നൂറ്റിയിരുപത്തിയെട്ടാം ദിവസം: തോബിത്ത് 1 - 4


അദ്ധ്യായം 1

തോബിത്തിൻ്റെ ക്ലേശങ്ങള്‍
1: നഫ്താലി ഗോത്രജനായ തോബിത്തിൻ്റെ ചരിത്രം. തോബിത്, തോബിയേലിൻ്റെയും തോബിയേല്‍, അനനിയേലിൻ്റെയും അനനിയേല്‍, അദ്‌വേലിൻ്റെയും അദ്‌വേല്‍ അസിയേലിൻ്റെ പിന്‍ഗാമികളില്‍പ്പെട്ട ഗബായേലിൻ്റെയും പുത്രന്മാരാണ്. 
2: തോബിത്, അസ്സീറിയാരാജാവായ ഷല്‍മനേസറിൻ്റെകാലത്ത്, ഗലീലിയിലെ കേദെഷ്‌നഫ്താലിക്കു തെക്ക്, ആഷേറിനു മുകള്‍ഭാഗത്തു സ്ഥിതിചെയ്യുന്ന തിഷ്‌ബെയില്‍നിന്നു തടവുകാരനായി പിടിക്കപ്പെട്ടു. 
3: ഞാന്‍, തോബിത്ജീവിതകാലമത്രയും സത്യത്തിൻ്റെയും നീതിയുടെയും മാര്‍ഗ്ഗത്തിലാണു ചരിച്ചത്. അസ്സീറിയായിലെ നിനെവേയിലേക്ക് എന്നോടുകൂടെപ്പോന്ന സ്വദേശീയരായ സഹോദരര്‍ക്കു ഞാന്‍ നിരവധി ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ട്. 
4: സ്വദേശമായ ഇസ്രായേലില്‍ ഞാന്‍ താമസിച്ചിരുന്ന ചെറുപ്പകാലത്തുതന്നെ, എൻ്റെ പൂര്‍വ്വപിതാവായ നഫ്താലിയുടെ ഗോത്രംമുഴുവന്‍ ജറുസലെംഭവനത്തെ പരിത്യജിച്ചു. ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുക്കപ്പെട്ടത് ജറുസലെമാണല്ലോ. സകലഗോത്രങ്ങളും ബലിയര്‍പ്പിക്കേണ്ടത് അവിടെയാണ്. അത്യുന്നതന്‍ വസിക്കുന്നതും എല്ലാതലമുറകള്‍ക്കുംവേണ്ടി എന്നേയ്ക്കുമായി പ്രതിഷ്ഠിക്കപ്പെട്ടതുമായ ആലയം അവിടെയാണ്. 
5: വിശ്വാസംത്യജിച്ച ഗോത്രങ്ങളെല്ലാം ബാല്‍കാളക്കുട്ടിക്കു ബലിയര്‍പ്പിച്ചുപോന്നു. എൻ്റെ പൂര്‍വ്വപിതാവായ നഫ്താലിയുടെ കുടുംബവും അങ്ങനെചെയ്തു.  
6: എന്നാല്‍, ഞാന്‍മാത്രം ഇസ്രായേലിൻ്റെ ശാശ്വതനിയമമനുസരിച്ച്കൂടെക്കൂടെ ഉത്സവങ്ങളില്‍ പങ്കുകൊള്ളാന്‍ ജറുസലെമില്‍പോയി. ആദ്യഫലങ്ങളും വിളവിൻ്റെ ദശാംശവും ആദ്യം കത്രിക്കുന്ന ആട്ടിന്‍രോമവും ബലിപീഠത്തിങ്കല്‍ അഹറോൻ്റെ പുത്രന്മാരായ പുരോഹിതന്മാരെ ഞാനേല്പിച്ചു. 
7: ഉത്പന്നങ്ങളുടെയെല്ലാം ദശാംശം ജറുസലെമില്‍ ശുശ്രൂഷചെയ്തിരുന്ന ലേവിപുത്രന്മാര്‍ക്കു ഞാന്‍ നല്കിപ്പോന്നു. മറ്റൊരു ദശാംശം വിറ്റുകിട്ടുന്നത് എല്ലാക്കൊല്ലവും ഞാന്‍ ജറുസലെമില്‍ക്കൊണ്ടുപോയി ചെലവഴിക്കുമായിരുന്നു. 
8: മൂന്നാമതൊരു ദശാംശം എൻ്റെ പിതാമഹിയായ ദബോറാ നിര്‍ദ്ദേശിച്ചതനുസരിച്ച്എനിക്കു കടപ്പാടുള്ളവര്‍ക്കു ഞാന്‍ നല്കിപ്പോന്നുപിതാവു മരിച്ച അനാഥനായിരുന്നു ഞാന്‍. 
9: പ്രായപൂര്‍ത്തിയായപ്പോള്‍ ഞാന്‍ എൻ്റെ കുടുംബത്തില്‍പ്പെട്ട അന്ന എന്ന ഒരുവളെ വിവാഹംചെയ്തു. അവളില്‍ എനിക്കു തോബിയാസ് എന്ന മകന്‍ ജനിച്ചു. 
10: തടവുകാരനായി നിനെവേയിലെത്തിയപ്പോള്‍ എൻ്റെ സഹോദരന്മാരും ചാര്‍ച്ചക്കാരും വിജാതീയരുടെ ഭക്ഷണംകഴിച്ചു. 
11: എന്നാല്‍, ഞാന്‍ കഴിച്ചില്ല; 
12: കാരണംദൈവത്തേക്കുറിച്ചുള്ള ഓര്‍മ്മ, എൻ്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു.  
13: അത്യുന്നതൻ്റെ കാരുണ്യത്താല്‍ ഞാന്‍ ഷല്‍മനേസറിൻ്റെ പ്രീതിക്കു പാത്രമായി. അവനെന്നെ ഭക്ഷ്യവിഭവങ്ങള്‍ വാങ്ങുന്ന ചുമതലയേല്പിച്ചു. 
14: അങ്ങനെ ഞാന്‍ മേദിയായില്‍ പോകുക പതിവായി. ഒരിക്കല്‍ മേദിയായിലെ റാഗെസില്‍വച്ചു ഗബ്രിയാസിൻ്റെ സഹോദരന്‍ ഗബായേലിനെ, ഞാന്‍ പത്തു താലന്തു വെള്ളി, സൂക്ഷിക്കാനേല്പിച്ചു. 
15: ഷല്‍മനേസര്‍ മരിച്ചു. മകന്‍ സെന്നാക്കെരിബ് ഭരണമേറ്റു. അവൻ്റെ ഭരണകാലത്ത്, രാജവീഥി സുരക്ഷിതമല്ലാതെവന്നതുകൊണ്ടു ഞാന്‍ മേദിയായില്‍ പോകാതെയായി. 
16: ഷല്‍മനേസറിൻ്റെകാലത്ത്, ഞാന്‍ എൻ്റെ നാട്ടുകാര്‍ക്കു വളരെയേറെ ഉപകാരംചെയ്തിട്ടുണ്ട്. 
17: വിശക്കുന്നവര്‍ക്കു ഞാന്‍ ഭക്ഷണംകൊടുത്തുനഗ്നര്‍ക്കു വസ്ത്രംനല്കിഎൻ്റെ ജനത്തിലാരുടെയെങ്കിലും മൃതശരീരം നിനെവേയുടെ മതിലിനുവെളിയില്‍ കിടക്കുന്നതുകണ്ടാല്‍, ഉടന്‍ ഞാന്‍ സംസ്‌കരിക്കുമായിരുന്നു. 
18: യൂദായില്‍നിന്ന് ഒളിച്ചോടിവന്ന ആരെയെങ്കിലും സെന്നാക്കെരിബ്‌ രാജാവു വധിച്ചാല്‍ ഞാനവരെ രഹസ്യമായി സംസ്‌കരിക്കും. വളരെപ്പേര്‍ അവൻ്റെ കോപാഗ്നിയില്‍പ്പെട്ടു മരിച്ചു. രാജാവു മൃതദേഹങ്ങളന്വേഷിച്ചപ്പോള്‍ കണ്ടില്ല.  
19: ഞാനാണു മൃതദേഹങ്ങള്‍ മറവുചെയ്യുന്നതെന്ന് നിനെവേക്കാരില്‍ ആരോ രാജാവിനെ അറിയിച്ചു. അതോടെ എനിക്ക് ഒളിവില്‍ പോകേണ്ടതായിവന്നു. എന്നെക്കൊല്ലാന്‍ അന്വേഷിക്കുന്നെന്നുകേട്ടു പേടിച്ചു ഞാന്‍ നാടുവിട്ടു. 
20: രാജാവ് എൻ്റെ വസ്തുവകകള്‍ കണ്ടുകെട്ടി. എൻ്റെ ഭാര്യ അന്നയും മകന്‍ തോബിയാസുംമാത്രവശേഷിച്ചു.  
21: അമ്പതുദിവസം തികഞ്ഞില്ലസെന്നാക്കെരിബിനെ അവൻ്റെ രണ്ടു പുത്രന്മാര്‍തന്നെ വധിച്ചു. അവര്‍ അറാറാത്ത് മലകളിലേക്ക് ഒളിച്ചോടി. സെന്നാക്കെരിബിൻ്റെ മറ്റൊരു മകന്‍ എസാര്‍ഹദോണ്‍ ആണ് പിന്നെ ഭരണമേറ്റത്. അവന്‍ എൻ്റെ സഹോദരന്‍ അനായേലിൻ്റെ പുത്രന്‍ അഹിക്കാറിനെ രാജ്യത്തിലെ വരവുചെലവുകളുടെയും എല്ലാ വകുപ്പുകളുടെയും മേല്‍നോട്ടമേല്പിച്ചു. 
22: അഹിക്കാര്‍ എനിക്കുവേണ്ടിയിടപെട്ടു. ഞാന്‍ നിനെവേയില്‍ തിരിച്ചെത്തി. രാജാവിൻ്റെ പാനപാത്രവാഹകനും രാജമുദ്രയുടെ സൂക്ഷിപ്പുകാരനും കണക്കു സൂക്ഷിപ്പുകാരനുമായിരുന്നു അഹിക്കാര്‍. എസാര്‍ഹദോണ്‍ രാജാവ്, തനിക്കു തൊട്ടുതാഴെ അവനെ അവരോധിച്ചു. അവന്‍ എൻ്റെ സഹോദരപുത്രനായിരുന്നു.

അദ്ധ്യായം 2

തോബിത് അന്ധനാകുന്നു
1: വീട്ടിലെത്തിയ എനിക്കു ഭാര്യ അന്നയെയും പുത്രന്‍ തോബിയാസിനെയും തിരിച്ചുകിട്ടി. ഏഴാഴ്ചയുടെ ഉത്സവമായ പെന്തക്കുസ്താത്തിരുനാളായിരുന്നു അന്ന്. എൻ്റെ ബഹുമാനത്തിനായി തയ്യാറാക്കിയ വിഭവസമൃദ്ധമായ വിരുന്നില്‍ ഞാന്‍ ഭക്ഷണത്തിനിരുന്നു. 
2: ഭക്ഷണസാധനങ്ങളുടെ സമൃദ്ധികണ്ടു ഞാന്‍ മകനോടു പറഞ്ഞു: പോയി നമ്മുടെ സഹോദരരില്‍ നീ കാണുന്ന ദൈവവിചാരമുള്ള ദരിദ്രനെ കൊണ്ടുവരികഞാന്‍ കാത്തിരിക്കാം. 
3: അവന്‍ പോയിവന്നിട്ടു പറഞ്ഞു. പിതാവേനമ്മുടെ ജനത്തിലൊരാളെ ആരോ കഴുത്തുഞെരിച്ചു കൊന്ന്ഇതാ ചന്തസ്ഥലത്തു തള്ളിയിരിക്കുന്നു.   
4: ഭക്ഷണം തൊട്ടുനോക്കുകപോലുംചെയ്യാതെ ഞാന്‍ അങ്ങോട്ടോടി. സൂര്യാസ്തമയംവരെ ശവശരീരം ഒരു സ്ഥലത്തു ഭദ്രമായി സൂക്ഷിച്ചു.   
5: ഞാന്‍ തിരിച്ചുവന്നു കുളിച്ച്, അതീവദുഃഖത്തോടെ ആഹാരംകഴിച്ചു.   
6: ആമോസ് പ്രവാചകൻ്റെ വാക്കുകള്‍ ഓര്‍മ്മയില്‍വന്നു: നിങ്ങളുടെ ഉത്സവങ്ങള്‍ ദുഃഖമയമായും നിങ്ങളുടെ ആനന്ദത്തിമിര്‍പ്പുകള്‍ വിലാപമായും മാറും. ഞാന്‍ കരഞ്ഞു. 
7: സൂര്യാസ്തമയത്തിനുശേഷം ഞാന്‍ ചെന്നു കുഴികുഴിച്ചു മൃതദേഹം സംസ്‌കരിച്ചു.   
8: അയല്‍ക്കാര്‍ എന്നെ പരിഹസിച്ചു പറഞ്ഞു: ഈ പ്രവൃത്തി വധശിക്ഷയ്ക്കു കാരണമാകുമെന്ന് അവനു ഭയമില്ലല്ലോ. ഒരിക്കല്‍ നാടുവിട്ടോടിയവനാണ്എന്നിട്ടും ഇതാ പഴയപടി മരിച്ചവരെ സംസ്‌കരിക്കുന്നു. 
9: ശവസംസ്‌കാരം കഴിഞ്ഞ്, രാത്രിതന്നെ ഞാന്‍ വീട്ടിലേക്കു മടങ്ങി. അശുദ്ധനായിരുന്നതുകൊണ്ട് ഞാന്‍ അങ്കണത്തിൻ്റെ മതിലിനോടു ചേര്‍ന്നു കിടന്നുറങ്ങിമുഖം മൂടിയിരുന്നില്ല. 
10: എൻ്റെ പുറകില്‍ മതിലിന്മേല്‍ കുരുവികള്‍ ഇരിക്കുന്നുണ്ടായിരുന്നു. അതു ഞാനറിഞ്ഞില്ല. അന്നു രാത്രി കുരുവികളുടെ ചുടുകാഷ്ഠം ഇരുകണ്ണുകളിലുംവീണ് വെളുത്ത പടലങ്ങളുണ്ടായി. പല വൈദ്യന്മാരെയും സമീപിച്ചെങ്കിലും ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിഞ്ഞില്ല. എലിമായിസിലേക്കു സ്ഥലം മാറിപ്പോകുന്നതുവരെ അഹിക്കാര്‍ എന്നെ സംരക്ഷിച്ചു.   
11: ഉപജീവനത്തിനുവേണ്ടി എൻ്റെ ഭാര്യ അന്ന, സ്ത്രീകള്‍ക്കു വശമായ തൊഴില്‍ ചെയ്തു. 
12: സാധനങ്ങള്‍ ഉണ്ടാക്കി ഉടമസ്ഥന്മാര്‍ക്കു കൊടുക്കുകയായിരുന്നു അവളുടെ പതിവ്. ഒരിക്കല്‍ അവള്‍ക്കു കൂലിക്കുപുറമേ ഒരാട്ടിന്‍കുട്ടിയെക്കൂടെ അവര്‍കൊടുത്തു. 
13: അവള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഞാന്‍ ചോദിച്ചു: ഇതിനെ എവിടെനിന്നു കിട്ടികട്ടെടുത്തതല്ലേഉടമസ്ഥനെ തിരിച്ചേല്പിക്കുക. കട്ടെടുത്തതു ഭക്ഷിക്കുന്നതു ശരിയല്ല. 
14: കൂലിക്കുപുറമേ സമ്മാനമായി തന്നതാണെന്ന് അവള്‍ പറഞ്ഞു. പക്ഷേഎനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആട്ടിന്‍കുട്ടിയെ തിരിച്ചുകൊടുക്കണമെന്നു ഞാന്‍ ശഠിച്ചു. അവളുടെ ഈ പ്രവൃത്തിയില്‍ ഞാന്‍ ലജ്ജിച്ചു. അവള്‍ ചോദിച്ചു: നിൻ്റെ ദാനധര്‍മ്മങ്ങളും സല്‍പ്രവൃത്തികളുമെവിടെഎല്ലാമറിയാമെന്നല്ലേ ഭാവം?

അദ്ധ്യായം 3

തോബിത്തിൻ്റെ പ്രാര്‍ത്ഥന
1: ഞാന്‍ ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു: 
2: കര്‍ത്താവേഅവിടുന്നു നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികളും അങ്ങയുടെ മാര്‍ഗ്ഗങ്ങളും കാരുണ്യവും സത്യവും നിറഞ്ഞതാണ്. അങ്ങയുടെ വിധി എന്നും സത്യവും നീതിനിഷ്ഠവുമാണ്. 
3: എന്നെയോര്‍ക്കുകയും കാരുണ്യപൂര്‍വ്വം കടാക്ഷിക്കുകയുംചെയ്യണമേ! എൻ്റെയും എൻ്റെ പിതാക്കന്മാരുടെയും പാപങ്ങള്‍ക്കുംഞാന്‍ അറിയാതെചെയ്ത അപരാധങ്ങള്‍ക്കും അങ്ങു ശിക്ഷനല്കരുതേ!  
4: അങ്ങയുടെ കല്പനകള്‍ അവര്‍ പാലിച്ചില്ല. അതിനാല്‍, അങ്ങു ഞങ്ങളെ കവര്‍ച്ചയ്ക്കും അടിമത്തത്തിനും മരണത്തിനും ഏല്പിച്ചുകൊടുത്തു. ഞങ്ങള്‍ ചിതറിപ്പാര്‍ത്ത ഇടങ്ങളിലെ ജനതകള്‍ക്കു ഞങ്ങള്‍ പരിഹാസത്തിൻ്റെ പര്യായമായിത്തീര്‍ന്നു. 
5: എൻ്റെയും എൻ്റെ പിതാക്കന്മാരുടെയും പാപങ്ങള്‍ക്ക് അങ്ങുനല്കിയ ശിക്ഷ ന്യായയുക്തമാണ്. കാരണംഞങ്ങളങ്ങയുടെ കല്പനകള്‍പാലിച്ചില്ലഞങ്ങള്‍ അങ്ങയുടെ മുമ്പില്‍ സത്യസന്ധരായി വര്‍ത്തിച്ചുമില്ല. 
6: അങ്ങ്, ഇഷ്ടാനുസരണം എന്നോടു പ്രവര്‍ത്തിക്കുക. എൻ്റെ ജീവന്‍ തിരിച്ചെടുത്തുകൊള്ളുകഞാന്‍ മരിച്ചു മണ്ണായിത്തീര്‍ന്നുകൊള്ളട്ടെ. ജീവിക്കുന്നതിനെക്കാള്‍ഭേദം മരിക്കുകയാണ്. മിഥ്യാപവാദങ്ങള്‍ക്കു ഞാന്‍ ഇരയായിരിക്കുന്നു. എൻ്റെ ഹൃദയവ്യഥ ദുസ്സഹമാണ്. ഈ ദുഃഖത്തില്‍നിന്നു മുക്തിനേടി ശാശ്വതഭവനത്തിലേക്കുപോകാന്‍ അങ്ങു കല്പിച്ചാലും. അങ്ങ് എന്നില്‍നിന്നു മുഖംതിരിക്കരുതേ! 

സാറാ
7: അന്നുതന്നെ മറ്റൊരു സംഭവമുണ്ടായി. മേദിയായിലെ എക്ബത്താനായില്‍ റഗുവേലിൻ്റെ മകള്‍ സാറായെ അവളുടെ പിതാവിൻ്റെ പരിചാരികമാര്‍ അധിക്ഷേപിച്ചു. 
8: ഏഴുപ്രാവശ്യം വിവാഹംചെയ്തതാണവള്‍. എന്നാല്‍, അവളെ പ്രാപിക്കുന്നതിനുമുമ്പ് ഓരോ ഭര്‍ത്താവും അസ്മോദേവൂസ് എന്ന ദുഷ്ടപിശാചിനാല്‍ വധിക്കപ്പെട്ടിരുന്നു. അതിനാല്‍, പരിചാരികമാര്‍ അവളോടു ചോദിച്ചു: നീതന്നെയല്ലേഭര്‍ത്താക്കന്മാരെ കഴുത്തുഞെരിച്ചു കൊന്നത്ഏഴുപേരെ നിനക്കു ലഭിച്ചു. 
9: എന്നാല്‍, ആരുടെയും നാമംധരിക്കാന്‍ നിനക്കിടയായില്ലല്ലോ! ഞങ്ങളെ തല്ലുന്നതെന്തിനാണ്അവര്‍ മരിച്ചെങ്കില്‍ നീയും അവരോടൊപ്പം പോവുക. നിൻ്റെ മകനെയോ മകളെയോകാണാന്‍ ഞങ്ങള്‍ക്കിടവരാതിരിക്കട്ടെ.   
10: ഇതെല്ലാം കേട്ടുണ്ടായ ദുഃഖത്തിൻ്റെ ആധിക്യത്താല്‍ തൂങ്ങിമരിച്ചുകളയാമെന്നുപോലും അവള്‍ക്കു തോന്നിപ്പോയി. എങ്കിലും അവള്‍ പുനര്‍വ്വിചിന്തനംചെയ്തു: ഞാന്‍ പിതാവിൻ്റെ ഏകമകളാണ്. ഞാന്‍ ഇങ്ങനെചെയ്താല്‍ അവനത് അപമാനകരമായിരിക്കാംവൃദ്ധനായ എൻ്റെ പിതാവു വേദനകൊണ്ടു മരിക്കും. 
11: അവള്‍ കിളിവാതിലിൻ്റെ അടുത്തുനിന്നു പ്രാര്‍ത്ഥിച്ചു: എൻ്റെ ദൈവമായ കര്‍ത്താവേഅങ്ങു വാഴ്ത്തപ്പെടട്ടെ! പരിശുദ്ധവും സംപൂജ്യവുമായ അങ്ങയുടെ നാമം എന്നെന്നും സ്തുതിക്കപ്പെടട്ടെ.   
12: എല്ലാ സൃഷ്ടികളും അവിടുത്തെ എന്നെന്നും വാഴ്ത്തട്ടെ! എൻ്റെ ദൃഷ്ടികളും മുഖവും അങ്ങയുടെ നേരേ തിരിഞ്ഞിരിക്കുന്നു. 
13: എന്നെ ഈ ഭൂമിയില്‍നിന്നു മോചിപ്പിക്കണമേ! ഞാനിനി അധിക്ഷേപങ്ങള്‍ കേള്‍ക്കാന്‍ ഇടവരാതിരിക്കട്ടെ! 
14: കര്‍ത്താവേഞാന്‍ പുരുഷന്മാരുമായി പാപംചെയ്തിട്ടില്ലെന്ന് അവിടുത്തേക്കറിയാമല്ലോ. 
15: ഈ പ്രവാസത്തില്‍ എൻ്റെയോ പിതാവിൻ്റെയോ പേരിനു ഞാന്‍ കളങ്കംവരുത്തിയിട്ടില്ല. പിതാവിൻ്റെ ഏകജാതയാണു ഞാന്‍. അവകാശിയായി അവനു വേറെമക്കളില്ല. എനിക്കു ഭര്‍ത്താവാകാന്‍ അവന് ഉറ്റവനോ ഉറ്റവരുടെ മകനോ ഇല്ല. എൻ്റെ ഏഴു ഭര്‍ത്താക്കന്മാര്‍ മരിച്ചു. ഇനി ഞാനെന്തിനു ജീവിക്കണംഞാന്‍ ജീവിക്കണമെന്നാണ് അവിടുത്തെ ഹിതമെങ്കില്‍ എന്നെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കേണമേ! ഇനി അധിക്ഷേപങ്ങള്‍ കേള്‍ക്കാന്‍ ഇടവരാത്തവിധം എനിക്കു മാന്യത നല്കണമേ!   
16: ഇരുവരുടെയും പ്രാര്‍ത്ഥന ദൈവത്തിൻ്റെ മഹനീയസന്നിധിയില്‍ എത്തി. 
17: അവര്‍ ഇരുവര്‍ക്കും ഉപശാന്തി നല്‍കാന്‍ - തോബിത്തിൻ്റെ കണ്ണുകളിലെ വെളുത്തപടലം നീക്കംചെയ്യാനുംറഗുവേലിൻ്റെ പുത്രി സാറായെ തോബിത്തിൻ്റെ പുത്രന്‍ തോബിയാസിനു വധുവായി നല്കാനുംഅസ്മോദേവൂസ് എന്ന ദുഷ്ടഭൂതത്തെ ബന്ധിക്കാനും - റഫായേല്‍ നിയുക്തനായി. സാറായെ സ്വന്തമാക്കാന്‍ തോബിയാസിനായിരുന്നു അവകാശം. തോബിത് മടങ്ങിവന്നു വീട്ടിലേക്കുകയറിയതുംറഗുവേലിൻ്റെ പുത്രി സാറാ, മുകളിലെ മുറിയില്‍നിന്ന് ഇറങ്ങിവന്നതും ഒരേ നിമിഷത്തിലായിരുന്നു. 

അദ്ധ്യായം 4

തോബിയാസിനു നിര്‍ദ്ദേശങ്ങള്‍
1: അന്നു തോബിത് മേദിയായിലെ റാഗെസില്‍വച്ച്, ഗബായേലിൻ്റെപക്കല്‍ സൂക്ഷിക്കാനേല്പിച്ചിരുന്ന പണത്തിൻ്റെ കാര്യമോര്‍ത്തു. 
2: അവന്‍ ആത്മഗതം ചെയ്തു: ഞാന്‍ മരണത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. മരിക്കുന്നതിനുമുമ്പ് എൻ്റെ മകന്‍ തോബിയാസിനെ വിളിച്ച് ആ പണത്തിൻ്റെ കാര്യം പറയാം. 
3: അവന്‍ മകനെ വിളിച്ചുപറഞ്ഞു: മകനേഞാന്‍ മരിക്കുമ്പോള്‍ എന്നെ സംസ്‌കരിക്കുക. നിൻ്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാലംമുഴുവന്‍ അവളെ ആദരിക്കണംഅമ്മയുടെഹിതം നോക്കണം. ഒരിക്കലും അവളെ വേദനിപ്പിക്കരുത്. 
4: മകനേനിന്നെ ഉദരത്തില്‍ വഹിക്കുന്നകാലത്ത് അവള്‍ നിനക്കുവേണ്ടി വളരെ അപകടങ്ങളെ നേരിട്ടിട്ടുണ്ടെന്ന് ഓര്‍ക്കണം. മരിക്കുമ്പോള്‍ അവളെ എനിക്കുസമീപം അതേ ശവകുടീരത്തില്‍ സംസ്കരിക്കണം.  
5: മകനേജീവിതകാലംമുഴുവന്‍ നമ്മുടെ ദൈവമായ കര്‍ത്താവിനെയോര്‍ക്കുക. ഒരിക്കലും പാപംചെയ്യുകയോ അവിടുത്തെ കല്നകള്‍ ലംഘിക്കുകയോ അരുത്.   
6: ജീവിതകാലം മുഴുവന്‍ നിൻ്റെ പ്രവൃത്തികള്‍ നീതിനിഷ്ഠമായിരിക്കട്ടെഅനീതി പ്രവര്‍ത്തിക്കരുത്. 
7: നിൻ്റെ പ്രവൃത്തികള്‍ സത്യനിഷ്ഠമായിരുന്നാല്‍, എല്ലാ ചെയ്തികളിലും നിനക്ക് ഐശ്വര്യം കൈവരും. നീതിനിഷ്ഠയോടെ ജീവിക്കുന്നവര്‍ക്കു നിൻ്റെ സമ്പാദ്യത്തില്‍നിന്നു ദാനംചെയ്യുക. ദാനധര്‍മ്മംചെയ്യുന്നതില്‍ മടികാണിക്കരുത്. പാവപ്പെട്ടവനില്‍നിന്നു മുഖംതിരിച്ചുകളയരുത്. അപ്പോള്‍ ദൈവം നിന്നില്‍നിന്നു മുഖം തിരിക്കുകയില്ല. 
8: സമ്പത്തേറുമ്പോള്‍ അതനുസരിച്ചു ദാനംചെയ്യുക. കുറച്ചേ ഉള്ളുവെങ്കില്‍ അതനുസരിച്ചു ദാനംചെയ്യാൻ മടിക്കരുത്. 
9: ദരിദ്രകാലത്തേക്ക് ഒരു നല്ല സമ്പാദ്യം നേടിവയ്ക്കുകയായിരിക്കും നീ അതുവഴിചെയ്യുന്നത്. 
10: എന്തെന്നാല്‍, ദാനധര്‍മ്മം മൃത്യുവില്‍നിന്നു രക്ഷിക്കുകയും അന്ധകാരത്തില്‍പ്പെടുന്നതില്‍നിന്നു കാത്തുകൊള്ളുകയുംചെയ്യുന്നു. 
11: ദാനധര്‍മ്മം അത്യുന്നതൻ്റെ സന്നിധിയില്‍ വിശിഷ്ടമായ കാഴ്ചയാണ്.  
12: എല്ലാത്തരം അധാര്‍മ്മികതയിലുംനിന്നു നിന്നെ കാത്തുകൊള്ളുക. നിൻ്റെ പൂര്‍വ്വികരുടെ ഗോത്രത്തില്‍നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളില്‍നിന്നു വിവാഹം ചെയ്യരുത്. നാം പ്രവാചകന്മാരുടെ സന്തതികളാണ്. മകനേനമ്മുടെ പൂര്‍വ്വപിതാക്കന്മാരായ നോഹഅബ്രാഹംഇസഹാക്ക്യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നാണു ഭാര്യമാരെ തിരഞ്ഞെടുത്തതെന്നകാര്യം, നീ അനുസ്മരിക്കണം. സന്താനങ്ങള്‍വഴി അവര്‍ അനുഗൃഹീതരായി. അവരുടെ പിന്‍തലമുറ ദേശമവകാശമാക്കും. 
13: അതിനാല്‍ മകനേനിൻ്റെ സഹോദരന്മാരെ സ്‌നേഹിക്കുക. നിൻ്റെ ചാര്‍ച്ചക്കാരില്‍നിന്ന്നിൻ്റെ ജനത്തിൻ്റെ മക്കളില്‍നിന്ന്ഭാര്യയെ സ്വീകരിക്കാതെ അവരെ നിന്ദിക്കരുത്. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും. അലസത നാശത്തിനും പട്ടിണിക്കും നിദാനമാകുന്നു. കാരണം അലസതയാണ് ദാരിദ്ര്യത്തിൻ്റെ മാതാവ്. 
14: വേലചെയ്യുന്നവൻ്റെ കൂലി പിറ്റേദിവസത്തേക്കു നീട്ടിവയ്ക്കരുത്. അതതുദിവസംതന്നെ കൊടുത്തുതീര്‍ക്കുക. ദൈവശുശ്രൂഷചെയ്താല്‍ പ്രതിഫലം ലഭിക്കും. മകനേഎല്ലാ പ്രവൃത്തികളും ശ്രദ്ധാപൂര്‍വ്വം ചെയ്യുക. നിൻ്റെ പെരുമാറ്റം ചിട്ടയുള്ളതായിരിക്കണം. 
15: നിനക്കഹിതമായത് അപരനോടും ചെയ്യരുത്. അമിതമായി മദ്യപിക്കരുത്. ഉന്മത്തത ശീലമാക്കരുത്. 
16: വിശക്കുന്നവനുമായി നിൻ്റെ അപ്പം പങ്കിടുകനഗ്നനുമായി നിൻ്റെ വസ്ത്രവും. മിച്ചമുള്ളതു ദാനംചെയ്യുക. ദാനധര്‍മ്മംചെയ്യുന്നതില്‍ മടികാണിക്കരുത്. 
17: നീതിമാന്മാരുടെ ശവകുടീരത്തിങ്കല്‍ അപ്പം വിതരണംചെയ്യുക. പാപികള്‍ക്കു കൊടുക്കരുത്.   
18: വിവേകമുള്ള ഏതൊരുവനിലുംനിന്ന് ഉപദേശം തേടുക. സദുപദേശം നിരസിക്കരുത്. 
19: ദൈവമായ കര്‍ത്താവിനെ എപ്പോഴും വാഴ്ത്തുകനിൻ്റെ പാതകള്‍ നേരേയാകാനും നീ നിനയ്ക്കുന്ന കാര്യങ്ങള്‍ ശുഭമായി ഭവിക്കാനും അവിടുത്തോടു പ്രാര്‍ത്ഥിക്കുക. ജനതകള്‍ക്കു ജ്ഞാനം നല്‍കപ്പെട്ടിട്ടില്ല. കര്‍ത്താവാണ് എല്ലാ നന്മയും നല്കുന്നത്. അവിടുന്ന് എളിമപ്പെടുത്തണമെന്നു വിചാരിക്കുന്നവനെ അങ്ങനെ ചെയ്യുന്നു. അതിനാല്‍ മകനേഎൻ്റെ കല്പനകള്‍ അനുസ്മരിക്കുക. അവ, നിൻ്റെ മനസ്സില്‍നിന്നു മാഞ്ഞുപോകാനനുവദിക്കരുത്.   
20: മേദിയായിലെ റാഗെസില്‍ ഗബ്രിയാസിൻ്റെ പുത്രന്‍ ഗബായേലിൻ്റെപക്കല്‍ ഞാന്‍ പത്തു താലന്തു വെള്ളി ഏല്പിച്ച കാര്യം പറയട്ടെ. 
21: മകനേനമ്മള്‍ ദരിദ്രരായിത്തീര്‍ന്നതില്‍ നിനക്ക് ആധിവേണ്ടാ. നിനക്കു ദൈവത്തോടു ഭക്തിയുണ്ടായിരിക്കുകയും നീ പാപത്തില്‍നിന്നൊഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്കു പ്രീതികരമായതനുഷ്ഠിക്കുകയുംചെയ്താല്‍ നിനക്കു വലിയ സമ്പത്തു കൈവരും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ