ഇരു‍പതാം ദിവസം - പുറപ്പാട് 16 - 18


അദ്ധ്യായം 16

മന്നായും കാടപ്പക്ഷിയും

1: ഇസ്രായേല്‍സമൂഹം ഏലിമില്‍നിന്നു പുറപ്പെട്ട്, ഏലിമിനും സീനായ്ക്കുമിടയ്ക്കുള്ള സീൻമരുഭൂമിയിലെത്തി. ഈജിപ്തില്‍നിന്നു പുറപ്പെട്ടതിൻ്റെ രണ്ടാംമാസം പതിനഞ്ചാംദിവസമായിരുന്നു അത്.
2: മരുഭൂമിയില്‍വച്ച് ഇസ്രായേല്‍സമൂഹമൊന്നടങ്കം മോശയ്ക്കും അഹറോനുമെതിരായി പിറുപിറുത്തു.
3: ഇസ്രായേൽക്കാര്‍ അവരോടു പറഞ്ഞു: ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍ കര്‍ത്താവിൻ്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്രനന്നായിരുന്നു! എന്നാല്‍, സമൂഹംമുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.
4: കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളതു ശേഖരിക്കട്ടെ. അങ്ങനെ, അവര്‍ എൻ്റെ നിയമമനുസരിച്ചുനടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും.
5: ആറാംദിവസം നിങ്ങള്‍ ശേഖരിക്കുന്നത്, അകത്തു കൊണ്ടുവന്ന് ഒരുക്കിവയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിൻ്റെ ഇരട്ടിയുണ്ടായിരിക്കും.
6: മോശയും അഹറോനും എല്ലാ ഇസ്രായേൽക്കാരോടുമായി പറഞ്ഞു: കര്‍ത്താവാണു നിങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നതെന്നു സന്ധ്യയാകുമ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും.
7: പ്രഭാതമാകുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിൻ്റെ മഹത്വം ദര്‍ശിക്കും. കാരണം, തനിക്കെതിരായ നിങ്ങളുടെ പിറുപിറുപ്പുകള്‍ കര്‍ത്താവു കേട്ടിരിക്കുന്നു. ഞങ്ങള്‍ക്കെതിരായി നിങ്ങള്‍ ആവലാതിപ്പെടാന്‍ ഞങ്ങളാരാണ്?
8: മോശ പറഞ്ഞു: നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ വൈകുന്നേരം മാംസവും രാവിലെ വേണ്ടുവോളം അപ്പവും കര്‍ത്താവു തരും. എന്തെന്നാല്‍, അവിടുത്തേക്കെതിരായുള്ള നിങ്ങളുടെ ആവലാതികള്‍ അവിടുന്നു കേട്ടിരിക്കുന്നു. ഞങ്ങളാരാണ്? നിങ്ങളുടെ ആവലാതികള്‍ ഞങ്ങള്‍ക്കെതിരായിട്ടല്ല, കര്‍ത്താവിനെതിരായിട്ടാണ്.
9: അനന്തരം, മോശ അഹറോനോടു പറഞ്ഞു: ഇസ്രയേല്‍സമൂഹത്തോടു പറയുക: നിങ്ങള്‍ കര്‍ത്താവിൻ്റെ സന്നിധിയിലേക്കടുത്തുവരുവിന്‍. എന്തെന്നാല്‍, കര്‍ത്താവു നിങ്ങളുടെ ആവലാതികള്‍ കേട്ടിരിക്കുന്നു.
10: അഹറോന്‍, ഇസ്രായേല്‍സമൂഹത്തോടു സംസാരിച്ചപ്പോള്‍ അവര്‍ മരുഭൂമിയിലേക്കു നോക്കി. അപ്പോള്‍ കര്‍ത്താവിൻ്റെ മഹത്വം മേഘത്തില്‍ പ്രത്യക്ഷപ്പെട്ടു.
11: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
12: ഇസ്രായേൽക്കാരുടെ പരാതികള്‍ ഞാന്‍ കേട്ടു. അവരോടു പറയുക: സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്ന്, അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും.
13: വൈകുന്നേരമായപ്പോള്‍ കാടപ്പക്ഷികള്‍വന്നു പാളയംമൂടി. രാവിലെ പാളയത്തിനുചുററും മഞ്ഞുവീണുകിടന്നിരുന്നു.
14: മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു.
15: ഇസ്രായേൽക്കാര്‍ ഇതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: ഇതെന്താണ്? അതെന്താണെന്ന് അവരറിഞ്ഞിരുന്നില്ല. അപ്പോള്‍ മോശ അവരോടു പറഞ്ഞു: കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണിത്.
16: കര്‍ത്താവു കല്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഓരോരുത്തനും തൻ്റെ കൂടാരത്തിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരു ഓമെര്‍വീതം ശേഖരിക്കട്ടെ.
17: ഇസ്രായേൽക്കാര്‍ അപ്രകാരം ചെയ്തു; ചിലര്‍ കൂടുതലും ചിലര്‍ കുറവും ശേഖരിച്ചു.
18: പിന്നീട് ഓമെര്‍കൊണ്ട് അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ ശേഖരിച്ചവര്‍ക്ക് കൂടുതലോ, കുറവു ശേഖരിച്ചവര്‍ക്കു കുറവോ ഉണ്ടായിരുന്നില്ല. ഓരോരുത്തനും ശേഖരിച്ചത് അവനു ഭക്ഷിക്കാന്‍മാത്രമുണ്ടായിരുന്നു.
19: മോശ അവരോടു പറഞ്ഞു: ആരും അതില്‍നിന്ന് അല്പംപോലും പ്രഭാതത്തിലേക്കു നീക്കിവയ്ക്കരുത്.
20: എന്നാല്‍, അവര്‍ മോശയെ അനുസരിച്ചില്ല. ചിലര്‍ അതില്‍നിന്ന് ഒരുഭാഗം പ്രഭാതത്തിലേക്കു നീക്കിവച്ചു. അതു പുഴുത്തു മോശമായി. മോശ അവരോടു കോപിച്ചു.
21: പ്രഭാതംതോറും ഓരോരുത്തരും തങ്ങള്‍ക്കു ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചുകൊണ്ടിരുന്നു. ബാക്കിയുള്ളത്, സൂര്യനുദിച്ചുയരുമ്പോള്‍ ഉരുകിപ്പോയിരുന്നു.
22: ആറാംദിവസം ഒരാള്‍ക്കു രണ്ട് ഓമെര്‍വീതം, ഇരട്ടിയായി അപ്പം അവര്‍ ശേഖരിച്ചു; സമൂഹനേതാക്കള്‍ വന്നു വിവരം മോശയെ അറിയിച്ചു.
23: അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: കര്‍ത്താവിൻ്റെ കല്പനയിതാണ്, നാളെ പരിപൂര്‍ണ്ണ വിശ്രമത്തിൻ്റെ ദിവസമാണ് - കര്‍ത്താവിൻ്റെ വിശുദ്ധമായ സാബത്തുദിനം. വേണ്ടത്ര അപ്പം ഇന്നു ചുട്ടെടുക്കുവിന്‍. വേവിക്കേണ്ടത് വേവിക്കുകയുംചെയ്യുവിന്‍. ബാക്കി വരുന്നത്, അടുത്ത പ്രഭാതത്തിലേക്കു സൂക്ഷിക്കുവിന്‍.
24: മോശ കല്പിച്ചതുപോലെ, മിച്ചംവന്നത് അവര്‍ പ്രഭാതത്തിലേക്കു മാറ്റിവച്ചു. അതു ചീത്തയായിപ്പോയില്ല. അതില്‍ പുഴുക്കള്‍ ഉണ്ടായതുമില്ല.
25: മോശ പറഞ്ഞു: ഇന്നു കര്‍ത്താവിൻ്റെ വിശ്രമദിനമാകയാല്‍ നിങ്ങള്‍ അതു ഭക്ഷിച്ചുകൊള്ളുവിന്‍, പാളയത്തിനു വെളിയില്‍ ഇന്ന് അപ്പം കാണുകയില്ല.
26: ആറുദിവസം നിങ്ങള്‍ അതുശേഖരിക്കണം. ഏഴാംദിവസം സാബത്താകയാല്‍ അതുണ്ടായിരിക്കുകയില്ല.
27: ഏഴാംദിവസം ജനങ്ങളില്‍ ചിലര്‍ അപ്പം ശേഖരിക്കാനായി പുറത്തിറങ്ങി.
28: എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ കര്‍ത്താവു മോശയോടു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ എൻ്റെ കല്പനകളും നിയമങ്ങളും പാലിക്കാതിരിക്കും?
29: കര്‍ത്താവു നിങ്ങള്‍ക്കു സാബത്തു നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടാണ്, ആറാംദിവസം, അവിടുന്നു രണ്ടു ദിവസത്തേക്കുള്ള അപ്പം നിങ്ങള്‍ക്കു തരുന്നത്. ഏഴാംദിവസം ഓരോരുത്തനും തൻ്റെ വസതിയില്‍തന്നെ കഴിയട്ടെ; ആരും പുറത്തുപോകരുത്.
30: അതനുസരിച്ച്, ഏഴാംദിവസം ജനം വിശ്രമിച്ചു.
31: ഇസ്രായേൽക്കാര്‍ അതിനു മന്നാ എന്നു പേരു നല്കി. അതു കൊത്തമ്പാലരിപോലെയിരുന്നു. വെളുത്തതും തേന്‍ചേര്‍ത്ത അപ്പത്തിൻ്റെ രുചിയുള്ളതുമായിരുന്നു.
32: മോശ പറഞ്ഞു: കര്‍ത്താവിൻ്റെ കല്പനയിതാണ്: ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോരുമ്പോള്‍ മരുഭൂമിയില്‍വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍തന്ന അപ്പം, നിങ്ങളുടെ പിന്‍തലമുറകള്‍ കാണുന്നതിനുവേണ്ടി അതില്‍നിന്ന് ഒരു ഓമെര്‍ എടുത്തു സൂക്ഷിച്ചുവയ്ക്കുവിന്‍.
33: മോശ അഹറോനോടു പറഞ്ഞു: ഒരു പാത്രത്തില്‍ ഒരു ഓമെര്‍ മന്നായെടുത്ത്, നിങ്ങളുടെ പിന്‍തലമുറകള്‍ക്കുവേണ്ടി കര്‍ത്താവിന്റെ സന്നിധിയില്‍ സൂക്ഷിച്ചുവയ്ക്കുക.
34: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ അഹറോന്‍ അതു സാക്ഷ്യപേടകത്തിനു മുമ്പില്‍ സൂക്ഷിച്ചുവച്ചു.
35: ഇസ്രായേൽക്കാര്‍ മനുഷ്യവാസമുള്ള സ്ഥലത്തെത്തുന്നതുവരെ നാല്പതു വര്‍ഷത്തേക്കു മന്നാ ഭക്ഷിച്ചു. കാനാന്‍ ദേശത്തിൻ്റെ അതിര്‍ത്തിയിലെത്തുന്നതുവരെ മന്നായാണ് അവര്‍ ഭക്ഷിച്ചത്.
36: ഒരു ഓമെര്‍ ഒരു എഫായുടെ പത്തിലൊന്നാണ്.

അദ്ധ്യായം 17

പാറയില്‍നിന്നു ജലം

1: ഇസ്രായേല്‍സമൂഹം മുഴുവന്‍ സീൻമരുഭൂമിയില്‍നിന്നു പുറപ്പെട്ടു. കര്‍ത്താവിൻ്റെ നിര്‍ദ്ദേശമനുസരിച്ച്, പടിപടിയായി യാത്രചെയ്ത് റഫിദീമിലെത്തി പാളയമടിച്ചു. അവിടെ അവര്‍ക്കു കുടിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല.
2: ജനം മോശയെ കുറ്റപ്പെടുത്തിക്കൊണ്ടു ഞങ്ങള്‍ക്കു കുടിക്കാന്‍ വെള്ളം തരിക എന്നുപറഞ്ഞു. മോശ അവരോടു പറഞ്ഞു: നിങ്ങളെന്തിന് എന്നെ കുറ്റപ്പെടുത്തുന്നു? എന്തിനു കര്‍ത്താവിനെ പരീക്ഷിക്കുന്നു?
3: ദാഹിച്ചുവലഞ്ഞ ജനം മോശയ്‌ക്കെതിരേ ആവലാതിപ്പെട്ടു ചോദിച്ചു: നീ എന്തിനാണു ഞങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു ചാകട്ടെ, എന്നുകരുതിയാണോ?
4: മോശ കര്‍ത്താവിനോടു നിലവിളിച്ചു പറഞ്ഞു: ഈ ജനത്തോടു ഞാനെന്താണു ചെയ്യുക? ഏറെത്താമസിയാതെ അവരെന്നെ കല്ലെറിയും.
5: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഏതാനും ഇസ്രായേല്‍ശ്രേഷ്ഠന്മാരുമൊത്ത്, നീ ജനത്തിൻ്റെ മുമ്പേ പോകുക. നദിയുടെമേല്‍ അടിക്കാനുപയോഗിച്ച വടിയും കൈയിലെടുത്തുകൊള്ളുക.
6: ഇതാ, നിനക്കുമുമ്പില്‍ ഹോറെബിലെ പാറമേല്‍ ഞാന്‍ നില്ക്കും. നീ ആ പാറയില്‍ അടിക്കണം. അപ്പോള്‍ അതില്‍നിന്നു ജനത്തിനു കുടിക്കാന്‍ വെള്ളം പുറപ്പെടും. ഇസ്രായേല്‍ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യത്തില്‍ മോശ അങ്ങനെ ചെയ്തു.
7: ഇസ്രായേൽക്കാര്‍ അവിടെവച്ചു കലഹിച്ചതിനാലും കര്‍ത്താവു ഞങ്ങളുടെയിടയിലുണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ടു കര്‍ത്താവിനെ പരീക്ഷിച്ചതിനാലും മോശ ആ സ്ഥലത്തിനു മാസാ എന്നും മെറീബാ എന്നും പേരിട്ടു.

അമലേക്യരുമായി യുദ്ധം

8: അമലേക്യര്‍ റഫിദീമില്‍ വന്ന്, ഇസ്രായേൽക്കാരെ ആക്രമിച്ചു.
9: അപ്പോള്‍ മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തെരഞ്ഞെടുത്ത്, അമലേക്യരുമായി യുദ്ധത്തിനു പുറപ്പെടുക. ഞാന്‍ നാളെ ദൈവത്തിൻ്റെ വടി കൈയിലെടുത്തു മലമുകളില്‍ നില്ക്കും.
10: മോശ പറഞ്ഞതനുസരിച്ച്, ജോഷ്വ അമലേക്യരുമായി യുദ്ധംചെയ്തു. മോശ, അഹറോന്‍, ഹൂര്‍ എന്നിവര്‍ മലമുകളില്‍ കയറിനിന്നു.
11: മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം.
12: മോശയുടെ കൈകള്‍ കുഴഞ്ഞു. അപ്പോള്‍ അവര്‍ ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേല്‍ ഇരുന്നു. അഹറോനും ഹൂറും അവൻ്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയംവരെ അവൻ്റെ കൈകള്‍ ഉയര്‍ന്നുതന്നെനിന്നു.
13: ജോഷ്വ അമലേക്കിനെയും അവൻ്റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി.
14: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇതിൻ്റെ ഓര്‍മ്മ നിലനിര്‍ത്താനായി നീയിത് ഒരു പുസ്തകത്തിലെഴുതി, ജോഷ്വയെ വായിച്ചു കേള്‍പ്പിക്കുക. ആകാശത്തിന്‍ കീഴില്‍നിന്ന് അമലേക്കിൻ്റെ സ്മരണ, ഞാന്‍ നിശ്ശേഷം മായിച്ചുകളയും.
15: മോശ അവിടെ ഒരു ബലിപീഠം നിര്‍മ്മിച്ച്, അതിനു യാഹ്‌വെനിസ്സി എന്നു പേരു നല്കി.
16: എന്തെന്നാല്‍, അവന്‍ പറഞ്ഞു: കര്‍ത്താവിൻ്റെ പതാക കൈയിലെടുക്കുവിന്‍. തലമുറതോറും കര്‍ത്താവ് അമലേക്കിനെതിരായി യുദ്ധംചെയ്തുകൊണ്ടിരിക്കും.

അദ്ധ്യായം 18

മോശയും ജത്രോയും
1: മോശയ്ക്കും അവൻ്റെ ജനമായ ഇസ്രായേലിനുംവേണ്ടി ദൈവം എന്തെല്ലാം ചെയ്തുവെന്നും അവിടുന്നവരെ ഈജിപ്തില്‍നിന്ന് എപ്രകാരം മോചിപ്പിച്ചുവെന്നും മിദിയാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ ജത്രോ കേട്ടറിഞ്ഞു.
2: മോശ തൻ്റെ ഭാര്യ സിപ്പോറയെ തിരിച്ചയച്ചപ്പോള്‍,
3: അവൻ്റെ അമ്മായിയപ്പന്‍ ജത്രോ അവളെയും അവളുടെ രണ്ടുപുത്രന്മാരെയും സ്വീകരിച്ചു. അവരില്‍ ഒരുവൻ്റെ പേര്‍ ഗര്‍ഷോം എന്നായിരുന്നു. കാരണം, ഞാനൊരു പ്രവാസിയാകുന്നു എന്നു പറഞ്ഞാണ്‌ മോശ അവനു പേരിട്ടത്.
4: അപരൻ്റെ പേര് എലിയേസര്‍ എന്നായിരുന്നു. കാരണം, എൻ്റെ പിതാവിൻ്റെ ദൈവമാണെൻ്റെ സഹായം, അവിടുന്നു ഫറവോയുടെ വാളില്‍നിനിന്നെന്നെ രക്ഷിച്ചു എന്നവന്‍ പറഞ്ഞു.
5: മരുഭൂമിയില്‍ ദൈവത്തിൻ്റെ മലയുടെ സമീപം കൂടാരമടിച്ചിരുന്ന മോശയുടെ അടുക്കലേക്ക് അവൻ്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടിക്കൊണ്ട് അമ്മായിയപ്പന്‍ ജത്രോ വന്നു.
6: ഒരുവന്‍ വന്നു മോശയെ അറിയിച്ചു: നിൻ്റെ അമ്മായിയപ്പന്‍ ജത്രോ, നിൻ്റെ ഭാര്യയോടും അവളുടെ രണ്ടു പുത്രന്മാരോടുംകൂടെ വന്നിരിക്കുന്നു.
7: മോശ ഉടനെ തൻ്റെ അമ്മായിയപ്പനെ സ്വീകരിക്കാന്‍ പുറത്തേക്കു വന്നു. അവന്‍ ജത്രോയെ നമസ്കരിക്കുകയും ചുംബിക്കുകയും ചെയ്തു. കുശലപ്രശ്‌നത്തിനുശേഷം അവര്‍ കൂടാരത്തിനുള്ളിലേക്കു പോയി.
8: ഇസ്രായേൽക്കാര്‍ക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും കര്‍ത്താവുചെയ്ത കാര്യങ്ങളും വഴിയില്‍വച്ചു തങ്ങള്‍ക്കു നേരിട്ട പ്രയാസങ്ങളും കര്‍ത്താവു നല്കിയ സംരക്ഷണവുമെല്ലാം മോശ അമ്മായിയപ്പനോടു വിവരിച്ചുപറഞ്ഞു.
9: കര്‍ത്താവ് ഈജിപ്തുകാരില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിച്ച് അവര്‍ക്കുചെയ്ത നിരവധി നന്മകളെക്കുറിച്ചു ജത്രോ ആഹ്ലാദിച്ചു.
10: അവന്‍ പറഞ്ഞു: ഈജിപ്തുകാരില്‍നിന്നും ഫറവോയില്‍നിന്നും നിങ്ങളെ രക്ഷിച്ച കര്‍ത്താവു വാഴ്ത്തപ്പെട്ടവനാകുന്നു.
11: കര്‍ത്താവു സകലദേവന്മാരെയുംകാള്‍ വലിയവനാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. എന്തെന്നാല്‍, ഈജിപ്തുകാര്‍ അവരോട് അഹങ്കാരപൂര്‍വം പെരുമാറിയപ്പോള്‍ അവരുടെ പിടിയില്‍നിന്ന് അവിടുന്നു തൻ്റെ ജനത്തെ മോചിപ്പിച്ചു.
12: മോശയുടെ അമ്മായിയപ്പനായ ജത്രോ ദൈവത്തിനു ദഹനബലിയും മറ്റു ബലികളും സമര്‍പ്പിച്ചു. ജത്രോയോടൊന്നിച്ചു ദൈവസന്നിധിയില്‍ ഭക്ഷണംകഴിക്കുന്നതിനായി അഹറോനും ഇസ്രായേലിലെ ശ്രേഷ്ഠന്മാരും വന്നു.

ന്യായാധിപന്മാര്‍


13: പിറ്റേദിവസം, മോശ ജനത്തിൻ്റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഉപവിഷ്ടനായി. പ്രഭാതംമുതല്‍ പ്രദോഷംവരെ ജനങ്ങള്‍ മോശയുടെചുറ്റും കൂടിനിന്നു.
14: മോശ തൻ്റെ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം കണ്ടപ്പോള്‍ അമ്മായിയപ്പനായ ജത്രോ അവനോടു ചോദിച്ചു: നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? രാവിലെമുതല്‍ വൈകുന്നേരംവരെ ജനമെല്ലാം നിൻ്റെചുറ്റും കൂടിനില്ക്കാന്‍ ഇടയാകത്തക്കവിധം നീ ഇവിടെ ഒറ്റയ്ക്കിരിക്കുന്നതെന്തുകൊണ്ട്?
15: മോശ പറഞ്ഞു: ദൈവഹിതമറിയാനായി ജനമെന്നെ സമീപിക്കുന്നു.
16: എന്തെങ്കിലും തര്‍ക്കമുണ്ടാകുമ്പോള്‍ അവര്‍ എൻ്റെയടുക്കല്‍ വരുന്നു. ഞാനവരുടെ കലഹങ്ങള്‍ തീര്‍ക്കുന്നു; ദൈവത്തിൻ്റെ ചട്ടങ്ങളും നിയമങ്ങളും അവരെ പഠിപ്പിക്കുകയുംചെയ്യുന്നു.
17: അപ്പോള്‍ അവന്‍ പറഞ്ഞു: നീ ചെയ്യുന്നതു ശരിയല്ല.
18: നീയും നിൻ്റെകൂടെയുള്ള ജനങ്ങളും ക്ഷീണിച്ചു വിവശരാകും. ഇതു ഭാരമേറിയ ജോലിയാണ്. തനിയെ ഇതുചെയ്യാന്‍ നിനക്കു സാധിക്കുകയില്ല.
19: ഞാന്‍ പറയുന്നതു കേള്‍ക്കുക, ഞാന്‍ നിനക്കൊരുപദേശം നല്കാം. ദൈവം നിന്നോടുകൂടെയുണ്ടായിരിക്കട്ടെ. നീ ദൈവത്തിൻ്റെ മുമ്പില്‍ ജനങ്ങളുടെ പ്രതിനിധിയായിരിക്കണം; അവരുടെ തര്‍ക്കങ്ങള്‍ അവിടുത്തെയറിയിക്കണം; അവരെ ചട്ടങ്ങളും നിയമങ്ങളും പഠിപ്പിക്കണം.
20: അവര്‍ ചരിക്കേണ്ട മാര്‍ഗ്ഗവും അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളും അവര്‍ക്കു നിര്‍ദ്ദേശിച്ചുകൊടുക്കണം.
21: കഴിവും ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലിവെറുക്കുന്നവരുമായ ആളുകളെ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത്, അവരെ ആയിരവും നൂറും അമ്പതും പത്തുംവീതമുള്ള ഗണങ്ങളുടെ അധിപന്മാരായി നിയമിക്കുക.
22: അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പുകല്പിക്കട്ടെ. വലിയ കാര്യങ്ങള്‍ നിന്നെയേല്പിക്കുകയും ചെറിയവ അവര്‍തന്നെ തീരുമാനിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നിന്നെ സഹായിക്കുമ്പോള്‍ നിൻ്റെ ജോലി എളുപ്പമാകും.
23: ഇതു ദൈവകല്പനയാണെന്നു ഗ്രഹിച്ച്, ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ ജോലി നിര്‍വിഘ്‌നംതുടരാന്‍ നിനക്കു സാധിക്കും. ജനങ്ങള്‍ സംതൃപ്തരായി തങ്ങളുടെ വസതികളിലേക്കു മടങ്ങുകയും ചെയ്യും.
24: മോശ അമ്മായിയപ്പൻ്റെ ഉപദേശംകേട്ട്, അതനുസരിച്ചു പ്രവര്‍ത്തിച്ചു.
25: മോശ ഇസ്രായേൽക്കാരില്‍നിന്നു സമര്‍ത്ഥരായ ആളുകളെ തിരഞ്ഞെടുത്ത്, ആയിരവും നൂറും അമ്പതും പത്തുംവീതമുള്ള ഗണങ്ങളുടെമേല്‍ അവരെ അധിപന്മാരായി നിയമിച്ചു.
26: അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെയിടയില്‍ നീതിനടത്തി. സുപ്രധാനമായ കാര്യങ്ങള്‍ മോശയെ ഏല്പിച്ചു. ചെറിയ കാര്യങ്ങള്‍ അവര്‍തന്നെ തീരുമാനിച്ചു.
27: അനന്തരം, മോശ അമ്മായിയപ്പനെ യാത്രയാക്കി. അവന്‍ സ്വന്തംനാട്ടിലേക്കു മടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ