പത്തൊന്‍പതാം ദിവസം - പുറപ്പാട് 13 - 15


അദ്ധ്യായം 13

ആദ്യജാതര്‍ ദൈവത്തിന്
1: കര്‍ത്താവു മോശയോടു കല്പിച്ചു:
2: ഇസ്രായേലിലെ ആദ്യജാതരെയെല്ലാം എനിക്കായി സമര്‍പ്പിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകള്‍ എനിക്കുള്ളതാണ്.
    
പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാള്‍
3: മോശ ജനത്തോടു പറഞ്ഞു: അടിമത്തത്തിൻ്റെ നാടായ ഈജിപ്തില്‍നിന്നു പുറത്തുവന്ന ഈ ദിവസം നിങ്ങളനുസ്മരിക്കണം; കര്‍ത്താവാണു തൻ്റെ ശക്തമായ കരത്താല്‍ നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചത്. ഈ ദിവസം ആരും പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്.
4: ആബീബു മാസത്തിലെ ഈ ദിവസമാണു നിങ്ങള്‍ പുറപ്പെട്ടത്.
5: കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക് - നിങ്ങള്‍ക്കു നല്കാമെന്നു കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്ത, തേനും പാലുമൊഴുകുന്ന ദേശത്തേക്ക് - അവിടുന്നു നിങ്ങളെ പ്രവേശിപ്പിച്ചുകഴിയുമ്പോള്‍, ഈ മാസത്തില്‍ ഈ കര്‍മ്മം നിങ്ങളനുഷ്ഠിക്കണം.
6: നിങ്ങള്‍ ഏഴു ദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാംദിവസം കര്‍ത്താവിൻ്റെ തിരുനാളായി ആചരിക്കണം.
7: ഏഴു ദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പമേ ഭക്ഷിക്കാവൂ. പുളിപ്പുള്ള അപ്പം നിങ്ങളുടെപക്കല്‍ കാണരുത്. പുളിമാവു നിങ്ങളുടെ നാട്ടിലെങ്ങും ഉണ്ടായിരിക്കരുത്.
8: ആ ദിവസം നിൻ്റെ മകനോടു പറയണം: ഈജിപ്തില്‍നിന്നു ഞാന്‍ പുറത്തുപോന്നപ്പോള്‍ കര്‍ത്താവ് എനിക്കുവേണ്ടി പ്രവര്‍ത്തിച്ചതിൻ്റെ ഓര്‍മ്മയ്ക്കായിട്ടാണിത്.
9: ഇതു നിൻ്റെ ഭുജത്തില്‍ ഒരടയാളവും നെറ്റിയില്‍ ഒരു സ്മാരകവുമെന്നപോലെ ആയിരിക്കണം. അങ്ങനെ കര്‍ത്താവിൻ്റെ നിയമം എപ്പോഴും നിൻ്റെ അധരത്തിലുണ്ടായിരിക്കട്ടെ. എന്തെന്നാല്‍, ശക്തമായ കരത്താലാണു കര്‍ത്താവു നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചത്.
10: വര്‍ഷംതോറും നിശ്ചിതസമയത്ത് ഇതാചരിക്കണം.

ആദ്യജാതരുടെ സമര്‍പ്പണം

11: നിങ്ങളോടും നിങ്ങളുടെ പിതാക്കന്മാരോടും വാഗ്ദാനംചെയ്തതുപോലെ കര്‍ത്താവു നിങ്ങളെ കാനാന്‍ദേശത്തു പ്രവേശിപ്പിക്കുകയും അവിടം നിങ്ങള്‍ക്കു നല്കുകയുംചെയ്യുമ്പോള്‍
12: നിങ്ങളുടെ എല്ലാ ആദ്യജാതരെയും കര്‍ത്താവിനു സമര്‍പ്പിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആണ്‍കുട്ടികള്‍ കര്‍ത്താവിനുള്ളവയായിരിക്കും.
13: എന്നാല്‍, ഒരാട്ടിന്‍കുട്ടിയെ പകരംകൊടുത്തു കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിൻ്റെ കഴുത്തു ഞെരിച്ചു കൊന്നുകളയണം. നിങ്ങളുടെ മക്കളില്‍ ആദ്യജാതരെയെല്ലാം വീണ്ടെടുക്കണം.
14: ഇതിൻ്റെ അര്‍ത്ഥമെന്താണെന്നു പില്ക്കാലത്തു നിൻ്റെ മകന്‍ ചോദിച്ചാല്‍ നീ പറയണം: അടിമത്തത്തിൻ്റെ നാടായ ഈജിപ്തില്‍നിന്നു കര്‍ത്താവു തൻ്റെ ശക്തമായ കരത്താല്‍ നമ്മെ മോചിപ്പിച്ചു.
15: നമ്മെ വിട്ടയയ്ക്കാന്‍ ഫറവോ വിസമ്മതിച്ചപ്പോള്‍ ഈജിപ്തിലെ ആദ്യജാതരെ - മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം - കര്‍ത്താവു സംഹരിച്ചു. അതിനാലാണ്, മൃഗങ്ങളുടെ കടിഞ്ഞൂലുകളില്‍ ആണ്‍കുട്ടികളെയെല്ലാം ഞാൻ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്നത്. എന്നാല്‍ എൻ്റെ കടിഞ്ഞൂൽപുത്രന്മാരെ ഞാന്‍ വീണ്ടെടുക്കുന്നു.
16: ഇതു നിൻ്റെ ഭുജത്തില്‍ ഒരടയാളവും നെറ്റിയില്‍ ഒരു സ്മാരകവുമെന്നപോലെയായിരിക്കണം. എന്തെന്നാല്‍, തൻ്റെ ശക്തമായ കരത്താല്‍ കര്‍ത്താവു നമ്മെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നു.

മേഘസ്തംഭവും അഗ്നിസ്തംഭവും

17: ഫറവോ ജനത്തെ വിട്ടയച്ചപ്പോള്‍ ഫിലിസ്ത്യരുടെ ദേശത്തുകൂടെയുള്ള വഴിയായിരുന്നു എളുപ്പമെങ്കിലും അതിലെയല്ല ദൈവമവരെ നയിച്ചത്. കാരണം, യുദ്ധംചെയ്യേണ്ടിവരുമോ എന്നു ഭയപ്പെട്ട്, മനസ്സുമാറി, ജനം ഈജിപ്തിലേക്കു മടങ്ങിയേക്കുമെന്ന് അവിടുന്നു വിചാരിച്ചു.
18: ദൈവം ജനത്തെ മരുഭൂമിയിലുള്ള വഴിയിലേക്കു തിരിച്ചുവിട്ട്, ചെങ്കടലിനുനേരേ നയിച്ചു. അവര്‍ ഈജിപ്തില്‍നിന്നു പുറത്തേക്കു പോയത് ആയുധധാരികളായിട്ടാണ്.
19: ജോസഫ് ഇസ്രായേൽക്കാരെക്കൊണ്ടു സത്യംചെയ്യിച്ചിരുന്നതനുസരിച്ചു മോശ, ജോസഫിന്റെ അസ്ഥികളും കൂടെക്കൊണ്ടുപോയി. ജോസഫ് അവരോടു പറഞ്ഞിരുന്നു: ദൈവം തീര്‍ച്ചയായും നിങ്ങളെ സന്ദര്‍ശിക്കും. അപ്പോള്‍ എൻ്റെ അസ്ഥികള്‍ ഇവിടെനിന്നു നിങ്ങളുടെകൂടെ കൊണ്ടുപോകണം.
20: അവര്‍ സുക്കോത്തില്‍നിന്നു മുമ്പോട്ടു നീങ്ങി, മരുഭൂമിയുടെ അരികിലുള്ള ഏത്താമില്‍ കൂടാരമടിച്ചു.
21: അവര്‍ക്കു രാവും പകലും യാത്രചെയ്യാനാവുംവിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശംനല്കാന്‍ ഒരു അഗ്നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്കുമുമ്പേ പോയിരുന്നു.
22: പകല്‍ മേഘസ്തംഭമോ, രാത്രി അഗ്നിസ്തംഭമോ അവരുടെ മുമ്പില്‍നിന്നു മാറിയില്ല.


അദ്ധ്യായം 14

ചെങ്കടല്‍ കടക്കുന്നു
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: 
2: ഇസ്രായേൽക്കാരോടു പറയുക, നിങ്ങള്‍ പിന്തിരിഞ്ഞു പിഹഹിറോത്തിനുമുമ്പില്‍ മിഗ്ദോലിനും കടലിനുംമദ്ധ്യേ ബാല്‍സെഫോൻ്റെ എതിര്‍വശത്തു പാളയമടിക്കുവിന്‍. പാളയമടിക്കുന്നതു കടലിനടുത്തായിരിക്കണം. 
3: അപ്പോള്‍ ഫറവോ ഇസ്രായേൽക്കാരെക്കുറിച്ചു പറയും: അവരിതാ നാട്ടില്‍ അലഞ്ഞുതിരിയുന്നു. മരുഭൂമിയവരെ കുടുക്കിലാക്കിയിരിക്കുന്നു. 
4: ഇസ്രായേൽക്കാരെ അനുധാവനംചെയ്യത്തക്കവിധം ഫറവോയെ ഞാൻ കഠിനചിത്തനാക്കും. ഫറവോയുടെയും അവൻ്റെ സൈന്യങ്ങളുടെയുംമേല്‍ ഞാന്‍ മഹത്വംവരിക്കും. ഞാനാണു കര്‍ത്താവെന്ന് അപ്പോള്‍ ഈജിപ്തുകാര്‍ മനസ്സിലാക്കും. കര്‍ത്താവു പറഞ്ഞതുപോലെ ഇസ്രായേൽക്കാര്‍ പ്രവര്‍ത്തിച്ചു. 
5: ഇസ്രായേൽക്കാര്‍ പോയവിവരം ഈജിപ്തുരാജാവറിഞ്ഞപ്പോള്‍ അവനും സേവകര്‍ക്കും അവരോടുണ്ടായിരുന്ന മനോഭാവം മാറി. അവര്‍ പറഞ്ഞു: നാമെന്താണീ ചെയ്തത്? നമ്മുടെ അടിമകളായ ഇസ്രായേൽക്കാരെ വിട്ടയച്ചിരിക്കുന്നു. 
6: ഫറവോ തൻ്റെ രഥമൊരുക്കി സൈന്യങ്ങളെ സജ്ജമാക്കി. 
7: ഏറ്റവും മികച്ച അറുനൂറു രഥങ്ങളും ഈജിപ്തിലെ മറെറല്ലാ രഥങ്ങളും അവയുടെ നായകന്മാരെയും അവന്‍ കൂടെക്കൊണ്ടുപോയി. 
8: ഈജിപ്തിലെ രാജാവായ ഫറവോയെ കര്‍ത്താവു കഠിനചിത്തനാക്കി. ധൈര്യപൂര്‍വ്വം മുന്നോട്ടു പോയ്ക്കൊണ്ടിരുന്ന ഇസ്രായേൽക്കാരെ ഈജിപ്തുകാര്‍ പിന്തുടര്‍ന്നു. 
9: ഫറവോയുടെ തേരുകളും കുതിരകളും കുതിരപ്പടയാളികളും സൈന്യം മുഴുവനും കടല്‍ത്തീരത്ത്, പിഹഹിറോത്തിനരികേ ബാല്‍സെഫോൻ്റെ എതിര്‍വശത്തു പാളയമടിച്ച ഇസ്രായേൽക്കാരുടെ സമീപമെത്തിച്ചേര്‍ന്നു. 
10: ഫറവോ സമീപിച്ചുകൊണ്ടിരുന്നപ്പോള്‍ ഇസ്രായേല്‍ജനം കണ്ണുകളുയര്‍ത്തി നോക്കി. തങ്ങളെ പിന്തുടരുന്ന ഈജിപ്തുകാരെ അവര്‍കണ്ടു. ഭയവിഹ്വലരായ ഇസ്രായേൽക്കാര്‍ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. 
11: അവര്‍ മോശയോടു ചോദിച്ചു: ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയില്‍ക്കിടന്നു മരിക്കാന്‍ കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്? നീ എന്താണു ഞങ്ങളോടുചെയ്തിരിക്കുന്നത്. ഈജിപ്തില്‍നിന്ന് എന്തിനാണു ഞങ്ങളെ പുറത്തുകൊണ്ടുവന്നത്? 
12: ഞങ്ങളെ തനിയേ വിട്ടേക്കൂ, ഞങ്ങള്‍ ഈജിപ്തുകാര്‍ക്കു വേലചെയ്തു കഴിഞ്ഞുകൊള്ളാമെന്ന് ഈജിപ്തില്‍വച്ചു ഞങ്ങള്‍ നിന്നോടു പറഞ്ഞതല്ലേ? ഈജിപ്തുകാര്‍ക്ക് അടിമവേല ചെയ്യുകയായിരുന്നു, മരുഭൂമിയില്‍ക്കിടന്നു മരിക്കുന്നതിനേക്കാള്‍ മെച്ചം. 
13: മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്ക്കുവിന്‍. നിങ്ങള്‍ക്കുവേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല. 
14: കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തുകൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍മതി. 
15: കര്‍ത്താവു മോശയോടു പറഞ്ഞു: നീയെന്തിന്, എന്നെ വിളിച്ചുകരയുന്നു? മുമ്പോട്ടു പോകാന്‍ ഇസ്രായേൽക്കാരോടു പറയുക. 
16: നിൻ്റെ വടി കൈയിലെടുത്തു കടലിനുമീതേ നീട്ടി, അതിനെ വിഭജിക്കുക. ഇസ്രായേൽക്കാര്‍ കടലിനു നടുവേ, വരണ്ടനിലത്തിലൂടെ കടന്നുപോകട്ടെ. 
17: ഞാന്‍ ഈജിപ്തുകാരെ കഠിനചിത്തരാക്കും; അവര്‍ നിങ്ങളെ പിന്തുടരും; ഞാന്‍ ഫറവോയുടെയും അവൻ്റെ സൈന്യങ്ങളുടെയും തേരുകളുടെയും കുതിരപ്പടയാളികളുടെയുംമേല്‍ മഹത്വംനേടും. 
18: ഫറവോയുടെയും അവൻ്റെ രഥങ്ങളുടെയും അശ്വസേനയുടെയുംമേല്‍ ഞാന്‍ മഹത്വംവരിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും. 
19: ഇസ്രായേല്‍ജനത്തിൻ്റെ മുമ്പേ പോയ്‌ക്കൊണ്ടിരുന്ന ദൈവദൂതന്‍ അവിടെനിന്നുമാറി, അവരുടെ പിമ്പേ പോകാന്‍തുടങ്ങി. 
20: മേഘസ്തംഭവും മുമ്പില്‍നിന്നു മാറി, പിമ്പില്‍ വന്നുനിന്നു. അത്, ഈജിപ്തുകാരുടെയും ഇസ്രായേൽക്കാരുടെയും പാളയങ്ങള്‍ക്കിടയില്‍ വന്നുനിന്നു. മേഘം ഇരുട്ടുനിറഞ്ഞതായിരുന്നു. അതിനാല്‍, ഒരു കൂട്ടര്‍ക്കു മറ്റവരെ സമീപിക്കാനാവാതെ രാത്രികഴിഞ്ഞു. 
21: മോശ കടലിനുമീതെ കൈനീട്ടി. കര്‍ത്താവു രാത്രിമുഴുവന്‍ ശക്തമായൊരു കിഴക്കന്‍കാറ്റയച്ചു കടലിനെ പിറകോട്ടുമാറ്റി. കടല്‍, വരണ്ട ഭൂമിയാക്കി; വെള്ളം വിഭജിക്കപ്പെട്ടു. 
22: ഇസ്രായേൽക്കാര്‍ കടലിനു നടുവേ, ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിന്നു. 
23: ഈജിപ്തുകാര്‍ - ഫറവോയുടെ കുതിരകളും കുതിരപ്പടയാളികളും തേരുകളുമെല്ലാം - അവരെ പിന്തുടര്‍ന്ന്, കടലിൻ്റെ നടുവിലേക്കു നീങ്ങി. 
24: രാത്രിയുടെ അന്ത്യയാമത്തില്‍ കര്‍ത്താവ് അഗ്നിയുടെയും മേഘത്തിൻ്റെയും സ്തംഭത്തില്‍നിന്ന് ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി, അവരെ പരിഭ്രാന്തരാക്കി. 
25: അവിടുന്നു രഥചക്രങ്ങള്‍ തടസ്സപ്പെടുത്തി. തന്മൂലം ഗതി ദുഷ്‌കരമായി. അപ്പോള്‍ ഈജിപ്തുകാര്‍ പറഞ്ഞു: ഇസ്രായേൽക്കാരില്‍നിന്നു നമുക്ക് ഓടി രക്ഷപെടാം. കര്‍ത്താവ് അവര്‍ക്കുവേണ്ടി ഈജിപ്തിനെതിരേ യുദ്ധംചെയ്യുന്നു. 
26: അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: നിൻ്റെ കരം കടലിനുമീതേ നീട്ടുക. വെള്ളം മടങ്ങിവന്ന്, ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരപ്പടയാളികളെയും മൂടട്ടെ. മോശ കടലിനുമീതേ കൈനീട്ടി. 
27: പ്രഭാതമായപ്പോഴേയ്ക്കു കടല്‍ പൂര്‍വ്വസ്ഥിതിയിലായി. ഈജിപ്തുകാര്‍ പിന്തിരിഞ്ഞോടിയത് അതിനു മദ്ധ്യത്തിലേക്കാണ്. അങ്ങനെ കര്‍ത്താവ് ഈജിപ്തുകാരെ നടുക്കടലിലാഴ്ത്തി. 
28: ഇസ്രായേൽക്കാരെ പിന്തുടര്‍ന്നു കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യം മുഴുവനെയും കടല്‍വെള്ളം മൂടിക്കളഞ്ഞു. 
29: അവരില്‍ ആരും അവശേഷിച്ചില്ല. എന്നാല്‍, ഇസ്രായേൽക്കാര്‍ കടലിനു നടുവേ, വരണ്ട ഭൂമിയിലൂടെ നടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിലകൊണ്ടു. 
30: അങ്ങനെ ആദിവസം കര്‍ത്താവ് ഇസ്രായേൽക്കാരെ ഈജിപ്തുകാരില്‍നിന്നു രക്ഷിച്ചു. ഈജിപ്തുകാര്‍ കടല്‍തീരത്തു മരിച്ചുകിടക്കുന്നത് ഇസ്രായേൽക്കാര്‍ കണ്ടു. 
31: കര്‍ത്താവ്, ഈജിപ്തുകാര്‍ക്കെതിരേ ഉയര്‍ത്തിയ ശക്തമായ കരം ഇസ്രായേൽക്കാര്‍ കണ്ടു. ജനം കര്‍ത്താവിനെ ഭയപ്പെട്ടു. കര്‍ത്താവിനെയും അവിടുത്തെ ദാസനായ മോശയെയും വിശ്വസിക്കുകയും ചെയ്തു.

അദ്ധ്യായം 15

മോശയുടെ കീര്‍ത്തനം

1: മോശയും ഇസ്രായേൽക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനമാലപിച്ചു: കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണ്ണമായ വിജയംനേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
2: കര്‍ത്താവ്, എൻ്റെ ശക്തിയും സംരക്ഷകനുമാകുന്നു; അവിടുന്ന്, എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണെൻ്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും. അവിടുന്നാണെൻ്റെ പിതാവിൻ്റെ ദൈവം; ഞാനവിടുത്തെ കീര്‍ത്തിക്കും.
3: കര്‍ത്താവു യോദ്ധാവാകുന്നു; കര്‍ത്താവെന്നാകുന്നു, അവിടുത്തെ നാമം.
4: ഫറവോയുടെ രഥങ്ങളെയും സൈന്യത്തെയും അവിടുന്നു കടലിലാഴ്ത്തി; അവൻ്റെ ധീരരായ സൈന്യാധിപര്‍ ചെങ്കടലില്‍ മുങ്ങിമരിച്ചു.
5: ആഴമേറിയ ജലം അവരെ മൂടി, അഗാധതയിലേക്കു കല്ലുപോലെ അവര്‍ താണു.
6: കര്‍ത്താവേ, അങ്ങയുടെ വലത്തുകൈ ശക്തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു; കര്‍ത്താവേ, അങ്ങയുടെ വലത്തുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു.
7: അനന്തമഹിമയാല്‍ അങ്ങ് എതിരാളികളെ തകര്‍ക്കുന്നു; കോപാഗ്നിയയച്ച് വയ്‌ക്കോലെന്നപോലെ അവരെ ദഹിപ്പിക്കുന്നു.
8: അങ്ങയുടെ നിശ്വാസത്താല്‍ ജലം കുന്നുകൂടി; പ്രവാഹങ്ങള്‍ നിശ്ചലമായി; കടലിൻ്റെ ആഴങ്ങള്‍ ഉറഞ്ഞു കട്ടയായി.
9: ശത്രു പറഞ്ഞു: ഞാനവരെ പിന്തുടര്‍ന്നു പിടികൂടും; അവരുടെ വസ്തുക്കള്‍ ഞാന്‍ കൊള്ളയടിച്ചു പങ്കുവയ്ക്കും; എൻ്റെ അഭിലാഷം ഞാന്‍ പൂര്‍ത്തിയാക്കും; ഞാന്‍ വാളൂരും; എൻ്റെ കരം അവരെ സംഹരിക്കും.
10: നിൻ്റെ കാറ്റു നീ വീശി; കടല്‍ അവരെ മൂടി; ഈയക്കട്ടകള്‍പോലെ അവര്‍ ആഴിയുടെ ആഴത്തിലേക്കു താണു.
11: കര്‍ത്താവേ, ദേവന്മാരില്‍ അങ്ങേയ്ക്കു തുല്യനായി ആരുണ്ട്? കര്‍ത്താവേ, വിശുദ്ധിയാല്‍ മഹത്വപൂര്‍ണ്ണനും, ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഭീതിദനും, അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനുമായ അങ്ങേയ്ക്കു തുല്യനായി ആരുണ്ട്?
12: അങ്ങു വലത്തുകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.
13: അങ്ങു വീണ്ടെടുത്ത ജനത്തെ കാരുണ്യത്തോടെ അങ്ങു നയിച്ചു; അങ്ങയുടെ വിശുദ്ധ വസതിയിലേക്ക് ശക്തിയാല്‍ അവിടുന്നവരെ നയിച്ചു.
14: ഇതുകേട്ട ജനതകള്‍ ഭയന്നുവിറച്ചു. ഫിലിസ്ത്യര്‍ ആകുലരായി. ഏദോം പ്രഭുക്കന്മാര്‍ പരിഭ്രാന്തരായി.
15: മൊവാബിലെ പ്രബലന്മാര്‍ കിടിലംകൊണ്ടു. കാനാന്‍നിവാസികള്‍ മൃതപ്രായരായി.
16: അങ്ങയുടെ ജനം കടന്നുപോകുന്നതുവരെ, കര്‍ത്താവേ അങ്ങു വീണ്ടെടുത്ത ജനം കടന്നുപോകുന്നതുവരെ, ഭീതിയും പരിഭ്രാന്തിയും അവരെ കീഴ്‌പെടുത്തുന്നു; അങ്ങയുടെ കരത്തിൻ്റെ ശക്തി അവരെ ശിലാതുല്യം നിശ്ചലരാക്കുന്നു.
17: കര്‍ത്താവേ, അങ്ങ്, അവരെക്കൊണ്ടുവന്ന്, അങ്ങയുടെ വിശുദ്ധ മലയില്‍, അങ്ങേയ്ക്കു വസിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങയുടെ കരങ്ങള്‍ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തില്‍ അവരെ നട്ടുപിടിപ്പിക്കും.
18: കര്‍ത്താവ്, എന്നേയ്ക്കും രാജാവായി ഭരിക്കും.
19: ഫറവോയുടെ കുതിരകള്‍ തേരുകളോടും പടയാളികളോടുമൊന്നിച്ചു കടലിലേക്കിറങ്ങിച്ചെന്നപ്പോള്‍, കര്‍ത്താവു കടല്‍വെള്ളം അവരുടെമേല്‍ തിരികെപ്പായിച്ചു. എന്നാല്‍, ഇസ്രായേല്‍ജനം കടലിൻ്റെ നടുവേ, വരണ്ട ഭൂമിയിലൂടെ കടന്നുപോയി.
20: അപ്പോള്‍ പ്രവാചികയും അഹറോൻ്റെ സഹോദരിയുമായ മിരിയാം തപ്പു കൈയിലെടുത്തു; സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തംചെയ്തുകൊണ്ട് അവളെ അനുഗമിച്ചു.
21: മിരിയാം അവര്‍ക്കു പാടിക്കൊടുത്തു: കര്‍ത്താവിനെ പാടിസ്തുതിക്കുവിന്‍; എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണ്ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.

മാറായിലെ ജലം

22: മോശ ഇസ്രായേൽക്കാരെ ചെങ്കടലില്‍നിന്നു മുമ്പോട്ടുനയിച്ചു. അവര്‍ ഷൂര്‍ മരുഭൂമിയില്‍ പ്രവേശിച്ചു. മരുഭൂമിയിലൂടെ മൂന്നുദിവസം യാത്രചെയ്തിട്ടും ഒരിടത്തും വെള്ളം കണ്ടെത്തിയില്ല.
23: അവര്‍ മാറാ എന്ന സ്ഥലത്തു വന്നുചേര്‍ന്നു. അവിടത്തെ വെള്ളം അവര്‍ക്കു കുടിക്കാൻകഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അക്കാരണത്താല്‍ ആ സ്ഥലത്തിനു മാറാ എന്നു പേരുനല്കപ്പെട്ടു.
24: ജനം മോശയ്‌ക്കെതിരേ പിറുപിറുത്തു: ഞങ്ങള്‍ എന്തു കുടിക്കും?
25: അവൻ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന്, അവനൊരു തടിക്കഷണം കാണിച്ചു കൊടുത്തു. അതു വെള്ളത്തിലിട്ടപ്പോള്‍ വെള്ളം മധുരിച്ചു. അവിടെവച്ച്, അവിടുന്നവര്‍ക്കൊരു നിയമം നല്കി.
26: അവിടുന്നവരെ പരീക്ഷിച്ചു. അവിടുന്നരുളിച്ചെയ്തു: നീ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സ്വരം ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയുംചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍ വരുത്തിയ മഹാമാരികളിലൊന്നും നിൻ്റെമേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്.
27: അതിനുശേഷം, അവര്‍ ഏലിംദേശത്തു വന്നു. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളുമുണ്ടായിരുന്നു. അവിടെ ജലാശയത്തിനുസമീപം അവര്‍ പാളയമടിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ