നൂറ്റിപ്പതിമൂന്നാം ദിവസം: 2 ദിനവൃത്താന്തം 9 - 12


അദ്ധ്യായം 9

ഷേബാരാജ്ഞിയുടെ സന്ദര്‍ശനം
1: ഷേബാരാജ്ഞി സോളമന്റെ പ്രശസ്തിയെക്കുറിച്ചുകേട്ട്, കുടുക്കുചോദ്യങ്ങളാല്‍ അവനെ പരീക്ഷിക്കാന്‍ ജറുസലെമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങള്‍, ഏറെ സ്വര്‍ണ്ണംരത്നങ്ങള്‍ എന്നിവയുമായിഅനേകം ഒട്ടകങ്ങളും ഒരു വലിയ പരിവാരവുമായാണു വന്നത്. സോളമനെക്കണ്ടപ്പോള്‍ മനസ്സില്‍ക്കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു.
2: സോളമന്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരംനല്കി. ഉത്തരംനല്കാനാവാത്തവിധം ഒന്നും അവനജ്ഞാതമായിരുന്നില്ല.
3: സോളമന്റെ ജ്ഞാനവും അവന്‍പണിത കൊട്ടാരവും
4: അവന്റെ മേശയിലെ വിഭവങ്ങളും സേവകന്മാരുടെ പീഠങ്ങളും ഭ്യത്യന്മാരുടെ പരിചരണവും വേഷവിധാനങ്ങളും പാനപാത്രവാഹകരും അവരുടെ ചമയങ്ങളും ദേവാലയത്തില്‍ അവനര്‍പ്പിച്ച ദഹനബലികളും കണ്ടു ഷേബാരാജ്ഞി സ്തബ്ധയായി.
5: അവള്‍ രാജാവിനോടു പറഞ്ഞു: ഞാന്‍ എന്റെ നാട്ടില്‍വച്ച് അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയുംകുറിച്ചു കേട്ടതെല്ലാം വാസ്തവമാണ്.
6: ഇവിടെവന്നു സ്വന്തം കണ്ണുകൊണ്ടു കാണുന്നതുവരെ ഞാനവ വിശ്വസിച്ചിരുന്നില്ല. അങ്ങയുടെ ജ്ഞാനത്തിന്റെ മാഹാത്മ്യത്തില്‍ പകുതിപോലും ഞാനറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ടതിനേക്കാള്‍ എത്രയോ ശ്രേഷ്ഠനാണങ്ങ്!
7: അങ്ങയുടെ ഭാര്യമാര്‍ എത്ര ഭാഗ്യവതികള്‍! സദാ അങ്ങയെ പരിചരിക്കുകയും അങ്ങയുടെ ജ്ഞാനോക്തികള്‍ ശ്രവിക്കുകയുംചെയ്യുന്ന ഭ്യത്യന്മാര്‍ എത്ര ഭാഗ്യവാന്മാര്‍!
8: തന്റെ സിംഹാസനത്തില്‍ അങ്ങയെ രാജാവായി വാഴിക്കാന്‍ തിരുമനസ്സായ അങ്ങയുടെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍! അങ്ങയുടെ ദൈവം ഇസ്രായേലിനെ സ്‌നേഹിക്കുകയും അവരെ എന്നേക്കും സുസ്ഥിരരാക്കാന്‍ ആഗ്രഹിക്കുകയുംചെയ്തതുകൊണ്ടാണ് അവര്‍ക്കു നീതിയും ന്യായവും നടത്തിക്കൊടുക്കാന്‍ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നത്.
9: നൂറ്റിയിരുപതു താലന്തു സ്വര്‍ണ്ണവും വളരെയധികം സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും അവള്‍ രാജാവിനു കൊടുത്തു. ഷേബാരാജ്ഞി സോളമന്‍രാജാവിനു കൊടുത്തതുപോലുള്ള സുഗന്ധദ്രവ്യങ്ങള്‍ പിന്നീടൊരിക്കലും കണ്ടിട്ടില്ല.
10: സോളമന്റെയും ഹീരാമിന്റെയും ഭൃത്യന്മാര്‍ ഓഫീറില്‍നിന്നു പൊന്നിനുപുറമേ രക്തചന്ദനവും രത്നങ്ങളും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.
11: ചന്ദനത്തടികൊണ്ടു ദേവാലയത്തിന്റെയും കൊട്ടാരത്തിന്റെയും പടികളും ഗായകര്‍ക്കുവേണ്ട വീണകളും കിന്നരങ്ങളും നിര്‍മ്മിച്ചു. ഇതിനുമുമ്പു യൂദാദേശത്തെങ്ങും ഇതുപോലെയൊന്നും കണ്ടിട്ടില്ല.
12: പ്രതിസമ്മാനത്തിനുപുറമേ ഷേബാരാജ്ഞി ആഗ്രഹിച്ചതൊക്കെയും സോളമന്‍രാജാവ് അവര്‍ക്കു കൊടുത്തുഅവള്‍ പരിവാരസമേതം സ്വദേശത്തേക്കു മടങ്ങി.

സോളമന്റെ സമ്പത്ത്

13: വ്യാപാരികളും വണിക്കുകളും കൊടുത്തിരുന്നതിനുപുറമേ സോളമനു പ്രതിവര്‍ഷം അറുനൂറ്റിയറുപതു താലന്തു സ്വര്‍ണ്ണം ലഭിച്ചിരുന്നു.
14: ദേശാധിപതികളും അറേബ്യയിലെ രാജാക്കന്മാരും സോളമനു സ്വര്‍ണ്ണവും വെള്ളിയും കൊടുത്തിരുന്നു.
15: അടിച്ചുപരത്തിയ സ്വര്‍ണ്ണംകൊണ്ടു സോളമന്‍ ഇരുനൂറു വലിയ പരിചകളുണ്ടാക്കി. ഓരോ പരിചയ്ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണ്ണംവേണ്ടിവന്നു.
16: മുന്നൂറു ഷെക്കല്‍വീതം തൂക്കമുള്ള മുന്നൂറു ചെറിയ പരിചകളും അവന്‍ സ്വര്‍ണ്ണ പാളികള്‍കൊണ്ടു നിര്‍മ്മിച്ചു. രാജാവ് ഇവയെല്ലാം ലബനോന്‍ കാനനമന്ദിരത്തില്‍ സൂക്ഷിച്ചു.
17: രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം പണിതു തങ്കംപൊതിഞ്ഞു.
18: സിംഹാസനത്തിന് ആറുപടികളുംസ്വര്‍ണ്ണ നിര്‍മ്മിതമായ പാദപീഠവുമുണ്ടായിരുന്നു. ഇരുവശത്തും കൈത്താങ്ങികളും അതിനടുത്തായി രണ്ടു സിംഹപ്രതിമകളുംതീര്‍ത്തിരുന്നു.
19: ആറുപടികളില്‍ ഇരുവശത്തുമായി പന്ത്രണ്ടു സിംഹങ്ങള്‍ നിന്നിരുന്നു. ഇത്തരം ഒരു ശില്പം മറ്റൊരു രാജ്യത്തുമുണ്ടായിരുന്നില്ല.
20: സോളമന്റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണ്ണനിര്‍മ്മിതമായിരുന്നു. ലബനോന്‍ കാനനമന്ദിരത്തിലെ പാത്രങ്ങളെല്ലാം സ്വര്‍ണ്ണംകൊണ്ടുള്ളതായിരുന്നു. സോളമന്റെ കാലത്തു വെള്ളിക്കു വിലയുണ്ടായിരുന്നില്ല.
21: രാജാവിന്റെ കപ്പലുകള്‍ ഹീരാമിന്റെ ഭൃത്യന്മാരുമായി താര്‍ഷീഷിലേക്കു പോകും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഈ കപ്പലുകള്‍ അവിടെനിന്നു സ്വര്‍ണ്ണംവെള്ളിദന്തംകുരങ്ങുകള്‍, മയിലുകള്‍ ഇവയുമായി മടങ്ങിവരും.
22: അങ്ങനെ സോളമന്‍രാജാവ് ധനത്തിലും ജ്ഞാനത്തിലും ഭൂമിയിലെ രാജാക്കന്മാരെയെല്ലാം പിന്നിലാക്കി.
23: ദൈവം സോളമനുകൊടുത്ത ജ്ഞാനംശ്രവിക്കാന്‍ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ സാന്നിദ്ധ്യംതേടി.
24: ഓരോരുത്തരും ആണ്ടുതോറും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, മീറസുഗന്ധദ്രവ്യംകുതിരകോവര്‍കഴുത എന്നിവ അവനു ധാരാളമായി സമ്മാനിച്ചു.
25: കുതിരകള്‍ക്കും രഥങ്ങള്‍ക്കുമായി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരുമുണ്ടായിരുന്നു. രാജാവിന്റെയടുത്തു ജറുസലെമിലും രഥനഗരങ്ങളിലുമായി അവരെ നിറുത്തി.
26: യൂഫ്രട്ടീസ്‌മുതല്‍ ഫിലിസ്ത്യദേശംവരെയും ഈജിപ്തിന്റെ അതിര്‍ത്തിവരെയുമുള്ള എല്ലാ രാജാക്കന്മാരുടെയും അധിപനായിരുന്നു സോളമന്‍.
27: ജറുസലെമില്‍ വെള്ളികല്ലുപോലെ അവന്‍ സുലഭമാക്കി. ദേവദാരു ഷെഫേലാ താഴ്‌വരയിലെ അത്തിമരംപോലെ സമൃദ്ധവുമാക്കി.
28: ഈജിപ്തില്‍നിന്നും മറ്റെല്ലാ ദേശങ്ങളില്‍നിന്നും കുതിരകളെയും സോളമന്‍ ഇറക്കുമതി ചെയ്തിരുന്നു.
29: സോളമന്റെ ആദ്യാവസാനമുള്ള മറ്റുപ്രവര്‍ത്തനങ്ങള്‍ നാഥാന്‍ പ്രവാചകന്റെ ചരിത്രത്തിലും ഷീലോന്യനായ അഹിയായുടെ പ്രവചനത്തിലും ദീര്‍ഘദര്‍ശിയായ ഇദ്ദോനും നെബാത്തിന്റെ മകനായ ജറോബോവാമിനെക്കുറിച്ചു ലഭിച്ച ദര്‍ശനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
30: സോളമന്‍ നാല്പതുവര്‍ഷം ജറുസലെമില്‍ ഇസ്രായേല്‍ മുഴുവന്റെയും അധിപനായി വാണു. അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു.
31: തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ റഹോബോവാം ഭരണമേറ്റു.

അദ്ധ്യായം 10

രാജ്യം പിളരുന്നു
1: റഹോബോവാമിനെ രാജാവാക്കാന്‍, ഇസ്രായേല്‍ജനം ഷെക്കെമില്‍ സമ്മേളിച്ചു. അവന്‍ അങ്ങോട്ടു ചെന്നു.
2: നെബാത്തിന്റെ മകന്‍ ജറോബോവാം ഇതുകേട്ട്, ഈജിപ്തില്‍നിന്നു മടങ്ങിവന്നു. അവന്‍ സോളമന്റെയടുത്തുനിന്ന് ഈജിപ്തിലേക്ക് ഒളിച്ചോടിയതായിരുന്നു.
3: അവരവനെ ആളയച്ചു വരുത്തി. ജറോബോവാമും ഇസ്രായേല്‍ജനവും റഹോബോവാമിന്റെ അടുത്തുവന്നു പറഞ്ഞു;
4: അങ്ങയുടെ പിതാവു ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടി. ആ ഭാരിച്ച നുകവും കഠിനവേലയും ലഘൂകരിച്ചു തരുക. എന്നാല്‍, ഞങ്ങളങ്ങയെ സേവിക്കാം.
5: മൂന്നുദിവസംകഴിഞ്ഞു വീണ്ടുംവരുവിന്‍, റഹോബോവാം അവരോടു പറഞ്ഞു. ജനം പരിഞ്ഞുപോയി.
6: അപ്പോള്‍ റഹോബോവാം രാജാവു തന്റെ പിതാവായ സോളമന്റെ വൃദ്ധരായ ഉപദേശകന്മാരോട് ആലോചിച്ചു: ഈ ജനത്തിന് എന്തുത്തരം നല്കണമെന്നാണു നിങ്ങളുടെ അഭിപ്രായം?
7: അവര്‍ പറഞ്ഞു: അങ്ങ് ഈ ജനത്തോട് നല്ലവാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും അവരോടു ദയകാണിക്കുകയുംചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും.
8: എന്നാല്‍, പക്വമതികളായ അവരുടെ ഉപദേശം നിരസിച്ച് തന്നോടൊത്തുവളര്‍ന്ന പാര്‍ശ്വവര്‍ത്തികളായ ചെറുപ്പക്കാരോട് അവന്‍ ആലോചിച്ചു:
9: അങ്ങയുടെ പിതാവു ഞങ്ങളുടെമേല്‍വച്ച നുകം ലഘൂകരിക്കുക എന്നുപറയുന്ന ഈ ജനത്തിന് എന്തുമറുപടി നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
10: അവനോടൊത്തുവളര്‍ന്ന ആ ചെറുപ്പക്കാര്‍ പറഞ്ഞു: അങ്ങയുടെ പിതാവു ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടിഅങ്ങ് അതു കുറച്ചുതരണമെന്നുപറഞ്ഞ ഈ ജനത്തോടു പറയുക. എന്റെ ചെറുവിരല്‍ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാള്‍ വലുതാണ്.
11: അവന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചുഞാന്‍ അതിന്റെ ഭാരം കൂട്ടുംഅവന്‍ നിങ്ങളെ ചാട്ടകൊണ്ടടിച്ചുഞാന്‍ മുള്‍ച്ചാട്ടകൊണ്ടടിക്കും.
12: മൂന്നാംദിവസം വീണ്ടുംവരുവിനെന്നു രാജാവു പറഞ്ഞതനുസരിച്ചു ജറോബോവാമും ജനവും റഹോബോവാമിന്റെ അടുത്തുവന്നു.
13: രാജാവ് അവരോടു പരുഷമായി സംസാരിച്ചു.
14: പ്രായമായവരുടെ ഉപദേശം ത്യജിച്ച്ചെറുപ്പക്കാരുടെ വാക്കുകേട്ടു റഹോബോവാം രാജാവ് അവരോടു പറഞ്ഞു: എന്റെ പിതാവു നിങ്ങളുടെമേല്‍ ഭാരമുള്ള നുകംവച്ചു. ഞാന്‍ അതിന്റെ ഭാരം കൂട്ടുംഎന്റെ പിതാവു നിങ്ങളെ ചാട്ടകൊണ്ടടിച്ചുഞാന്‍ മുള്‍ച്ചാട്ടകൊണ്ടടിക്കും.
15: രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല. നെബാത്തിന്റെ മകനായ ജറോബോവാമിനോട് ഷീലോന്യനായ അഹിയാമുഖേന ദൈവമായ കര്‍ത്താവരുളിച്ചെയ്തതു നിറവേറ്റുന്നതിനാണ് ഇപ്രകാരം സംഭവിക്കാന്‍ അവിടുന്നിടയാക്കിയത്.
16: രാജാവു തങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ലെന്നുകണ്ടു ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്കെന്തു ബന്ധംജസ്സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശംഇസ്രായേലേകൂടാരങ്ങളിലേക്കു മടങ്ങുക. ദാവീദേനിന്റെ കാര്യം നോക്കിക്കൊള്ളുക. ഇസ്രായേല്യര്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
17: റഹോബോവാം യൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരെ ഭരിച്ചു.
18: പിന്നീട് റഹോബോവാം അടിമകളുടെ മേല്‍നോട്ടക്കാരനായ ഹദോറാമിനെ ഇസ്രായേല്യരുടെ അടുക്കലേക്കയച്ചു. എന്നാല്‍, അവരവനെ കല്ലെറിഞ്ഞു കൊന്നു. റഹോബോവാം രാജാവു തിടുക്കത്തില്‍ തേരില്‍ ജറുസലെമിലേക്കു പോയി.
19: ഇസ്രായേല്യര്‍ ഇന്നും ദാവീദിന്റെ ഭവനത്തോടു മത്സരത്തിലാണ്.

അദ്ധ്യായം 11

റഹോബോവാം
1: റഹോബോവാം ജറുസലെമിലെത്തിയതിനുശേഷം യൂദാഭവനത്തെയും ബഞ്ചമിന്‍ഭവനത്തെയും വിളിച്ചുകൂട്ടി, അവരില്‍നിന്ന് ഇസ്രായേലിനോടു യുദ്ധംചെയ്തു രാജ്യം വീണ്ടെടുക്കാന്‍ ഒരുലക്ഷത്തിയെണ്‍പതിനായിരം യോദ്ധാക്കളെ തെരഞ്ഞെടുത്തു.
2: എന്നാല്‍, ദൈവപുരുഷനായ ഷെമായായോടു കര്‍ത്താവരുളിച്ചെയ്തു:
3: സോളമന്റെ മകനും യൂദാരാജാവുമായ റഹോബോവാമിനോടും യൂദായിലും ബഞ്ചമിനിലുമുള്ള എല്ലാ ഇസ്രായേല്യരോടും പറയുക,
4: കര്‍ത്താവരുളിച്ചെയ്യുന്നുനീ അങ്ങോട്ടു പോവുകയോ നിന്റെ സഹോദരരോടു യുദ്ധംചെയ്യുകയോ അരുത്. ആളുകളെ അവരവരുടെ ഭവനങ്ങളിലേക്കു തിരിച്ചയയ്ക്കുക. എന്റെ ഹിതമനുസരിച്ചാണ് ഇതെല്ലാം സംഭവിച്ചത്. അവര്‍ കര്‍ത്താവിന്റെ വാക്കുകേട്ടു മടങ്ങിപ്പോയി. ജറോബോവാമിനോടു യുദ്ധത്തിനു പോയില്ല.
5: റഹോബോവാം ജറുസലെമില്‍വച്ച് യൂദായുടെ സുരക്ഷിതത്വത്തിനായി പട്ടണങ്ങള്‍ പണിയിച്ചു.
6: ബേത്‌ലെഹെംഏഥാംതെക്കോവാ,
7: ബെത്‌സൂര്‍, സൊക്കോഅദുല്ലാം,
8: ഗത്ത്മരേഷാസിഫ്,
9: അദൊരായുംലാഖിഷ്അസേക്കാ,
10: സോറാഅയ്യാലോന്‍, ഹെബ്രോണ്‍ എന്നിവ പണിതു. യൂദായിലും ബഞ്ചമിനിലുമുള്ള സുരക്ഷിതനഗരങ്ങളാണിവ.
11: കോട്ടകള്‍ സുശക്തമാക്കിഓരോന്നിലും അധിപന്മാരെ നിയമിച്ചുഭക്ഷണസാധനങ്ങള്‍, എണ്ണവീഞ്ഞ് എന്നിവ സംഭരിച്ചു.
12: ഓരോ പട്ടണത്തിലും കുന്തങ്ങളും പരിചകളും ശേഖരിച്ച് അവ ബലിഷ്ഠമാക്കി. യൂദായും ബഞ്ചമിനും അവന്റെ നിയന്ത്രണത്തിലായി.
13: ഇസ്രായേലിന്റെ വിവിധഭാഗങ്ങളില്‍ വസിച്ചിരുന്ന പുരോഹിതന്മാരും ലേവ്യരും റഹോബോവാമിന്റെയടുക്കല്‍ അഭയംതേടി.
14: കര്‍ത്താവിനു പുരോഹിതശുശ്രൂഷ ചെയ്യുന്നതില്‍നിന്നു ലേവ്യരെ ജറോബോവാമും പുത്രന്മാരും ബഹിഷ്‌കരിച്ചതിനാലാണ് സ്വന്തം സ്ഥലവും അവകാശങ്ങളുമുപേക്ഷിച്ച് അവര്‍ യൂദായിലേക്കും ജറുസലെമിലേക്കും വന്നത്.
15: താനുണ്ടാക്കിയ പൂജാഗിരികളില്‍ ആരാധനനടത്താനും ദുര്‍ഭൂതങ്ങള്‍ക്കും കാളക്കുട്ടികള്‍ക്കും ശുശ്രൂഷചെയ്യാനും ജറോബോവാം പുരോഹിതന്മാരെ നിയമിച്ചു.
16: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ ഹൃദയപൂര്‍വം തേടിയിരുന്നവര്‍ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംനിന്നു ലേവ്യരുടെപിന്നാലെ ജറുസലെമില്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍വന്നു.
17: അവര്‍ യൂദാരാജ്യം പ്രബലമാക്കിമൂന്നുവര്‍ഷക്കാലം അവര്‍ ദാവീദിന്റെയും സോളമന്റെയും മാര്‍ഗ്ഗത്തില്‍ ചരിച്ചു. അക്കാലമത്രയും സോളമന്റെ മകനായ റഹോബോവാം സുരക്ഷിതനായിരുന്നു.
18: ദാവീദിന്റെ മകന്‍ യരിമോത്തിന്റെയും ജസ്സെയുടെ മകനായ എലിയാബിന്റെ മകള്‍ അബിഹായിലിന്റെയും മകള്‍ മഹലത്തിനെ റഹോബോവാം വിവാഹംചെയ്തു.
19: അവര്‍ക്കു യവൂഷ്ഷെമറിയാസാഹം എന്നീ പുത്രന്മാര്‍ ജനിച്ചു.
20: അതിനുശേഷം അവന്‍ അബ്‌സലോമിന്റെ മകള്‍ മാഖായെ ഭാര്യയായി സ്വീകരിച്ചു. അവര്‍ക്ക് അബിയാഅത്തായിസിസാഷെലോമിത് എന്നിവര്‍ ജനിച്ചു.
21: റഹോബോവാമിനു പതിനെട്ടു ഭാര്യമാരും അറുപത് ഉപനാരികളും ഇരുപത്തെട്ടു പുത്രന്മാരും അറുപതു പുത്രിമാരും ഉണ്ടായിരുന്നു. തന്റെ മറ്റു ഭാര്യമാരെയും ഉപനാരികളെയുംകാളധികമായി അവന്‍ അബ്‌സലോമിന്റെ മകളായ മാഖായെ സ്‌നേഹിച്ചു.
22: മാഖായുടെ മകന്‍ അബിയായെ രാജാവാക്കാനാഗ്രഹിച്ചതിനാല്‍ അവനെ രാജകുമാരന്മാരില്‍ പ്രമുഖനാക്കി.
23: അവന്‍ പുത്രന്മാരെ യൂദായിലും ബഞ്ചമിനിലുമുള്ള സകല സുരക്ഷിതനഗരങ്ങളിലും ദേശാധിപതികളായി തന്ത്രപൂര്‍വം നിയമിച്ചു. അവര്‍ക്കു വേണ്ടതെല്ലാം സമൃദ്ധമായി കൊടുത്തു. അവര്‍ക്ക് അനേകം ഭാര്യമാരെയും നേടിക്കൊടുത്തു.

അദ്ധ്യായം 12

1: റഹോബോവാമിന്റെ ഭരണം സുസ്ഥിരവും സുശക്തവുമായപ്പോള്‍ അവനും ഇസ്രായേല്‍ജനവും കര്‍ത്താവിന്റെ നിയമമുപേക്ഷിച്ചു.
2: അവര്‍ കര്‍ത്താവിനോട് അവിശ്വസ്തതകാണിച്ചതിനാല്‍ റഹോബോവാമിന്റെ അഞ്ചാം ഭരണവര്‍ഷം ഈജിപ്തുരാജാവായ ഷീഷാക്ക്, ആയിരത്തിയിരുനൂറു രഥങ്ങളും അറുപതിനായിരം കുതിരപ്പടയാളികളുമായി ജറുസലെമിനെതിരേ വന്നു. 
3: ലിബിയരും സൂക്കിയരും എത്യോപ്യരുമായി അസംഖ്യം ആളുകളും അവനോടൊത്തുണ്ടായിരുന്നു.
4: അവര്‍ യൂദായിലെ സുരക്ഷിതനഗരങ്ങള്‍ കീഴടക്കി, ജറുസലെംവരെയെത്തി.
5: റഹോബോവാമിനോടും ഷീഷാക്കിനെ ഭയന്നു ജറുസലെമില്‍ സമ്മേളിച്ച യൂദാപ്രഭുക്കന്മാരോടും പ്രവാചകനായ ഷെമായാ പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെയുപേക്ഷിച്ചതിനാല്‍, ഞാന്‍ നിങ്ങളെയുമുപേക്ഷിച്ചു. ഷീഷാക്കിന്റെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുന്നു.
6: അപ്പോള്‍ രാജാവും ഇസ്രായേല്‍പ്രഭുക്കന്മാരും എളിമപ്പെട്ട്കര്‍ത്താവ് നീതിമാനാണെന്ന് ഏറ്റുപറഞ്ഞു.
7: അവര്‍ എളിമപ്പെട്ടുവെന്നുകണ്ടു കര്‍ത്താവു ഷെമായായോടരുളിച്ചെയ്തു: അവര്‍ തങ്ങളെത്തന്നെ താഴ്ത്തിഇനി ഞാന്‍ അവരെ നശിപ്പിക്കുകയില്ല. ഞാനവര്‍ക്കു മോചനംനല്കുംജറുസലെമിന്റെമേല്‍ എന്റെ ക്രോധം ഷീഷാക്കുവഴി ചൊരിയുകയില്ല.
8: എന്നാലും അവര്‍ അവനു ദാസന്മാരായിത്തീരും. എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്മാരെ സേവിക്കുന്നതുംതമ്മിലുള്ള അന്തരം അവരറിയും.
9: ഈജിപ്തിലെ രാജാവായ ഷീഷാക്ക് ജറുസലെമിലെത്തി. ദേവാലയത്തിലെയും രാജകൊട്ടാരത്തിലെയും സകലനിക്ഷേപങ്ങളും എടുത്തുകൊണ്ടുപോയി. സോളമന്‍ നിര്‍മ്മിച്ച പൊന്‍പരിചകളും കൊണ്ടുപോയി.
10: റഹോബോവാം രാജാവ് അതിനുപകരം ഓട്ടുപരിചകള്‍ നിര്‍മ്മിച്ചു കൊട്ടാരകാവല്‍ക്കാരുടെ മേലാളന്മാരെ ഏല്‍പ്പിച്ചു.
11: രാജാവു ദേവാലയത്തിലേക്കു പോകുമ്പോള്‍ കാവല്‍ക്കാര്‍ അതു ധരിച്ചുകൊണ്ടു നില്‍ക്കുംപിന്നീടു കാവല്‍പ്പുരയില്‍ സൂക്ഷിക്കും.
12: രാജാവ് എളിമപ്പെട്ടതിനാല്‍ സമൂലനാശത്തിനിടയാകാതെ കര്‍ത്താവിന്റെ ക്രോധം അവനില്‍നിന്നകന്നു പോയി. യൂദായുടെ സ്ഥിതി പൊതുവേ മെച്ചമായിരുന്നു.
13: റഹോബോവാം പ്രാബല്യത്തോടെ ജറുസലെമില്‍ വാണു. ഭരണമേല്‍ക്കുമ്പോള്‍ അവന് നാല്പത്തിയൊന്ന് വയസ്സുണ്ടായിരുന്നു. തന്റെ നാമം നിലനിര്‍ത്തുന്നതിന് കര്‍ത്താവ് ഇസ്രായേല്‍ഗോത്രത്തില്‍നിന്നു തിരഞ്ഞെടുത്ത നഗരമായ ജറുസലെമില്‍ അവന്‍ പതിനേഴുവര്‍ഷം ഭരിച്ചു. അമ്മോന്യയായ നാമാ ആയിരുന്നു അവന്റെ അമ്മ.
14: റഹോബോവാം തിന്മ പ്രവര്‍ത്തിച്ചു. അവന്‍ ഹൃദയപൂര്‍വം കര്‍ത്താവിനെയന്വേഷിച്ചില്ല.
15: ഷെമായാപ്രവാചകന്റെയും ഇദ്ദോ ദീര്‍ഘദര്‍ശിയുടെയും ദിനവൃത്താന്തങ്ങളില്‍ റഹോബോവാമിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. റഹോബോവാമും ജറോബോവാമുംതമ്മില്‍ നിരന്തരം യുദ്ധംനടന്നു.
16: റഹോബോവാം പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ അബിയാ ഭരണമേറ്റു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ