പതിനാറാം ദിവസം: പുറപ്പാട് 1 - 4


അദ്ധ്യായം 1

ഈജിപ്തിലെ അടിമത്തം

1: യാക്കോബിനോടുകൂടെ കുടുംബസമേതം ഈജിപ്തില്‍വന്നുചേര്‍ന്ന ഇസ്രായേല്‍മക്കള്‍ ഇവരാണ്:
2: റൂബന്‍, ശിമയോന്‍, ലേവി, യൂദാ,
3: ഇസാക്കര്‍, സെബുലൂണ്‍, ബഞ്ചമിന്‍,
4: ദാന്‍, നഫ്താലി, ഗാദ്, ആഷേര്‍.
5: യാക്കോബിന്റെ സന്താനങ്ങള്‍ ആകെ എഴുപതുപേരായിരുന്നു. ജോസഫ് നേരത്തെതന്നെ ഈജിപ്തിലെത്തിയിരുന്നു.
6: ജോസഫും സഹോദരന്മാരും ആ തലമുറ മുഴുവനും മരിച്ചു.
7: എന്നാല്‍ ഇസ്രായേലിൻ്റെ സന്താനപരമ്പര വര്‍ദ്ധിച്ചു വളരെയധികം ശക്തിപ്രാപിക്കുകയും രാജ്യംമുഴുവന്‍ വ്യാപിക്കുകയും ചെയ്തു.
8: അങ്ങനെയിരിക്കേ, ഒരു പുതിയരാജാവ് ഈജിപ്തില്‍ ഭരണാധികാരിയായി. അവനു ജോസഫിനെപ്പറ്റി അറിവില്ലായിരുന്നു.
9: അവന്‍ തൻ്റെ ജനത്തോടു പറഞ്ഞു: നോക്കുവിന്‍! ഇസ്രായേല്‍ജനത്തിൻ്റെ എണ്ണവും ശക്തിയും നമ്മുടേതിനെക്കാള്‍ അധികമായി വരുന്നു.
10: ഒരു യുദ്ധമുണ്ടായാല്‍ ഇവര്‍ ശത്രുപക്ഷംചേര്‍ന്നു നമുക്കെതിരായി പൊരുതുകയും അങ്ങനെ രാജ്യം വിട്ടുപോവുകയും ചെയ്‌തേക്കാം. അതിനാല്‍, അവര്‍ സംഖ്യയില്‍ വര്‍ദ്ധിക്കാതിരിക്കാന്‍ നമുക്കവരോടു തന്ത്രപൂര്‍വം പെരുമാറാം.
11: അനന്തരം അവരെ കഠിനാദ്ധ്വാനംകൊണ്ടു ഞെരുക്കാന്‍ ക്രൂരന്മാരായ മേല്‍നോട്ടക്കാരെ നിയമിച്ചു. അങ്ങനെ ഇസ്രായേല്ക്കാര്‍ ഫറവോയ്ക്കുവേണ്ടി പിത്തോം, റംസേസ് എന്നീ സംഭരണനഗരങ്ങള്‍ നിര്‍മ്മിച്ചു.
12: എന്നാല്‍, പീഡിപ്പിക്കുന്തോറും അവര്‍ വര്‍ദ്ധിക്കുകയും വ്യാപിക്കുകയുംചെയ്തുകൊണ്ടിരുന്നു. ഈജിപ്തുകാര്‍ ഇസ്രായേല്‍മക്കളെ ഭയപ്പെട്ടുതുടങ്ങി.
13: അവരെക്കൊണ്ടു നിര്‍ദ്ദയം അടിമവേല ചെയ്യിച്ചു.
14: കുമ്മായവും ഇഷ്ടികയുംകൊണ്ടുള്ള പണികളും വയലിലെ വേലകളും കഠിനാദ്ധ്വാനവുംകൊണ്ട് അവരുടെ ജീവിതം ക്ലേശപൂര്‍ണ്ണമാക്കി. മര്‍ദ്ദനത്തിന്‍കീഴില്‍ അടിമവേലചെയ്യാന്‍ ഇസ്രായേല്യര്‍ നിര്‍ബ്ബന്ധിതരായി.
15: ഈജിപ്തു രാജാവ്, ഷിഫ്‌റാ, പൂവാ എന്നുപേരായ രണ്ടു ഹെബ്രായസൂതികര്‍മ്മിണികളോടു പറഞ്ഞു:
16: നിങ്ങള്‍ ഹെബ്രായസ്ത്രീകള്‍ക്കു പ്രസവശുശ്രൂഷ നല്കുമ്പോള്‍ ശ്രദ്ധിക്കുവിന്‍: പിറക്കുന്നത് ആണ്‍കുട്ടിയെങ്കില്‍ അവനെ വധിക്കണം. പെണ്‍കുട്ടിയെങ്കില്‍ ജീവിച്ചുകൊള്ളട്ടെ.
17: എന്നാല്‍ ആ സൂതികര്‍മ്മിണികള്‍ ദൈവഭയമുള്ളവരായിരുന്നതിനാല്‍ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല.
18: അവര്‍ ആണ്‍കുട്ടികളെ ജീവിക്കാനനുവദിച്ചു. ആകയാല്‍, രാജാവു സൂതികര്‍മ്മിണികളെ വിളിച്ചു ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? ആണ്‍കുട്ടികളെ കൊല്ലാതെവിട്ടതെന്തുകൊണ്ട്?
19: സൂതികര്‍മ്മിണികള്‍ ഫറവോയോടു പറഞ്ഞു: ഹെബ്രായസ്ത്രീകള്‍ ഈജിപ്തുകാരികളെപ്പോലെയല്ല; അവര്‍ പ്രസരിപ്പുള്ളവരാകയാല്‍, സൂതികര്‍മ്മിണി ചെന്നെത്തുംമുമ്പേ പ്രസവിച്ചുകഴിയും.
20: ദൈവം സൂതികര്‍മ്മിണികളോടു കൃപകാണിച്ചു. ജനം വര്‍ദ്ധിച്ചു പ്രബലരായിത്തീര്‍ന്നു.
21: സൂതികര്‍മ്മിണികള്‍ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്നവര്‍ക്കു സന്താനപരമ്പരകളെ പ്രദാനംചെയ്തു.
22: അപ്പോള്‍ ഫറവോ പ്രജകളോടു കല്പിച്ചു: ഹെബ്രായര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നൈല്‍നദിയില്‍ എറിഞ്ഞുകളയുവിന്‍. പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ. 

അദ്ധ്യായം 2

മോശ ജനിക്കുന്നു

1: അക്കാലത്തു ലേവി ഗോത്രത്തില്‍പ്പെട്ട ഒരാള്‍ തൻ്റെതന്നെ ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു.
2: അവള്‍ ഗര്‍ഭംധരിച്ച്, ഒരു പുത്രനെ പ്രസവിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അവളവനെ മൂന്നുമാസം രഹസ്യമായി വളര്‍ത്തി.
3: അവനെ തുടര്‍ന്നും രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്‌കരമായിത്തീര്‍ന്നപ്പോള്‍ അവള്‍ ഞാങ്ങണകൊണ്ടു നെയ്ത്, കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെക്കിടത്തി. നദീതീരത്തുള്ള ഞാങ്ങണച്ചെടികളുടെയിടയില്‍ പേടകംകൊണ്ടുചെന്നുവച്ചു.
4: അവനെന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കിക്കൊണ്ട് അവൻ്റെ സഹോദരി കുറെയകലെ കാത്തുനിന്നിരുന്നു.
5: അപ്പോള്‍ ഫറവോയുടെ പുത്രിവന്നു കുളിക്കാന്‍ നദിയിലേക്കിറങ്ങി. അവളുടെ തോഴിമാര്‍ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു. ഒരു ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു.
6: തുറന്നുനോക്കിയപ്പോള്‍ അവള്‍ ശിശുവിനെകണ്ടു. അവൻ കരയുകയായിരുന്നു. അവള്‍ക്ക്, അവനോടനുകമ്പ തോന്നി. ഇതൊരു ഹെബ്രായശിശുവാണെന്ന് അവള്‍ പറഞ്ഞു.
7: അപ്പോള്‍ അവൻ്റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായസ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ടുവരട്ടെയോ?
8: ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള്‍പോയി ശിശുവിൻ്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9: ഫറവോയുടെ പുത്രി, അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള്‍ ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി.
10: ശിശു വളര്‍ന്നപ്പോള്‍ അവളവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍ കൊണ്ടുചെന്നു. അവളവനെ പുത്രനായി സ്വീകരിച്ചു. ഞാനവനെ വെള്ളത്തില്‍നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട്, അവളവനു മോശ എന്നു പേരിട്ടു.

മോശ ഒളിച്ചോടുന്നു
11: പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തൻ്റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയി. അവന്‍ അവരുടെ കഠിനാദ്ധ്വാനം നേരിൽക്കണ്ടു. തത്സമയം സ്വജനത്തില്‍പ്പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ടു.
12: അവന്‍ ചുറ്റുംനോക്കി. ആരുമില്ലെന്നുകണ്ടപ്പോള്‍ ആ ഈജിപ്തുകാരനെ കൊന്നു മണലില്‍ മറവുചെയ്തു.
13: അടുത്ത ദിവസം അവന്‍ ചുറ്റിസഞ്ചരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതുകണ്ട് തെറ്റുചെയ്തവനോട് അവന്‍ ചോദിച്ചു: നീ എന്തിനാണു കൂട്ടുകാരനെയടിക്കുന്നത്? 
14: അപ്പോള്‍ അവന്‍ ചോദിച്ചു: ആരാണു നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനുമായി നിയമിച്ചത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? മോശ ഭയപ്പെട്ടു; ആ സംഭവം പരസ്യമായെന്ന് അവന്‍ വിചാരിച്ചു.
15: ഫറവോ ഈ കാര്യം കേട്ടപ്പോള്‍ മോശയെ വധിക്കാനുദ്യമിച്ചു. പക്ഷേ, മോശ ഫറവോയുടെ പിടിയില്‍പ്പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപമിരുന്നു.
16: മിദിയാനിലെ പുരോഹിതന് ഏഴു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ പിതാവിൻ്റെ ആടുകള്‍ക്കു കുടിക്കാന്‍ തൊട്ടികളില്‍ വെള്ളം കോരിനിറച്ചു.
17: അപ്പോള്‍ ചില ആട്ടിടയന്മാര്‍ വന്ന് അവരെ ഓടിച്ചു. എന്നാല്‍, മോശ ആ പെണ്‍കുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകള്‍ക്കു വെള്ളംകൊടുക്കുകയും ചെയ്തു.
18: അവര്‍ പിതാവായ റവുവേലിൻ്റെയടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന്‍ ചോദിച്ചു: നിങ്ങള്‍ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ?
19: അവര്‍ പറഞ്ഞു: ഈജിപ്തുകാരനായ ഒരാള്‍ ഞങ്ങളെ ഇടയന്മാരില്‍നിന്നു രക്ഷിച്ചു, അവന്‍ ഞങ്ങള്‍ക്കുവേണ്ടി വെള്ളംകോരി ആടുകള്‍ക്കു കുടിക്കാന്‍കൊടുക്കുകപോലും ചെയ്തു.
20: റവുവേല്‍ ചോദിച്ചു: അവനെവിടെ? നിങ്ങള്‍ എന്തുകൊണ്ട് ആ മനുഷ്യനെ വിട്ടിട്ടുപോന്നു? അവനെ ഭക്ഷണത്തിനു ക്ഷണിക്കുവിന്‍.
21: അങ്ങനെ മോശ അവനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. അവന്‍ തന്റെ മകള്‍ സിപ്പോറയെ മോശയ്ക്കു ഭാര്യയായിക്കൊടുത്തു.
22: അവള്‍ ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നുപറഞ്ഞു മോശ അവനു ഗര്‍ഷോം എന്നു പേരിട്ടു.
23: കുറേക്കാലം കഴിഞ്ഞ്, ഈജിപ്തിലെ രാജാവു മരിച്ചു. അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രായേല്‍മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി.
24: ദൈവം അവരുടെ ദീനരോദനം ശ്രവിക്കുകയും അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടുംചെയ്ത ഉടമ്പടി ഓര്‍മ്മിക്കുകയും ചെയ്തു. അവിടുന്നവരെ കടാക്ഷിച്ചു.
25: അവരുടെ ദയനീയാവസ്ഥ ഗ്രഹിച്ചു.

അദ്ധ്യായം 3

മോശയെ വിളിക്കുന്നു
1: മോശ, തൻ്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു.
2: അവിടെ ഒരു മുള്‍പ്പടര്‍പ്പിൻ്റെ മദ്ധ്യത്തില്‍നിന്നു ജ്വലിച്ചുയര്‍ന്ന അഗ്നിയില്‍ കര്‍ത്താവിൻ്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത്, എരിഞ്ഞു ചാമ്പലായില്ല.
3: അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.
4: അവന്‍ അതുകാണുന്നതിന് അടുത്തുചെല്ലുന്നതു കര്‍ത്താവുകണ്ടു. മുള്‍പ്പടര്‍പ്പിൻ്റെ മദ്ധ്യത്തില്‍നിന്നു ദൈവമവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍!
5: അവിടുന്നരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്.
6: അവിടുന്നു തുടര്‍ന്നു: ഞാന്‍ നിൻ്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം. മോശ മുഖംമറച്ചു. ദൈവത്തിൻ്റെനേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു.
7: കര്‍ത്താവു വീണ്ടും അരുളിച്ചെയ്തു: ഈജിപ്തിലുള്ള എൻ്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാൻ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍നിന്ന് ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാനറിയുന്നു.
8: ഈജിപ്തുകാരുടെ കൈയിൽനിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക് - കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേക്ക് - അവരെ നയിക്കാനുമാണു ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്.
9: ഇതാ, ഇസ്രായേല്‍മക്കളുടെ നിലവിളി എൻ്റെയടുത്തെത്തിയിരിക്കുന്നു. ഈജിപ്തുകാര്‍ അവരെ എപ്രകാരം മര്‍ദ്ദിക്കുന്നുവെന്നു ഞാൻ കണ്ടു.
10: ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്കയയ്ക്കാം. നീ എൻ്റെ ജനമായ ഇസ്രായേല്‍മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം.
11: മോശ ദൈവത്തോടു പറഞ്ഞു: ഫറവോയുടെ അടുക്കല്‍ പോകാനും ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാനും ഞാനാരാണ്?
12: അവിടുന്നരുളിച്ചെയ്തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കുമടയാളം: നീ ജനത്തെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും.
13: മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്കയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാനെന്തു പറയണം?
14: ദൈവം മോശയോടരുളിച്ചെയ്തു: ഞാന്‍, ഞാന്‍തന്നെ. ഇസ്രായേല്‍മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്കയച്ചിരിക്കുന്നു.
15: അവിടുന്നു വീണ്ടും അരുളിച്ചെയ്തു: ഇസ്രായേല്‍മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്കയച്ചിരിക്കുന്നു. ഇതാണ് എന്നേയ്ക്കും എൻ്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം.
16: നീ പോയി ഇസ്രായേല്‍ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം, പ്രത്യക്ഷപ്പെട്ട് എന്നോടരുളിച്ചെയ്തു: ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുകയും ഈജിപ്തുകാര്‍ നിങ്ങളോടു പ്രവര്‍ത്തിക്കുന്നതു കാണുകയും ചെയ്തിരിക്കുന്നു.
17: നിങ്ങളെ ഈജിപ്തിലെ കഷ്ടതകളില്‍നിന്നു മോചിപ്പിച്ച്, കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക്, തേനും പാലുമൊഴുകുന്ന ദേശത്തേക്ക്, കൊണ്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. നീ പറയുന്നത് അവരനുസരിക്കും.
18: ഇസ്രായേല്‍ശ്രേഷ്ഠന്മാരോടൊന്നിച്ച് നീ ഈജിപ്തിലെ രാജാവിന്റെയടുക്കല്‍ച്ചെന്നു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നുദിവസത്തെ യാത്രചെയ്ത്, മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ ഞങ്ങളെയനുവദിക്കണം.
19: കരുത്തുറ്റ കരംകൊണ്ടു നിര്‍ബ്ബന്ധിച്ചാലല്ലാതെ ഈജിപ്തിലെ രാജാവു നിങ്ങളെ വിട്ടയയ്ക്കില്ലെന്ന് എനിക്കറിയാം.
20: ഞാന്‍ കൈനീട്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്, ഈജിപ്തിനെ പ്രഹരിക്കും. അപ്പോള്‍ അവന്‍ നിങ്ങളെ വിട്ടയയ്ക്കും.
21: ഈജിപ്തുകാരുടെ ദൃഷ്ടിയില്‍ ഈ ജനത്തോടു ഞാൻ ബഹുമാനമുളവാക്കും. അങ്ങനെ നിങ്ങള്‍ പുറപ്പെടുമ്പോള്‍, ഒന്നുമില്ലാത്തവരായി പോകേണ്ടിവരില്ല.
22: ഓരോ സ്ത്രീയും തന്റെ അയല്ക്കാരിയോടും തൻ്റെ വീട്ടില്‍ അതിഥിയായി പാര്‍ക്കുന്നവളോടും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങണം. അവ നിങ്ങളുടെ പുത്രീപുത്രന്മാരെ അണിയിക്കണം. അങ്ങനെ നിങ്ങള്‍ ഈജിപ്തുകാരെ കൊള്ളയടിക്കണം.

അദ്ധ്യായം 4

മോശയെ ശക്തിപ്പെടുത്തുന്നു

1: മോശ പറഞ്ഞു: അവര്‍ എന്നെ വിശ്വസിക്കുകയില്ല. എൻ്റെ വാക്കു കേള്‍ക്കുകയുമില്ല. കര്‍ത്താവു നിനക്കു പ്രത്യക്ഷപ്പെട്ടില്ലെന്ന് അവര്‍ പറയും.
2: കര്‍ത്താവവനോടു ചോദിച്ചു: നിൻ്റെ കൈയ്യിലിരിക്കുന്നതെന്താണ്? അവന്‍ പറഞ്ഞു: ഒരു വടി.
3: അവിടുന്നു കല്പിച്ചു: അതു നിലത്തിടുക. അവന്‍ വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു.
4: മോശ അതുകണ്ട് അകന്നുമാറി. കര്‍ത്താവരുളിച്ചെയ്തു: കൈനീട്ടി അതിൻ്റെ വാലില്‍ പിടിക്കുക. അവന്‍ കൈനീട്ടി അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും വടിയായിത്തീര്‍ന്നു.
5: ഇത്, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം, നിനക്കു പ്രത്യക്ഷപ്പെട്ടുവെന്ന് അവര്‍ വിശ്വസിക്കാന്‍വേണ്ടിയാണ്.
6: കര്‍ത്താവ് വീണ്ടുമരുളിച്ചെയ്തു: നിൻ്റെ കൈ മാറിടത്തില്‍ വയ്ക്കുക. അവന്‍ അപ്രകാരം ചെയ്തു. കൈ തിരിച്ചെടുത്തപ്പോള്‍ അതു മഞ്ഞുപോലെ വെളുത്തു കുഷ്ഠമുള്ളതായി കാണപ്പെട്ടു.
7: അവിടുന്നു കല്പിച്ചു: കൈ വീണ്ടും മാറിടത്തില്‍ വയ്ക്കുക. അവന്‍ അപ്രകാരം ചെയ്തു. മാറിടത്തില്‍നിന്നു കൈ തിരിച്ചെടുത്തപ്പോള്‍ അതു പൂര്‍വ്വസ്ഥിതിയിലായി. ശരീരത്തിൻ്റെ മറ്റു ഭാഗങ്ങള്‍പോലെ കാണപ്പെട്ടു.
8: അവര്‍ നിന്നെ വിശ്വസിക്കാതിരിക്കുകയും നിൻ്റെ ആദ്യത്തെ അടയാളത്തിൻ്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയുംചെയ്താല്‍, രണ്ടാമത്തേതിൻ്റെ സാക്ഷ്യം സ്വീകരിച്ചേക്കും.
9: ഈ രണ്ടടയാളങ്ങളും അവര്‍ വിശ്വസിക്കാതിരിക്കുകയും നിൻ്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, നീ നദിയില്‍നിന്നു കുറേ വെള്ളമെടുത്തു കരയിലൊഴിക്കുക; നദിയില്‍നിന്നു നീയെടുക്കുന്ന ജലം കരയില്‍ രക്തമായി മാറും.

അഹറോൻ്റെ നിയമനം

10: മോശ കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ഒരിക്കലും വാക്ചാതുരിയുള്ളവനായിരുന്നില്ല. അങ്ങു ദാസനോടു സംസാരിച്ചതിനുശേഷവും അങ്ങനെതന്നെ. സംസാരിക്കുമ്പോള്‍ നാവിനു തടസ്സമുള്ളവനാണു ഞാന്‍.
11: കര്‍ത്താവ്, അവനോടു ചോദിച്ചു: ആരാണു മനുഷ്യനു സംസാരശക്തി നല്കിയത്? ആരാണവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്? കര്‍ത്താവായ ഞാനല്ലേ?
12: ആകയാല്‍ നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാന്‍ പഠിപ്പിച്ചുതരും.
13: എന്നാല്‍ അവന്‍ അപേക്ഷിച്ചു: കര്‍ത്താവേ, ദയചെയ്ത് മറ്റാരെയെങ്കിലും അയയ്‌ക്കേണമേ!
14: അപ്പോള്‍ കര്‍ത്താവു മോശയോടു കോപിച്ചു പറഞ്ഞു: നിനക്കു ലേവ്യനായ അഹറോന്‍ എന്നൊരു സഹോദരനുണ്ടല്ലോ. അവന്‍ നന്നായി സംസാരിക്കുമെന്ന് എനിക്കറിയാം. ഇതാ, അവന്‍ നിന്നെക്കാണാന്‍ വരുന്നു.
15: നിന്നെക്കാണുമ്പോള്‍ അവന്‍ സന്തോഷിക്കും. പറയേണ്ട വാക്കുകള്‍ നീ അവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിൻ്റെയും അവൻ്റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ക്കു ഞാന്‍ പഠിപ്പിച്ചുതരുകയുംചെയ്യും.
16: അവന്‍ നിനക്കു പകരം ജനത്തോടു സംസാരിക്കും; അവന്‍ നിൻ്റെ വക്താവായിരിക്കും; നീ അവനു ദൈവത്തെപ്പോലെയും.
17: ഈ വടി കൈയിലെടുത്തുകൊള്ളുക. നീ അതുകൊണ്ട് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കും.

മോശ ഈജിപ്തിലേക്ക്

18: മോശ അമ്മായിയപ്പനായ ജത്രോയുടെയടുക്കല്‍ തിരികെച്ചെന്നു പറഞ്ഞു: ഈജിപ്തിലുള്ള എൻ്റെ സഹോദരര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിന് അങ്ങോട്ടു മടങ്ങിപ്പോകാന്‍ എന്നെ അനുവദിക്കണം. ജത്രോ പറഞ്ഞു: നീ സമാധാനത്തോടെ പോവുക. 
19: മിദിയാനില്‍വച്ചു കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഈജിപ്തിലേക്കു മടങ്ങിപ്പോവുക, നിന്നെ കൊല്ലാൻ കാത്തിരുന്നവര്‍ മരിച്ചുകഴിഞ്ഞു.
20: മോശ ഭാര്യയെയും പുത്രന്മാരെയും കഴുതപ്പുറത്തു കയറ്റി, ഈജിപ്തിലേക്കു തിരിച്ചു. അവന്‍ ദൈവത്തിന്റെ വടിയും കൈയിലെടുത്തു.
21: കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഈജിപ്തിലേക്കു മടങ്ങുകയാണ്. അവിടെയെത്തുമ്പോള്‍ ഞാന്‍ നിനക്കു വശമാക്കിത്തന്നിരിക്കുന്ന അദ്ഭുതങ്ങള്‍ ഫറവോയുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ ഞാന്‍ അവനെ കഠിനചിത്തനാക്കും; അവന്‍ ജനത്തെ വിട്ടയയ്ക്കുകയില്ല.
22: നീ ഫറവോയോടു പറയണം. കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എൻ്റെ പുത്രനാണ്, എൻ്റെ ആദ്യജാതന്‍.
23: ഞാന്‍ നിന്നോടാജ്ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എൻ്റെ പുത്രനെ വിട്ടയയ്ക്കുക. നീ അവനെ വിട്ടയയ്ക്കുന്നില്ലെങ്കില്‍ നിൻ്റെ പുത്രനെ, നിൻ്റെ ആദ്യജാതനെത്തന്നെ ഞാന്‍ വധിക്കും.
24: യാത്രാമദ്ധ്യേ, അവര്‍ താമസിച്ചിരുന്ന സ്ഥലത്തു കര്‍ത്താവു പ്രത്യക്ഷനായി മോശയെ വധിക്കാനൊരുങ്ങി.
25: ഉടനെ സിപ്പോറാ ഒരു കല്ക്കത്തിയെടുത്ത് തൻ്റെ പുത്രന്റെ അഗ്രചര്‍മ്മം ഛേദിച്ചു. അതുകൊണ്ടു മോശയുടെ പാദങ്ങളില്‍ സ്പര്‍ശിച്ചിട്ട് അവള്‍ പറഞ്ഞു: നീ എനിക്കു രക്തഭര്‍ത്താവാകുന്നു.
26: അപ്പോള്‍ അവിടുന്ന്, അവനെ വിട്ടുപോയി. അവള്‍ പറഞ്ഞു: പരിച്ഛേദനംനിമിത്തം നീ എനിക്കും രക്തഭര്‍ത്താവാകുന്നു.
27: കര്‍ത്താവ് അഹറോനോടു പറഞ്ഞു: നീ മരുഭൂമിയിലേക്കുപോയി മോശയെക്കാണുക. അതനുസരിച്ച് അഹറോന്‍ പോയി. ദൈവത്തിൻ്റെ മലയില്‍വച്ച്, അവനെക്കണ്ടുമുട്ടി ചുംബിച്ചു.
28: തന്നെ അയച്ച കര്‍ത്താവു കല്പിച്ച എല്ലാക്കാര്യങ്ങളും താന്‍ പ്രവര്‍ത്തിക്കണമെന്ന് അവിടുന്നു ഭരമേല്പിച്ച അടയാളങ്ങളും മോശ അഹറോനോടു വിവരിച്ചുപറഞ്ഞു.
29: അനന്തരം, മോശയും അഹറോനുംചെന്ന്, ഇസ്രായേല്‍ശ്രേഷ്ഠന്മാരെയെല്ലാം വിളിച്ചുകൂട്ടി.
30: കര്‍ത്താവു മോശയോടു പറഞ്ഞകാര്യങ്ങളെല്ലാം അഹറോന്‍ ജനത്തോടു വിവരിക്കുകയും അവരുടെ മുമ്പില്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജനം വിശ്വസിച്ചു.
31: കര്‍ത്താവ് ഇസ്രായേല്‍മക്കളെ സന്ദര്‍ശിക്കുന്നുവെന്നും അവരുടെ കഷ്ടതകള്‍ കണ്ടിരിക്കുന്നുവെന്നും കേട്ടപ്പോള്‍, അവര്‍ തലകുനിച്ച് അവിടുത്തെ ആരാധിച്ചു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ