നൂറ്റിയെട്ടാം ദിവസം: 1 ദിനവൃത്താന്തം 18 - 22

അദ്ധ്യായം 18

ദാവീദിന്റെ യുദ്ധങ്ങള്‍
1: ദാവീദ് ഫിലിസ്ത്യരെ തോല്പിച്ചു. അവരില്‍നിന്നു ഗത്തും അതിനോടുചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു. 
2: പിന്നീടു മൊവാബിനെ തോല്പിച്ചു. മൊവാബ്യര്‍ ദാവീദിന്റെ ദാസന്മാരായിത്തീര്‍ന്ന്കപ്പം കൊടുത്തു. 
3: സോബാരാജാവായ ഹദദേസര്‍ യൂഫ്രട്ടീസുവരെ അധികാരം വ്യാപിപ്പിക്കാനുദ്യമിച്ചപ്പോള്‍ ഹമാത്തില്‍വച്ചു ദാവീദവനെ തോല്പിച്ചു. 
4: ദാവീദ്, അവന്റെ ആയിരം രഥങ്ങള്‍, ഏഴായിരം കുതിരപ്പടയാളികള്‍, ഇരുപതിനായിരം കാലാളുകള്‍ എന്നിവ പിടിച്ചെടുത്തു. നൂറു രഥങ്ങള്‍ക്കുവേണ്ട കുതിരകളെയെടുത്ത്, ബാക്കി കുതിരകളുടെ കുതിഞരമ്പു ഛേദിച്ചുകളഞ്ഞു. 
5: ദമാസ്‌ക്കസിലെ സിറിയാക്കാര്‍ സോബാരാജാവായ ഹദദേസറിന്റെ സഹായത്തിനെത്തി. എന്നാല്‍, ദാവീദ് ഇരുപത്തീരായിരം സിറിയാക്കാരെ കൊന്നൊടുക്കി. 
6: സിറിയായിലും ദമാസ്‌ക്കസിലും ദാവീദ് കാവല്‍പ്പട്ടാളത്തെ നിയോഗിച്ചു. സിറിയാക്കാര്‍ ദാവീദിന്റെ ദാസന്മാരായിത്തീരുകയും കപ്പംകൊടുക്കുകയുംചെയ്തു. ദാവീദ് പോയിടത്തെല്ലാം കര്‍ത്താവ് അവനു വിജയംനല്‍കി.  
7: ഹദദേസറിന്റെ ഭടന്മാരുടെ പൊന്‍പരിചകള്‍ ദാവീദ് ജറുസലെമിലേക്കു കൊണ്ടുപോന്നു.  
8: ഹദദേസറിന്റെ നഗരങ്ങളായ തിഭാത്തില്‍നിന്നും കൂനില്‍നിന്നും ദാവീദ് ധാരാളം പിച്ചളയും കൊണ്ടുവന്നു. അതുപയോഗിച്ചാണ് സോളമന്‍ ജലസംഭരണിയും സ്തംഭങ്ങളും പാത്രങ്ങളുമുണ്ടാക്കിയത്. 
9: സോബാരാജാവായ ഹദദേസറിന്റെ സൈന്യത്തെ ദാവീദു തോല്പിച്ചെന്നു ഹമാത്തിലെ രാജാവായ തോവു കേട്ടു. 
10: ഹദദേസറിനെ പരാജയപ്പെടുത്തിയതില്‍ അനുമോദിക്കാനും മംഗളങ്ങള്‍ ആശംസിക്കാനും ദാവീദിന്റെയടുത്തു തോവു തന്റെ മകന്‍ ഹദോറാമിനെ അയച്ചു. കാരണംതോവു ഹദദേസറുമായി കൂടെക്കൂടെ യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. സ്വര്‍ണ്ണംവെള്ളിപിച്ചള എന്നിവകൊണ്ടുള്ള ധാരാളം സമ്മാനങ്ങളും അവന്‍ ദാവീദിനു കൊടുത്തയച്ചു. 
11: ഏദോമില്‍നിന്നും മൊവാബില്‍നിന്നും അമ്മോന്യര്‍, ഫിലിസ്ത്യര്‍, അമലേക്യര്‍ എന്നിവരില്‍നിന്നുമെടുത്ത പൊന്നിനോടും വെള്ളിയോടുംകൂടെ അവയും ദാവീദുരാജാവ് കര്‍ത്താവിനു സമര്‍പ്പിച്ചു. 
12: സെരൂയായുടെ മകന്‍ അബിഷായി ഉപ്പുതാഴ്‌വരയില്‍വച്ചു പതിനെണ്ണായിരം ഏദോമ്യരെ വധിച്ചു. 
13: അവന്‍ ഏദോമില്‍ കാവല്‍പ്പട്ടാളത്തെ നിയോഗിച്ചു. ഏദോമ്യര്‍ ദാവീദിന്റെ ദാസന്മാരായി. ദാവീദു പോയിടത്തെല്ലാം കര്‍ത്താവവനു വിജയംനല്‍കി. 
14: ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവായി ഭരിച്ചു. ജനത്തിന് അവന്‍ നീതിയും ന്യായവും നടത്തിക്കൊടുത്തു. 
15: സെരൂയായുടെ മകന്‍ യോവാബ് സേനാധിപനും അഹിലൂദിന്റെ മകന്‍ യഹോഷാഫാത്ത് നടപടിയെഴുത്തുകാരനുമായിരുന്നു. 
16: അഹിത്തൂബിന്റെ മകന്‍ സാദോക്കും അബിയാഥറിന്റെ മകന്‍ അബിമെലെക്കും പുരോഹിതന്മാരുംഷൗഷാ കാര്യവിചാരകനും ആയിരുന്നു. 
17: യഹോയാദായുടെ മകന്‍ ബനായാ കെറേത്യരുടെയും പെലേത്യരുടെയും അധിപതിയും ദാവീദിന്റെ പുത്രന്മാര്‍ രാജാവിന്റെ മുഖ്യസേവകന്മാരുമായിരുന്നു.

അദ്ധ്യായം 19

അമ്മോന്യരെയും സിറിയാക്കാരെയും തോല്പിക്കുന്നു
1: അമ്മോന്യ രാജാവായ നാഹാഷ് മരിച്ചു. അവന്റെ മകന്‍, പകരം രാജാവായി. 
2: അപ്പോള്‍ ദാവീദു പറഞ്ഞു: നാഹാഷിന്റെ പുത്രന്‍ ഹാനൂനോടു ഞാന്‍ ദയാപൂര്‍വ്വം വര്‍ത്തിക്കും. എന്തെന്നാല്‍, അവന്റെ പിതാവ് എന്നോടും കാരുണ്യപൂര്‍വം വര്‍ത്തിച്ചു. പിതാവിന്റെ നിര്യാണത്തില്‍ ഹാനൂനെയാശ്വസിപ്പിക്കാന്‍ ദാവീദു ദൂതന്മാരെയയച്ചു. ദൂതന്മാര്‍ അമ്മോന്യരുടെ നാട്ടില്‍ ഹാനൂന്റെയടുത്ത് അവനെയാശ്വസിപ്പിക്കാനെത്തി. 
3: അപ്പോള്‍ അമ്മോന്യപ്രമാണികള്‍ ഹാനൂനോടു ചോദിച്ചു: ദാവീദ് അങ്ങയുടെ അടുത്ത് ആശ്വാസകരെ അയച്ചത് അങ്ങയുടെ പിതാവിനെ ബഹുമാനിക്കാനാണെന്നു വിചാരിക്കുന്നുവോദേശം ഒറ്റുനോക്കി അതിനെ കീഴടക്കാനല്ലേ അവര്‍ വന്നിരിക്കുന്നത്? 
4: അതുകൊണ്ട് ഹാനൂന്‍ ദാവീദിന്റെ ദൂതന്മാരെ താടിയും ശിരസ്സും മുണ്ഡനംചെയ്ത്അരമുതല്‍ പാദംവരെ അങ്കി മുറിച്ചുകളഞ്ഞ് വിട്ടയച്ചു. 
5: അവര്‍ക്കു സംഭവിച്ചതു ദാവീദറിഞ്ഞു. അവന്‍ അവരെ സ്വീകരിക്കാന്‍ ആളയച്ചു. അവര്‍ ലജ്ജാഭരിതരായിരുന്നു. താടി വളരുന്നതുവരെ ജറീക്കോയില്‍ താമസിച്ചു തിരികെവരാന്‍ രാജാവ് അവരോടു കല്പിച്ചു. 
6: തങ്ങള്‍ ദാവീദിന്റെ ശത്രുത സമ്പാദിച്ചെന്ന് അമ്മോന്യര്‍ക്കു മനസ്സിലായി. അവര്‍ ആയിരം താലന്ത് വെള്ളിക്ക്, രഥങ്ങളെയും കുതിരപ്പട്ടാളത്തെയും മെസൊപ്പൊട്ടാമിയആരാംമാക്കാസോബാ എന്നിവിടങ്ങളില്‍നിന്നു കൂലിക്കെടുത്തു.
7: അവര്‍ മുപ്പത്തീരായിരം രഥങ്ങള്‍ കൂലിക്കുവാങ്ങിഅതുപോലെ മാക്കായിലെ രാജാവിനെയും സൈന്യങ്ങളെയും. അവര്‍ മെദേബായ്ക്കുമുമ്പില്‍ പാളയമടിച്ചു. പട്ടണങ്ങളില്‍നിന്നു സൈന്യത്തിലെടുത്ത അമ്മോന്യരും യുദ്ധത്തിനു പുറപ്പെട്ടു. 
8: ഇതുകേട്ടു ദാവീദ്, യോവാബിനെയും ധീരയോദ്ധാക്കളുടെ മുഴുവന്‍ സൈന്യത്തെയും അങ്ങോട്ടയച്ചു. 
9: അമ്മോന്യര്‍ നഗരകവാടത്തില്‍ അണിനിരന്നു. അവരെ സഹായിക്കാന്‍വന്ന രാജാക്കന്മാര്‍ തുറന്നസ്ഥലത്തു നിലയുറപ്പിച്ചു. 
10: മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതുകണ്ടു യോവാബ് ഇസ്രായേലിലെ ധീരന്മാരെ തെരഞ്ഞെടുത്ത് സിറിയായ്ക്കെതിരേ ചെന്നു. 
11: ശേഷിച്ച സൈനികരെ, അവന്‍ തന്റെ സഹോദരനായ അബിഷായിയെ ഏല്പിച്ചുഅവന്‍ അമ്മോന്യരെ നേരിട്ടു. 
12: യോവാബു പറഞ്ഞു: സിറിയാക്കാര്‍ എന്നെക്കാള്‍ ശക്തരാണെങ്കില്‍ നീ എന്നെ സഹായിക്കണം. അമ്മോന്യര്‍ നിന്നെക്കാള്‍ ശക്തരായികണ്ടാല്‍ ഞാന്‍ നിന്നെ സഹായിക്കാം. 
13: ധൈര്യമായിരിക്കുക. നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണത്തിനുംവേണ്ടി നമുക്കു സുധീരം പോരാടാം. കര്‍ത്താവ് നന്മയെന്നു തോന്നുന്നതു പ്രവര്‍ത്തിക്കട്ടെ! 
14: യോവാബും അനുയായികളും സിറിയാക്കാരുടെനേരേ പുറപ്പെട്ട് അവരെ തോല്പിച്ചോടിച്ചു. 
15: സിറിയാക്കാര്‍ പലായനംചെയ്‌തെന്നുകണ്ട്, അമ്മോന്യര്‍ യോവാബിന്റെ സഹോദരനായ അബിഷായിയുടെ മുമ്പില്‍നിന്നോടി പട്ടണത്തില്‍ പ്രവേശിച്ചു. യോവാബ് ജറുസലെമിലേക്കു മടങ്ങി. 
16: തങ്ങള്‍ ഇസ്രായേല്യരുടെമുമ്പില്‍ പരാജിതരായെന്നുകണ്ടു സിറിയാക്കാര്‍ ദൂതന്മാരെ അയച്ച്യൂഫ്രട്ടീസിനു മറുകരെയുണ്ടായിരുന്ന സിറിയാക്കാരെ വരുത്തി. ഹദദേസറിന്റെ സേനാനായകന്‍ ഷോഫാക്കാണ് അവരെ നയിച്ചത്. 
17: ദാവീദ് ഇതറിഞ്ഞ് ഇസ്രായേല്യരെ മുഴുവന്‍ ഒരുമിച്ചുകൂട്ടി ജോര്‍ദ്ദാന്‍കടന്നു സൈന്യത്തെ അണിനിരത്തി അവര്‍ക്കെതിരേ പൊരുതി. 
18: സിറിയാക്കാര്‍ ഇസ്രായേലിന്റെമുമ്പില്‍ തോറ്റോടി. ദാവീദ് സിറിയാക്കാരുടെ ഏഴായിരം തേരാളികളെയും നാല്പതിനായിരംവരുന്ന കാലാള്‍പ്പടയെയും സേനാനായകന്‍ ഷോഫാക്കിനെയും നിഗ്രഹിച്ചു. 
19: ഇസ്രായേല്യര്‍, തങ്ങളെ പരാജയപ്പെടുത്തിയെന്നുകണ്ട് ഹദദേസറിന്റെ ദാസന്മാര്‍ ദാവീദുമായി സന്ധിചെയ്ത്, അവനു കീഴടങ്ങി. പിന്നീട് സിറിയാക്കാര്‍ അമ്മോന്യരെ സഹായിക്കാന്‍പോയില്ല.

അദ്ധ്യായം 20

റബ്ബാ പിടിച്ചടക്കുന്നു
1: രാജാക്കന്മാര്‍ യുദ്ധത്തിനു പോകാറുള്ള വസന്തകാലം സമാഗതമായപ്പോള്‍ യോവാബ് സൈന്യസമേതം അമ്മോന്യരെ ആക്രമിച്ച് റബ്ബാ ഉപരോധിച്ചു. ദാവീദ് ജറുസലെമില്‍ത്തന്നെ താമസിച്ചു. യോവാബ് റബ്ബായെ ആക്രമിച്ചു നശിപ്പിച്ചു. 
2: ദാവീദ് അവരുടെ രാജാവിന്റെ കിരീടമെടുത്തു. ഒരു താലന്തു സ്വര്‍ണം കൊണ്ടാണ് അതു നിര്‍മ്മിച്ചിരുന്നത്. അതില്‍ വിലയേറിയ ഒരു രത്നവും പതിച്ചിട്ടുണ്ടായിരുന്നു. അവന്‍ അതു തന്റെ ശിരസ്സിലണിഞ്ഞു. പട്ടണത്തില്‍നിന്നു ധാരാളം കൊള്ളമുതലും അവന്‍ കൊണ്ടുപോന്നു. 
3: അവിടത്തെ ജനങ്ങളെക്കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുപാരയും കോടാലിയുംകൊണ്ടുള്ള ജോലിക്കു നിയോഗിച്ചു. അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍ ഇങ്ങനെ ചെയ്തു. അനന്തരം ദാവീദും സകലജനവും ജറുസലെമിലേക്കു മടങ്ങിപ്പോന്നു. 
4: പിന്നീട്ഫിലിസ്ത്യര്‍ക്കെതിരേ ഗേസെറില്‍ യുദ്ധമാരംഭിച്ചു. ആ യുദ്ധത്തില്‍ ഹുഷാത്യനായ സിബെക്കായി മല്ലന്മാരുടെ സന്തതികളില്‍ ഒരാളായ സിപ്പായിയെ വധിച്ചുഅതോടെ ഫിലിസ്ത്യര്‍ കീഴടങ്ങി. 
5: ഫിലിസ്ത്യര്‍ക്കെതിരേ വേറൊരു യുദ്ധംകൂടെയുണ്ടായി. അതില്‍ ജായിറിന്റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗോലിയാത്തിന്റെ സഹോദരന്‍ ലഹ്മിയെ വധിച്ചു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ ഓടംപോലെയായിരുന്നു.  
6: ഗത്തില്‍വച്ചു വീണ്ടും യുദ്ധമുണ്ടായി. അവിടെ ദീര്‍ഘകായനും കൈയ്ക്കും കാലിനും ആറുവീതം ഇരുപത്തിനാലു വിരലുള്ളവനുമായ ഒരുവനുണ്ടായിരുന്നു. അവനും മല്ലവംശത്തില്‍പ്പെട്ടവനായിരുന്നു. 
7: അവന്‍ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനും ഷിമെയായുടെ പുത്രനുമായ ജോനാഥാന്‍ അവനെക്കൊന്നു. 
8: ഗത്തിലെ മല്ലവംശജരായ ഇവര്‍ ദാവീദിന്റെയും ദാസന്മാരുടെയും കൈയാല്‍ നശിപ്പിക്കപ്പെട്ടു.

അദ്ധ്യായം 21

ദാവീദ് ജനസംഖ്യയെടുക്കുന്നു

1: സാത്താന്‍ ഇസ്രായേലിനെതിരേ ഉണര്‍ന്ന്, ഇസ്രായേലിന്റെ ജനസംഖ്യയെടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചു. 
2: ദാവീദു യോവാബിനോടും സേനാനായകന്മാരോടും കല്പിച്ചു: നിങ്ങള്‍ ബേര്‍ഷെബാമുതല്‍ ദാന്‍വരെയുള്ള ഇസ്രായേല്യരെ എണ്ണുവിന്‍. എനിക്ക് അവരുടെ സംഖ്യയറിയണം. 
3: യോവാബു പറഞ്ഞു: കര്‍ത്താവു ജനത്തെ നൂറിരട്ടി വര്‍ദ്ധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവേഅവര്‍ അങ്ങയുടെ ദാസന്മാരല്ലയോപിന്നെ എന്തുകൊണ്ടിങ്ങനെ ആവശ്യപ്പെടുന്നുഇസ്രായേലില്‍ എന്തിനപരാധംവരുത്തുന്നു? 
4: യോവാബിനു രാജകല്പന അനുസരിക്കേണ്ടിവന്നു. അവന്‍ ഇസ്രായേല്‍മുഴുവന്‍ ചുറ്റിസഞ്ചരിച്ച്, ജറുസലെമില്‍ തിരിച്ചെത്തി. 
5: യോവാബ്, ജനസംഖ്യ ദാവീദിനെയറിയിച്ചു. ഇസ്രായേലില്‍ യോദ്ധാക്കള്‍ ആകെ പതിനൊന്നുലക്ഷംയൂദായില്‍ നാലുലക്ഷത്തിയെഴുപതിനായിരം. 
6: എന്നാല്‍, ലേവ്യരെയും ബഞ്ചമിന്‍ഗോത്രജരെയും യോവാബ് എണ്ണിയില്ല. കാരണംരാജകല്പനയോട് അവനു വലിയ വിദ്വേഷം തോന്നി. 
7: ജനത്തിന്റെ കണക്കെടുത്തതു ദൈവത്തിന് അനിഷ്ടമായിഅവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു. 
8: ദാവീദു ദൈവത്തോടു പ്രാര്‍ത്ഥിച്ചു: ഇതുവഴി ഞാന്‍ വലിയ പാപം ചെയ്തുപോയി. അവിടുത്തെ ദാസന്റെ അകൃത്യം ക്ഷമിക്കണമേ! വലിയ ഭോഷത്തമാണു ഞാന്‍ ചെയ്തത്. 
9: കര്‍ത്താവു ദാവീദിന്റെ ദീര്‍ഘദര്‍ശിയായ ഗാദിനോടരുളിച്ചെയ്തു: 
10: ദാവീദിനോടു പറയുകകര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പറയുന്ന മൂന്നു കാര്യങ്ങളില്‍ ഒന്നു നിനക്കു തെരഞ്ഞെടുക്കാം. അതു ഞാന്‍ നിന്നോടു ചെയ്യും. 
11: ഗാദ് ദാവീദിന്റെയടുത്തുവന്നു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നുനിനക്കിഷ്ടമുള്ളതു തെരഞ്ഞെടുക്കുക. 
12: മൂന്നുവര്‍ഷത്തെ ക്ഷാമംഅല്ലെങ്കില്‍ മൂന്നുമാസം ശത്രുക്കളുടെ നിരന്തരമായ ആക്രമണവും നിന്റെ പലായനവുംഅതുമല്ലെങ്കില്‍ മൂന്നുദിവസം മഹാമാരിയാകുന്ന ഖഡ്ഗംകൊണ്ട്, കര്‍ത്താവിന്റെ ദൂതന്‍നടത്തുന്ന സംഹാരം. എന്നെ അയച്ചവനോടു ഞാന്‍ എന്തു പറയണമെന്നു തീരുമാനിക്കുക. 
13: ദാവീദു ഗാദിനോടു പറഞ്ഞു. ഞാന്‍ വലിയ വിഷമസന്ധിയില്‍പ്പെട്ടിരിക്കുന്നു. മനുഷ്യരുടെ കരങ്ങളില്‍പ്പതിക്കുന്നതിനെക്കാള്‍ കര്‍ത്താവിന്റെ കരങ്ങളില്‍ പതിക്കുന്നതാണ് ഭേദം. അവിടുത്തെ കാരുണ്യം വലുതാണല്ലോ. 
14: കര്‍ത്താവ് ഇസ്രായേലില്‍ മഹാമാരിയയച്ചു. എഴുപതിനായിരം ഇസ്രായേല്യര്‍ മരിച്ചുവീണു. 
15: ജറുസലെം നശിപ്പിക്കാന്‍ ദൈവം ദൂതനെയയച്ചു. അവന്‍ നഗരം നശിപ്പിക്കാന്‍തുടങ്ങിയപ്പോള്‍ കര്‍ത്താവു മനസ്സുമാറ്റി സംഹാരദൂതനോടു കല്പിച്ചുമതിനിന്റെ കരം പിന്‍വലിക്കുക. അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തിനരികേ നില്‍ക്കുകയായിരുന്നു. 
16: കര്‍ത്താവിന്റെ ദൂതന്‍ ജറുസലെമിനെതിരേ വാളൂരിപ്പിടിച്ചുകൊണ്ട്ആകാശത്തിനും ഭൂമിക്കും മദ്ധ്യേനില്‍ക്കുന്നതാണ് ശിരസ്സുയര്‍ത്തിയപ്പോള്‍ ദാവീദു കണ്ടത്. ഉടനെ അവനും ശ്രേഷ്ഠന്മാരും ചാക്കുടുത്ത് സാഷ്ടാംഗംവീണു. 
17: ദാവീദു പ്രാര്‍ത്ഥിച്ചു: ജനത്തിന്റെ കണക്കെടുക്കാന്‍ ആജ്ഞാപിച്ചതു ഞാനല്ലേഈ അജഗണം എന്തുചെയ്തുഎന്റെ ദൈവമായ കര്‍ത്താവേഅങ്ങയുടെ കരം എനിക്കും എന്റെ പിതൃഭവനത്തിനുമെതിരേയായിരിക്കട്ടെ! അവിടുത്തെ ജനത്തെ മഹാമാരിയില്‍നിന്നു മോചിപ്പിക്കണമേ! 
18: കര്‍ത്താവിന്റെ ദൂതന്‍ ഗാദിനോടു പറഞ്ഞു: ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍ച്ചെന്ന്അവിടെ ദൈവമായ കര്‍ത്താവിന് ഒരു ബലിപീഠംപണിയാന്‍ ദാവീദിനോടു പറയുക. 
19: കര്‍ത്താവിന്റെ നാമത്തില്‍ ഗാദ് പറഞ്ഞ വാക്കനുസരിച്ചു ദാവീദു പുറപ്പെട്ടു. 
20: ഒര്‍നാന്‍ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കേതിരിഞ്ഞുനോക്കിയപ്പോള്‍, ദൂതനെ കണ്ടുഅവനും നാലു മക്കളും ഒളിച്ചുകളഞ്ഞു. 
21: ദാവീദു വരുന്നതുകണ്ട് ഒര്‍നാന്‍ മെതിക്കളത്തില്‍നിന്നു പുറത്തുവന്നു നിലംപറ്റെ താണുവണങ്ങി. 
22: ദാവീദ് അവനോടു പറഞ്ഞു: കര്‍ത്താവിന് ഒരു ബലിപീഠംപണിയാന്‍ ഈ കളം എനിക്കു തരുക. അതിന്റെ മുഴുവന്‍ വിലയും സ്വീകരിച്ചുകൊള്ളുക. ജനത്തില്‍നിന്നു മഹാമാരി ഒഴിഞ്ഞുപോകട്ടെ! 
23: ഒര്‍നാന്‍ ദാവീദിനോടു പറഞ്ഞു: അങ്ങ്, അതെടുത്തുകൊള്ളുക. എന്റെ യജമാനനായ രാജാവിന് ഇഷ്ടംപോലെ ചെയ്യാം. ഇതാദഹനബലിക്കു കാളകളും വിറകിനു മെതിവണ്ടികളും ധാന്യബലിക്കു ഗോതമ്പും - എല്ലാം ഞാന്‍ വിട്ടുതരുന്നു. ദാവീദു പറഞ്ഞു: 
24: പാടില്ലമുഴുവന്‍ വിലയുംതന്നേ ഞാന്‍ വാങ്ങൂ. നിന്റേതായ ഒന്നും കര്‍ത്താവിനായി ഞാനെടുക്കുകയില്ല. 
25: പണംമുടക്കാതെ ഞാന്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കുകയില്ല. ദാവീദ് ആ സ്ഥലത്തിന്റെ വിലയായി അറുനൂറു ഷെക്കല്‍ സ്വര്‍ണം ഒര്‍നാനു കൊടുത്തു. 
26: ദാവീദ്, അവിടെ കര്‍ത്താവിനു ബലിപീഠം പണിതു. ദഹനബലികളും സമാധാനബലികളുമര്‍പ്പിച്ച്, കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. ആകാശത്തില്‍നിന്നു ദഹനബലിപീഠത്തിലേക്ക് അഗ്നിയയച്ച്, കര്‍ത്താവവനുത്തരമരുളി. 
27: കര്‍ത്താവു ദൂതനോടു കല്പിച്ചു. അവന്‍ വാള്‍ ഉറയിലിട്ടു.  
28: ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍വച്ചു കര്‍ത്താവു തനിക്കുത്തരമരുളിയതിനാല്‍ ദാവീദ് അവിടെ ബലികളര്‍പ്പിച്ചു. 
29: മോശ മരുഭൂമിയില്‍വച്ചു നിര്‍മ്മിച്ച കര്‍ത്താവിന്റെ കൂടാരവും ദഹനബലിപീഠവും അന്നു ഗിബയോനിലെ ആരാധനസ്ഥലത്തായിരുന്നു. 
30: സംഹാരദൂതന്റെ വാളിനെ ഭയന്നതുകൊണ്ടു ദൈവത്തോട് ആരായുന്നതിന് അവിടെപ്പോകാന്‍ ദാവീദിനു കഴിഞ്ഞില്ല. 

അദ്ധ്യായം 22

ദേവാലയനിര്‍മ്മാണത്തിനൊരുക്കം
1: ദാവീദു പറഞ്ഞു: ഇതാണു ദൈവമായ കര്‍ത്താവിന്റെ ആലയംഇസ്രായേലിന്റെ ദഹനബലിപീഠവും ഇതുതന്നെ. 
2: അനന്തരംഇസ്രായേലിലെ വിദേശികളെ വിളിച്ചുകൂട്ടാന്‍ ദാവീദു കല്പിച്ചു. ദേവാലയനിര്‍മ്മാണത്തിനു കല്ലു ചെത്തിയൊരുക്കാന്‍ അവന്‍ കല്പണിക്കാരെ നിയമിച്ചു. 
3: പടിവാതിലുകള്‍ക്കുവേണ്ട ആണിയും വിജാഗിരികളും കൊളുത്തുകളും നിര്‍മ്മിക്കാന്‍ പിച്ചളയും ഇരുമ്പും അളവില്ലാതെ ശേഖരിച്ചു. 
4: സീദോന്യരും ടയിര്‍നിവാസികളും കൊണ്ടുവന്ന എണ്ണമറ്റ ദേവദാരുക്കളും ദാവീദ് ഒരുക്കിവച്ചു; 
5: അവന്‍ പറഞ്ഞു: എന്റെ മകന്‍ സോളമന്‍ യുവാവും അനുഭവസമ്പത്തില്ലാത്തവനുമാണ്. കര്‍ത്താവിനായി പണിയാനിരിക്കുന്ന ആലയംഎല്ലാ ദേശങ്ങളിലും കീര്‍ത്തിയും മഹത്വവും വ്യാപിക്കത്തക്കവണ്ണംഅതിമനോഹരമായിരിക്കണം. ആവശ്യമുള്ള സാമഗ്രികള്‍ ദാവീദു തന്റെ മരണത്തിനുമുമ്പു ശേഖരിച്ചുവച്ചു. 
6: അവന്‍ തന്റെ മകന്‍ സോളമനെ വിളിച്ച്,, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ആലയംപണിയാന്‍ ചുമതലപ്പെടുത്തി. 
7: ദാവീദ് സോളമനോടു പറഞ്ഞു: മകനേഎന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തിന് ആലയം പണിയണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. 
8: എന്നാല്‍, കര്‍ത്താവെന്നോട് അരുളിച്ചെയ്തു: നീ ഏറെ രക്തം ചിന്തിധാരാളം യുദ്ധങ്ങളുംനടത്തി. നീ എന്റെ മുമ്പില്‍ ഇത്രയേറെ രക്തമൊഴുക്കിയതിനാല്‍, നീയെനിക്ക് ആലയം പണിയുകയില്ല. 
9: നിനക്കൊരു പുത്രന്‍ ജനിക്കും. അവന്റെ ഭരണം സമാധാനപൂര്‍ണ്ണമായിരിക്കും. ചുറ്റുമുള്ള ശത്രുക്കളില്‍നിന്നു ഞാനവനു സമാധാനം നല്കും. അവന്റെ നാമം സോളമന്‍ എന്നായിരിക്കും. അവന്റെകാലത്തു ശാന്തിയും സമാധാനവും ഞാന്‍ ഇസ്രായേലിനുനല്കും. 
10: അവന്‍ എന്റെ നാമത്തിന് ആലയംപണിയും. അവന്‍ എനിക്കു പുത്രനും ഞാന്‍ അവനു പിതാവുമായിരിക്കും. അവന്റെ രാജകീയസിംഹാസനം ഇസ്രായേലില്‍ ഞാനെന്നേയ്ക്കും സുസ്ഥിരമാക്കും. 
11: മകനേകര്‍ത്താവു നിന്നോടുകൂടെയുണ്ടായിരിക്കട്ടെ! നിന്നെക്കുറിച്ച് അവിടുന്നരുളിച്ചെയ്തതുപോലെ നിന്റെ ദൈവമായ കര്‍ത്താവിന് ആലയം പണിയുന്നതില്‍ നീ വിജയിക്കട്ടെ! 
12: ഇസ്രായേലിന്റെ ഭരണം അവിടുന്നു നിന്നെയേല്പിക്കുമ്പോള്‍ നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്പനകള്‍ അനുസരിക്കുന്നതിനു നിനക്കു വിവേകവും അറിവും അവിടുന്നു പ്രദാനംചെയ്യട്ടെ! 
13: കര്‍ത്താവു മോശവഴി ഇസ്രായേലിനു നല്കിയ കല്പനകളും നിയമങ്ങളും ശ്രദ്ധാപൂര്‍വം പാലിച്ചാല്‍ നിനക്ക് ഐശ്വര്യമുണ്ടാകും. ശക്തനും ധീരനുമായിരിക്കുക. ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്. 
14: കര്‍ത്താവിന്റെ ആലയത്തിന് ഒരു ലക്ഷം താലന്തു സ്വര്‍ണ്ണവും പത്തുലക്ഷം താലന്തു വെള്ളിയും അളവില്ലാത്തവിധം പിച്ചളയും ഇരുമ്പും ആവശ്യത്തിനുവേണ്ട കല്ലും മരവും ഞാന്‍ ക്ലേശംസഹിച്ചു ശേഖരിച്ചിട്ടുണ്ട്. നീയിനിയും സംഭരിക്കണം.
15: കല്ലുവെട്ടുകാരും കല്പണിക്കാരും മരപ്പണിക്കാരും സകലവിധ കരകൗശലപ്പണിക്കാരും, 
16: സ്വര്‍ണ്ണംവെള്ളിപിച്ചളഇരുമ്പ് എന്നിവയുടെ പണിയില്‍ നിപുണരായ ജോലിക്കാരുമായി ധാരാളംപേര്‍ നിനക്കുണ്ട്. ജോലിയാരംഭിക്കുക. കര്‍ത്താവു നിന്നോടുകൂടെയുണ്ടായിരിക്കട്ടെ! 
17: പുത്രന്‍ സോളമനെ സഹായിക്കാന്‍ ഇസ്രായേലിലെ എല്ലാ നായകന്മാരോടും ദാവീദു കല്പിച്ചു. 
18: അവന്‍ പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെകൂടെയില്ലേനിങ്ങള്‍ക്കു പൂര്‍ണ്ണമായ സമാധാനം അവിടുന്നു നല്‍കിയില്ലേഅവിടുന്നു ദേശനിവാസികളെ എന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു. ദേശംമുഴുവനും കര്‍ത്താവിനും അവിടുത്തെ ജനത്തിനും കീഴടങ്ങിയിരിക്കുന്നു. 
19: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെയന്വേഷിക്കാന്‍ ഹൃദയവും മനസ്സുമൊരുക്കുവിന്‍. കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകവും ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ട വിശുദ്‌ധോപകരണങ്ങളും സ്ഥാപിക്കാന്‍ കര്‍ത്താവിന്റെനാമത്തിന് ആലയം നിര്‍മ്മിക്കുവിന്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ