെടണം.
21: എന്നാല്‍, അടികൊണ്ട ആള്‍ ഒന്നോ രണ്ടോ ദിവസംകൂടെ ജീവിക്കുന്നെങ്കില്‍ അടിച്ചവന്‍ ശിക്ഷിക്കപ്പെടരുത്. കാരണം, അടിമ അവൻ്റെ സ്വത്താണ്.
22: ആളുകള്‍ കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്കു ദേഹോപദ്രവമേല്ക്കുകയാല്‍ ഗര്‍ഭച്ഛിദ്രത്തിനിടയാവുകയും, എന്നാല്‍ മറ്റപകടമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം അവളുടെ ഭര്‍ത്താവ് ആവശ്യപ്പെടുകയും ന്യായാധിപന്മാര്‍ നിശ്ചയിക്കുകയുംചെയ്യുന്ന തുക അവളെ ഉപദ്രവിച്ച ആള്‍ പിഴയായി നല്കണം.
23: എന്നാല്‍ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കില്‍ ജീവനുപകരം ജീവന്‍ കൊടുക്കണം.
24: കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കുപകരം കൈ; കാലിനുപകരം കാല്.
25: പൊള്ളലിനുപകരം പൊള്ളല്‍. മുറിവിനുപകരം മുറിവ്, പ്രഹരത്തിനുപകരം പ്രഹരം.
26: ഒരുവന്‍ തൻ്റെ ദാസൻ്റെയോ ദാസിയുടെയോ കണ്ണ് അടിച്ചുപൊട്ടിച്ചാല്‍ അതിനു പകരം ആ അടിമയ്ക്ക് സ്വാതന്ത്ര്യം നല്കണം.
27: ഒരുവന്‍ തൻ്റെ ദാസൻ്റെയോ ദാസിയുടെയോ പല്ല്, അടിച്ചുപറിച്ചാല്‍ അതിനു പകരം ആ അടിമയ്ക്കു സ്വാതന്ത്ര്യം നല്കണം.

ഉടമസ്ഥൻ്റെ  ഉത്തരവാദിത്വം

28: ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊലപ്പെടുത്തിയാല്‍, അതിനെ കല്ലെറിഞ്ഞു കൊല്ലണം. ആരും അതിൻ്റെ മാംസം ഭക്ഷിക്കരുത്; കാളയുടെ ഉടമസ്ഥന്‍ നിരപരാധനായിരിക്കും.
29: എന്നാല്‍, കാള പതിവായി ആളുകളെ കുത്തി മുറിവേല്പിക്കുകയും അതിൻ്റെ ഉടമസ്ഥനെ വിവരമറിയിച്ചിട്ടും അവന്‍ അതിനെ കെട്ടിയിടായ്കയാല്‍ അത് ആരെയെങ്കിലും കുത്തിക്കൊല്ലുകയുംചെയ്താല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം; അതിൻ്റെ ഉടമസ്ഥനും വധിക്കപ്പെടണം.
30: മോചനദ്രവ്യം നിശ്ചയിക്കപ്പെട്ടാല്‍ നിശ്ചയിച്ച തുകകൊടുത്ത് അവനു ജീവന്‍ വീണ്ടെടുക്കാം.
31: കാള ഒരു ബാലനെയോ ബാലികയെയോ കുത്തിമുറിവേല്പിച്ചാലും ഇതേ നിയമം ബാധകമാണ്;
32: ദാസനേയോ ദാസിയേയോ കുത്തി മുറിവേല്പിക്കുകയാണെങ്കില്‍ അവരുടെ യജമാനനു കാളയുടെ ഉടമസ്ഥന്‍ മുപ്പതു ഷെക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയുംവേണം.
33: ഒരുവന്‍ കിണര്‍ തുറന്നിടുകയോ അതു കുഴിച്ചതിനുശേഷം
34: അടയ്ക്കാതിരിക്കുകയോ ചെയ്തതുകൊണ്ട്, അതില്‍ കാളയോ കഴുതയോ വീഴാനിടയായാല്‍, കിണറിൻ്റെ ഉടമസ്ഥന്‍ മ്യഗത്തിൻ്റെ ഉടമസ്ഥനു നഷ്ടപരിഹാരം ചെയ്യണം. എന്നാല്‍, ചത്ത മൃഗം അവനുള്ളതായിരിക്കും.
35: ഒരുവൻ്റെ കാള മറ്റൊരുവൻ്റെ കാളയെ കുത്തിമുറിവേല്പിക്കുകയും അതു ചാകുകയുംചെയ്താല്‍, അവര്‍ ജീവനുള്ള കാളയെ വില്ക്കുകയും കിട്ടുന്നപണം പങ്കിട്ടെടുക്കുകയും വേണം; ചത്ത കാളയെയും പങ്കിട്ടെടുക്കണം.
36: എന്നാല്‍, തൻ്റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും അതിനെ കെട്ടിനിറുത്തുന്നില്ലെങ്കില്‍ അവൻ കാളയ്ക്കുപകരം കാളയെ കൊടുക്കണം; ചത്തകാള അവനുള്ളതായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ