നൂറ്റിപ്പത്താം ദിവസം: 1 ദിനവൃത്താന്തം 27 - 29


അദ്ധ്യായം 27

സേനാനായകന്മാര്‍
1: ഇസ്രായേലിലെ കുടുംബത്തലവന്മാരുടെയും സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും രാജസേവകരുടെയും പേരുവിവരം: ഇരുപത്തിനാലായിരംപേരടങ്ങുന്ന സംഘം ഓരോമാസവും തവണവച്ചു തങ്ങളുടെ നേതാവിന്റെകീഴില്‍ ജോലിചെയ്തു. 
2, 3: ഒന്നാംമാസം, പേരെസ്‌വംശജനായ സബ്ദിഏലിന്റെ പുത്രന്‍ യഷോബെയാമിന്റെകീഴില്‍ ഇരുപത്തിനാലായിരംപേര്‍ സേവനമനുഷ്ഠിച്ചു.   
4: രണ്ടാംമാസം അഹോഹ്യനായ ദോദായിയുടെകീഴില്‍ ഇരുപത്തിനാലായിരം പേര്‍. 
5: മൂന്നാംമാസം പുരോഹിതനായ യഹോയാദായുടെ പുത്രന്‍ ബനായായുടെകീഴില്‍  ഇരുപത്തിനാലായിരംപേര്‍.  
6: മുപ്പതുപേരില്‍ ശക്തനും അവരുടെ നായകനുമായ ബനായാ ഇവനാണ്. ഇവന്റെ മകന്‍ അമിസാബാദ് സംഘത്തിന്റെ ചുമതലവഹിച്ചു. 
7: നാലാംമാസം യോവാബിന്റെ സഹോദരന്‍ അസഹേലിന്റെകീഴില്‍ ഇരുപത്തിനാലായിരംപേര്‍. അവനുശേഷം മകന്‍ സെബാദിയാ സംഘത്തിന്റെ നേതൃത്വമേറ്റെടുത്തു. 
8: അഞ്ചാംമാസം ഇസ്രാഹ്യനായ ഷംഹുതിന്റെകീഴില്‍ ഇരുപത്തിനാലായിരംപേര്‍. 
9: ആറാംമാസം തെക്കോവ്യനായ ഇക്കേഷിന്റെ മകന്‍ ഈരായുടെകീഴില്‍ ഇരുപത്തിനാലായിരം പേര്‍. 
10: ഏഴാംമാസം എഫ്രായിം ഗോത്രജനും പെലോന്യനുമായ ഹെലെസിന്റെകീഴില്‍ ഇരുപത്തിനാലായിരം പേര്‍. 
11: എട്ടാംമാസം സെറഹ്യവംശജനും കുഷാത്യനുമായ സിബെഖായിയുടെകീഴില്‍ ഇരുപത്തിനാലായിരം പേര്‍. 
12: ഒമ്പതാംമാസം ബഞ്ചമിന്‍ഗോത്രജനായ അനത്തോത്തിലെ അബിയേസറിന്റെകീഴില്‍  ഇരുപത്തിനാലായിരം പേര്‍.
13: പത്താംമാസം സെറഹ്യവംശജനും നെത്തോഫഹ്യനുമായ മഹറായിയുടെകീഴില്‍  ഇരുപത്തിനാലായിരം പേര്‍.  
14: പതിനൊന്നാംമാസം എഫ്രായിംഗോത്രജനും പിറത്തോന്യനുമായ ബനായായുടെകീഴില്‍  ഇരുപത്തിനാലായിരംപേര്‍.  
15: പന്ത്രണ്ടാംമാസം ഒത്‌നിയേല്‍വംശജനും നെത്തോഫാത്യനുമായ ഹെല്‍ദായിയുടെകീഴില്‍  ഇരുപത്തിനാലായിരംപേര്‍.

ഗോത്രാധിപന്മാര്‍
16: ഇസ്രായേല്‍ഗോത്രങ്ങളില്‍ റൂബന്റെയധിപനാണ് സിക്രിയുടെ മകന്‍ എലിയേസര്‍. ശിമയോന്റെയധിപൻ, മാഖായുടെ മകന്‍ ഷെഫാത്തിയാ. 
17: ലേവിയുടെയധിപന്‍, കെമുവേലിന്റെ മകന്‍ ഹഷാബിയാ. അഹറോന്‍കുടുംബത്തിന്റെ തലവന്‍ സാദോക്ക് ആയിരുന്നു. 
18: ദാവീദിന്റെ സഹോദരന്മാരിലൊരുവനായ എലീഹു, യൂദായുടെ തലവന്‍. മിഖായേലിന്റെ മകന്‍ ഒമ്രി ഇസാക്കറിന്റെ തലവന്‍. 
19: ഒബാദിയായുടെ മകന്‍ ഇഷ്മായിയ സെബുലൂന്റെ തലവന്‍. അസ്രിയേലിന്റെ മകന്‍ യറേമോത്, നഫ്ത്താലിയുടെ അധിപന്‍. 
20: അസാസിയായുടെ മകന്‍ ഹോഷയാ എഫ്രായിമിന്റെയധിപന്‍. പെദായായുടെ മകന്‍ ജോയേല്‍ മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിന്റെ തലവന്‍. 
21: സഖറിയായുടെ മകന്‍ ഇദ്ദോ,  ഗിലയാദിലുള്ള മനാസ്സെയുടെ മറ്റേ അര്‍ദ്ധഗോത്രത്തിന്റെ അധിപന്‍. അബ്‌നേറിന്റെ മകന്‍ ജാസിയേല്‍ ബഞ്ചമിന്റെ തലവന്‍. 
22: യറോഹാമിന്റെ മകന്‍ അസരേല്‍ ദാനിന്റെയധിപന്‍. ഇവരാണ് ഇസ്രായേല്‍ഗോത്രങ്ങളുടെ അധിപന്മാര്‍.   
23: കര്‍ത്താവ്, ഇസ്രായേല്യരെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ വര്‍ദ്ധിപ്പിക്കുമെന്ന് അരുളിച്ചെയ്തിട്ടുണ്ടായിരുന്നതിനാല്‍, ദാവീദ് ഇരുപതുവയസ്സിനുതാഴെയുള്ളവരുടെ എണ്ണമെടുത്തില്ല. 
24: സെരൂയയുടെ മകന്‍ യോവാബു ജനസംഖ്യയെടുക്കാനാരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. എന്നിട്ടും ഇസ്രായേലിനെതിരേ ദൈവകോപമുണ്ടായിഎടുത്ത എണ്ണം ദാവീദിന്റെ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിയിട്ടുമില്ല. 

മേല്‍നോട്ടക്കാര്‍
25: രാജഭണ്ഡാരങ്ങളുടെ ചുമതല അഭിയേലിന്റെ മകന്‍ അസ്മാവെത്തിനായിരുന്നു. വലിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള സംഭരണശാലകളും ഗോപുരങ്ങളും ഉസിയായുടെ മകന്‍ ജോനാഥാന്റെ ചുമതലയിലായിരുന്നു. 
26: ഖെലൂബിന്റെ മകന്‍ എസ്രി കൃഷിക്കാരുടെ മേല്‍നോട്ടം വഹിച്ചു. 
27: റാമാത്യനായ ഷിമെയി മുന്തിരിത്തോട്ടങ്ങളുടെ ചുമതലയേറ്റു. ഷിഫ്മ്യനായ സബ്ദി വീഞ്ഞറകളുടെ ഭരണം നിയന്ത്രിച്ചു.
28: ഷെഫേലായിലെ ഒലിവുതോട്ടങ്ങളും അത്തിമരത്തോട്ടങ്ങളും ഗേദര്‍കാരന്‍ ബാല്‍ഹനാന്റെ കീഴിലായിരുന്നു. ഒലിവെണ്ണയുടെ സംഭരണശാല യോവാഷിന്റെ അധീനതയിലായിരുന്നു. 
29: ഷാറോന്‍ മേച്ചില്‍പ്പുറങ്ങളിലെ കന്നുകാലികള്‍, അവിടത്തുകാരന്‍ ഷിത്രായിയുടെ സൂക്ഷിപ്പിലായിരുന്നു. താഴ്‌വരയിലെ കന്നുകാലികള്‍, അദ്‌ലായിയുടെ മകന്‍ ഷാഫാത്തിന്റെകീഴിലും. 
30: ഇഷ്മായേല്യനായ ഒബീല്‍ ഒട്ടകങ്ങളുടെ ചുമതലവഹിച്ചു. മൊറോണോത്യനായ യഹ്‌ദേയിയാപെണ്‍കഴുതകളുടെയും ഹഗ്രിത്യനായ യാസിസ് ആട്ടിൻപറ്റങ്ങളുടെയും സംരക്ഷണച്ചുമതലവഹിച്ചു. 
31: ദാവീദു രാജാവിന്റെ സമ്പത്തിന്റെ ചുമതലവഹിച്ചത്, ഇവരാണ്.   
32: ദാവീദിന്റെ അമ്മാവനായ ജോനാഥാന്‍, പണ്ഡിതനും നിയമജ്ഞനുമായ ഉപദേഷ്ടാവായിരുന്നു. ഇവനും ഹക്‌മോനിയുടെ മകന്‍ യഹിയേലും രാജകുമാരന്മാരുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കി. 
33: അഹിത്തോഫെല്‍ രാജാവിന്റെ ഉപദേഷ്ടാവും അര്‍ഖ്യനായ ഹുഷായി മിത്രവുമായിരുന്നു. 
34: അഹിത്തൊഫെലിനു ശേഷം രാജോപദേഷ്ടാക്കളായി ബനായായുടെ മകന്‍ യഹോയാദയുംഅബിയാഥറും സേവനമനുഷ്ഠിച്ചു. യോവാബ് ആയിരുന്നു സേനാനായകന്‍.

അദ്ധ്യായം 28

ദേവാലയനിര്‍മ്മാണത്തിനു നിര്‍ദ്ദേശങ്ങള്‍
1: ഇസ്രായേലിലെ ഗോത്രത്തലവന്മാര്‍, സംഘത്തലവന്മാര്‍, സഹസ്രാധിപന്മാര്‍, ശതാധിപന്മാര്‍, രാജാവിന്റെയും രാജകുമാരന്മാരുടെയും സ്വത്തുക്കളുടെയും കാലിസമ്പത്തിന്റെയും മേല്‍നോട്ടക്കാര്‍, കൊട്ടാരത്തിലെ മേല്‍വിചാരകന്മാര്‍, ധീരയോദ്ധാക്കള്‍ എന്നിവരെ ദാവീദ് ജറുസലെമില്‍ വിളിച്ചുകൂട്ടി. 
2: രാജാവ് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: സഹോദരന്മാരേഎന്റെ ജനമേശ്രവിക്കുവിന്‍. കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകവും നമ്മുടെ ദൈവത്തിന്റെ പാദപീഠവും സ്ഥാപിക്കാന്‍ ഒരാലയം പണിയണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നുവേണ്ട ഒരുക്കങ്ങള്‍ ഞാന്‍ ചെയ്തു. 
3: എന്നാല്‍, ദൈവം എന്നോടരുളിച്ചെയ്തു: നീയെനിക്ക് ആലയം പണിയേണ്ടാനീ ഏറെ രക്തമൊഴുക്കിയ യോദ്ധാവാണ്.  
4: എങ്കിലുംഇസ്രായേലില്‍ എന്നും രാജാവായിരിക്കുന്നതിന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് എന്റെ പിതൃകുടുംബത്തില്‍നിന്ന് എന്നെ തിരഞ്ഞെടുത്തുരാജസ്ഥാനത്തിനു യൂദാഗോത്രത്തെയും യൂദാഗോത്രത്തില്‍നിന്ന് എന്റെ പിതൃകുടുംബത്തെയും തിരഞ്ഞെടുത്തുഎന്റെ പിതാവിന്റെ മക്കളില്‍നിന്ന് ഇസ്രായേലിന്റെ രാജാവായി എന്നെ തെരഞ്ഞെടുക്കാന്‍ അവിടുന്നു തിരുമനസ്സായി. 
5: കര്‍ത്താവ്, എനിക്കുതന്ന പുത്രന്മാരില്‍നിന്ന് - അവിടുന്നെനിക്കു ധാരാളം പുത്രന്മാരെ തന്നു - ഇസ്രായേലില്‍ കര്‍ത്താവിന്റെ രാജസിംഹാസനത്തിലിരിക്കാന്‍ എന്റെ പുത്രന്‍ സോളമനെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു. 
6: അവിടുന്ന് എന്നോടരുളിച്ചെയ്തു: നിന്റെ പുത്രന്‍ സോളമന്‍ എനിക്ക് ആലയവും അങ്കണങ്ങളും പണിയും. ഞാനവനെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനു പിതാവായിരിക്കും. 
7: എന്റെ കല്പനകളും ചട്ടങ്ങളും അവന്‍ ഇന്നത്തെപ്പോലെ അനുസരിക്കുന്നതില്‍ ദൃഢചിത്തനായിരുന്നാല്‍, ഞാനവന്റെ രാജ്യം എന്നേയ്ക്കും സുസ്ഥാപിതമാക്കും. 
8: അതിനാല്‍ ഇസ്രായേലിന്റെ കര്‍ത്താവിന്റെ സമൂഹത്തിനുമുമ്പില്‍ നമ്മുടെ ദൈവംകേള്‍ക്കേ ഞാന്‍ പറയുന്നു: ഐശ്വര്യപൂര്‍ണ്ണമായ ഈ ദേശം അനുഭവിക്കാനും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ ഇതിനെ ശാശ്വതമായി അവകാശപ്പെടുത്താനും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ എല്ലാ കല്പനകളും അന്വേഷിക്കുകയും അനുസരിക്കുകയുംചെയ്യുവിന്‍. 
9: മകനേസോളമന്‍, നിന്റെ പിതാവിന്റെ ദൈവത്തെ നീ അറിയുകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണസമ്മതത്തോടുംകൂടെ അവിടുത്തെ ശുശ്രൂഷിക്കുകയുംചെയ്യുക. അവിടുന്നു ഹൃദയങ്ങള്‍ പരിശോധിച്ച് എല്ലാ ആലോചനകളും വിചാരങ്ങളും മനസ്സിലാക്കുന്നു. അന്വേഷിച്ചാല്‍ നീ അവിടുത്തെക്കണ്ടെത്തുംഉപേക്ഷിച്ചാല്‍, അവിടുന്നു നിന്നെ എന്നേയ്ക്കും പരിത്യജിക്കും. 
10: ശ്രദ്ധിക്കുകവിശുദ്ധമന്ദിരം പണിയാന്‍ അവിടുന്നു നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിവര്‍ത്തിക്കുക. 
11: പിന്നെദാവീദ്, ദേവാലയത്തിന്റെ മണ്ഡപംഉപഗൃഹങ്ങള്‍, ഭണ്ഡാരശാലകള്‍, മാളികമുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ രൂപരേഖ മകന്‍ സോളമനെയേല്‍പ്പിച്ചു.  
12: ദേവാലയത്തിന്റെ അങ്കണങ്ങള്‍, ചുറ്റുമുള്ള മുറികള്‍, ദേവാലയ ഭണ്ഡാരങ്ങള്‍, അര്‍പ്പിത വസ്തുക്കളുടെ സംഭരണശാലകള്‍ തുടങ്ങിയവയുടെ രൂപരേഖയും 
13: പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍, ദേവാലയത്തിലെ ശുശ്രൂഷകള്‍, പാത്രങ്ങള്‍ മുതലായവയുടെ രൂപരേഖയും അവനെ ഏല്പിച്ചു.   
14: വിവിധ ശുശ്രൂഷകള്‍ക്കുപയോഗിക്കുന്ന പൊന്‍പാത്രങ്ങള്‍ക്കുവേണ്ട പൊന്ന്വെള്ളിപ്പാത്രങ്ങള്‍ക്കുവേണ്ട വെള്ളി,  
15: സ്വര്‍ണ്ണവിളക്കുകള്‍ക്കും തണ്ടുകള്‍ക്കും വേണ്ട സ്വര്‍ണ്ണംവെള്ളിവിളക്കുകള്‍ക്കും തണ്ടുകള്‍ക്കുംവേണ്ട വെള്ളി;  
16: തിരുസാന്നിദ്ധ്യയപ്പത്തിന്റെ മേശയ്ക്കുവേണ്ട പൊന്ന്വെള്ളി മേശകള്‍ക്കുവേണ്ട വെള്ളി;   
17: മുള്‍ക്കരണ്ടിപാത്രങ്ങള്‍, ചഷകങ്ങള്‍, കോപ്പകള്‍ ഇവയ്ക്കുവേണ്ട തങ്കം. വെള്ളിപ്പാത്രങ്ങള്‍ക്കുവേണ്ട വെള്ളി; 
18: ധൂപപീഠത്തിനുവേണ്ട തങ്കംകര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകത്തിന്റെ മുകളില്‍ ചിറകുവിരിച്ചു നില്‍ക്കുന്ന കെരൂബുകളോടുകൂടിയ രഥത്തിന്റെ രൂപരേഖരഥത്തിനുവേണ്ട സ്വര്‍ണ്ണം എന്നിവ നല്കി. 
19: തത്സംബന്ധമായ എല്ലാവിവരങ്ങളും കര്‍ത്താവുതന്നെ എഴുതിയേല്പിച്ചിട്ടുള്ളതാണ്. എല്ലാപണികളും ഇതനുസരിച്ചുതന്നെ നടത്തേണ്ടതാണ്. 
20: ദാവീദ്മകന്‍ സോളമനോടു പറഞ്ഞു: ശക്തനും ധീരനുമായിരുന്ന് ഇതുചെയ്യുക. ഭയമോ ശങ്കയോ വേണ്ട. എന്റെ ദൈവമായ കര്‍ത്താവു നിന്നോടുകൂടെയുണ്ട്. കര്‍ത്താവിന്റെ ആലയത്തിലെ സകലജോലികളും പൂര്‍ത്തിയാകുന്നതുവരെ അവിടുന്നു നിന്നെ കൈവിടുകയില്ലഉപേക്ഷിക്കുകയുമില്ല. 
21: ഇതാ ദേവാലയത്തിലെ വിവിധ ശുശ്രൂഷകള്‍ക്കു വേണ്ട പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍ തയ്യാറായി നില്‍ക്കുന്നു. ഓരോ ജോലിക്കും വേണ്ട സാമര്‍ഥ്യവും സന്നദ്ധതയുമുള്ള എല്ലാവരും നിന്നോടുകൂടെയുണ്ട്. സേവകന്മാരും ജനവും നിന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്നു. 

അദ്ധ്യായം 29

ദേവാലയനിര്‍മ്മിതിക്കു കാഴ്ചകള്‍

1: ദാവീദു രാജാവു സമൂഹത്തോടു പറഞ്ഞു: ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകന്‍ സോളമന്‍ ചെറുപ്പമാണ്. അനുഭവസമ്പത്തില്ലാത്തവനുമാണ്ഭാരിച്ച ജോലിയാണു ചെയ്യാനുള്ളത്. ആലയം മനുഷ്യനുവേണ്ടിയല്ല ദൈവമായ കര്‍ത്താവിനുവേണ്ടിയാണ്. 
2: അതിനാല്‍, ദേവാലയത്തിനുവേണ്ട സാമഗ്രികള്‍ എന്റെ കഴിവിനൊത്തു ഞാന്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. സ്വര്‍ണ്ണംവെള്ളിപിച്ചളഇരുമ്പ്തടി എന്നിവയ്ക്കുപുറമേ ഗോമേദകംഅഞ്ജനക്കല്ല്പതിക്കാന്‍ വിവിധവര്‍ണ്ണത്തിലുള്ള കല്ലുകള്‍, എല്ലാത്തരം അമൂല്യരത്നങ്ങള്‍, വെണ്ണക്കല്ല് എന്നിങ്ങനെ ആവശ്യകമായതെല്ലാം ഞാന്‍ ശേഖരിച്ചിട്ടുണ്ട്. 
3: കൂടാതെഎന്റെ ദൈവത്തിന്റെ ആലയത്തോടുള്ള താത്പര്യംനിമിത്തം എന്റെ സ്വന്തം ഭണ്ഡാരത്തില്‍നിന്നു പൊന്നും വെള്ളിയും ദേവാലയത്തിനായി ഞാന്‍ കൊടുത്തിരിക്കുന്നു. 
4: ഓഫീറില്‍നിന്നു കൊണ്ടുവന്ന മൂവായിരം താലന്ത് സ്വര്‍ണ്ണവും ഏഴായിരം താലന്ത് തനിവെള്ളിയും ദേവാലയത്തിന്റെ ഭിത്തികള്‍ പൊതിയുന്നതിനും ചിത്രവേലകള്‍ക്കും സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികള്‍ക്കുംവേണ്ടി കൊടുത്തിരിക്കുന്നു. 
5: കര്‍ത്താവിനു കൈതുറന്നു കാഴ്ചസമര്‍പ്പിക്കാന്‍ ഇനിയുമാരുണ്ട്? 
6: ഉടനെ കുടുംബത്തലവന്മാരും ഗോത്രനായകന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജസേവകന്മാരും സ്വാഭീഷ്ടക്കാഴ്ചകള്‍ നല്കി. 
7: ദേവാലയത്തിന്റെ പണിക്ക് അയ്യായിരം താലന്തു സ്വര്‍ണ്ണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയുംപതിനെണ്ണായിരം താലന്തു പിച്ചളയും ഒരു ലക്ഷം താലന്ത് ഇരിമ്പും കൊടുത്തു. 
8: അമൂല്യരത്നങ്ങള്‍ കൈവശമുണ്ടായിരുന്നവര്‍ അവ ഗര്‍ഷോന്യനായ യഹിയേലിന്റെ മേല്‍നോട്ടത്തില്‍ കര്‍ത്താവിന്റെ ഭണ്ഡാരത്തില്‍ സമര്‍പ്പിച്ചു. 
9: പൂര്‍ണ്ണഹൃദയത്തോടെ സ്വമനസാ കര്‍ത്താവിനു കാഴ്ചകള്‍ ഉദാരമായി സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ജനവും രാജാവും അത്യധികം സന്തോഷിച്ചു. 
10: എല്ലാവരുടെയും മുമ്പില്‍വച്ചു കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടു ദാവീദു പറഞ്ഞു: ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേഅങ്ങ് എന്നേയ്ക്കും വാഴ്ത്തപ്പെട്ടവന്‍. 
11: കര്‍ത്താവേമഹത്വവും ശക്തിയും മഹിമയും വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു. ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്. കര്‍ത്താവേരാജ്യം അങ്ങയുടേത്അങ്ങ് എല്ലാറ്റിന്റെയും അധീശനായി സ്തുതിക്കപ്പെടുന്നു. 
12: സമ്പത്തും ബഹുമാനവും അങ്ങാണു നല്കുന്നത്. അങ്ങു സമസ്തവും ഭരിക്കുന്നു. അധികാരവും ശക്തിയും അങ്ങേയ്ക്കധീനമായിരിക്കുന്നു. എല്ലാവരെയും ശക്തരും ഉന്നതന്മാരുമാക്കുന്നത് അങ്ങാണ്. 
13: ഞങ്ങളുടെ ദൈവമേഅങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുകയും അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുകയുംചെയ്യുന്നു. 
14: അങ്ങേയ്ക്കു സന്മനസ്സോടെ ഇങ്ങനെ കാഴ്ചകള്‍ അര്‍പ്പിക്കുന്നതിന് ഞാനും എന്റെ ജനവും ആരാണ്സമസ്തവും അങ്ങില്‍നിന്നു വരുന്നു. അങ്ങയുടേതില്‍നിന്നാണു ഞങ്ങള്‍ നല്‍കിയതും. 
15: അവിടുത്തെ മുമ്പില്‍ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പരദേശികളും തത്കാല വാസക്കാരുമാണ്. ഭൂമിയില്‍ ഞങ്ങളുടെ ദിനങ്ങള്‍ നിഴല്‍പോലെയാണ്എല്ലാം അസ്ഥിരമാകുന്നു. 
16: ഞങ്ങളുടെ ദൈവമായ കര്‍ത്താവേഅവിടുത്തെ പരിശുദ്ധ നാമത്തിന് ആലയംപണിയാന്‍ ഞങ്ങള്‍ സമൃദ്ധമായി സംഭരിച്ചതെല്ലാം അവിടുത്തെ കരങ്ങളില്‍ നിന്നാണ്സകലവും അങ്ങയുടേതാണ്. 
17: എന്റെ ദൈവമേഅങ്ങ് ഹൃദയം പരിശോധിക്കുന്നവനും അതിന്റെ ആര്‍ജവത്തില്‍ പ്രസാദിക്കുന്നവനുമാണെന്നു ഞാനറിയുന്നു. പരമാര്‍ത്ഥതയോടും സന്തോഷത്തോടുംകൂടെ ഇവയെല്ലാം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇവിടെ സന്നിഹിതരായ ജനവും തങ്ങളുടെ കാഴ്ചകള്‍ സന്തോഷപൂര്‍വം സമര്‍പ്പിക്കുന്നതു ഞാന്‍ കണ്ടു. 
18: ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കര്‍ത്താവേഇത്തരം വിചാരങ്ങള്‍ നിന്റെ ജനത്തിന്റെ ഹൃദയങ്ങളില്‍ എന്നുമുണ്ടായിരിക്കാനും അവരുടെ ഹൃദയങ്ങള്‍ അങ്ങിലേക്കു തിരിയാനും ഇടയാക്കണമേ! 
19: എന്റെ മകന്‍ സോളമന് അവിടുത്തെ കല്പനകളും നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണഹൃദയത്തോടെ പാലിക്കാനും അവിടുത്തെ ആലയം - ഞാന്‍ അതിനു സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട് - നിര്‍മ്മിക്കാനും കൃപനല്കണമേ! 
20: ദാവീദു സമൂഹത്തോടു കല്പിച്ചു: നമ്മുടെ ദൈവമായ കര്‍ത്താവിനെ വാഴ്ത്തുവിന്‍. ഉടനെ ജനം തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ സ്തുതിക്കുകയും കുമ്പിട്ടാരാധിക്കുകയും രാജാവിനോട് ആദരം പ്രകടിപ്പിക്കുകയുംചെയ്തു. 
21: പിന്നീടവര്‍ കര്‍ത്താവിനു ബലികളര്‍പ്പിച്ചു. പിറ്റേദിവസം കര്‍ത്താവിനു ദഹനബലിയായി ആയിരം കാളകളെയും ആയിരം മുട്ടാടുകളെയും ആയിരം ചെമ്മരിയാടുകളെയും പാനീയനൈവേദ്യത്തോടുകൂടെ എല്ലാ ഇസ്രായേല്യര്‍ക്കുംവേണ്ടി കാഴ്ചവച്ചു. 
22: അവര്‍, അന്നു കര്‍ത്താവിന്റെ സന്നിധിയില്‍ മഹാസന്തോഷത്തോടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. ദാവീദിന്റെ പുത്രനായ സോളമനെ രാജാവായി അവര്‍ വീണ്ടും അഭിഷേകംചെയ്തുസാദോക്കിനെ പുരോഹിതനായും. 
23: അങ്ങനെ സോളമന്‍, പിതാവായ ദാവീദിനുപകരം കര്‍ത്താവിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി. അവന്‍ ഐശ്വര്യം പ്രാപിച്ചുഇസ്രായേല്‍മുഴുവനും അവനെ അനുസരിക്കുകയുംചെയ്തു. 
24: എല്ലാ നായകന്മാരും പ്രബലന്മാരും ദാവീദുരാജാവിന്റെ മക്കളും സോളമന്‍ രാജാവിനു വിധേയത്വം വാഗ്ദാനംചെയ്തു.
25: കര്‍ത്താവു സോളമനെ ഇസ്രായേലിന്റെമുമ്പില്‍ ഏറ്റവും കീര്‍ത്തിമാനാക്കിമുന്‍ഗാമികള്‍ക്കില്ലാത്ത പ്രതാപം അവനു നല്കി.   
26: അങ്ങനെ ജസ്സെയുടെ മകനായ ദാവീദ്, ഇസ്രായേല്‍മുഴുവന്റെയും രാജാവായി വാണു.  
27: അവന്‍ ഇസ്രായേലിനെ നാല്പതുകൊല്ലം ഭരിച്ചു - ഏഴു വര്‍ഷം ഹെബ്രോണിലും മുപ്പത്തിമൂന്നു വര്‍ഷം ജറുസലെമിലും. 
28: ആയുസ്സും ധനവും പ്രതാപവും തികഞ്ഞ്, വാര്‍ദ്ധക്യത്തില്‍ അവന്‍ മരിച്ചുമകന്‍ സോളമന്‍ പകരംരാജാവായി. 
29: ദാവീദു രാജാവിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം പ്രവാചകനായ നാഥാന്റെയും ദീര്‍ഘ ദര്‍ശികളായ സാമുവല്‍, ഗാദ് എന്നിവരുടെയും ദിനവൃത്താന്ത ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ട്. 
30: ദാവീദിന്റെ ഭരണംശക്തിഅവനെയും ഇസ്രായേലിനെയും ചുറ്റുമുള്ള രാജ്യങ്ങളെയും സ്പര്‍ശിക്കുന്ന കാര്യങ്ങള്‍ - ഇവയെല്ലാം ഈ രേഖകളില്‍ വിവരിച്ചിരിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ