നൂറ്റിപ്പതിനൊന്നാം ദിവസം: 2 ദിനവൃത്താന്തം 1 - 5


അദ്ധ്യായം 1

സോളമന്റെ ജ്ഞാനം
1: ദാവീദിന്റെ മകന്‍ സോളമന്‍ തന്റെ ആധിപത്യമുറപ്പിച്ചു. ദൈവമായ കര്‍ത്താവ് അവനോടുകൂടെയുണ്ടായിരുന്നു. അവിടുന്നവനു പ്രതാപംനല്കി.
2: സഹസ്രാധിപന്മാര്‍, ശതാധിപന്മാര്‍, ന്യായാധിപന്മാര്‍, കുടുംബത്തലവന്മാരായ നേതാക്കന്മാര്‍ എന്നിവരുള്‍പ്പെടെ ഇസ്രായേല്‍ജനത്തോട് അവന്‍ സംസാരിച്ചു.
3: അതിനുശേഷം അവന്‍ ജനത്തോടുകൂടെ ഗിബയോനിലെ ആരാധനാസ്ഥലത്തേക്കു പോയി. കര്‍ത്താവിന്റെ ദാസനായ മോശ, മരുഭൂമിയില്‍വച്ചു നിര്‍മ്മിച്ച ദൈവത്തിന്റെ സമാഗമകൂടാരം അവിടെയായിരുന്നു.
4: ദൈവത്തിന്റെ പേടകം ദാവീദ് കിരിയാത്ത്‌യയാറിമില്‍നിന്നു ജറുസലെമില്‍ സജ്ജമാക്കിയിരുന്ന കൂടാരത്തിലേക്കുകൊണ്ടുവന്നിരുന്നു.
5: ഹൂറിന്റെ പുത്രനായ ഊറിയുടെ പുത്രന്‍ ബസാലേല്‍ ഓടുകൊണ്ടു നിര്‍മ്മിച്ച ബലിപീഠം, ഗിബയോനിലെ സമാഗമകൂടാരത്തിനു മുമ്പിലുണ്ടായിരുന്നു. അവിടെ സോളമനും ജനവും കര്‍ത്താവിനെ ആരാധിച്ചു. 
6: സോളമന്‍ സമാഗമകൂടാരത്തിനു മുമ്പിലുള്ളതും ഓടുകൊണ്ടു നിര്‍മ്മിച്ചതുമായ ബലിപീഠത്തെ സമീപിച്ച് ആയിരം ദഹനബലിയര്‍പ്പിച്ചു.
7: ആ രാത്രിയില്‍ ദൈവം സോളമനു പ്രത്യക്ഷനായി അരുളിച്ചെയ്തു: നിനക്കെന്തു വരമാണു വേണ്ടത്ചോദിച്ചുകൊള്ളുക.
8: സോളമന്‍ പ്രതിവചിച്ചു: എന്റെ പിതാവായ ദാവീദിനെ അവിടുന്ന് അത്യധികം സ്‌നേഹിച്ചുഎന്നെ അവന്റെ പിന്‍ഗാമിയും രാജാവുമായി നിയമിക്കുകയുംചെയ്തു.
9: ദൈവമായ കര്‍ത്താവേഎന്റെ പിതാവിനോടുചെയ്ത വാഗ്ദാനം നിറവേറ്റണമേ! ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഈ ജനത്തെ ഭരിക്കാന്‍ എന്നെ അവിടുന്നു രാജാവാക്കിയല്ലോ.
10: ഈ ജനത്തെ നയിക്കാന്‍ ജ്ഞാനവും വിവേകവും എനിക്കു നല്കണമേ! അവയില്ലാതെഅവിടുത്തെ ഈ വലിയ ജനതതിയെ ഭരിക്കാന്‍ ആര്‍ക്കുകഴിയും?
11: ദൈവം സോളമനുത്തരമരുളി: കൊള്ളാംസമ്പത്തോ ധനമോ പ്രശസ്തിയോ ശത്രുനിഗ്രഹമോ ദീര്‍ഘായുസ്സുപോലുമോ നീ ചോദിച്ചില്ല. ഞാന്‍ നിന്നെ രാജാവാക്കിനിനക്കധീനമാക്കിയിരിക്കുന്ന എന്റെ ജനത്തെ ഭരിക്കാന്‍ ജ്ഞാനവും വിവേകവും നീ ചോദിച്ചു.
12: ഞാന്‍ നിനക്കു ജ്ഞാനവും വിവേകവും നല്കുന്നു. കൂടാതെനിന്റെ മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ രാജാക്കന്മാരില്‍ ആര്‍ക്കുംലഭിച്ചിട്ടില്ലാത്ത സമ്പത്തും ധനവും പ്രശസ്തിയും ഞാന്‍ നിനക്കു നല്കും.

സോളമന്റെ സമ്പത്ത്
13: സോളമന്‍ ഗിബയോനിലെ ആരാധനാസ്ഥലത്തെ സമാഗമകൂടാരത്തിങ്കല്‍നിന്നു ജറുസലെമിലേക്കു തിരികെപ്പോയി. അവിടെയവന്‍ ഇസ്രായേലിനെ ഭരിച്ചു.
14: സോളമന്‍ ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരംപേരുടെ കുതിരപ്പട്ടാളവും ശേഖരിച്ചു. അവരെ തന്റെ ആസ്ഥാനമായ ജറുസലെമിലും രഥങ്ങള്‍ സൂക്ഷിച്ചിരുന്ന നഗരങ്ങളിലും നിറുത്തി.
15: സോളമന്റെ കാലത്തു വെള്ളിയും പൊന്നും കല്ലുപോലെയുംദേവദാരുഷെഫേലാതാഴ്‌വയിലെ അത്തിപോലെയും സുലഭമായിരുന്നു.
16: രാജാവു കുതിരകളെയും രഥങ്ങളെയും ഈജിപ്തില്‍നിന്നും കുവെയില്‍നിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്. കുവെയില്‍നിന്നു വര്‍ത്തകന്മാര്‍ അവയെ വിലകൊടുത്ത്, ഏറ്റുവാങ്ങി.
17: രഥമൊന്നിന് അറുനൂറു ഷെക്കല്‍ വെള്ളിയും കുതിരയൊന്നിന് നൂറ്റമ്പതു ഷെക്കല്‍ വെള്ളിയുമാണ് ഈജിപ്തിലെ വില. ഇതുപോലെ അവര്‍ ഹിത്യരാജാക്കന്മാര്‍ക്കും സിറിയാരാജാക്കന്മാര്‍ക്കും ഇവ കയറ്റിയയച്ചിരുന്നു.

അദ്ധ്യായം 2

ദേവാലയനിര്‍മ്മാണത്തിനൊരുക്കം
1: കര്‍ത്താവിന്റെ നാമത്തിനാലയവും തനിക്കുവേണ്ടി കൊട്ടാരവും പണിയാന്‍ സോളമന്‍ തീരുമാനിച്ചു.
2: എഴുപതിനായിരം ചുമട്ടുകാരെയും എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേല്‍നോട്ടംവഹിക്കാന്‍ മൂവായിരത്തിയറുനൂറുപേരെയും സോളമന്‍ നിയമിച്ചു.
3: ടയിര്‍രാജാവായ ഹീരാമിനു സോളമന്‍ സന്ദേശം കൊടുത്തയച്ചു: എന്റെ പിതാവായ ദാവീദുരാജാവു കൊട്ടാരംപണിതപ്പോള്‍ അങ്ങാണല്ലോ ദേവദാരു നല്കിയത്. അതുപോലെ എനിക്കും തരുക.
4: സുഗന്ധദ്രവ്യങ്ങള്‍ കത്തിക്കുകയും നിരന്തരമായി തിരുസ്സാന്നിദ്ധ്യയപ്പം കാഴ്ചവയ്ക്കുകയുംഇസ്രായേലിന് എന്നേയ്ക്കുമായി നിശ്ചയിച്ചിരിക്കുന്ന സാബത്തിലും അമാവാസിയിലും ദൈവമായ കര്‍ത്താവിന്റെ ഉത്സവദിവസങ്ങളിലുംകാലത്തും വൈകുന്നേരവും ദഹനബലിയര്‍പ്പിക്കുകയുംചെയ്യാന്‍വേണ്ടി എന്റെ ദൈവമായ കര്‍ത്താവിന് ആലയംപണിതു പ്രതിഷ്ഠിക്കുന്നതിനു ഞാനൊരുങ്ങുകയാണ്.
5: ഞങ്ങളുടെ ദൈവം സകലദേവന്മാരിലും ശ്രേഷ്ഠനാണ്. അതിനാല്‍, മഹത്തായ ഒരാലയം പണിയാനാണു ഞാനാഗ്രഹിക്കുന്നത്.
6: സ്വര്‍ഗ്ഗത്തിനോ സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിനുപോലുമോ ഉള്‍കൊള്ളാന്‍കഴിയാത്ത അവിടുത്തേയ്ക്ക് ആലയംപണിയാന്‍ ആര്‍ക്കുകഴിയുംസുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു മന്ദിരം എന്നതില്‍ക്കവിഞ്ഞ് അവിടുത്തേക്ക് ആലയംപണിയാന്‍ ഞാനാരാണ്?
7: അതിനാല്‍, സ്വര്‍ണ്ണംവെള്ളിപിച്ചളഇരുമ്പ് ഇവകൊണ്ടുള്ളപണിയിലും നീലം - ധൂമ്രം - കടുംചെമപ്പു നൂലുകളുടെ നെയ്ത്തിലും ചിത്രവേലയിലും സമര്‍ത്ഥനായ ഒരാളെ അയച്ചുതരുക. യൂദായിലും ജറുസലെമിലുംനിന്ന് എന്റെ പിതാവു തിരഞ്ഞെടുത്ത വിദഗ്ദ്ധ ജോലിക്കാരോടുകൂടെ അവനും ചേരട്ടെ.
8: അതിനാല്‍, ലബനോനിലെ ദേവദാരുവും സരളമരവും രക്തചന്ദനവും അയച്ചുതരുക. നിന്റെ മരംവെട്ടുകാര്‍ വളരെ സമര്‍ത്ഥരാണെന്ന് എനിക്കറിയാം. എന്റെ ജോലിക്കാരെയും അവരോടുകൂടെ നിര്‍ത്താം.
9: ബൃഹത്തും വിസ്മയനീയവുമായ ആലയമാണു ഞാന്‍ പണിയാന്‍ ആഗ്രഹിക്കുന്നത്. അതിനു വളരെയധികം തടി ആവശ്യമുണ്ട്.
10: നിന്റെ വേലക്കാരുടെ ആവശ്യത്തിന് ഇരുപതിനായിരം കോര്‍ ഉമികളഞ്ഞ ഗോതമ്പും അത്രയും ബാര്‍ലിയും ഇരുപതിനായിരം ബത്ത് വീഞ്ഞും അത്രയും എണ്ണയും ഞാന്‍ തരാം.
11: ടയിര്‍രാജാവായ ഹീരാം സോളമന് മറുപടിയയച്ചു. കര്‍ത്താവ് തന്റെ ജനത്തെ സ്‌നേഹിക്കുന്നതിനാലാണ് അങ്ങയെ അവര്‍ക്കു രാജാവായി നിയമിച്ചത്.
12: കര്‍ത്താവിന് ആലയവും രാജാവിനു കൊട്ടാരവും പണിയാന്‍ വിവേകവും അറിവുമുള്ള ജ്ഞാനിയായ ഒരു മകനെ ദാവീദുരാജാവിനു നല്കിയആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
13: ബുദ്ധിമാനും സമര്‍ത്ഥനുമായ ഹൂരാമബിയെ ഞാന്‍ അങ്ങോട്ടയയ്ക്കുന്നു.
14: അവന്റെ അമ്മ ദാന്‍ഗോത്രജയും പിതാവ് ടയിര്‍ ദേശക്കാരനുമാണ്. സ്വര്‍ണ്ണംവെള്ളിപിച്ചളഇരുമ്പ്കല്ല്തടി - ഇവകൊണ്ടുള്ള പണിയിലും നീലം - ധൂമ്രം - കടും ചെമപ്പു നൂലുകളും നേര്‍ത്ത ചണവുംകൊണ്ടുള്ള നെയ്ത്തിലും എല്ലാത്തരം കൊത്തുപണികളിലും അവന്‍ അതിവിദഗ്ദ്ധനാണ്. അങ്ങയുടെയും അങ്ങയുടെ പിതാവായ ദാവീദിന്റെയും കരകൗശലപ്പണിക്കാരോടുചേര്‍ന്ന് അവനെയേല്പിക്കുന്ന ഏതുപണിയുംചെയ്യാന്‍ അവന്‍ നിപുണനുമാണ്.
15: അങ്ങു പറഞ്ഞ ഗോതമ്പും ബാര്‍ലിയും എണ്ണയും വീഞ്ഞും ഭൃത്യന്മാര്‍വഴി കൊടുത്തയയ്ക്കുക.
16: ആവശ്യമുള്ളത്ര തടി ലബനോനില്‍നിന്നു ഞങ്ങള്‍ വെട്ടിത്തരാം. അതു ചങ്ങാടംകെട്ടി കടല്‍വഴി ജോപ്പായിലെത്തിക്കാം. അവിടെനിന്നു ജറുസലെമിലേക്കു നിങ്ങള്‍ക്കു കൊണ്ടുപോകാമല്ലോ.
17: പിന്നീടു പിതാവായ ദാവീദിനെപ്പോലെ സോളമനും ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന വിദേശികളുടെ കണക്കെടുത്തു. അവര്‍ ഒരു ലക്ഷത്തിയമ്പത്തിമൂവായിരത്തിയറുനുറുപേര്‍ ഉണ്ടായിരുന്നു.
18: അതില്‍, എഴുപതിനായിരംപേരെ ചുമട്ടുകാരും എണ്‍പതിനായിരംപേരെ കല്ലുവെട്ടുകാരും മൂവായിരത്തിയറുനൂറുപേരെ മേല്‍നോട്ടക്കാരുമായി നിയമിച്ചു.

അദ്ധ്യായം 3

ദേവാലയനിര്‍മ്മാണം
1: ജറുസലെമില്‍, തന്റെ പിതാവായ ദാവീദിനു കര്‍ത്താവു പ്രത്യക്ഷനായ സ്ഥലത്ത് ആലയംപണിയുവാന്‍ സോളമന്‍ ആരംഭിച്ചു. മോറിയാപര്‍വ്വതത്തില്‍, ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍, ദാവീദു കണ്ടുവച്ച സ്ഥാനത്തുതന്നെയാണു പണിതത്.
2: ഭരണത്തിന്റെ നാലാംവര്‍ഷം രണ്ടാംമാസം സോളമന്‍ പണിതുടങ്ങി.
3: ദേവാലയത്തിന് അവന്‍ നിശ്ചയിച്ച അളവിന്‍പ്രകാരംനീളം, പഴയ കണക്കനുസരിച്ച് അറുപതു മുഴവും വീതി, ഇരുപതുമുഴവും ആയിരുന്നു.
4: മുഖമണ്ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്ത് ഇരുപതു മുഴം നീളവുമുണ്ടായിരുന്നു. ഉയരം നൂറ്റിയിരുപത് മുഴവും. അതിന്റെ അകവശം മുഴുവനും തങ്കംകൊണ്ടു പൊതിഞ്ഞു.
5: അതിനു സരളമരംകൊണ്ടു മച്ചിട്ടു. അതും തങ്കംകൊണ്ടു പൊതിഞ്ഞു. പനകളും ചങ്ങലകളും അതിന്മേല്‍ കൊത്തിവച്ചു.
6: ആലയം രത്നംകൊണ്ടും പാര്‍വയിമിലെ സ്വര്‍ണ്ണംകൊണ്ടും അലങ്കരിച്ചു.
7: തുലാങ്ങള്‍, വാതില്‍പ്പടികള്‍, ഭിത്തികതകുകള്‍ - ഇങ്ങനെ ആലയംമുഴുവനും സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. ചുവരിന്മേല്‍ കെരൂബുകളുടെ രൂപങ്ങളും കൊത്തിവച്ചു.
8: ശ്രീകോവിലും പണിതു. അതിന്റെ നീളവും വീതിയുംആലയത്തിന്റെ വീതിക്കൊത്ത് ഇരുപതുമുഴം വീതമായിരുന്നു. അറുനൂറു താലന്ത് തനിത്തങ്കം കൊണ്ട് അതു പൊതിഞ്ഞു.
9: അതിന്റെ ആണികള്‍ പൊന്നുകൊണ്ടായിരുന്നു. ഓരോന്നിനും അമ്പതു ഷെക്കല്‍ തൂക്കം വരും. മാളികമുറികളും പൊന്നുപതിച്ചവയായിരുന്നു.
10: അതിവിശുദ്ധസ്ഥലത്തു തടികൊണ്ടു രണ്ടു കെരൂബുകളെയുണ്ടാക്കിഅവയും തങ്കത്താല്‍ ആവരണംചെയ്തു.
11: രണ്ടു കെരൂബുകളുടെ ചിറകുകള്‍ക്കു മൊത്തം ഇരുപതു മുഴം നീളമുണ്ടായിരുന്നു. ഓരോ ചിറകിനും അഞ്ചു മുഴം നീളം.
12: മദ്ധ്യത്തിലുള്ളവ രണ്ടും ഒന്നോടൊന്നു തൊട്ടുംരണ്ടറ്റത്തുമുള്ളവ ആലയത്തിന്റെ ഭിത്തിയോടുചേര്‍ന്നും നിന്നിരുന്നു.
13: ചിറകുകള്‍ മുഴുനീളത്തില്‍ വിടര്‍ത്തികാലുകള്‍ നിലത്തുറപ്പിച്ച്മുഖമണ്ഡപത്തിലേക്കു നോക്കിയാണ് കെരൂബുകള്‍ നിലകൊണ്ടത്.
14: നീലം - ധൂമ്രം - കടുംചെമപ്പു നൂലുകള്‍, നേര്‍ത്തചണം - ഇവ ഉപയോഗിച്ചു കെരൂബുകളുടെ ചിത്രപ്പണിയുള്ള ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി.
15: ആലയത്തിനുമുമ്പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങള്‍ പണിതു. അവയ്ക്കു മുകളില്‍ അഞ്ചുമുഴംവീതമുള്ള പോതികകളും ഉണ്ടാക്കിവച്ചു.
16: സ്തംഭങ്ങളുടെ മുകള്‍ഭാഗം മാലക്കണ്ണികള്‍കൊണ്ട് അലങ്കരിച്ചു. നൂറു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി അതിനിടയില്‍ കോര്‍ത്തിട്ടു.
17: ദേവാലയത്തിനുമുമ്പില്‍ ഇടത്തും വലത്തുമായി ഈ സ്തംഭങ്ങള്‍ സ്ഥാപിച്ചു. വലത്തേതിനു യാഖീല്‍ എന്നും ഇടത്തേതിന് ബോവാസ് എന്നും പേരുനല്കി.

അദ്ധ്യായം 4

ദേവാലയോപകരണങ്ങള്‍
1: സോളമന്‍രാജാവ് ഓടുകൊണ്ടു ബലിപീഠം പണിതു. അതിന്റെ നീളം ഇരുപതുമുഴംവീതി ഇരുപതുമുഴംഉയരം പത്തുമുഴം.
2: ഉരുക്കിയ ലോഹംകൊണ്ട് അവന്‍ വൃത്താകൃതിയിലുള്ള ഒരു ജലസംഭരണിയുമുണ്ടാക്കി. അതിന്റെ വ്യാസം പത്തുമുഴംആഴം അഞ്ചുമുഴംചുറ്റളവു മുപ്പതുമുഴം.
3: അതിന്റെ വക്കിനുതാഴെ ചുറ്റും മുപ്പതുമുഴം നീളത്തില്‍ കായ്കള്‍ കൊത്തിയിട്ടുണ്ടായിരുന്നു. കായ്കള്‍ രണ്ടുനിരയായി ജലസംഭരണിയോടൊപ്പമാണു വാര്‍ത്തെടുത്തത്.
4: പന്ത്രണ്ടു കാളകളുടെ പുറത്തു ജലസംഭരണി ഉറപ്പിച്ചു. കാളകള്‍ മൂന്നുവീതം തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും മുഖംതിരിച്ചാണു നില്‍ക്കുന്നത്. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്കു തിരിഞ്ഞിരുന്നു.
5: അതിന് ഒരു കൈപ്പത്തി കനം. അതിന്റെ വക്ക് പാനപാത്രത്തിന്റേതുപോലെ ലില്ലിപ്പൂ കണക്കേ വളഞ്ഞിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
6: വട്ടത്തിലുള്ള പത്തുക്ഷാളനപാത്രങ്ങളുണ്ടാക്കിഅഞ്ചെണ്ണം തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും വച്ചു. ദഹനബലിക്കുള്ള വസ്തുക്കള്‍ കഴുകുവാന്‍ ഇവ ഉപയോഗിച്ചിരുന്നു. പുരോഹിതന്മാരുടെ ഉപയോഗത്തിനായിരുന്നു ജലസംഭരണി.
7: നിര്‍ദേശമനുസരിച്ചു പത്തു പൊന്‍വിളക്കുകാലുകള്‍ നിര്‍മ്മിച്ച് അഞ്ചുവീതം ആലയത്തില്‍ തെക്കും വടക്കുമായി വച്ചു.
8: തെക്കും വടക്കും അഞ്ചു വീതം പത്തു പീഠങ്ങളും അവന്‍ ദേവാലയത്തില്‍ സ്ഥാപിച്ചു. നൂറു സ്വര്‍ണ്ണത്താലങ്ങളും ഉണ്ടാക്കിവച്ചു.
9: പുരോഹിതന്മാര്‍ക്കുള്ള അങ്കണവും വലിയ അങ്കണവും പണിത്, അവയുടെ വാതിലുകള്‍ ഓടുകൊണ്ടു പൊതിഞ്ഞു.
10: ആലയത്തിന്റെ തെക്കുകിഴക്കേ മൂലയില്‍ ജലസംഭരണി സ്ഥാപിച്ചു.
11: കലങ്ങള്‍, കോരികകള്‍, തളികകള്‍ ഇവയുമുണ്ടാക്കി. അങ്ങനെ ദേവാലയത്തിലെ ആവശ്യത്തിലേക്കായി ചെയ്യാമെന്നു ഹീരാം സോളമനോട് ഏറ്റിരുന്ന പണികള്‍ പൂര്‍ത്തിയാക്കി.
12: രണ്ടു സ്തംഭങ്ങള്‍, സ്തംഭങ്ങളുടെ മുകളിലുള്ള പോതികകള്‍, പോതികകളുടെ ചുറ്റുമായി കോര്‍ത്തിണക്കിയ മാലക്കണ്ണിപോലെയുള്ള ചിത്രപ്പണികള്‍.
13: സ്തംഭത്തിന്മേലുള്ള പോതികകളുടെ മകുടങ്ങള്‍ മറയ്ക്കുന്നതിന് അവയ്ക്കുചുറ്റും രണ്ടുനിരവീതം നാനൂറ് മാതളപ്പഴങ്ങള്‍.
14: പത്തു പീഠങ്ങളും പത്തു ക്ഷാളനപാത്രങ്ങളും;
15: ജലസംഭരണിയും അതിനെ വഹിക്കുന്ന പന്ത്രണ്ടു കാളകളും;
16: കലങ്ങള്‍, കോരികകള്‍, മുള്‍ക്കരണ്ടികള്‍തുടങ്ങി ദേവാലയത്തിനാവശ്യമായ ഉപകരണങ്ങളൊക്കെയും മിനുക്കിയ ഓടുകൊണ്ടു നിര്‍മ്മിച്ചു ഹൂരാംഅബി സോളമനു നല്കി.
17: ജോര്‍ദാന്‍തടത്തില്‍ സുക്കോത്തിനും സെരേദായ്ക്കും മദ്ധ്യേയുള്ള കളിമണ്‍കളത്തില്‍ ഇവയെല്ലാം രാജാവു വാര്‍ത്തെടുത്തു.
18: സോളമന്‍ വളരെയധികം സാമഗ്രികള്‍ ഉണ്ടാക്കിയതിനാല്‍ അവയ്ക്കുവേണ്ടിവന്ന ഓടിന്റെ ആകെ തൂക്കം തിട്ടപ്പെടുത്തിയില്ല.
19: അങ്ങനെ സോളമന്‍ ദേവാലയത്തിലേക്കാവശ്യമായ ഉപകരണങ്ങളെല്ലാം പണിയിച്ചു. സ്വര്‍ണ്ണബലിപീഠംതിരുസ്സാന്നിദ്ധ്യയപ്പം വയ്ക്കാനുള്ള മേശ;
20: നിയമപ്രകാരം ശ്രീകോവിലില്‍ കത്തിക്കാനുള്ള പൊന്‍വിളക്കുകള്‍, വിളക്കുകാലുകള്‍,
21: തങ്കംകൊണ്ടുള്ള പൂക്കള്‍, വിളക്കുകള്‍, ചവണകള്‍,
22: തിരിക്കത്രികകള്‍, ക്ഷാളനപാത്രങ്ങള്‍, ധൂപകലശങ്ങള്‍, തീക്കോരികകള്‍ ഇവയുമുണ്ടാക്കി. ശ്രീകോവിലിന്റെയും വിശുദ്ധസ്ഥലത്തിന്റെയും വാതിലുകളുടെ പാദകൂടങ്ങള്‍ സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചു.

അദ്ധ്യായം 5

1: ദേവാലയത്തിന്റെ പണികളെല്ലാം സമാപിച്ചപ്പോള്‍ സോളമന്‍ തന്റെ പിതാവായ ദാവീദ് പ്രതിഷ്ഠിച്ചിരുന്ന വെള്ളിയും പൊന്നും മറ്റെല്ലാ ഉപകരണങ്ങളും ആലയത്തിന്റെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു.

പേടകം ദേവാലയത്തില്‍
2: കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകംദാവീദിന്റെ നഗരമായ സീയോനില്‍നിന്നുകൊണ്ടുവരുവാന്‍ ഇസ്രായേല്‍ഗോത്രങ്ങളുടെയും കുലങ്ങളുടെയും കുടുംബങ്ങളുടെയും തലവന്മാരായ നേതാക്കളെയെല്ലാം സോളമന്‍ ജറുസലെമിലേക്കു വിളിപ്പിച്ചു.
3: ഏഴാംമാസത്തിലെ ഉത്സവസമയത്ത്, ഇസ്രായേല്‍ജനം രാജാവിന്റെമുമ്പില്‍ സമ്മേളിച്ചു.
4: ഇസ്രായേല്‍ നേതാക്കളെല്ലാവരും വന്നുകൂടിയപ്പോള്‍ ലേവ്യര്‍ പേടകമെടുത്തു.
5: പുരോഹിതന്മാരും ലേവ്യരുംചേര്‍ന്നു പേടകവും സമാഗമകൂടാരവും അതിലെ സകല വിശുദ്ധോപകരണങ്ങളും ദേവാലയത്തില്‍ കൊണ്ടുവന്നു.
6: സോളമന്‍ രാജാവും അവിടെ കൂടിയിരുന്ന ഇസ്രായേല്‍സമൂഹവും പേടകത്തിനുമുമ്പില്‍ അസംഖ്യം ആടുകളെയും കാളകളെയും ബലിയര്‍പ്പിച്ചു.
7: അതിനുശേഷം പുരോഹിതന്മാര്‍ ഉടമ്പടിയുടെ പേടകം അതിന്റെ സ്ഥാനത്തേക്കുകൊണ്ടുപോയിആലയത്തിന്റെ അന്തര്‍മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തു കെരൂബുകളുടെ ചിറകിന്‍കീഴില്‍ പ്രതിഷ്ഠിച്ചു.
8: കെരൂബൂകള്‍ പേടകത്തിനുമുകളില്‍ ചിറകുവിടര്‍ത്തിനിന്നിരുന്നതിനാല്‍ അവ പേടകത്തെയും അതിന്റെ തണ്ടുകളെയും മൂടിയിരുന്നു.
9: തണ്ടുകള്‍ക്കു നീളമുണ്ടായിരുന്നതിനാല്‍ ശ്രീകോവിലിനുമുമ്പിലുള്ള വിശുദ്ധസ്ഥലത്തു നിന്നാല്‍ അവയുടെ അഗ്രം കാണാമായിരുന്നു. എങ്കിലും പുറമേനിന്നു ദൃശ്യമായിരുന്നില്ല. ഇന്നും അവ അവിടെയുണ്ട്.
10: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടുവന്നപ്പോള്‍ കര്‍ത്താവ് അവരുമായി ഉടമ്പടിചെയ്ത ഹോറെബില്‍വച്ചു മോശ പേടകത്തില്‍ നിക്ഷേപിച്ച രണ്ടു കല്പലകയല്ലാതെ മറ്റൊന്നും അതിലുണ്ടായിരുന്നില്ല.
11: അവിടെക്കൂടിയിരുന്ന എല്ലാ പുരോഹിതന്മാരും ഗണഭേദമെന്യേ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചിട്ടുണ്ടായിരുന്നു.
12: പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തുനിന്നു പുറത്തുവന്നപ്പോള്‍ ആസാഫ്ഹേമാന്‍, യദുഥൂന്‍ എന്നിവരും അവരുടെ പുത്രന്മാരും ബന്ധുക്കളുമായി സംഗീതജ്ഞരായ ലേവ്യരൊക്കെയും ചണവസ്ത്രം ധരിച്ച്കൈത്താളങ്ങളും വീണകളും കിന്നരങ്ങളുംപിടിച്ച്ബലിപീഠത്തിനു കിഴക്കുവശത്തു കാഹളമൂതിക്കൊണ്ടിരുന്ന നൂറ്റിയിരുപതു പുരോഹിതന്മാരോടു ചേര്‍ന്നുനിന്നു.
13: കാഹളമൂത്തുകാരും ഗായകരും ഒത്തൊരുമിച്ച് ഏകസ്വരത്തില്‍ കര്‍ത്താവിനു കൃതജ്ഞതാസ്‌തോത്രങ്ങളാലപിച്ചു. കാഹളംകൈത്താളം മറ്റു സംഗീതോപകരണങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടെ അവര്‍ കര്‍ത്താവിനെ സ്തുതിച്ചുപാടിഅവിടുന്നു നല്ലവനാണ്അവിടുത്തെ കൃപ എന്നേക്കും നിലനില്ക്കുന്നു! കര്‍ത്താവിന്റെ ആലയത്തില്‍ ഒരു മേഘം വന്നുനിറഞ്ഞു.
14: ദേവാലയത്തില്‍ കര്‍ത്താവിന്റെ തേജസ്സു നിറഞ്ഞുനിന്നതിനാല്‍ പുരോഹിതന്മാര്‍ക്ക് അവിടെനിന്നു ശുശ്രൂഷ തുടരുവാന്‍ സാധിച്ചില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ