നൂറ്റിമുപ്പതാം ദിവസം: തോബിത്ത് 10 - 14


അദ്ധ്യായം 10

തോബിത്തും അന്നയും കാത്തിരിക്കുന്നു
1: പിതാവായ തോബിത് ദിവസമെണ്ണിക്കഴിയുകയായിരുന്നു. തിരിച്ചെത്തേണ്ട ദിവസംകഴിഞ്ഞിട്ടും അവരെ കാണാത്തതിനാൽ അവന്‍ പറഞ്ഞു: 
2: അവരവനെ താമസിപ്പിക്കയാണോ, അതോ ഗബായേല്‍ മരിച്ചുപോവുകയും പണംനല്കാന്‍ ആരുമില്ലെന്നുവരുകയും ചെയ്തിരിക്കുമോ?
3: അവന്‍ അതീവദുഃഖിതനായി. അവന്റെ ഭാര്യ പറഞ്ഞു: കുട്ടിക്ക് അപകടം സംഭവിച്ചു.
4: കാലതാമസം അതു തെളിയിക്കുന്നു.
5: അവള്‍ വിലപിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞേ, എന്റെ കണ്ണുകളുടെ വെളിച്ചമായ നിന്നെ പോകാനനുവദിച്ചതു കഷ്ടമായിപ്പോയി.
6: തോബിത് അവളോടു പറഞ്ഞു: വിഷമിക്കാതിരിക്കൂ. അവന് ഒന്നും സംഭവിച്ചിട്ടില്ല.  
7: അവള്‍ പറഞ്ഞു: മിണ്ടാതിരിക്കൂ; എന്നെ കബളിപ്പിക്കാന്‍ നോക്കേണ്ടാ. എന്റെ കുഞ്ഞിനു നാശം സംഭവിച്ചതുതന്നെ. എല്ലാ ദിവസവും അവള്‍ അവര്‍പോയ വഴിയിലേക്കു ചെല്ലും. പകല്‍ ഒന്നും ഭക്ഷിക്കുകയില്ല, രാത്രി മുഴുവന്‍ മകന്‍ തോബിയാസിനെയോര്‍ത്തു വിലപിക്കും.

തോബിയാസിന്റെ മടക്കയാത്ര

8: വിവാഹവിരുന്നിന്റെ പതിനാലാം ദിവസവും ഈ സ്ഥിതി തുടര്‍ന്നു. ഇത്രയും ദിവസങ്ങള്‍ അവിടെ തന്നോടൊന്നിച്ചു താമസിക്കണമെന്നു റഗുവേല്‍ നിര്‍ബ്ബന്ധിച്ചിരുന്നു. തോബിയാസ് റഗുവേലിനോടു പറഞ്ഞു: എന്നെ തിരിച്ചയയ്ക്കുക. എന്റെ മാതാപിതാക്കന്മാര്‍ക്ക് എന്നെ കാണാമെന്നുള്ള ആശപോലുമറ്റിരിക്കണം. എന്നാല്‍, റഗുവേല്‍ പറഞ്ഞു: നീ എന്നോടുകൂടെത്താമസിക്കൂ. ഞാന്‍ ദൂതന്മാരെയയച്ചു നിന്റെ പിതാവിനെ വിവരമറിയിക്കാം.
9: അതുപോരാ; എന്നെ തിരിച്ചയയ്ക്കണം, തോബിയാസ് പറഞ്ഞു.
10: റഗുവേല്‍ തോബിയാസിനു ഭാര്യയായ സാറായെയും, സ്വത്തില്‍ അടിമകളുടെയും കന്നുകാലികളുടെയും പണത്തിന്റെയും പകുതിയും നല്കി.
11: അവരെ അനുഗ്രഹിച്ചു യാത്രയാക്കിക്കൊണ്ട് അവന്‍ പറഞ്ഞു: മക്കളേ, എന്റെ മരണത്തിനു മുമ്പുതന്നെ സ്വര്‍ഗ്ഗസ്ഥനായ ദൈവം നിങ്ങള്‍ക്ക് ഐശ്വര്യമേകും.
12: അവന്‍ പുത്രിയോടു പറഞ്ഞു: നിന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്കുക. അവരാണ് ഇനിമേല്‍ നിനക്കു മാതാപിതാക്കള്‍. നിന്നെപ്പറ്റി നല്ലതുമാത്രം കേള്‍ക്കാന്‍ എനിക്കിടവരട്ടെ! അവന്‍ അവളെ ചുംബിച്ചു. എദ്‌നാ തോബിയാസിനോടു പറഞ്ഞു: സഹോദരാ, സ്വര്‍ഗ്ഗസ്ഥനായ കര്‍ത്താവ് നിന്നെ സുരക്ഷിതനായി തിരിച്ചെത്തിക്കുകയും നിനക്ക് എന്റെ മകള്‍ സാറായില്‍ ജനിക്കുന്ന കുട്ടികളെക്കണ്ട് കര്‍ത്താവിന്റെ സന്നിധിയില്‍ ആനന്ദിക്കാന്‍ എനിക്കിടവരുകയും ചെയ്യട്ടെ! ഇതാ ഞാന്‍ എന്റെ പുത്രിയെ നിന്നെ ഭരമേല്പിക്കുന്നു. അവളെ ദുഃഖിപ്പിക്കരുത്.

അദ്ധ്യായം 11

തോബിത് സുഖംപ്രാപിക്കുന്നു
1: യാത്ര മംഗളകരമാക്കിയതിനു ദൈവത്തെ സ്തുതിച്ചുകൊണ്ടു തോബിയാസ് മടങ്ങിപ്പോയി. അവന്‍ റഗുവേലിനും അവന്റെ ഭാര്യ എദ്‌നായ്ക്കും മംഗളംനേര്‍ന്നു. യാത്രചെയ്ത്, അവന്‍ നിനെവേയ്ക്കടുത്തെത്തി.
2: അപ്പോള്‍ റഫായേല്‍ തോബിയാസിനോടു പറഞ്ഞു: സഹോദരാ, ഏതുനിലയിലാണു പിതാവിനെ നീ വിട്ടുപോന്നതെന്നോര്‍ക്കുന്നില്ലേ?
3: നമുക്കു വേഗം നിന്റെ ഭാര്യയ്ക്കുമുമ്പേ പോയി വീട്ടില്‍വേണ്ട ഒരുക്കങ്ങള്‍ ചെയ്യാം.
4: മത്സ്യത്തിന്റെ കയ്പകൂടെ എടുത്തുകൊള്ളൂ. അവര്‍ പോയി. നായ അവരുടെ പുറകേയുണ്ടായിരുന്നു.
5: അന്ന മകനെനോക്കി, വഴിയില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു.
6: അവന്‍ വരുന്നതുകണ്ട് അവള്‍ അവന്റെ പിതാവിനോടു പറഞ്ഞു: ഇതാ, നിന്റെ പുത്രന്‍ വരുന്നു; അവനോടുകൂടെപ്പോയ ആളുമുണ്ട്.
7: റഫായേല്‍ പറഞ്ഞു: തോബിയാസ്, നിന്റെ പിതാവിനു കാഴ്ച ലഭിക്കുമെന്ന് എനിക്കറിയാം.
8: കയ്പ അവന്റെ കണ്ണുകളില്‍ പുരട്ടണം. ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ അവന്‍ കണ്ണു തിരുമ്മും. അപ്പോള്‍ വെളുത്ത പാടകള്‍ പൊഴിഞ്ഞുവീഴുകയും അവന്‍ നിന്നെ കാണുകയുംചെയ്യും.
9: അന്ന ഓടിച്ചെന്ന് മകനെ ആശ്ലേഷിച്ചു. അവളവനോടു പറഞ്ഞു: എന്റെ കുഞ്ഞേ, നിന്നെക്കാണാന്‍ എനിക്കിടയായി. ഇനി മരിക്കാന്‍ ഞാനൊരുക്കമാണ്. അവരിരുവരും കരഞ്ഞു.
10: വാതില്‍ക്കലേക്കു വരുമ്പോള്‍ തോബിത്തിനു കാലിടറി.
11: പുത്രന്‍ ഓടിയെത്തി പിതാവിനെ താങ്ങി. കണ്ണുകളില്‍ കയ്പ പുരട്ടിക്കൊണ്ട് അവന്‍ പറഞ്ഞു: പിതാവേ, സന്തോഷമായിരിക്കൂ.
12: ചൊറിച്ചില്‍ തോന്നിയപ്പോള്‍ തോബിത് കണ്ണുതിരുമ്മി.
13: വെളുത്ത പാട കണ്‍കോണുകളില്‍നിന്നു പൊഴിഞ്ഞുവീണു.
14: അപ്പോള്‍ അവന്‍ പുത്രനെക്കണ്ടു; അവനെ ആലിംഗനംചെയ്തു കരഞ്ഞുകൊണ്ടു പറഞ്ഞു: ദൈവമേ, അങ്ങു വാഴ്ത്തപ്പെട്ടവനാണ്. അങ്ങയുടെ നാമം എന്നേയ്ക്കും വാഴ്ത്തപ്പെട്ടതാണ്. അവിടുത്തെ വിശുദ്ധദൂതന്മാരും വാഴ്ത്തപ്പെട്ടവരാണ്.
15: അവിടുന്നെനിക്കു ദുരിതങ്ങളയച്ചു. എന്നാലും എന്നോടു കരുണകാട്ടി. ഇതാ, എന്റെ മകന്‍ തോബിയാസിനെ ഞാന്‍ കാണുന്നു. അവന്റെ മകന്‍ സന്തോഷത്തോടെ വീട്ടിനുള്ളില്‍ പ്രവേശിച്ച്, മേദിയായില്‍ തനിക്കുസംഭവിച്ച വലിയ കാര്യങ്ങള്‍ പിതാവിനെ അറിയിച്ചു.
16: തോബിത് സന്തോഷത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ട് മരുമകളെ സ്വീകരിക്കാന്‍ നിനെവേ നഗരത്തിന്റെ കവാടത്തിലേക്കു പുറപ്പെട്ടു. കണ്ടവരെല്ലാം അവനു കാഴ്ച വീണ്ടുകിട്ടിയതില്‍ വിസ്മയിച്ചു.
17: തന്നോടു കരുണകാണിച്ച ദൈവത്തെ അവരുടെ മുമ്പില്‍വച്ചു തോബിത് സ്തുതിച്ചു. അവന്‍ തന്റെ മരുമകള്‍ സാറായുടെ അടുത്തെത്തി, അവളെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: മകളേ, സ്വാഗതം! നിന്നെ ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവന്ന ദൈവം വാഴ്ത്തപ്പെടട്ടെ! നിന്റെ മാതാപിതാക്കള്‍ അനുഗൃഹീതരാണ്. അങ്ങനെ നിനെവേയില്‍ അവന്റെ സഹോദരരുടെയിടയില്‍ ആനന്ദം കളിയാടി.
18: അഹിക്കാറും അനന്തരവന്‍ നാദാബും വന്നു.
19: തോബിയാസിന്റെ വിവാഹം ഏഴുദിവസം ആര്‍ഭാടപൂര്‍വ്വമാഘോഷിച്ചു.

അദ്ധ്യായം 12

റഫായേല്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നു
1: തോബിത് മകന്‍ തോബിയാസിനെ വിളിച്ചു പറഞ്ഞു: മകനേ, നിന്നോടൊപ്പം വന്നവന്റെ കൂലികൊടുക്കുക. പറഞ്ഞിരുന്നതിലും കൂടുതല്‍ കൊടുക്കണം.
2: അവന്‍ പറഞ്ഞു: പിതാവേ, ഞാന്‍ കൊണ്ടുവന്നതിന്റെ പകുതികൊടുത്താലും ദോഷമില്ല.
3: അവന്‍ എന്നെ സുരക്ഷിതനായി നിന്റെയടുക്കല്‍ തിരിച്ചെത്തിച്ചു; എന്റെ ഭാര്യയെ സുഖപ്പെടുത്തി; എനിക്കുവേണ്ടി പണം വാങ്ങി; നിന്നെയും സുഖപ്പെടുത്തി.
4: വൃദ്ധന്‍ പറഞ്ഞു: അവന്‍ അതര്‍ഹിക്കുന്നു.
5: അവന്‍ ദൂതനെ വിളിച്ചു പറഞ്ഞു: നിങ്ങള്‍ കൊണ്ടുവന്നതിന്റെയെല്ലാം പകുതി എടുത്തുകൊള്ളുക.
6: ദൂതന്‍ രണ്ടുപേരെയും രഹസ്യമായി വിളിച്ചുപറഞ്ഞു: ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്കു നന്ദിപറയുകയും ചെയ്യുവിന്‍. അവിടുന്നു നിങ്ങള്‍ക്കുചെയ്ത നന്മയെപ്രതി സകല ജീവികളുടെയുംമുമ്പില്‍ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുവിന്‍. ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രഘോഷിച്ച്, അവിടുത്തെ പുകഴ്ത്തുകയും അവിടുത്തെ നാമത്തിനു മഹത്വം നല്കുകയും ചെയ്യുന്നത് ഉചിതമത്രേ. അവിടുത്തേക്കു നന്ദിപറയാന്‍ അമാന്തമരുത്.
7: രാജാവിന്റെ രഹസ്യം സൂക്ഷിക്കുന്നതു നല്ലത്; ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രസിദ്ധമാക്കുന്നതു മഹനീയമാണ്. നന്മ ചെയ്യുക. നിനക്കു തിന്മ ഭവിക്കുകയില്ല.
8: ഉപവാസം, ദാനധര്‍മ്മം, നീതി എന്നിവയോടുകൂടിയാവുമ്പോള്‍ പ്രാര്‍ത്ഥന നല്ലതാണ്. നീതിയോടുകൂടിയ അല്പമാണ് അനീതിയോടുകൂടിയ അധികത്തെക്കാളഭികാമ്യം. സ്വര്‍ണ്ണം കൂട്ടിവയ്ക്കുന്നതിനെക്കാള്‍ ദാനം ചെയ്യുന്നതു നന്ന്.
9: ദാനധര്‍മ്മം മരണത്തില്‍നിന്നു രക്ഷിക്കുന്നു; അതു സകലപാപങ്ങളും തുടച്ചുനീക്കുന്നു. പരോപകാരവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിന്റെ പൂര്‍ണ്ണതയാസ്വദിക്കും.
10: പാപംചെയ്യുന്നവന്‍ സ്വന്തം ജീവന്റെ ശത്രുവാണ്.
11: ഞാന്‍ നിങ്ങളില്‍നിന്ന് ഒന്നും ഒളിച്ചുവയ്ക്കുകയില്ല. രാജാവിന്റെ രഹസ്യം സൂക്ഷിക്കുന്നതു നല്ലത്. ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രസിദ്ധമാക്കുന്നതു മഹനീയം എന്നു ഞാന്‍ പറഞ്ഞല്ലോ.
12: നീയും നിന്റെ മരുമകള്‍ സാറായും പ്രാര്‍ത്ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥന പരിശുദ്ധനായവനെ ഞാന്‍ അനുസ്മരിപ്പിച്ചു. നീ മൃതരെ സംസ്കരിച്ചപ്പോള്‍ ഞാന്‍ നിന്നോടൊത്തുണ്ടായിരുന്നു.
13: ഭക്ഷണമേശയില്‍നിന്ന് എഴുന്നേറ്റുചെന്നു മൃതദേഹം സംസ്‌കരിക്കാന്‍ മടിക്കാതിരുന്ന നിന്റെ സത്പ്രവൃത്തി എനിക്കജ്ഞാതമായിരുന്നില്ല; ഞാന്‍ നിന്നോടൊപ്പമുണ്ടായിരുന്നു.
14: ആകയാല്‍, നിന്നെയും നിന്റെ മരുമകള്‍ സാറായെയും സുഖപ്പെടുത്താന്‍ ദൈവമെന്നെ അയച്ചിരിക്കുന്നു.
15: ഞാന്‍ റഫായേലാണ്; വിശുദ്ധരുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയുംചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരിലൊരുവന്‍.
16: അവര്‍ ഇരുവരും സംഭ്രാന്തരായി; ഭയത്തോടെ അവര്‍ കമിഴ്ന്നുവീണു.
17: അവന്‍ പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങള്‍ സുരക്ഷിതരാണ്. എന്നേയ്ക്കും ദൈവത്തെ സ്തുതിക്കുവിന്‍.
18: എന്റെ ഔദാര്യംകൊണ്ടല്ല, നമ്മുടെ ദൈവത്തിന്റെ ഹിതമനുസരിച്ചാണു ഞാന്‍ വന്നത്; അവിടുത്തെ എന്നേയ്ക്കും സ്തുതിക്കുവിന്‍.
19: ഈ നാളുകളിലെല്ലാം ഞാന്‍ നിങ്ങള്‍ക്കു നല്‍കിയത് ഛായാദര്‍ശനമായിരുന്നു; ഞാന്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല, നിങ്ങള്‍ കണ്ടത് ഒരു ദര്‍ശനംമാത്രം.
20: ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുക. ഞാന്‍ എന്നെ അയച്ചവന്റെയടുത്തേക്കു മടങ്ങുകയാണ്. സംഭവിച്ചതെല്ലാം എഴുതി സൂക്ഷിക്കുക.
21: അവര്‍ എഴുന്നേറ്റുനിന്നു. എന്നാല്‍, അവനെ കണ്ടില്ല.
22: അവര്‍ ദൈവത്തിന്റെ മഹനീയവും അദ്ഭുതാവഹവുമായ പ്രവൃത്തികളെ സ്തുതിക്കുകയും കര്‍ത്താവിന്റെ ദൂതന്‍ തങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു എന്നു മനസ്സിലാക്കുകയുംചെയ്തു.

അദ്ധ്യായം 13

തോബിത്തിന്റെ കീര്‍ത്തനം
1: തോബിത് ആഹ്ലാദംതുളുമ്പുന്ന ഈ പ്രാര്‍ത്ഥന രചിച്ചു: നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍; അവിടുത്തെ രാജ്യം അനുഗൃഹീതം.
2: അവിടുന്നു ശിക്ഷിക്കുകയും കരുണകാണിക്കുകയുംചെയ്യുന്നു. പാതാളത്തിലേക്കു താഴ്ത്തുകയും അവിടെനിന്നു വീണ്ടുമുയര്‍ത്തുകയുംചെയ്യുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന് ആരും രക്ഷപെടുകയില്ല.
3: ഇസ്രായേല്‍മക്കളേ, ജനതകളുടെമുമ്പില്‍ അവിടുത്തെ ഏറ്റുപറയുവിന്‍. അവിടുന്നാണു നമ്മെ അവരുടെയിടയില്‍ ചിതറിച്ചത്.
4: അവരുടെയിടയില്‍ അവിടുത്തെ മഹത്വം വിളംബരം ചെയ്യുവിന്‍; സകല ജീവികളുടെയുംമുമ്പില്‍ അവിടുത്തെ പ്രകീര്‍ത്തിക്കുവിന്‍. അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്. എന്നേക്കും നമ്മുടെ പിതാവും അവിടുന്നു തന്നെ.
5: നമ്മുടെ തിന്മകള്‍ക്ക് അവിടുന്നു നമ്മെ ശിക്ഷിക്കും. എന്നാല്‍, അവിടുന്നു വീണ്ടും കരുണചൊരിയും; കര്‍ത്താവു നിങ്ങളെ ജനതകളുടെയിടയില്‍ ചിതറിച്ചു; അവിടുന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.
6: പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ നിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയുകയും അവിടുത്തെ സന്നിധിയില്‍ സത്യസന്ധമായി വ്യാപരിക്കുകയുംചെയ്താല്‍ അവിടുന്നു നിങ്ങളെ കടാക്ഷിക്കും. നിങ്ങളില്‍നിന്നു മുഖം മറയ്ക്കുകയില്ല. അവിടുന്നു നിങ്ങള്‍ക്കുചെയ്ത നന്മയെപ്പറ്റി ചിന്തിക്കുവിന്‍. ഉച്ചത്തില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുവിന്‍. നീതിയുടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍. യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിന്‍. പ്രവാസിയായി വസിക്കുന്ന നാട്ടില്‍വച്ച്, ഞാന്‍ അവിടുത്തെ സ്തുതിക്കുന്നു. പാപികളായ ജനതയോട്, അവിടുത്തെ ശക്തിയും മഹത്വവും പ്രഘോഷിക്കുന്നു. പാപികളേ, പിന്തിരിയുവിന്‍; അവിടുത്തെമുമ്പില്‍ നീതി പ്രവര്‍ത്തിക്കുവിന്‍. അവിടുന്നു നിങ്ങളെ സ്വീകരിക്കുകയും നിങ്ങളോടു കരുണകാണിക്കുകയും ചെയ്യുകയില്ലെന്ന് ആരറിഞ്ഞു!
7: ഞാന്‍ എന്റെ ദൈവത്തെ മഹത്വപ്പെടുത്തുന്നു; സ്വര്‍ഗ്ഗത്തിന്റെ രാജാവിനെ എന്റെ ആത്മാവു പുകഴ്ത്തുന്നു. അവിടുത്തെ പ്രഭാവത്തില്‍ ഞാന്‍, ആനന്ദംകൊള്ളുന്നു.
8: എല്ലാ മനുഷ്യരും അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ! ജറുസലെമില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കട്ടെ.
9: വിശുദ്ധ നഗരമായ ജറുസലെമേ, നിന്റെ പുത്രന്മാരുടെ പ്രവൃത്തികള്‍നിമിത്തം അവിടുന്നു നിന്നെ പീഡിപ്പിക്കും. നീതിനിഷ്ഠരായ മക്കളുടെമേല്‍ അവിടുന്നു വീണ്ടും കരുണചൊരിയും.
10: കര്‍ത്താവിനു യഥായോഗ്യം കൃതജ്ഞതയര്‍പ്പിക്കുവിന്‍. യുഗങ്ങളുടെ രാജാവിനെ സ്തുതിക്കുവിന്‍; അവിടുത്തെ കൂടാരം നിങ്ങള്‍ക്കുവേണ്ടി സന്തോഷത്തോടെ ഉയര്‍ത്തപ്പെടട്ടെ! അവിടുന്നു നിങ്ങളുടെ പ്രവാസികള്‍ക്കു സന്തോഷംനല്കട്ടെ! ദുഃഖിതരുടെമേല്‍ അവിടുത്തെ സ്നേഹം തലമുറകളോളം എന്നേക്കുംചൊരിയട്ടെ!
11: ദൈവമായ കര്‍ത്താവിന്റെ നാമംവഹിക്കുന്ന ഇടത്തേക്ക്, വിദൂരങ്ങളില്‍നിന്ന് അനേകം ജനതകള്‍ സ്വര്‍ഗ്ഗത്തിന്റെ രാജാവിനു കാഴ്ചകളുമേന്തിവരും, തലമുറകള്‍ നിന്നെ സന്തോഷപൂര്‍വ്വം കീര്‍ത്തിക്കും.
12: നിന്നെ വെറുക്കുന്നവര്‍ ശപിക്കപ്പെടട്ടെ. നിന്നെ സ്‌നേഹിക്കുന്നവര്‍ എന്നേക്കും അനുഗൃഹീതര്‍.
13: നീതിനിഷ്ഠരായ മക്കളെയോര്‍ത്തു സന്തോഷിക്കുവിന്‍; അവരെ അവിടുന്ന് ഒരുമിച്ചുകൂട്ടും. അവര്‍ നീതിമാന്മാരുടെ കര്‍ത്താവിനെ സ്തുതിക്കും.
14: നിന്നെ സ്‌നേഹിക്കുന്നവര്‍ എത്രയോ അനുഗൃഹീതര്‍! നിന്റെ ശാന്തിയില്‍ അവര്‍ സന്തോഷിക്കും; നിന്റെ കഷ്ടതകളില്‍ ദുഃഖിച്ചവര്‍ അനുഗൃഹീതര്‍. നിന്റെ മഹത്വംകണ്ട് അവരാനന്ദിക്കും. അവര്‍ക്കു ശാശ്വതാനന്ദം ലഭിക്കും.
15: എന്റെ ആത്മാവ് ഉന്നതരാജാവായ ദൈവത്തെ പുകഴ്ത്തട്ടെ!
16: ഇന്ദ്രനീലവും മരതകവുംകൊണ്ട് ജറുസലെം പണിയപ്പെടും; അവളുടെ മതിലുകള്‍ അനര്‍ഘരത്നങ്ങള്‍കൊണ്ടും. ഗോപുരങ്ങളും കൊത്തളങ്ങളും തനിസ്വര്‍ണ്ണംകൊണ്ടും നിര്‍മ്മിക്കപ്പെടും.
17: ജറുസലെം തെരുവീഥികളില്‍ ഗോമേദകവും മാണിക്യവും ഓഫീറിലെ രത്നങ്ങളും പതിക്കും.
18: അവളുടെ പാതകളില്‍ ഹല്ലേലുയ്യാ മാറ്റൊലിക്കൊള്ളും. നിനക്കു ശാശ്വതമഹത്വംനല്കിയ ദൈവം വാഴ്ത്തപ്പെടട്ടെ എന്നുപറഞ്ഞ്, അവ സ്തുതികളര്‍പ്പിക്കും.

അദ്ധ്യായം 14

തോബിത്തിന്റെ അന്തിമോപദേശം

1: തോബിത് സ്തോത്രഗീതമവസാനിപ്പിച്ചു.
2: അമ്പത്തെട്ടാം വയസ്സിലാണ് അവനു കാഴ്ചനഷ്ടപ്പെട്ടത്. എട്ടുവര്‍ഷം കഴിഞ്ഞ് അതു തിരിച്ചുകിട്ടി. അവന്‍ ദാനധര്‍മ്മങ്ങള്‍ചെയ്യുകയും ദൈവമായ കര്‍ത്താവിനെ ഭക്തിപൂര്‍വ്വം സ്തുതിക്കുകയും ചെയ്തു.
3: വൃദ്ധനായപ്പോള്‍ പുത്രനെയും പൗത്രന്മാരെയും വിളിച്ചിട്ട്, പുത്രനോടു പറഞ്ഞു: മകനേ, എനിക്കു വയസ്സായി. ജീവിതത്തോടു വിടവാങ്ങാന്‍ കാലമടുത്തു.
4: നീ മക്കളെയുംകൂട്ടി മേദിയായിലേക്കു പുറപ്പെടുക. നിനെവേ നശിപ്പിക്കപ്പെടുമെന്നു യോനാപ്രവാചകന്‍ പറഞ്ഞതു ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. എന്നാല്‍, മേദിയായില്‍ കുറെക്കാലം സമാധാനം നിലനില്ക്കും. നമ്മുടെ സഹോദരന്മാര്‍ തങ്ങളുടെ നല്ല ദേശത്തില്‍നിന്നു ഭൂമിയില്‍ ചിതറിക്കപ്പെടും. ജറുസലെം വിജനമാകും; ദേവാലയം അഗ്നിക്കിരയായി കുറേക്കാലത്തേക്കു നാശക്കൂമ്പാരമായി കിടക്കും.
5: എന്നാല്‍, ദൈവം വീണ്ടും കരുണതോന്നി അവരെ തങ്ങളുടെ ദേശത്തേക്കു തിരിയെ കൊണ്ടുവരും. കാലപരിപൂര്‍ത്തിയാകുന്നതുവരെ, ആദ്യത്തേതുപോലെ ആവുകയില്ലെങ്കിലും, അവര്‍ ദേവാലയം വീണ്ടുംപണിയും. അതിനുശേഷം അവര്‍ പ്രവാസത്തില്‍നിന്നു മടങ്ങിവന്നു ജറുസലെമിനെ മഹത്ത്വപൂര്‍ണ്ണമായി പുതുക്കിപ്പണിയും. പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതുപോലെ എല്ലാ തലമുറകള്‍ക്കുംവേണ്ടി മഹിമയാര്‍ന്ന ദേവാലയമന്ദിരം നിര്‍മ്മിക്കും.
6: അപ്പോള്‍ സകലജനതകളും ദൈവമായ കര്‍ത്താവിന്റെ യഥാര്‍ത്ഥ ഭക്തരാവുകയും തങ്ങളുടെ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടുകയുംചെയ്യും.
7: അവര്‍ കര്‍ത്താവിനെ സ്തുതിക്കും. അവിടുത്തെ ജനം ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കും. കര്‍ത്താവു തന്റെ ജനത്തെ മഹത്വമണിയിക്കും. സത്യത്തിലും നീതിയിലും ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുന്ന സകലരും നമ്മുടെ സഹോദരരോടു കരുണ കാണിച്ചുകൊണ്ടു സന്തോഷിക്കും.
8: മകനേ, നിനെവേ വിട്ടുപോവുക. യോനാ പ്രവാചകന്‍ പറഞ്ഞതു തീര്‍ച്ചയായും സംഭവിക്കും.
9: നിനക്കു ശുഭം ഭവിക്കാന്‍ നിയമവും പ്രമാണങ്ങളും പാലിക്കുകയും നീതിയോടും കരുണയോടുംകൂടെ വര്‍ത്തിക്കുകയും ചെയ്യുക.
10: എന്നെ ഉചിതമായി സംസ്‌കരിക്കണം. നിന്റെ അമ്മയെ എന്റെ അടുത്തുതന്നെ സംസ്‌കരിക്കണം. ഇനി നിനെവേയില്‍ താമസിച്ചുകൂടാ. മകനേ, തന്നെ പോറ്റിയ അഹിക്കാറിനോടു നാദാബ് ചെയ്തതെന്തെന്നും അവനെ എങ്ങനെ പ്രകാശത്തില്‍നിന്ന് അന്ധകാരത്തിലേക്കു നയിച്ചെന്നും അവന്, എന്തു പ്രതിഫലംനല്കിയെന്നും കാണുക. എന്നാല്‍, അഹിക്കാര്‍ രക്ഷപ്പെടുകയും അപരന്‍ അന്ധകാരത്തിലമര്‍ന്നു തന്റെ പ്രവൃത്തിക്കുതക്ക പ്രതിഫലം നേടുകയുംചെയ്തു. അഹിക്കാര്‍ ദാനധര്‍മ്മം നല്‍കി; അങ്ങനെ നാദാബൊരുക്കിയ കെണിയില്‍നിന്നു രക്ഷപെട്ടു. നാദാബുതന്നെ ആ കെണിയില്‍വീണു നശിച്ചു.
11: ആകയാല്‍, മക്കളേ, ദാനധര്‍മ്മം എന്തു നേടുന്നുവെന്നും നീതി എങ്ങനെ രക്ഷിക്കുന്നുവെന്നും ചിന്തിക്കുവിന്‍. ഇതുപറഞ്ഞ് അവന്‍ മരിച്ചു. അവനു നൂറ്റിയന്‍പത്തെട്ടു വയസ്സായിരുന്നു. തോബിയാസ് അവനെ ആഡംബരപൂര്‍വ്വം സംസ്‌കരിച്ചു.
12: അന്ന മരിച്ചപ്പോള്‍ തോബിയാസ് അവളെ പിതാവിന്റെ സമീപത്തു സംസ്കരിച്ചു.
13: തോബിയാസ് ഭാര്യയെയും പുത്രന്മാരെയുംകൂട്ടി എക്ബത്താനായില്‍ അമ്മായിയപ്പനായ റഗുവേലിന്റെയടുക്കല്‍ മടങ്ങിയെത്തി. പ്രായത്തോടൊപ്പം അവന്റെ കീര്‍ത്തിയും വളര്‍ന്നു. ഭാര്യയുടെ മാതാപിതാക്കന്മാര്‍ മരിച്ചപ്പോള്‍ അവന്‍ അവരെ സാഘോഷം സംസ്‌കരിച്ചു. അവരുടെയും സ്വപിതാവായ തോബിത്തിന്റെയും വസ്തുവകകള്‍ അവന് അവകാശമായി ലഭിച്ചു.
14: അവന്‍ മേദിയായിലെ എക്ബത്താനായില്‍വച്ച് നൂറ്റിപ്പതിനേഴാം വയസ്സില്‍ മരിച്ചു.
15: മരിക്കുന്നതിനുമുമ്പ് നെബുക്കദ്‌നേസറും അഹസ്വേരൂസും നിനെവേ കീഴടക്കി നശിപ്പിച്ച വാര്‍ത്ത അവന്‍ കേട്ടു. മരണത്തിനുമുമ്പു നിനെവേയെക്കുറിച്ചു സന്തോഷിക്കാന്‍ അവനിടവന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ